Nammude Arogyam
General

ഉപ്പുണ്ടാക്കുന്ന പൊല്ലാപ്പ്

എടീ കുറച്ച് ഉപ്പ് ഇങ്ങെടുത്തെ, ഈ കറിയിൽ തീരെ ഉപ്പില്ല.

അമ്മാ… എന്തോരം ഉപ്പാണ് ഈ കറിയിൽ

അടുക്കളയിലെ ഇത്തരം ഒരുപാട് വാചകങ്ങൾ നാം ഉപ്പിനെക്കുറിച്ച് ഇടക്കിടെ കേൾക്കാറുള്ളതാണ്. കറികളിൽ രുചി വേണോ പാകത്തിന് ഉപ്പ് നിർബന്ധമാണ്. കറികളിൽ മാത്രമല്ല ഒരു വിധം ആഹാരങ്ങളിലെല്ലാം മുൻപന്തിയിൽ ഉണ്ടാകും ഈ ഇത്തിരിക്കുഞ്ഞൻ. ആഹാരങ്ങളിൽ ഇത് അല്പമൊന്ന് കൂടിയാലോ കുറഞ്ഞാലോ എന്താ സംഭവിക്കുക എന്ന് നമുക്ക് തന്നെ ഊഹിക്കാലോ. അത് പോലെ തന്നെയാ മനുഷ്യ ശരീരത്തിൽ ഉപ്പിൻ്റെ അംശം കൂടുന്നതും കുറയുന്നതും. നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്ന് കേട്ടിട്ടില്ലേ. അത് പോലെയാണ് ഉപ്പിൻ്റെ കാര്യവും. ഉപ്പിൻ്റെ ഏറ്റക്കുറച്ചിലുകൾ പലതരം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.

ഉപ്പിലടങ്ങിയ പ്രധാന മൂലകങ്ങളിലൊന്നാണ് സോഡിയം. WHO അനുശാസിക്കുന്നത് ദിവസം ഒരാൾക്ക് 4-8 ഗ്രാം ഉപ്പ് ഉപയോഗിക്കാനാണ്. ആവറേജ് ഒരു ടീസ്പൂൺ ഉപ്പിൽ തന്നെ ഏകദേശം 5 ഗ്രാം ഉപ്പ് ഉണ്ടായിരിക്കും.

ഇത്രയും ഉപ്പ് കഴിച്ചാൽ ശരീരത്തിന് 2.3ഗ്രാം സോഡിയം കിട്ടും. 1-3 വയസ്സുള്ള കുട്ടികൾക്ക് 1 -2 ഗ്രാം ഉപ്പും, 4-10വയസ്സുള്ള കുട്ടികൾക്ക് 2-3 ഗ്രാം ഉപ്പും, കൗമാരപ്രായത്തിൽ 4-5 ഗ്രാം ഉപ്പും ആകാം. എന്നാൽ നാമെല്ലാവരും അറിഞ്ഞോ അറിയാതെയോ കൂടുതൽ ഉപ്പ് ഉപയോഗിക്കുന്നു. ബേക്കറി പലഹാരങ്ങൾ, അച്ചാറുകൾ, അജിനോമോട്ടോ, സോസുകൾ, ക്യാൻഫുഡ്, പാകം ചെയ്ത് സൂക്ഷിച്ചു വെക്കുന്ന ഭക്ഷണങ്ങൾ എന്നിവയെല്ലാം കഴിക്കുന്നതിലൂടെ 10-20 ഗ്രാം വരെ ഉപ്പ് നമ്മുടെ ശരീരത്തിൽ എത്തുന്നു എന്നത് നാം അറിയാതെ പോകുന്നു.

നമ്മുടെ ശരീരത്തിൽ രണ്ടു ധാതുക്കൾ (സോഡിയം & പൊട്ടാസ്യം) സീറം എലെക്ട്രോലൈറ്റ്സ് എന്നപേരിൽ അറിയപ്പെടുന്നു. ഇതിനു രണ്ടിനും ശരീരത്തിൽ ഏറെ ധർമ്മങ്ങൾ ഉണ്ടുതാനും. കോശങ്ങളുടെ അകത്തും പുറത്തും ജലാംശത്തെ നിലനിർത്താൻ ഈ എലെക്ട്രോലൈറ്റ്സ് അനിവാര്യമാണ്. ശരീരത്തിലെ സോഡിയം, ഭൂരിഭാഗവും. രക്തത്തിലും കോശങ്ങളുടെ ചുറ്റുമുള്ള പ്ലാസ്മയിലുമാണ്. രക്തത്തിൽ സോഡിയം, പൊട്ടാസ്യം എന്നീ രണ്ടു ധാതുക്കൾ (electrolytes) ബാലൻസ് ചെയ്താണ് കാണുന്നത്. നമുക്ക് സോഡിയം കിട്ടുന്നത് പ്രധാനമായി ഉപ്പിൽ നിന്നും മറ്റു ഭക്ഷണങ്ങളിൽ നിന്നും ആണ്. പൊട്ടാസ്യം കിട്ടുന്നത് പച്ചക്കറികൾ, പഴങ്ങൾ എന്നിവയിൽ കൂടിയാണ്. പച്ചക്കറികൾ ഒഴിവാക്കി മറ്റു ഭക്ഷണങ്ങൾ കഴിക്കുകയും കൂടുതൽ ഉപ്പ് ഉപയോഗിക്കുകയും ചെയ്യുമ്പോൾ ശരീരത്തിൽ പൊട്ടാസിയത്തിന്റെ അളവ് കുറയുകയും സോഡിയത്തിൻ്റെ അളവ് കൂടുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോൾ ബാലൻസ് തെറ്റാൻ ഇടയുണ്ട് .

