Nammude Arogyam
General

ന്യുമോണിയ എങ്ങനെ അപകടകാരിയാകുന്നു..

മിക്ക ന്യൂമോണിയകളും ഏതാനും ദിവസങ്ങൾക്കുള്ളിൽ രൂപപ്പെട്ടു പെട്ടെന്ന് ശക്തി പ്രാപിക്കുന്നവയാണ്.. എന്നാൽ ടിബി അണുക്കൾ മൂലമുണ്ടാവുന്ന ന്യൂമോണിയ താരതമ്യേന പതിയെ പുരോഗമിക്കുന്നതാണ്. ആഴ്ചകളോ മാസങ്ങളോ നീണ്ടു നിൽക്കുന്ന ചുമയും നേരിയ പനിയും ശരീര ഭാരം കുറയലുമാണ് ടിബി ന്യൂമോണിയയുടെ ലക്ഷണങ്ങൾ. സാധാരണയായി ചുമയ്ക്കുമ്പോഴും തുമ്മുന്നതിലൂടെയുമൊക്കെയാണ് ന്യുമോണിയ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് എത്തുന്നത്.

ന്യുമോണിയയിലേക്ക് നയിക്കുന്ന കാരണങ്ങൾ:

∙ മഴക്കാലം

∙ മഞ്ഞുള്ള കാലാവസ്‌ഥ

∙ പൊടി, പുക തുടങ്ങിയ അലർജികൾ

∙ പുകവലി

∙ ദീർഘ നാളായുള്ള ജലദോഷം

∙ മദ്യപാനം

∙സ്റ്റിറോയ്ഡ് ഉൾപ്പെടെ രോഗപ്രതിരോധ ശേഷി കുറയ്ക്കാൻ ഉപയോഗിക്കുന്ന മരുന്നുകളുടെ ദീർഘകാല ഉപയോഗം

∙ മറവി രോഗം, പക്ഷാഘാതം തുടങ്ങിയവ

പ്രായമായവരിൽ പൊതുവേ ആരോഗ്യവും പ്രതിരോധ ശേഷിയും കുറവായ കാരണം ന്യൂമോണിയ സാധ്യത കൂടുതലാണ് ശ്വാസകോശ സംബന്ധിയായ മറ്റ് അസുഖങ്ങൾ മൂലം ശ്വാസകോശത്തിനുണ്ടാകുന്ന തകരാറുകൾ ന്യൂമോണിയ വേഗം പിടിപെടാൻ കാരണമാവാറുണ്ട്. അത്തരം ആളുകളിൽ ചികിത്സ കൂടുതൽ ദുഷ്കരമായിരിക്കും. ചില പ്രത്യേക സ്ഥലങ്ങളിലേക്കുള്ള യാത്രകൾ, ആ സമയത്തു അവിടെ ന്യൂമോണിയ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെങ്കിൽ സന്ദർശകർക്ക് ന്യൂമോണിയ പിടിപെടാൻ സാധ്യത കൂടുതലാണ്. H1N1 ഉള്ള സ്ഥലങ്ങളിൽ നിന്നു വരുന്ന യാത്രക്കാരെ ആദ്യ കുറച്ചു ദിവസങ്ങളിൽ ഐസൊലേഷനിൽ പാർപ്പിക്കുന്നത് ഈ സാധ്യത മുന്നിൽ കണ്ടുകൊണ്ടാണ്. നമ്മുടെ നാട്ടിൽ നിപ്പ വൈറസ് ഉണ്ടായ സമയങ്ങളിൽ പല രാജ്യങ്ങളും സ്വന്തം പൗരന്മാരെ കേരളം സന്ദർശിക്കുന്നത് വിലക്കിയതും ഇതേ കാരണങ്ങൾ കൊണ്ടാണ്. ചില മൃഗങ്ങളുമായും പക്ഷികളുമായുമുള്ള സ്ഥിരമായ സമ്പർക്കം ചില തരം ന്യൂമോണിയകൾക്കു കാരണമാവാറുണ്ട്.

പ്രധാന പരിശോധനകൾ:

∙ രക്ത പരിശോധന

∙ നെഞ്ചിന്റെ എക്‌സ്‌റേ

∙കഫ പരിശോധന: ഏതു തരം അണുബാധയാണെന്നും ഏതു മരുന്നു ഉപയോഗിക്കണമെന്നും അറിയാൻ മിക്കപ്പോഴും കഫ പരിശോധന സഹായകമാവാറുണ്ട്.

ചികിത്സയെ രണ്ടു വിഭാഗമാക്കി തിരിക്കാം.

