Nammude Arogyam
General

കേരളം വീണ്ടും നിപ്പ ഭീതിയിൽ

കോവിഡ് ഭീതിക്കിടയില്‍ നിപ്പ വൈറസ് വീണ്ടും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നുവെന്ന വാര്‍ത്തകള്‍ ആശങ്ക പടര്‍ത്തിയിരിയ്ക്കുയാണ്. 12 വയസുള്ള ഒരു കുട്ടി കോഴിക്കോട് മരണപ്പെട്ടിരിയ്ക്കുന്നു. 2018ലും ഇതേ രോഗം വന്ന് കോഴിക്കോട് ഒരു മരണമുണ്ടായിരുന്നു. 2019ലും ഇതേ രോഗം മൂവാറ്റുപുഴയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നുവെങ്കിലും ഇത് മരണത്തില്‍ എത്താതെ തടയാന്‍ സാധിച്ചു. ഇപ്പോള്‍ നിപ്പ ബാധിച്ച് മരിച്ച കുട്ടിയ്ക്ക് രണ്ടാഴ്ചയായി പനിയും ജലദോഷവുമുണ്ടായിരുന്നു. എന്നാല്‍ കുട്ടിയെ വിദഗ്ധ ചികിത്സിയ്ക്കായി ആശുപത്രയില്‍ എത്തിയ്ക്കാന്‍ വൈകിയതാണ് കാര്യങ്ങള്‍ ഇത്ര സങ്കീര്‍ണമാക്കിയത്.

നിപ്പ ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കേരളത്തിലാണ്. മലേഷ്യയുള്‍പ്പെടെ പല രാജ്യങ്ങളിലും ഇത് മുന്‍പേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. ഈ വൈറസ്, പഴം തിന്നുന്ന പറക്കുന്ന വവ്വാലുകളിലാണ് ജീവിയ്ക്കുന്നത്. ഇവയുടെ ശരീരത്തില്‍ നിന്നും സാധാരണ ഇത് പുറത്തു വരാറില്ല. ഇവയുടെ ഉമിനീര്‍സ്രവത്തിലാണ് ഈ വൈറസുകൾ കാണപ്പെടുന്നത്. ഇവ പെറ്റു പെരുകുന്നത് ഇപ്പോള്‍ കേരളത്തില്‍ അനുകൂലമായി നില്‍ക്കുന്ന അല്‍പം ഈര്‍പ്പമുള്ള, മഴയുള്ള, താപനില ഏതാണ്ട് 22-36 വരെ നില്‍ക്കുന്ന കാലാവസ്ഥയിലാണ്. ഇതു കൊണ്ടു തന്നെയാണ് ഇപ്പോഴും, മുന്‍പും ഏതാണ്ട് ഇതേ സമയങ്ങളില്‍ നിപ്പ വൈറസ് ബാധ കേരളത്തില്‍ പൊട്ടിപ്പുറപ്പെട്ടത്. കടുത്ത ചൂടില്‍, അതായത് 37 ഡിഗ്രിയില്‍ കൂടുതലായാല്‍ ഈ വൈറസ് ചത്തു പോകും. വവ്വാലുകളുടെ കാഷ്ഠത്തിലും സ്രവത്തിലും ഇവയ്ക്ക് 15 മിനിറ്റില്‍ കൂടുതല്‍ ജീവിക്കാനാകില്ല. എന്നാല്‍ ഇവ പഴം കടിച്ച് താഴെയിട്ടാല്‍ ഇതില്‍ 4-5 ദിവസം വരെ ഈ വൈറസുകൾക്ക് ജീവിക്കാനാകും. ഇത്തരം പഴങ്ങളില്‍ ഹൈ പിഎച്ച് ഉള്ളതാണ് കാരണം. ഈ പഴങ്ങള്‍ കഴിച്ചാല്‍ വൈറസ് ബാധയ്ക്ക് സാധ്യതയുണ്ട്. ഇതു പോലെ പന്നികളിലും ഇവ വരാന്‍ സാധ്യതയുണ്ട്. പന്നികള്‍ വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കഴിച്ചാല്‍, ഇവയിലും വരാം. ഇത്തരം പന്നികളിൽ നിന്നും മനുഷ്യരിലേക്കും വരാന്‍ സാധ്യതയുണ്ട്.

