നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഭാഗമായി അഞ്ചാം പനിക്കും റൂബെല്ലക്കും എതിരേയുള്ള വാക്‌സിന്‍ വിതരണം പുനരാരംഭിക്കുന്നു. ഡെല്‍ഹിയിലാണ് വാക്‌സിന്‍ പുനരാരംഭിക്കുന്നത്. കൊവിഡ് 19 മഹാമാരിക്കിടയില്‍ നിര്‍ത്തി വെക്കപ്പെട്ടിരുന്നതാണ് വാക്‌സിനേഷന്‍. എന്നാല്‍ ഡെല്‍ഹിയില്‍ ആരംഭിച്ചതിന് ശേഷം പിന്നീട് ഇന്ത്യ മുഴുവന്‍ വ്യാപിപ്പിക്കുന്നതിനാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ തീരുമാനം. രാജ്യത്ത് നിന്ന് അഞ്ചാം പനിയേയും റുബെല്ലയേയും പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് വീണ്ടും വാക്‌സിനേഷന്‍ ഡ്രൈവിന് തുടക്കം കുറിച്ചിരിക്കുന്നത്.
അഞ്ച് വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. മീസിൽസ് അഥവാ അഞ്ചാം പനി, റുബെല്ല എന്നീ പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കുക എന്നതാണ് വാക്‌സിന്റെ ലക്ഷ്യം. എം ആര്‍ പ്രതിരോധ വാക്‌സിനെക്കുറിച്ച് പല ആശങ്കകളും ആളുകള്‍ക്കിടയില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.
നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ കുട്ടികളില്‍ സാധാരണ കാണപ്പെടുന്ന പനിയാണ് അഞ്ചാം പനി. എന്നാല്‍ സാധാരണ പനിയെന്ന് കരുതി നാം അതിനെ ശ്രദ്ധിക്കാതെ വിടുമ്പോള്‍ കുഞ്ഞിന്റെ ജീവന്‍ വരെ നഷ്ടമാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ന്യൂമോണിയ, വയറിളക്കം, മസ്തിഷ്‌കത്തിലെ അണുബാധ എന്നിവയിലേക്ക് വരെ അഞ്ചാം പനി കുഞ്ഞിനെ എത്തിക്കുന്നു. ശരീരത്തില്‍ തടിപ്പും ചെറിയ കുരുക്കളോടും കൂടി പ്രത്യക്ഷപ്പെടുന്നതാണ് റുബെല്ല അഥവാ ജര്‍മ്മന്‍ മിസില്‍സ്. ഇത് ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിനെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതിന്റെ ഫലമായി പലരിലും അബോര്‍ഷന്‍, കുഞ്ഞിന് അംഗവൈകല്യം, കാഴ്ചക്കുറവ്, കേള്‍വിക്കുറവി, ബുദ്ധിമാന്ദ്യം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുണ്ടാവുന്നു.
കുഞ്ഞിന് രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ എന്തൊക്കെയാണ് ലക്ഷണങ്ങള്‍ എന്നത് തിരിച്ചറിയണം. പനിയാണ് ആദ്യത്തെ ലക്ഷണം അതോടൊപ്പം തന്നെ ചുമ, കണ്ണിന് ചുവന്ന നിറം, ജലദോഷം എന്നിവയും ഉണ്ടാവും.. ഇത് കൂടാതെ മൂന്ന് നാല് ദിവസത്തിന് ശേഷം ശരീരത്തില്‍ ചെറിയ രീതിയിയിലുള്ള ചുവന്ന നിറത്തിലുള്ള പൊടിപ്പുകള്‍ കാണപ്പെടുന്നു. ഈ സമയമാവുമ്പോഴേക്കും പനി മാറുമെങ്കിലും വയറിളക്കം, ഛര്‍ദ്ദി, വയറുവേദന തുടങ്ങിയവ കുഞ്ഞിനെ ബാധിക്കുന്നു. വയറിളക്കം മൂലം പലരിലും നിര്‍ജ്ജലീകരണം പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാവാം.
രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിനും കുഞ്ഞിന്റെ ആരോഗ്യം എന്നന്നേക്കുമായി സംരക്ഷിക്കുന്നതിനും വേണ്ടിയാണ് റുബെല്ല വാക്‌സിന്‍ എടുക്കണം എന്നത് നിര്‍ബന്ധമായും പറയുന്നത്. അഞ്ചാംപനിയേയും റുബെല്ലയേയും പ്രതിരോധിക്കാന്‍ വേണ്ടി ഒന്നിച്ച് നല്‍കുന്ന കുത്തി വെപ്പാണ് മീസില്‍സ് റുബെല്ല വാക്‌സിന്‍. ഈ വാക്‌സിന് യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ലോകോരോഗ്യ സംഘടനനയുടെ നിര്‍ദ്ദേശാനുസരണം പ്രതിരോധ കുത്തിവെപ്പ് ഇന്ത്യയില്‍ ഏകദേശം 8-ഓളം സംസ്ഥാനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
9 മാസം മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളാണ് കുത്തിവെപ്പ് എടുക്കേണ്ടത്. അഞ്ച് വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. റൂബെല്ല- അഞ്ചാം പനി എന്നീ പകര്‍ച്ച വ്യാധികള്‍ രാജ്യത്ത് നിന്ന് തുടച്ച് മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഒരു പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്.
