Nammude Arogyam
General

പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നമായ തോള്‍ വേദനക്ക് പിന്നിലെ കാരണം തൈറോയ്ഡാണോ?

പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് ഷോള്‍ഡര്‍ വേദന എന്നത്. ചിലര്‍ക്കിത് എല്ലായ്‌പ്പോഴുമുണ്ടാകും. രാത്രിയില്‍ ഉറക്കം ലഭിയ്ക്കാന്‍ വരെ ഇതു കൊണ്ടു ബുദ്ധിമുട്ടാകും. ചിലര്‍ക്കാകട്ടെ, കൈ കൊണ്ട് എന്തെങ്കിലും ഉയര്‍ത്താനോ തിരിയ്ക്കാനോ ശ്രമിയ്ക്കുമ്പോള്‍ വേദന കാരണം ചെയ്യാന്‍ സാധിയ്ക്കാതെ വരുന്നു. നാം ഉറക്കത്തില്‍ പെട്ടെന്ന് തിരിഞ്ഞ് കിടക്കുമ്പോഴായിരിയ്ക്കും ഈ വേദന വരുന്നത്. ഇത് സ്ഥിരമായി വരുമ്പോഴാണ് പലരും കാര്യമായി എടുക്കുന്നതും ചികിത്സ തേടുന്നതുമെല്ലാം ചെയ്യുന്നത്. ഇത്തരം പ്രശ്‌നം ഉളുക്കോ അതു പോലുള്ള കാരണങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ തോളെല്ലിലെ ഫ്രോസണ്‍ ഷോള്‍ഡര്‍ പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ടോ ഉണ്ടാകുന്നതാണ്.

സാധാരണ ഗതിയില്‍ 30 വയസ് കഴിഞ്ഞ സ്ത്രീകളില്‍ ഇത് കൂടുതലായി കണ്ടു വരുന്നു. ഷോള്‍ഡര്‍ എല്ല് മൂന്ന് എല്ലുകള്‍ ചേര്‍ന്നാണ് രൂപപ്പെടുന്നത്. ഇവ ഒരു ജോയിന്റിൽ കൂട്ടി യോജിയ്ക്കുന്നു. ഈ ജോയിന്റിനോ ഇതിന് ചുറ്റുമുള്ള ഭാഗത്തോ ഇത്തരം വേദനയുണ്ടാകാം. വേദനയുളള കയ്യ് ചിലപ്പോള്‍ പകുതിയേ ഉയര്‍ത്താന്‍ സാധിയ്ക്കൂ. സ്ത്രീകള്‍ക്ക് മുടി കെട്ടാൻ വരെ പ്രയാസം നേരിടാം. ഇത് ഫ്രോസന്‍ ഷോള്‍ഡര്‍ എന്ന അവസ്ഥയാണ്. ഇന്ന് ചെറുപ്പക്കാരില്‍ പോലും ഇതുണ്ടാകുന്നു. പ്രമേഹം, തൈറോയ്ഡ്, അമിത വണ്ണം തുടങ്ങിയ പല കാര്യങ്ങളും ഇതിന് പുറകിലുണ്ട്. ഫ്രോസണ്‍ ഷോള്‍ഡറിന് കാരണം ജോയിന്റിലുണ്ടാകുന്ന നീര്‍ക്കെട്ടാണ്.

ഈ രോഗത്തിന് വാതം പോലുള്ള കാരണങ്ങളുണ്ട്. ആക്‌സിഡന്റുകള്‍ ഇതിന് കാരണമാകാം. ഈ ഭാഗത്തുണ്ടാകുന്ന ഏതെങ്കിലും സര്‍ജറി കാരണവും ഇത്തരം വേദനയുണ്ടാകാം. ഇത്തരം വേദന വരുമ്പോള്‍ നാം കൈ തൂക്കിയിടും. ഇത് മൂലം നമ്മുടെ തോളെല്ലിന്റെ മുകള്‍ വശത്തെ മസിലിന് കൂടുതല്‍ ടൈറ്റ്‌നസ് ഉണ്ടാകാം. ഇത് ചുറ്റു ഭാഗത്തേക്ക് പടരുന്നു. ഇത്തരം അവസ്ഥയിലാണ് പലപ്പോഴും നാം ഡോക്ടറെ കാണുക. നീര്‍ക്കെട്ടിന് മരുന്നു നല്‍കുകയും, വേണ്ടി വന്നാൽ ഫിസിയോതെറാപ്പി പോലുള്ളവയ്ക്ക് നിർദേശിക്കുകയും ചെയ്യുന്നു. മസില്‍ നീര്‍ക്കെട്ട്, കഴുത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം തന്നെ ഇത്തരം ഷോള്‍ഡര്‍ നീര്‍ക്കെട്ട് ഉണ്ടാക്കാറുണ്ട്.

ഇരുന്ന ഇരിപ്പില്‍ ജോലി ചെയ്യുന്നവര്‍ ഇടയ്ക്കിടെ ശരീരത്തിന് വ്യായാമം നല്‍കുക. ഇതു പോലെ നിവര്‍ന്നിരുന്ന് ജോലി ചെയ്യാന്‍ ശ്രമിയ്ക്കുക. കയ്യിന് ഇടയ്ക്കിടെ എക്‌സര്‍സൈസ് നല്‍കുക. കയ്യുകള്‍ മുന്‍പോട്ടും പുറകിലോട്ടും വശങ്ങളിലേയ്ക്കുമെല്ലാം ചലിപ്പിച്ച് ഇത്തരം എക്‌സര്‍സൈസ് ചെയ്യാവുന്നതാണ്. ചിലപ്പോള്‍ കിടക്കുന്ന പൊസിഷന്‍ കാരണമോ ഉളുക്കു കാരണമോ ഇത്തരം ഷോള്‍ഡര്‍ വേദനയുണ്ടാകും. ഇത് തനിയെ മാറുന്നു.

ചെറുപ്പക്കാരില്‍ ഇന്ന് ഈ പ്രശ്‌നം വരുന്നതിന് കാരണം ഇരുന്ന് ജോലി ചെയ്യുന്ന പൊസിഷന്‍ തന്നെയാണ്. പ്രത്യേകിച്ചും കുനിഞ്ഞിരിയ്ക്കുമ്പോള്‍ ഇത് കഴുത്തിലെ മസിലിന് സ്‌ട്രെസ് ഉണ്ടാക്കും. ഇത് ഇത്തരം ഷോള്‍ഡര്‍ വേദനയ്ക്ക് കാരണമാകും. ഇതിനായി മരുന്നുകളും ഒപ്പം വ്യായാമവും ചെയ്താല്‍ പൂര്‍ണമായും പരിഹാരം കണ്ടെത്താന്‍ സാധിയ്ക്കുകയും ചെയ്യും. ചിലര്‍ക്ക് ചില പൊസിഷന്‍ മാത്രമാണ് വേദനയെങ്കില്‍ ചിലപ്പോള്‍ സ്‌കാനിംഗ് പോലുളള വഴികളിലൂടെ കാരണം കണ്ടെത്താന്‍ സാധിയ്ക്കും. ഇത് തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ പൂര്‍ണമായും പരിഹരിയ്ക്കാന്‍ സാധിയ്ക്കുന്ന ഒന്നു കൂടിയാണ്.

Related posts