1. Definitive antimicrobial treatment

2. Supportive treatment

ഏതു തരം അണുബാധയെന്നു കൃത്യമായി മനസ്സിലാക്കി അതിനെതിരെയുള്ള ആന്റിമൈക്രോബിയൽ മരുന്നു കൊടുക്കുന്നതാണ് ഡെഫിനിറ്റീവ് ട്രീറ്റ്മെന്റ്. ബാക്ടീരിയകൾക്കെതിരെ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് മരുന്നുകളെ കുറിച്ചും വൈറസുകൾക്കെതിരെ ഉപയോഗിക്കുന്ന ആന്റി വൈറൽ മരുന്നുകളെ കുറിച്ചും കേട്ടു കാണുമല്ലോ. അതുപോലെ ഫംഗസ്, പ്രോട്ടോസോവ എന്നിവയ്ക്കെതിരെയും മരുന്നുകളുണ്ട്. പല ക്ലാസ്സുകളിലായി നിരവധി ആന്റിബയോട്ടിക് മരുന്നുകൾ ഇന്ന് നിലവിലുണ്ട്. ബാക്ടീരിയ മൂലമുള്ള ന്യൂമോണിയയ്ക്ക് ഒന്നു ഫലപ്രദമല്ലെങ്കിൽ ഉപയോഗിക്കാൻ മറ്റനേകം മരുന്നുകളുണ്ടെന്നു സാരം. എന്നാൽ വൈറസുകൾക്കെതിരെ ഇത്രയധികം മരുന്നുകൾ ലഭ്യമല്ല. ചില വൈറസുകൾക്കെതിരെ ഫലപ്രദമായ മരുന്നുകൾ നിലവിലില്ല താനും. നിപ്പ വൈറസ് പൊട്ടിപ്പുറപ്പെട്ട സമയത്തു മരുന്നുകളുടെ ലഭ്യതയെ കുറിച്ചു സജീവമായി നിന്നിരുന്ന ചർച്ചകൾ ഓർമയുണ്ടാകുമല്ലോ.. വളരെ പെട്ടന്ന് ഒരാളിൽ നിന്നും മറ്റൊരാളിലേക്കു പകരാനുള്ള കഴിവും കൂടുതലാണ് വൈറസുകൾക്ക്. ഇക്കാരണം കൊണ്ടെല്ലാം വൈറൽ ന്യുമോണിയ ചിലപ്പോൾ വലിയ അപകടം വിതയ്ക്കാറുണ്ട്. ഡെഫിനിറ്റീവ് ട്രീറ്റ്മെന്റിനെക്കാൾ കൂടുതൽ സപ്പോർട്ടീവ് ട്രീറ്റ്മെന്റിനാണ് വൈറസ് ന്യൂമോണിയകളിൽ പ്രാധാന്യം. വൈറസ് ന്യൂമോണിയകൾക്കു ചികിത്സ ഇല്ല എന്നത് അബദ്ധ ധാരണയാണ്.

ഇനി supportive treatment എന്താണെന്നു നോക്കാം. പനിയും നെഞ്ചുവേദനയും മറ്റു ബുദ്ധിമുട്ടുകളും കുറയ്ക്കാൻ നൽകുന്ന ചികിത്സകൾക്കു പുറമെ ശ്വാസതടസ്സം ഉള്ളവർക്ക് ഓക്സിജൻ ആവശ്യമായി വരും. സാധാരണ മാസ്‌ക് വഴി കൊടുക്കുന്ന ഓക്സിജൻ കൊണ്ടു മാത്രം ശ്വാസതടസ്സം മാറുന്നില്ലെങ്കിൽ വെന്റിലേറ്റർ ചികിത്സയാണ് അടുത്ത ഘട്ടം. ഗുരുതരാവസ്ഥയിൽ ഉളള രോഗികൾക്കും കൂടുതലായി ഛർദി പോലുള്ള ലക്ഷണങ്ങൾ കാണിക്കുന്ന രോഗികൾക്കും ജലത്തിന്റെയും ലവണങ്ങളുടെയും അളവ് നിലനിർത്താനായി ഞരമ്പ് വഴി ഫ്ലൂയിഡ് നൽകുന്നു . അസുഖം മൂർച്ഛിച്ച് രക്ത സമ്മർദം കുറയുകയോ മറ്റവയവങ്ങളെ ബാധിക്കുകയോ ചെയ്യുന്നെങ്കിൽ അതിനനുസരിച്ചു ചികിത്സ പുനഃക്രമീകരിക്കുകയും ചെയ്യേണ്ടതുണ്ട്.

തടയുന്നതെങ്ങനെ ?

രോഗപ്രതിരോധ ശേഷി വർധിപ്പിക്കലും

ശുചിത്വവുമാണ് പ്രധാന ലക്ഷ്യങ്ങൾ.

കുട്ടികൾക്ക് വാക്സിനുകൾ കൃത്യമായി നൽകുക. കൂടാതെ, വാക്സിൻ മൂലം തടയാൻ പറ്റുന്ന അഞ്ചാംപനി, വില്ലൻ ചുമ എന്നിവ വന്നാൽ അതിനു പിറകേ കൂടുതൽ അപകടകരമായ ബാക്ടീരിയ കൊണ്ടുള്ള ന്യൂമോണിയ വരാൻ സാധ്യത കൂടുതലാണ് എന്ന കാര്യവും വാക്സിനുകളുടെ പ്രാധാന്യത്തെ ഉറപ്പിക്കുന്നു.

ആറു മാസം വരെ മുലപ്പാൽ മാത്രം നൽകുക. അതിനു ശേഷം രണ്ടു വയസ്സു വരെ മറ്റു ഭക്ഷണത്തോടൊപ്പം മുലപ്പാലും നൽകുക.

പോഷക സമൃദ്ധവും വൃത്തിയുള്ളതുമായ ഭക്ഷണം ലഭ്യമാക്കുക. ഇത് രോഗപ്രതിരോധ ശേഷിയെ നിലനിർത്തും.

വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും പാലിക്കുക. പൊടി പുക തുടങ്ങിയ അലർജിക്ക് കാരണമാകുന്ന അന്തരീക്ഷം ഒഴിവാക്കുക.

ന്യൂമോണിയ രോഗികളുമായി സമ്പർക്കം വരുന്ന അവസരങ്ങൾ പരമാവധി ഒഴിവാക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ രോഗികളെ പരിചരിക്കുന്നവർ ഡോക്ടർമാർ നിർദ്ദേശിക്കുന്ന മുൻകരുതലുകൾ എടുക്കുക.

സ്വയം ചികിത്സ ഒഴിവാക്കി, രോഗ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ വൈദ്യ സഹായം തേടുക.

Related posts