Nammude Arogyam
General

സ്ത്രീകളിലെ PCOD യും ഭക്ഷണക്രമവും…

ഇന്ന് മിക്ക സ്ത്രീകളും നേരിടുന്ന പ്രശ്നമാണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ്. 70 ശതമാനം സ്ത്രീകളിലും വന്ധ്യതയ്ക്ക് കാരണം പിസിഒഡി ആണെന്നാണ് പഠനങ്ങൾ പറയുന്നത്. പിസിഒഡി ബാധിച്ചവര്‍ക്ക് ആര്‍ത്തവം ക്രമം തെറ്റിയാകും വരിക.

സ്ത്രീകളുടെ അണ്ഡാശയത്തിനെയും പ്രത്യുല്‍പ്പാദന അവയവങ്ങളെയും സാരമായി തന്നെ ബാധിക്കുന്ന രോഗമാണ് പിസിഒ‍‍‍ഡി. കൂടാതെ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്റെയും പ്രൊജസ്‌ട്രോണിന്റെയും (ഇവയാണ് ആര്‍ത്തവ ചക്രം നിയന്ത്രിക്കുന്നത്) ഉല്‍പ്പാദനം കുറയ്ക്കുകയും പുരുഷ ഹോര്‍മോണായ ആന്‍ഡ്രജന്റെ ഉല്പാദനം കൂട്ടുകയും ചെയ്യുന്നു.

മാറിയ ഭക്ഷണരീതിയും വ്യായാമമില്ലായ്മയും മാനസിക സമ്മര്‍ദ്ദവുമാണ് പ്രധാന കാരണങ്ങള്‍. 15-44 വയസ്സുവരെയുള്ള സ്ത്രീകളിലാണിത് കൂടുതലായിട്ടും കാണുന്നത്. ഇത് ടൈപ്പ് 2 പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളും വരാനുള്ള സാധ്യതയും ഉണ്ടാക്കുന്നു. വ്യായാമമില്ലായ്മ, ഫാസ്റ്റ് ഫൂഡ്, കൊഴുപ്പ് അടങ്ങിയ ഭക്ഷണം എന്നിവയുടെ അമിത ഉപയോഗമാണ് പ്രധാന കാരണങ്ങൾ.

ശരീരത്തിലെ ഹോര്‍മോണുകളുടെ അളവുകളിലുണ്ടാകുന്ന വ്യത്യാസം, അമിത മദ്യപാനം എന്നിവയും പിസിഒഡിയുടെ കാരണമാണ്. അമിത വണ്ണം, മേല്‍ച്ചുണ്ടിലും താടിയിലുമുളള അമിത രോമ വളര്‍ച്ച, ഗര്‍ഭം ധരിക്കാനുള്ള ബുദ്ധിമുട്ട്, ആര്‍ത്തവത്തിലെ വ്യതിയാനം, അമിത രക്തസ്രാവം, മുടികൊഴിച്ചില്‍, വിഷാദം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

ഓട്സ്, പച്ചക്കറികൾ, പഴവർ​ഗങ്ങൾ, മധുരക്കിഴങ്ങ്,ക്യാരറ്റ്, ഇലക്കറികൾ എന്നിവ പിസിഒഡി അകറ്റാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.

കറുവപ്പട്ട വെള്ളം..

പിസിഒഡി പ്രശ്നമുള്ളവർ നിർബന്ധമായും ദിവസവും ഒരു ​ഗ്ലാസ് കറുവപ്പട്ട വെള്ളം കുടിക്കാവുന്നതാണ്. ഇത് ഇൻസുലിൻ പ്രതിരോധത്തെ നല്ല രീതിയിൽ സ്വാധീനിക്കുന്നു. കറുവപ്പട്ട മെറ്റബോളിസത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കറുവപ്പട്ട ഉപയോഗിക്കുന്നത് നിങ്ങളുടെ ആർത്തവചക്രം നിയന്ത്രിക്കാൻ സഹായിക്കും. ദിവസവും മൂന്ന് കപ്പ് കറുവപ്പട്ട വെള്ളം കുടിക്കുന്നത് മൂത്രത്തിലെ അണുബാധ അകറ്റാൻ സഹായിക്കും.

മഞ്ഞൾ…

പിസിഒഡി പ്രശ്നമുള്ളവർ ദിവസവും ഒരു നുള്ള് മഞ്ഞൾ കഴിക്കാവുന്നതാണ്. നിങ്ങൾ തയ്യാറാക്കുന്ന ഭക്ഷണങ്ങളിൽ മഞ്ഞൾ ഉൾപ്പെടുത്താം. ആർത്തവ സമയത്തെ അസ്വസ്ഥകൾ കുറയ്ക്കാൻ മഞ്ഞൾ കഴിക്കുന്നത് ​ഗുണം ചെയ്യും.

സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ…

‌സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടുകയും ആർത്തവ പ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്നു. മുഴുവൻ ധാന്യങ്ങൾക്ക്, അഥവാ തവിടു കളയാത്ത ധാന്യങ്ങൾക്ക് പോഷകങ്ങളേറും. ആരോഗ്യത്തിനു മാത്രമല്ല, പല അസുഖങ്ങൾക്കുമുള്ളൊരു പ്രതിരോധ മാർഗം കൂടിയാണിത്. തവിടു കളയാത്ത ധാന്യങ്ങളിൽ നാരുകളുടെ അംശം കൂടുതലാണ് എന്നുള്ളതാണ് ഇവയുടെ പ്രധാന ഗുണം.

പയറുവര്‍ഗ്ഗങ്ങള്‍…

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളായ പയറുവര്‍ഗ്ഗങ്ങള്‍, കൊഴുപ്പു കുറഞ്ഞ പാല്‍, മീന്‍, മുട്ട, സോയ, കൊഴുപ്പുകുറഞ്ഞ മാംസങ്ങള്‍, നട്‌സ് എന്നിവ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇന്‍സുലിന്‍ ഉല്പാദനം കൂടുന്നതിനും ശരീരത്തിലെ കൊഴുപ്പിന്റെ അളവിനെ കുറയ്ക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ…

പിസിഒഡി ഉള്ള മിക്ക സ്ത്രീകളും വിറ്റാമിൻ ഡിയുടെ കുറവ് അനുഭവിക്കുന്നു. കൂടുതൽ വിറ്റാമിൻ ഡിയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ആർത്തവചക്രത്തെ നിയന്ത്രിക്കാൻ സഹായിക്കും

Related posts