റംസാൻ മാസ നോമ്പിന് ഒപ്പം അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. നിർജ്ജലീകരണം, വയറിളക്കം, ശർദ്ധി, അകാരണമായ ക്ഷീണം, തലവേദന, ഉറക്കമില്ലായ്മ, വിവിധ ചർമ്മ പ്രശ്നങ്ങൾ എന്നിങ്ങനെ പല അസുഖങ്ങൾ. ഇവയെല്ലാം പ്രതിരോധിക്കാനായി നമ്മൾ മാർഗങ്ങൾ സ്വീകരിക്കുമ്പോഴും കരുതൽ നൽകാൻ മറന്നു പോകുന്ന ഒന്നാണ് കണ്ണ്. വേനലിൽ കണ്ണിന് പ്രത്യേക പരിചരണം നൽകേണ്ടത് അത്യാവശ്യമാണ്. കാരണം കടുത്ത വെയിലും വ്രതാരംഭവും കണ്ണിന്റെ ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ട്.
ഉറക്കക്കുറവ്, ചുവപ്പുനിറം, കണ്ണില് നിന്നും വെള്ളം വരുക, കണ്ണ് ചൊറിച്ചിൽ കണ്ണിനുള്ളില് ചൂട് തുടങ്ങി നിരവധി പ്രശ്നങ്ങള് ഈ വേനൽക്കാലത്തു ഉണ്ടാകാൻ സാധ്യത ഉള്ള അസുഖങ്ങളാണ്. അതിനാല് തന്നെ ഈ സമയത്തു കണ്ണുകളെ നന്നായി തന്നെ പരിപാലിക്കേണ്ടത് വളരെ അനിവാര്യമാണ്. അത്തരത്തിൽ ചൂട് കൂടുന്ന സമയങ്ങളിൽ നേത്രത്തിന് സംരക്ഷണം നൽകാനുള്ള ചില വഴികളിതാ…
1. വ്യക്തി ശുചിത്വം പാലിക്കുക. വേനൽ കാലത്ത് കഴിയുമെങ്കിൽ ദിവസത്തിൽ രണ്ട് തവണയെങ്കിലും കുളിക്കാൻ ശ്രമിക്കുക. ഇത് ശരീരത്തിന് കുളിർമ്മ നൽകുന്നതോടൊപ്പം കണ്ണുകളിലെ അധിക ചൂട് അകറ്റാനും സഹായിക്കുന്നു.
2. കണ്ണുകളില് അനാവശ്യമായി തൊടരുത്. എന്തെങ്കിലും തരത്തിലുള്ള പൊടിപടലം കണ്ണിൽ പെട്ടു എന്ന് തോന്നിയാൽ ആവര്ത്തിച്ച് തിരുമ്മാതെ തണുത്ത വെള്ളം ഉപയോഗിച്ച് നന്നായി കഴുകി കൊടുക്കുക.
3. നിങ്ങൾ ഉപയോഗിക്കുന്ന തൂവാലകൾ, കണ്ണിൽ ഇടാറുള്ള സൗന്ദര്യ വർദ്ധക വസ്തുക്കൾ എന്നിവ കഴിവതും മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുക. കാരണം ആവരുടെ നേത്രങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള അലർജി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് നിങ്ങളെയും പിടിപെടാൻ കാരണമാകുന്നു.
4. ഏതെങ്കിലും പൊതു ജലാശയത്തിലോ, സ്വിമ്മിംഗ് പൂളിലോ കുളിക്കുകയാണെങ്കിൽ നീന്തല് കണ്ണട ധരിക്കുക.
5. ധാരാളം വെള്ളം കുടിക്കുക. കാരണം ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകുമ്പോൾ അത് കണ്ണിനെയും ബാധിക്കുന്നു.
6. വെയിലത്ത് പുറത്തു പോകുമ്പോള് യുവി സംരക്ഷണം തരുന്ന സണ്ഗ്ലാസുകള് ഉപയോഗിക്കുക. ഇത് കണ്ണിൽ നേരിട്ട് സൂര്യന്റെ ചൂട് ഏൽക്കുന്നതിൽ നിന്നും സംരക്ഷിക്കുന്നു.
7. കണ്ണുകള്ക്ക് ദോഷം വരുത്തുന്ന സണ്സ്ക്രീന്, ലോഷനുകള് എന്നിവ പുരട്ടുന്നത് ഒഴിവാക്കുക
8. കൃത്യമായി ഉറങ്ങുക.
9. സ്ക്രീൻ ടൈം കുറയ്ക്കുക.
10. കണ്ണിനു നല്ല മസ്സാജ് ശീലമാക്കുക.
11. കണ്ണുകള് ഈര്പ്പമുള്ളതാക്കാന് ലൂബ്രിക്കേറ്റിംഗ് ഐ ഡ്രോപ്പുകള് ഉപയോഗിക്കുന്നതും നല്ലതാണ്.
ഇതിനൊപ്പം വിറ്റാമിൻ സി ധാരാളം അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുക. വേനല്ക്കാലത്ത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാൻ വിറ്റാമിന് സി, വിറ്റാമിന് എ, ധാതുക്കള് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കുന്നു. കാഴ്ചശക്തി വർധിപ്പിക്കാൻ വേനല്ക്കാലത്ത് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നല്ലതാണ്.
ഇടയ്ക്കിടെ കണ്ണുകൾ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുന്നത് നല്ലതാണ്. കാരണം വേനലിൽ ഉഷ്ണക്കാറ്റും പൊടിക്കാറ്റും മൂലം കണ്ണുകളില് ചൊറിച്ചിലുണ്ടാകാനും കണ്ണുകള് പലപ്പോഴും ചുവപ്പ് നിറത്തിലും മാറാറുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇത് നിങ്ങളുടെ കണ്ണുകള്ക്ക് തണുപ്പ് നല്കുകയും കുളിർമ്മ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.