അടുക്കളയില്‍ പാത്രം കഴുകി വയ്ക്കുമ്പോഴേക്കും ചര്‍മം വരണ്ടതാകുന്നുണ്ടോ, എപ്പോഴും നനയുമ്പോള്‍ പൂപ്പല്‍ ബാധയുണ്ടോ, നഖങ്ങള്‍ക്കൊരു മഞ്ഞനിറം പടരുന്നുണ്ടോ…..
എങ്കില്‍ അടുക്കള നിങ്ങളുടെ കൈകളുടെ സൗന്ദര്യം തട്ടിപ്പറിക്കുന്നുണ്ടെന്ന് ചുരുക്കം. എന്നാല്‍ ചിലതൊക്കെ ശ്രദ്ധിച്ചാല്‍ കൈകളുടെ സൗന്ദര്യം നിലനിര്‍ത്താം …
വിരലിന്റെ അറ്റത്തുള്ള തൊലി നഖത്തോട് ചേര്‍ന്നുള്ളതാണ്. എപ്പോഴും വെള്ളം തട്ടിയാല്‍ ആ ബന്ധം വേര്‍പെടും. തൊലിക്കുള്ളില്‍ നീരു വരും. പിന്നെ പഴുപ്പുവരാനും പൂപ്പല്‍ വരാനും എളുപ്പം. അലക്ക്, പാത്രം കഴുകല്‍ എന്നീ ജോലികള്‍ അധികമായി ചെയ്താല്‍ ഇതു വരാം…
വിരലുകളുടെ കടയ്ക്കലുള്ള തൊലി നേര്‍ത്തതാണ്. വെള്ളം എപ്പോഴും തട്ടിയാല്‍ അവിടെയും ഫംഗസ് ബാധിക്കാം. പ്രത്യേകിച്ചും കുറുകിയ വിരലുള്ളവരില്‍ വിരലുകള്‍ക്കിടയില്‍ ഇടം കുറവായിരിക്കും. അവിടെ വരണ്ട തൊലിയും ഈര്‍പ്പവും ചേര്‍ന്ന് അഴുകാനുള്ള സാധ്യത കൂടുതലാണ്.
എപ്പോഴും വെള്ളം തട്ടുമ്പോള്‍ തൊലിയുടെ ഉപരിതലത്തിലെ കോശങ്ങള്‍ പൊഴിഞ്ഞുപോവും. പിന്നെ കൈവെള്ള ചുവന്ന നിറമാവും. അതു കഴിയുമ്പോള്‍ ഒരു പ്രതിരോധമെേന്നാണം തൊലിക്ക് കനം കൂടും. തഴമ്പു പോലെയാവും. കൈയുടെ മാര്‍ദ്ദവവും മിനുസവും പോവും. കട്ടിയായ തൊലിയില്‍ വിള്ളല്‍ വരാം. ഈ വിള്ളലില്‍ വെള്ളം നില്‍ക്കുന്നത് വരാനും ഇടവെയ്ക്കും.
മുളക്, ഇഞ്ചി, മീന്‍മസാല, വെളുത്തുള്ളി ഇവയൊക്കെ കൂടുതല്‍ സമയം കൈയിലാക്കുമ്പോള്‍ത്തന്നെ കൈ എരിയാറില്ലേ? വാഴയ്ക്ക, കൂര്‍ക്ക തുടങ്ങിയവ മുറിക്കുമ്പോള്‍ കൈയില്‍ കറ പിടിക്കാറുമുണ്ട്. നേരത്തേ വിണ്ടുകീറിയ കൈത്തലമാണെങ്കില്‍ മസാലയും മുളകുമൊന്നും കൈകകാര്യം ചെയ്യാനേ നില്‍ക്കരുത്.
