Nammude Arogyam
General

പെട്ടെന്നൊരാള്‍ കുഴഞ്ഞു വീണാല്‍…If someone suddenly falls down, what to do?

കുഴഞ്ഞു വീണു മരണം ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണ്. കണ്‍മുന്നില്‍ ഒരാള്‍ കുഴഞ്ഞ് വീഴുന്നത് കണ്ടാലും പലര്‍ക്കും എന്താണ് ചെയ്യേണ്ടതെന്നറിയില്ല. പ്രത്യേകിച്ചും ഉടനടി ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെ ജീവന്‍ പിടഞ്ഞകന്നു പോകുന്നത് കണ്ടു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. കുഴഞ്ഞു വീഴുന്നയാള്‍ക്ക് നല്‍കാവുന്ന പ്രഥമ ശുശ്രൂഷകള്‍ നല്‍കി ഇയാളെ ജീവിതത്തിലേയ്ക്ക് തിരിച്ചു പിടിയ്ക്കാന്‍ ചിലപ്പോള്‍ നമ്മുടെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞേക്കാം. ഇതിനായി നാം ചെയ്യേണ്ട, അറിയേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുമുണ്ട്.

പെട്ടെന്നൊരാള്‍ കുഴഞ്ഞു വീണാല്‍ ആദ്യം ചെയ്യേണ്ടത് സിപിആര്‍ നല്‍കുക എന്നതാണ്. സിപിആര്‍ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫുമല്ലാതെ സാധാരണക്കാരും അറിയേണ്ടതുണ്ട്. പെട്ടെന്ന് ഒരാള്‍ കുഴഞ്ഞു വീണാല്‍ ആദ്യം ചെയ്യേണ്ടത് ഇയാളെ ഉറപ്പുള്ള സമമായ പ്രതലത്തില്‍ നിവര്‍ത്തി കിടത്തുക എന്നതാണ്. പിന്നീട് തല ഒരു വശത്തേയ്ക്ക് ചെരിച്ചു വയ്ക്കുക. കുഴഞ്ഞു വീഴുന്നതിന് പല കാരണങ്ങളുണ്ട്. ഇത് കാര്‍ഡിയാക് പ്രശ്‌നമാകാം, ഹൃദയമിടിപ്പ് കൂടിയാലും കുറഞ്ഞാലുമുണ്ടാകും, ഇയര്‍ ബാലന്‍സ് പ്രശ്‌നം കാരണമാകാം, സ്‌ട്രോക്ക് കാരണമാകാം, അപസ്മാരം കാരണമാകാം, ഇതല്ലെങ്കില്‍ മോഹാലസ്യമാകാം. ഒരാള്‍ ബോധക്ഷയത്തോടെ വീണാല്‍ നാവ് പുറകിലേയ്ക്കു തള്ളി ശ്വാസതടസമുണ്ടാകാം, അല്ലെങ്കില്‍ ഛര്‍ദിയ്ക്കാം. തല ചെരിച്ചു വച്ചാല്‍ ശ്വാസതടസമുണ്ടാകില്ല. ഇതു പോലെ ഛര്‍ദി ലംഗ്‌സിലേക്കും പോകില്ല.

ആദ്യം കയ്യിലെ പള്‍സ് നോക്കണം. കയ്യിലെ പള്‍സ് കിട്ടിയില്ലെങ്കില്‍ ഇത് നല്ല ലക്ഷണമല്ല. ഈ ലക്ഷണത്തെ ബിപി തീരെ കുറവാണ്, അല്ലെങ്കില്‍ ഹൃദയം പ്രവര്‍ത്തിയ്ക്കുന്നില്ല എന്നു പറയാം. കയ്യിലെ പള്‍സ് കിട്ടിയില്ലെങ്കില്‍ കരോട്ടിക് പള്‍സ് കിട്ടുന്നുവോയെന്നു നോക്കണം. കരോട്ടിക് പള്‍സ് നമ്മുടെ തൊണ്ടയുടെ ഇരു വശത്തും കൈ വച്ചു നോക്കിയാല്‍ മിടിപ്പ് അനുഭവപ്പെടുന്ന പള്‍സാണ്. ഈ കരോട്ടിക് ആര്‍ട്ടറിയിലൂടെയാണ് തലച്ചോറിലേയ്ക്ക് രക്തം പോകുന്നത്. ബിപി തീരെ കുറഞ്ഞാല്‍ ഈ പള്‍സും വ്യക്തമായി ലഭിയ്ക്കാതെ വരും. കരോട്ടിക് പള്‍സും കിട്ടാതെ വന്നാല്‍ ഇത് കാര്‍ഡിയാക് അറസ്റ്റെന്നു മനസിലാക്കാം. എന്നാല്‍ ഇത് പതുക്കെയെങ്കിലും ലഭിയ്ക്കുന്നുവെങ്കില്‍ ബിപി തീരെ കുറയുന്നതു കൊണ്ടാണ്. ഇവര്‍ക്ക് സിപിആര്‍ നല്‍കേണ്ടതില്ല. അതേ സമയം കാര്‍ഡിയാക് അറസ്റ്റെങ്കില്‍ ഉടന്‍ സിപിആര്‍ നല്‍കുക.