2005-ല്‍ അഞ്ചാംപനി നിര്‍മ്മാര്‍ജ്ജനത്തിനുള്ള ഒരു ദേശീയ ക്യാമ്പയിന്‍ ഇന്ത്യയില്‍ ആവിഷ്‌കരിച്ചിരുന്നു. 2009- 2013 വരെയുള്ള കാലഘട്ടത്തില്‍ ക്യാമ്പയിന്‍ പൂര്‍ണമായും വേഗത്തില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നു. അതിന് കാരണം 2015-ഓടെ അഞ്ചാംപനി റൂബെല്ല എന്നിവ രാജ്യത്ത് നിന്ന് പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുക എന്നതായിരുന്നു. പിന്നീട് ഇത് 2020 വരെ നീട്ടുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ കൊവിഡ് മഹാമാരി രാജ്യത്തില്‍ ഒരു വെല്ലുവിളിയായപ്പോള്‍ റുബെല്ല വാക്‌സിന്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചു. 2023- പൂര്‍ത്തിയാകുന്നതോടെ പദ്ധതി പൂര്‍ണമായും നടപ്പിലാക്കുക എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യം.
2014-ല്‍ റുബെല്ല വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഇതിന്റെ ഫലമായി ഇന്ദ്രധനുഷ് എന്ന പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. 2017-2021 കാലഘട്ടത്തില്‍ അഞ്ചാംപനി, റുബെല്ല എന്നിവയുടെ നിര്‍മ്മാര്‍ജ്ജനം രാജ്യത്തിന്റെ ഒരു അവശ്യഘടകമായി കണ്ടു കൊണ്ടുള്ള പദ്ധതികള്‍ക്ക് ഇന്ത്യ നേതൃത്വം നല്‍കി. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം സര്‍ക്കാര്‍ മീസില്‍സ്-റൂബെല്ല സപ്ലിമെന്ററി ഇമ്മ്യൂണൈസേഷന്‍ ആക്റ്റിവിറ്റി (എസ്ഐഎ) ക്യാച്ച്-അപ്പ് ക്യാമ്പയിനിന് തുടക്കം കുറിച്ചു. രോഗം പൊട്ടിപ്പുറപ്പെടുന്നതിന്റേയും രോഗ ലക്ഷണങ്ങളുടേയും അടിസ്ഥാനത്തിലാണ് പിന്നീട് രോഗാവസ്ഥ നിര്‍ണയിക്കപ്പെട്ടത് എന്നതാണ് മറ്റൊരു മാറ്റം. ഇതോടൊപ്പം തന്നെ മീസില്‍സ്-റുബെല്ല രോഗനിര്‍ണയത്തിന് വേണ്ടിയുള്ള ലബോറട്ടറികളുടെ എണ്ണം രാജ്യത്ത് ഇരട്ടിയാക്കി. ഇതിന്റെയെല്ലാം ലക്ഷ്യം രാജ്യത്ത് നിന്ന് രോഗത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നതായിരുന്നു.
എല്ലാവരും കുത്തിവെപ്പ് എടുക്കണം എന്നില്ല. കടുത്ത പനി, ഗുരുതരമായ രോഗങ്ങള്‍ മൂലം ആശുപത്രി വാസത്തില്‍ കഴിയുന്ന കുട്ടികള്‍, സ്റ്റിറോയ്ഡ് എടുക്കുന്ന കുട്ടികള്‍ എന്നിവര്‍ കുത്തിവെപ്പ് എടുക്കുന്നത് ഒഴിവാക്കണം. എന്നാല്‍ ഇത്തരത്തില്‍ കുത്തിവെപ്പ് വേണ്ട എന്ന തീരുമാനം പൂര്‍ണമായും ഡോക്ടറുടെ ഉത്തരവാദിത്വത്തില്‍ മാത്രമേ എടുക്കാന്‍ പാടുകയുള്ളൂ. അല്ലാത്ത പക്ഷം സ്വയം ഇഷ്ടത്തിന് ഒരിക്കലും ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കരുത്. ഇത് മാത്രമല്ല എന്തെങ്കിലും തരത്തിലുള്ള അലര്‍ജിയുള്ള കുട്ടികളെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിച്ചതിന് ശേഷം മാത്രം കുത്തിവെപ്പ് എടുക്കുന്നതിന് ശ്രദ്ധിക്കുക.
മീസില്‍സ്, റുബെല്ല എന്നീ പകര്‍ച്ച വ്യാധികള്‍ വെറും രണ്ട് ഡോസ് വാക്‌സിന്‍ ഉപയോഗിച്ച് തടയാം എന്നത് തന്നെയാണ് നാം ഓരോരുത്തരും മനസ്സിലാക്കേണ്ട കാര്യം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ആഗോളതലത്തില്‍ 30 ദശലക്ഷത്തിലധികം മരണങ്ങള്‍ക്ക് കാരണം മീസില്‍സ് വാക്‌സിന്‍ ഒഴിവാക്കിയതിന്റെ ഫലമായി ഉണ്ടായതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം അതായത് 2022-ന്റെ അവസാനത്തില്‍ മഹാരാഷ്ട്രയില്‍ അഞ്ചാംപനി പടര്‍ന്നു പിടിച്ചതിനെത്തുടര്‍ന്ന് 15 കുട്ടികളാണ് മരണത്തിന് കീഴടങ്ങിയത്. ഇത് കൂടാതെ നൂറ് കണക്കിന് പേരില്‍ രോഗം പടര്‍ന്ന് പിടിക്കുകയും ചെയ്തു.
ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന 2023-ലെ ഈ വാക്‌സിനേഷന്‍ ഡ്രൈവില്‍ വാക്‌സിന്‍ എടുക്കണം എന്നാണ് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നത്. കാരണം റുബെല്ല- മിസില്‍സ് നിയന്ത്രണ വിധേയമാക്കുന്നതിന് വേണ്ടി, കുത്തി വെപ്പ് നമ്മുടെ മക്കള്‍ക്ക് നല്‍കിയേ മതിയാവൂ.