Nammude Arogyam
Healthy FoodsGeneral

തണുപ്പുകാലം:ആരോഗ്യം നിലനിർത്താൻ വേണം പ്രതിരോധങ്ങൾ

ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണരീതി സ്വീകരിക്കുന്നത് ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. മഞ്ഞുകാലം എത്തുന്നതോടെ ശരീരത്തിന് പോഷകങ്ങൾക്കൊപ്പം തന്നെ ചൂടും ആവശ്യമാണ്. കോവിഡ് കാലമായതിനാൽ പ്രതിരോധശക്തി ഏറ്റവും കൂടുതൽ ആവശ്യമായ സമയവുമാണ്. ഒപ്പം ജലദോഷം മുതൽ ആസ്തമവരെയുള്ള രോഗങ്ങളെ നേരിടാനും ശരീരത്തെ സജ്ജമാക്കിയിരിക്കണം. ഇതിനെല്ലാം വേണ്ടി രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതും ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യുന്നതുമായ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

ശുദ്ധവും പ്രകൃതിദത്തവും പെട്ടെന്ന് ദഹിക്കുന്നതുമായ ഭക്ഷണം ശരീരത്തിന്റെ പ്രതിരോധ ശക്തി വർധിപ്പിക്കുന്നു.

കൂടാതെ ആരോഗ്യത്തെ കെടുത്തുന്ന വൈറസുകളില്‍ നിന്ന് രക്ഷനേടാന്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കേണ്ടതും പ്രധാനമാണ്. അതിനാല്‍, ശൈത്യകാലത്ത് ശരീരം നല്ല രീതിയില്‍ സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ കഴിക്കണം. ഈ ഭക്ഷണങ്ങള്‍ നമ്മുടെ ശരീര താപനില വര്‍ദ്ധിപ്പിക്കുകയും രോഗപ്രതിരോധ ശേഷി ഉയര്‍ത്തുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

1.മധുരക്കിഴങ്ങ്

മധുരക്കിഴങ്ങില്‍ സാധാരണ ഉരുളക്കിഴങ്ങിനേക്കാള്‍ കൂടുതല്‍ അന്നജവും പ്രധാന പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഫൈബര്‍, വിറ്റാമിന്‍ എ, പൊട്ടാസ്യം എന്നിവ അടങ്ങിയ മധുരക്കിഴങ്ങ് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മലബന്ധം ഭേദമാക്കുന്നതിനും സഹായിക്കുന്നു. കാന്‍സര്‍ സാധ്യത കുറയ്ക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് മധുരക്കിഴങ്ങ്.

2.ഈന്തപ്പഴം

നല്ല ആരോഗ്യം, പ്രതിരോധശേഷി എന്നിവ നിലനിര്‍ത്താന്‍ ആവശ്യമായ ഇരുമ്പ്, പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയതാണ് ഈന്തപ്പഴം. ശൈത്യകാലം പലതരം അസുഖങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍, ദിവസവും ഈന്തപ്പഴം കഴിക്കുന്നത് തീര്‍ച്ചയായും നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കും.

3.നട്‌സ്

ശൈത്യകാലത്ത് നാഡീവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യാന്‍ ന്ടസ് ഗുണം ചെയ്യുന്നു. വിറ്റാമിന്‍ ഇ, ഒമേഗ കൊഴുപ്പ് എന്നിവ ധാരാളം അടങ്ങിയ നട്‌സ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ശൈത്യകാലത്ത് ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

4.ഓട്‌സ്

ആരോഗ്യകരമായ പ്രഭാതഭക്ഷണം എന്നതിലുപരി, ശൈത്യകാലത്ത് പ്രധാനമായും കഴിക്കേണ്ട ഭക്ഷണങ്ങളിലൊന്നാണ് ഓട്‌സ്. ധാരാളം പോഷകങ്ങള്‍ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന സിങ്ക് ഇതില്‍ അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ ഹൃദയം, മികച്ച ദഹനം, മലബന്ധം തടയാന്‍ എന്നിവയ്ക്ക് ലയിക്കുന്ന നാരുകളുമുണ്ട്. ശൈത്യകാലത്ത് വെള്ളം കുടിക്കുന്നത് കുറയുന്നതുമൂലം മലബന്ധം പിടിപെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇത് ഒഴിവാക്കാന്‍ ഓട്‌സ് സഹായിക്കും.

5.ബ്രൊക്കോളിയും കോളിഫ്‌ളവറും

വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ശൈത്യകാലത്ത് പ്രതിരോധശേഷിക്ക് ക്രൂസിഫറസ് പച്ചക്കറികള്‍ കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ഇതിലൂടെ പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുന്നു. തണുപ്പിനെ നേരിടാനും, ഊര്‍ജ്ജസ്വലതയോടെ നിലനിര്‍ത്താനും ഈ പച്ചക്കറികള്‍ സഹായിക്കും.

