കഴിഞ്ഞ 2 പതിറ്റാണ്ട് കാലമായി നമ്മുടെ ഇടയിൽ ഏറെ പടർന്ന് പന്തലിച്ചമറ്റൊരു മഹാവ്യാധിയാണ് വൃക്കരോഗങ്ങൾ. വൃക്കരോഗങ്ങളുടെ പൊതുവായ കാരണം തെറ്റായ ജീവിത ശൈലിയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം വൃക്കരോഗങ്ങൾ പത്താം സ്ഥാനത്താണുള്ളത്. മുൻവർഷങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് കൂടി വരികയാണ്. എങ്കിലും വൈദ്യശാസ്ത്രം പുരോഗമിച്ചതോട് കൂടി അതിനൂതന ചികിത്സകളും ഇപ്പോൾ ലഭ്യമാണ്.
മനുഷ്യ ശരീരത്തിലെ ഉപ്പിന്റെയും,ജലാംശത്തിന്റെയും അളവ് നിയന്ത്രിക്കുന്ന അവയവമാണ് വൃക്ക. രക്തത്തിലെ വിഷാംശം നീക്കി അതിനെ ശുദ്ധീകരിക്കുക എന്നതാണ് വൃക്കയുടെ പ്രധാന ജോലി. കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ അളവ് ക്രമീകരിക്കുക, രക്താണുക്കളുടെ ഉത്പാദനത്തിന് ആവശ്യമായ എറിത്രോ പോയറ്റിൻ (erythro poeitin) എന്ന ഹോർമോൺ ഉത്പാദനം എന്നിവയൊക്കെ വൃക്കയുടെ പ്രവർത്തനങ്ങളാണ്.
അനിയന്ത്രിതമായ പ്രമേഹം, അമിത രക്തസമ്മർദ്ദം എന്നിവയാണ് വൃക്കരോഗങ്ങളുടെ പ്രധാന കാരണം. കൂടാതെ ജനിതകമായ വ്യതിയാനങ്ങൾ മൂലവും വൃക്കരോഗങ്ങൾ സംഭവിക്കാറുണ്ട്. വൃക്കരോഗങ്ങളെ പൊതുവെ രണ്ടായി തിരിക്കാം. അവ ഇതൊക്കെയാണ്.
1.അക്യൂട്ട് കിഡ്നി ഇഞ്ചുറി (AKI)-വൃക്കയുടെ സാധാരണ പ്രവർത്തനങ്ങൾക്ക് പെട്ടെന്നുണ്ടാകുന്ന വ്യതിയാനത്തിനെയാണ് AKI എന്ന് പറയുന്നത്.
2. ക്രോണിക് കിഡ്നി ഡിസീസ് (CKD)-വൃക്കയുടെ പ്രവർത്തനങ്ങൾക്ക് കാലക്രമേണ ഉണ്ടാകുന്ന കേടുപാടുകൾക്കാണ് CKD എന്ന് പറയുന്നത്.
വേദന സംഹാരികളുടെ ദുരുപയോഗം, മൂത്രതടസ്സം ഉണ്ടാക്കുന്ന കല്ലുകൾ, വൃക്കയുടെ അക്യൂട്ട് കിഡ്നി ഇഞ്ചുറിക്ക് കാരണങ്ങളാണ്. ജീവിത ശൈലീ രോഗങ്ങളായ അമിത രക്തസമ്മർദ്ദം, പ്രമേഹം എന്നിവയാണ് CKD-ലേക്ക് നയിക്കുന്നത്. യൂറിൻ റുട്ടീൻ എക്സാമിനേഷൻ,സെറം ക്രിയാറ്റിനിൻ, അൾട്രാസൗണ്ട് എന്നീ പരിശോധനകളാണ് വൃക്കരോഗനിർണ്ണയത്തിന് പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്.
ഒട്ടുമിക്ക രോഗികളിലും പ്രമേഹവും, രക്തസമ്മർദ്ദവും തന്നെയാണ് വൃക്ക രോഗങ്ങൾ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം. 80 മുതൽ 90 ശതമാനം വൃക്ക രോഗികളിലും പ്രഷർ ഉണ്ടാകാറുണ്ട്. പ്രഷർ കൂടി വൃക്കരോഗം വരുന്നവരും, വൃക്കരോഗം വന്ന് അതിന്റെ ഭാഗമായി പ്രഷർ വന്നവരും ഉണ്ട്. പ്രഷറും, ഷുഗറും ഉള്ളവർ അത് നിയന്ത്രണ വിധേയമാക്കണം. പ്രമേഹമാണെങ്കിൽ ഫാസ്റ്റിംഗ് ഷുഗർ 100-120ൽ താഴെയും, ഭക്ഷണശേഷമുള്ള ഷുഗർ 200 ൽ താഴെയുമാകണം. HbA1C ടെസ്റ്റ് (മൂന്ന് മാസത്തെ ഷുഗർ നോക്കുന്ന പരിശോധന) 7%ൽ നിയന്ത്രിച്ച് നിർത്തണം. ബിപി സദാ 150/90 കുറവായി നിൽക്കേണ്ടതുണ്ട്. എന്നാലേ പ്രഷർ, ഷുഗർ നിയന്ത്രണ വിധേയമാണെന്ന് ഉറപ്പിക്കാനാകൂ. അതോടൊപ്പം ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുകയും അധികം പ്രോട്ടീനുള്ള ഭക്ഷണങ്ങൾ കഴിക്കാതിരിക്കുകയും കൃത്യമായ ഇടവേളകളിൽ വൃക്കരോഗ വിദഗ്ധന്റെ നിർദ്ദേശങ്ങൾ തേടുകയും വേണം. വർഷത്തിലൊരിക്കൽ മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്നുണ്ടോ എന്നും, രക്തത്തിൽ സെറം ക്രീയാറ്റിന്റെ അളവും പരിശോധിക്കേണ്ടതാണ്.
നേരത്തെ സൂചിപ്പിച്ചതുപോലെ വൃക്കയിലെ പ്രവർത്തന വ്യതിയാനങ്ങൾ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ നൽകിയാൽ ഭേദപ്പെടുത്താൻ പറ്റാവുന്ന രോഗങ്ങൾ തന്നെയാണിവയും. സ്ഥായിയായ വൃക്കത്തകരാറുകൾ നേരത്തെ കണ്ടെത്തി ജീവിതശൈലിയിലെ മാറ്റങ്ങൾകൊണ്ടും മരുന്നുകൾ കൊണ്ടും നിയന്ത്രണ വിധേയമാക്കാം. ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുക എന്നതും പ്രധാനമാണ്.