മലേഷ്യയില്‍ പന്നി ഫാമിലാണ് നിപ വൈറസ് ആദ്യമായി വന്നത്. എന്നാല്‍ പന്നികളില്‍ ഇവ വന്നാല്‍ അത്ര രൂക്ഷമായി ബാധിയ്ക്കുന്നില്ല. മനുഷ്യരില്‍ ഇവ വവ്വാലില്‍ നിന്നോ പന്നികളില്‍ നിന്നോ ആണ് സാധാരണയായി വരുന്നത്. ഈ വൈറസ് മനുഷ്യ ശരീരത്തില്‍ കയറിയാല്‍ തൊണ്ടയിലെ ടോണ്‍സിലുകളിലാണ് ഇന്‍ക്യുബേഷന്‍ സമയത്ത് ഇരിയ്ക്കുന്നത്. 15 ദിവസമാണ് ഇന്‍ക്യുബേഷന്‍ പിരീഡ്. ഈ സമയത്ത് ഇവ നശിച്ചില്ലെങ്കില്‍, ശ്വാസകോശത്തെ ബാധിയ്ക്കുകയും ശ്വാസകോശത്തിനു ചുറ്റുമുള്ള രക്തക്കുഴലുകളിൽ നീര്‍ക്കെട്ടുണ്ടാക്കുകയും ചെയ്യുന്നു. ഇത് ന്യൂമോണിയക്ക് കാരണമാകുന്നു. ഈ സമയത്ത് പനിയും ജലദോഷവുമുണ്ടാകും. പിന്നീട് ഈ വൈറസ് രക്തത്തിലേക്കും കടക്കും.

കൂടാതെ ഈ വൈറസ് തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാക്കാനും സാധ്യതയുണ്ട്. ഇത് തലച്ചോറിനെ ബാധിയ്ക്കുമ്പോഴാണ് മസ്തിക ജ്വരമാകുന്നതും കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്നതും. പനി, കടുത്ത തലവേദന, ഛര്‍ദി, പരസ്പര ബന്ധമില്ലാതെ സംസാരിയ്ക്കുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. കടുത്ത ന്യൂമോണിയയും, മസ്തിഷ്‌ക ജ്വരവും, ശരീരത്തില്‍ അണുബാധയുണ്ടാക്കി ഹൃദയത്തിന്റെ പേശികളെ തകരാറിലാക്കുന്നു. ഇതാണ് നിപ്പ ബാധിച്ച് മരണമുണ്ടാകാനുള്ള കാരണങ്ങള്‍.

നിപ്പ പടരാതിരിയ്ക്കാന്‍ ചില കാര്യങ്ങള്‍ നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. വവ്വാലില്‍ നിന്നും നിപ്പ സാധാരണ പുറത്തു വരാറില്ല. ഇവയെ പേടിപ്പിച്ചോടിയ്ക്കുക പോലുള്ളവ ചെയ്യുമ്പോള്‍ ഇവയിലെ ശരീര പ്രവര്‍ത്തനങ്ങള്‍ കാരണം ഇവ പുറത്ത് വരാന്‍ സാധ്യതുണ്ട്. കോവിഡ് പകരുന്ന രീതിയില്‍ സ്രവത്തിലൂടെയാണ് ഇവയും പടരുന്നത്. ഇതിനാല്‍ തന്നെ മാസ്‌ക് ഉപയോഗിയ്ക്കുന്നത് ഗുണം നല്‍കും. ഇതു പോലെ പനി പോലുള്ളവയുള്ളവരുടെ അടുത്തു നിന്നും അകലം പാലിയ്ക്കുക. വളപ്പിലും മററും വല്ല പക്ഷികളും മറ്റും കടിച്ചിട്ട പഴങ്ങള്‍ കഴിക്കാതിരിക്കുക. വവ്വാലുകള്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് പേരയ്ക്ക, ചാമ്പയ്ക്ക, മാങ്ങ എന്നിവയാണ്. ഇവയില്‍ എന്തെങ്കിലും കടിച്ച പാടുകളെങ്കില്‍ ഇവ കഴിയ്ക്കാതിരിയ്ക്കുക. നിപ്പ വൈറസ് കൊവിഡ് പോലെ പെട്ടെന്ന് പടരുന്ന തരമുള്ളതുമല്ല. ഇതിനാല്‍ തന്നെ ഭയപ്പെടാതെ മുന്‍കരുതലുകള്‍ സ്വീകരിയ്ക്കുകയെന്നതാണ് പ്രധാനം. പനി പോലുള്ള അവസ്ഥകളെങ്കില്‍, ഇത് അവഗണിയ്ക്കാതെ വൈദ്യ സഹായം തേടുക. എല്ലാത്തിലുമുപരി ജാഗ്രത പുലര്‍ത്തുകയെന്നതാണ് പ്രധാനം.

Related posts