6.വാഴപ്പഴം

വാഴപ്പഴത്തില്‍ ധാരാളം വിറ്റാമിന്‍ ബി, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ്, അഡ്രീനല്‍ ഗ്രന്ഥികള്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. ഈ ഗ്രന്ഥികള്‍ ശരീര താപനില നിയന്ത്രിക്കാന്‍ സഹായിക്കുന്നവയാണ്. ആരോഗ്യപരമായ മറ്റ് ആനുകൂല്യങ്ങളും വാഴപ്പഴം നല്‍കുന്നു. വാഴപ്പഴത്തിന് മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കാനും ഓര്‍മ്മശക്തി മെച്ചപ്പെടുത്താനും കഴിവുണ്ട്.

7.ഇഞ്ചി ചായ

ശൈത്യകാലത്ത് ചൂടുള്ള ഇഞ്ചി ചായ കഴിക്കുന്നത് നമ്മുടെ ശരീരത്തെ ഊഷ്മളതയോടെ നിലനിര്‍ത്തും. ദഹന ആരോഗ്യത്തിന് ഇഞ്ചി നല്ലതാണെന്നും തെര്‍മോജെനിസിസിനെ ഉത്തേജിപ്പിക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ഒരു ഡയഫോറെറ്റിക് കൂടിയായതിനാല്‍ ശരീരത്തെ അകത്ത് നിന്ന് ചൂടാക്കാന്‍ സഹായിക്കും. ഇഞ്ചി ചായ കുടിക്കുന്നതിലൂടെ മറ്റ് നിരവധി ആരോഗ്യ ഗുണങ്ങളും നമുക്ക് ലഭിക്കുന്നു.

8.കോഫി

കാപ്പിയിലെ കഫീന്‍ നമ്മുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു, ഇത് നമ്മുടെ ശരീര താപനില ഉയര്‍ത്താനും സഹായിക്കുന്നു. അതിനാല്‍ ശൈത്യകാലത്ത് ശരീരത്തില്‍ ഊഷ്മളത നിലനിര്‍ത്താന്‍ കാപ്പി കുടിക്കാം.

9.റെഡ് മീറ്റ്

റെഡ് മീറ്റ്, ആട്ടിറച്ചി, പന്നിയിറച്ചി എന്നിവ ഇരുമ്പിന്റെ നല്ല ഉറവിടമാണ്. ശരീരത്തിലുടനീളം ഓക്‌സിജന്‍ കൊണ്ടുപോകാന്‍ സഹായിക്കുന്ന ഒരു പ്രധാന ധാതുവാണ് ഇരുമ്പ്. ഇരുമ്പ് കുറവുള്ള ആളുകള്‍ക്ക് കൈകളും കാലുകളും തണുത്തതായി തോന്നാം, അല്ലെങ്കില്‍ എളുപ്പത്തില്‍ ക്ഷീണം അനുഭവപ്പെടും. റെഡ് മീറ്റ് കഴിക്കുന്നതിലൂടെ വിറ്റാമിന്‍ ബി 12 ശരീരത്തിന് ലഭിക്കുന്നു. ഇത് ആരോഗ്യകരമായ ഞരമ്പുകള്‍ക്കും ശക്തമായ രോഗപ്രതിരോധ ശേഷിക്കും സഹായിക്കുന്നു.

10.വെള്ളം

ഈ ശൈത്യകാലത്ത് ശരീരം ഊഷ്മളമാക്കാന്‍ സഹായിക്കുന്നതിനുള്ള ഒരു ലളിതമായ മാര്‍ഗം വെള്ളം കുടിക്കുക എന്നതാണ്. വെള്ളം ശരീരത്തിന്റെ പ്രവര്‍ത്തനത്തെ മികച്ച രീതിയില്‍ നിലനിര്‍ത്തുകയും, ആന്തരിക താപനില നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം വ്യായാമവും പ്രധാനമാണ്. സൂര്യപ്രകാശത്തിന്റെ ലഭ്യത ശരീരത്തിന് വൈറ്റമിൻ ഡി ഉറപ്പു വരുത്തും. യോഗ പരിശീലിക്കുന്നത് ശ്വസനം സുഗമമാക്കും. അര മണിക്കൂർ ലഘു വ്യായാമവും ഏഴ് മണിക്കൂർ ശരിയായ ഉറക്കവും ഉറപ്പുവരുത്തണം. ഒപ്പം രോഗങ്ങളുടെ തുടക്കത്തിൽതന്നെ ഡോക്ടറുടെ നിർദേശങ്ങൾ അനുസരിച്ച് ശരിയായ ചികിത്സ ഉറപ്പുവരുത്തുക. സ്വയം ചികിത്സയും വീട്ടു ചികിത്സയും പലപ്പോഴും അപകടം വിളിച്ചു വരുത്തും.

Related posts