ഇതിനായി വലംകൈ ഉപയോഗിയ്ക്കുന്നയാളെങ്കില്‍ നാം വലതു കൈപ്പത്തി, മയങ്ങിക്കിടക്കുന്ന ആളുടെ നെഞ്ചിന്റെ നടുവില്‍ കമഴ്ത്തി വയ്ക്കുക. ഇതിനു മുകളില്‍ ഇടതു കൈ വിരലുകള്‍ വലതു കൈവിരലുകളില്‍ പിണച്ചു വച്ച് അമര്‍ത്തിക്കൊടുക്കുക. ഇങ്ങനെ അമര്‍ത്തുന്നത് 30 തവണ നല്‍കുക. ഇതിലൂടെ ആളുകള്‍ തിരികെ വരാന്‍ സാധ്യതയേറെയാണ്. ഇങ്ങനെ അമര്‍ത്തുമ്പോള്‍ തീരെ പതുക്കെയും എന്നാല്‍ കൂടുതല്‍ ബലത്തോടെയുമാകരുത്. കൂടുതല്‍ ബലം പ്രയോഗിച്ചാല്‍ വാരിയെല്ലുകള്‍ക്കു വരെ അപകടം വരാം.

ഇത് 30 തവണ ചെയ്ത ശേഷം ഇദ്ദേഹത്തിന്റെ ശ്വസനത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വയ്ക്കണം. സ്വയം ശ്വസിച്ചില്ലെങ്കില്‍ വായക്കു ചുറ്റും കര്‍ച്ചീഫോ മറ്റോ വച്ച് ഉള്ളിലേയ്ക്ക് ഊതിക്കൊടുക്കുക. അതായത് കൃത്രിമ ശ്വാസം നല്‍കുക. ഇത് രണ്ടു തവണ ചെയ്ത ശേഷം വീണ്ടും നെഞ്ചില്‍ അമര്‍ത്തുക. ഇതിലൂടെ അത്ര കഠിനമല്ലാത്ത പ്രശ്‌നമെങ്കില്‍ ആള്‍ തിരികെ വരുന്ന ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. ഇതിനു ശേഷം എത്രയും പെട്ടെന്ന് ആളെ ആശുപത്രിയില്‍ എത്തിയ്ക്കുക.

ഇനി ഇതല്ലാതെ ബിപി കുറഞ്ഞ കാരണം കൊണ്ട് തല ചുറ്റി വീഴുന്നവരുണ്ട്. ഇത് കാര്‍ഡിയാക് അറസ്റ്റല്ല. ഇവരുടെ ഹാര്‍ട്ട് മിടിയ്ക്കും. പക്ഷേ ഇതു കൊണ്ട് ബിപി നിയന്ത്രണത്തില്‍ വരുന്നില്ല. ബിപി കുറയുന്നു. ഇത് ഉടന്‍ ആശുപ്രതിയില്‍ എത്തിയ്‌ക്കേണ്ട ഒരു അവസ്ഥയാണ്. ഇതിനു സാധ്യമല്ലെങ്കില്‍ ആളെ മലര്‍ത്തിക്കിടത്തി കാലുകള്‍ രണ്ടും മടക്കി വയ്ക്കുക. കാരണം ഇത് ആളുടെ നടുഭാഗത്തേയേക്ക് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനാണ്. കാല്‍ മടക്കി വച്ചാല്‍ കാലിലെ രക്തപ്രവാഹം നെഞ്ചു ഭാഗത്തേക്ക് പ്രവഹിയ്ക്കുന്നു. തുടര്‍ന്ന ആശുപത്രിയില്‍ എത്തിയ്ക്കുക.

Related posts