സോഡിയം കൂടിയാൽ

സോഡിയം കൂടുന്നത് വഴി വൃക്ക പുറം തള്ളുന്ന വെള്ളത്തിന്റെ അളവ് കുറയുന്നു. ഇത് ശരീരത്തിൽ, പ്രത്യേകിച്ച് രക്തത്തിലെ വെള്ളത്തിന്റെ അളവ് കൂട്ടുന്നു. ഇത് പലപ്പോഴും രക്തധമനികളിൽ സമ്മർദ്ദം കൂട്ടുന്നു. ഇവ രണ്ടും കൂടുമ്പോൾ രക്ത സമ്മർദ്ദവും പ്രഷറും കൂടാം. അത് പോലെ ഹൃദ്യോഗവും, വൃക്കതകരാറും ഉണ്ടാകുന്നു (ഇത്തരം രോഗമുള്ളവർ കുറഞ്ഞ ഉപ്പ് ഉപയോഗിക്കുന്നതായിരിക്കും നല്ലത്.).

ശരീരത്തിൽ സോഡിയം കൂടുന്ന പോലെ കുറയുന്ന അവസ്ഥയുമുണ്ട് (hyponatraemia). സോഡിയം നഷ്ടപ്പെടുന്നത് പ്രധാനമായി വിയർപ്പിലൂടെയും മൂത്രത്തിലൂടെയുമാണ്. പ്രായമായവരിൽ ആണ് സോഡിയം കുറയുന്നത് കൂടുതലായി കണ്ടുവരുന്നത്. വൃക്കകളുടെയും അഡ്രിനൽ ഗ്രന്ഥികളുടെയും പ്രവർത്തനം മന്ദീഭവിക്കുമ്പോഴും അവർ കഴിക്കുന്ന ചില മരുന്നുകളും സോഡിയം കുറയാൻ കാരണമാകുന്നു.

സോഡിയം കുറഞ്ഞാൽ

തലവേദന, ഓക്കാനം, സ്വബോധമില്ലാത്ത പെരുമാറ്റം, ഓർമ്മക്കുറവ്, ക്ഷീണം, തളർച്ച, എന്നിവയെല്ലാം ഉണ്ടാകാം. അതുകൊണ്ടു രക്തം പരിശോധിച്ചു കൃത്യ സമയത്തു സോഡിയം ക്ലോറൈഡ് ലായനി ശരീരത്തിൽ സാധാരണ നിലയിൽ എത്തുന്നത് വരെ ആശുപത്രിയിൽ കിടത്തി കൊടുക്കേണ്ടത് അനിവാര്യമാണ് .

നാം ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

1. കുറഞ്ഞ പ്രഷർ ഉള്ളവർ, പ്രഷർ കൂടാൻ ഉപ്പ് കൂടുതൽ ഉപയോഗിക്കുന്നതിൽ അർത്ഥമില്ല .

2. കൂടുതൽ വിയർത്താൽ ഉപ്പിട്ട വെള്ളം കുടിക്കേണ്ടതില്ല. ധാരാളം വെള്ളം കുടിച്ചാൽ മതി

3. ശരീരത്തിൽ നീര് കൂടുതൽ ഉള്ളപ്പോൾ ഉപ്പിന്റെ അളവ് കുറക്കണം. കിഡ്‌നിയുടെ ആരോഗ്യം വിലയിരുത്തണം. കിഡ്‌നിയുടെ പ്രവർത്തന ക്ഷമത കുറവ് വിലയിരുത്തേണ്ടത് അനിവാര്യമാണ്.

4. പ്രായമായവരിൽ പലപ്പോഴും സോഡിയം കുറയുന്നതായി കാണാം, അതുപോലെ പൊട്ടാസ്യവും. ഇവിടെയും കൂടുതൽ ഉപ്പ് കൊടുത്തിട്ടു കാര്യമില്ല. ഓർമ്മ കുറവും സ്വബോധ വ്യത്യാസവും ക്ഷീണവും പ്രായമായവരിൽ കണ്ടാൽ വൈദ്യ സഹായം ഉടൻ കൊടുക്കാൻ മടിക്കരുത്.

5. ശരീരത്തിൽ സോഡിയം, ബി.പി എന്നിവയിൽ മാറ്റം വന്നാൽ ഉപ്പ് കൂട്ടിയും കുറച്ചും ശരിയാക്കാം എന്ന ചിന്ത തെറ്റാണ്. ഡോക്ടർന്മാരുടെ ഉപദേശ പ്രകാരം മാത്രം ഉപ്പിന്റെ അളവിൽ മാറ്റം വരുത്തുകയാണ് അഭികാമ്യം .

6. ഉപ്പ് കഴിവതും കുറച്ചു മാത്രം ഉപയോഗിച്ച് ശീലമാക്കുക (4-5ഗ്രാം മാത്രം). മിതത്വം പാലിക്കുന്നത് നന്നായിരിക്കും .

7. ഊണ് മേശയിൽ ഉപ്പിന്റെ പാത്രം സ്ഥിരമായി വെക്കുന്നത് ഒഴിവാക്കുക. ഇത് കൂടുതൽ ഉപ്പ് ഉപയോഗിക്കാൻ ഇട വരുത്തുന്നു.

8. കഴിവതും വറുത്തതും പൊരിച്ചതും പാക്കറ്റിൽ വരുന്ന ഭക്ഷണങ്ങളും അച്ചാറുകളും പപ്പടവുമെല്ലാം കഴിയുന്നത്ര നമ്മുടെ ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്താതെയിരിക്കുക.

ആഹാരം എന്ത് തന്നെയായാലും ഉപ്പ് ഉപയോഗിക്കുമ്പോൾ മിതത്വം പാലിക്കുക. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട എന്നാണല്ലോ.

Related posts