ഡിഷ് വാഷും ഡിറ്റര്‍ജന്റും കൈക്കുണ്ടാക്കുന്ന ദോഷം ചെറുതല്ല. കാരമാണ് രണ്ടിലും ഉള്ളത്. അത് അഴുക്കുപോക്കും; ഒപ്പം കൈയിലെ മൃദുലമായ തൊലിയും സ്ഥിരമായി ഈ സാധനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് കൈവെള്ള ചുവക്കും, പിന്നെ തൊലി കട്ടിയാവും. കൈവെള്ളയിലെ ഉയര്‍ന്ന ഭാഗത്ത് വ്രണങ്ങളും വരാം.
ഫ്രീസറില്‍നിന്ന് എടുക്കുന്ന ഭക്ഷ്യവസ്തുക്കള്‍ അതേ തണുപ്പില്‍ കൈയില്‍ പിടിക്കരുത്. തൊലിക്ക് നന്നല്ല. ഉറച്ചു പോയ മീനും ഇറച്ചിയും കത്തിയുപയോഗിച്ചു വേര്‍പ്പെടുത്താനും നില്‍ക്കരുത്. മുറിവു പറ്റാന്‍ എളുപ്പമാണ്.
കൈകളെ സംരക്ഷിക്കാം
പാത്രം ഇടയ്ക്കിടെ കഴുകുന്നത് ഒഴിവാക്കണം. ഇല്ലെങ്കില്‍ കൈ ഒന്നുണങ്ങി വരുമ്പോഴേക്കും വീണ്ടും നനയും. പകരം പാത്രങ്ങള്‍ ഒന്നിച്ചു കഴുകാം. അതിനു ശേഷം കൈ വൃത്തിയുള്ള തുണികൊണ്ട് തുടച്ച് വെള്ളം പൂര്‍ണ്ണമായും കളയണം.
ഡിഷ് വാഷ് നന്നായി ഡയല്യൂട്ട് ചെയ്ത് മാത്രം ഉപയോഗിക്കുക. കാലിയായ ഡിഷ്‌വാഷിന്റെ പാത്രത്തില്‍ കാല്‍ഭാഗം ഡിഷ്‌വാഷ് എടുത്ത് നിറയെ വെള്ളം നിറച്ച് അതുപയോഗിച്ചാല്‍ മതി.
പാത്രം കഴുകാനുപയോഗിക്കുന്ന സ്‌ക്രബിന്റെ ഒരറ്റം മാത്രം നനച്ച് ആ അറ്റംകൊണ്ട് പാത്രം കഴുകാം. ബ്രഷ് ഉപയോഗിക്കുന്നവര്‍ പിടിയുള്ള ബ്രഷ് തിരഞ്ഞെടുക്കണം.
വീട്ടില്‍ നിങ്ങള്‍ മാത്രം ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന പാത്രങ്ങള്‍ കഴുകാന്‍ എപ്പോഴും ഡിഷ് വാഷ് ഉപയോഗിക്കേണ്ട. ദിവസത്തില്‍ ഒരു തവണ മതി അത്. അല്ലാത്തപ്പോള്‍ വെറും വെള്ളം മതി.
- കൈകളിലെ മുറിവും വിരലുകളിലെ അണുബാധയുമൊക്കെ കൃത്യമായ ചികിത്സയിലൂടെ മാറ്റണം.
- കൈകളില്‍ രാത്രി എല്ലാ ജോലികളും കഴിഞ്ഞ് അല്പം മോയിസ്ചറൈസര്‍ പുരട്ടാം.
- കുളിക്കുന്നതിന് മുമ്പ് ചെറുചൂടുള്ള എണ്ണ പുരട്ടി മസാജ് ചെയ്യുന്നതും നല്ലതാണ്.
- അലര്‍ജിയുള്ള ഡിറ്റര്‍ജെന്റുകള്‍ കണ്ടെത്തി അവ പിന്നീട് ഉപയോഗിക്കാതിരിക്കാം.
- അലര്‍ജിയുള്ള ഡിറ്റര്‍ജെന്റുകള്‍ കണ്ടെത്തി അവ പിന്നീട് ഉപയോഗിക്കാതിരിക്കാം.
- കൈകളിൽ കൃത്യമായ പാകത്തിനുള്ള ഗ്ലൗസുകൾ ഉപയോഗിക്കാം .