Nammude Arogyam
Healthy FoodsLifestyle

പ്രോട്ടീൻ ബാങ്കായ “മുട്ടയുടെ” അറിയപ്പെടാത്ത ചില പ്രധാനപ്പെട്ട ഗുണങ്ങളെക്കുറിച്ചറിയാം

കൊളസ്‌ട്രോൾ ഉണ്ടാക്കുമെന്ന കാരണം പറഞ്ഞ് മുട്ടയെ ഭക്ഷണമേശയിൽ നിന്ന് അകറ്റി നിർത്തുന്നവർ എത്രയോ അധികമുണ്ട് നമുക്കിടയിൽ. എന്നാൽ നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്ന ഏറ്റവും മികച്ച ഭക്ഷണം ഏതെന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേ ഉണ്ടാകൂ, പ്രോട്ടീൻ ബാങ്ക് എന്ന് വിളിക്കുന്ന മുട്ട. മിക്കവരും കരുതുന്നത് ജിമ്മിൽ പോകുന്ന ആളുകൾ മാത്രമേ ദിവസവും പ്രോട്ടീൻ അടങ്ങിയ മുട്ട പോലുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടതുള്ളൂ എന്നാണ്. എന്നാൽ, പ്രോട്ടീനിനേക്കാൾ കൂടുതൽ മറ്റ് പല ആരോഗ്യ ഗുണങ്ങളും മുട്ടകൾക്കുണ്ട്.മുട്ടയുടെ അറിയപ്പെടാത്ത ചില പ്രധാനപ്പെട്ട ഗുണങ്ങൾ ഇതാ.

1.മുട്ട തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമാണ്

മുട്ടയുടെ മഞ്ഞക്കരു ബി വിറ്റാമിനുകളുടെ സമ്പന്നമായ ഒരു സ്രോതസ്സാണ്. ഇത് വീക്കം കുറയ്ക്കുകയും നമ്മുടെ അവയവങ്ങൾ സുഗമമായി പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, ബി വിറ്റാമിനുകൾ തലച്ചോറിന്റെ പ്രവർത്തനത്തെ സഹായിക്കുന്നു. മുട്ട കഴിക്കുന്നത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും മികച്ച ഏകാഗ്രത കൈവരിക്കുവാനും സഹായിക്കും.

2.മുട്ട ഒരു സമ്പൂർണ്ണ ഭക്ഷണമാണ്

പ്രോട്ടീൻ മാത്രമല്ല, മുട്ടയിൽ മറ്റ് പോഷകങ്ങൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഡി, ബി, എ, ഇ, കെ തുടങ്ങിയ ഏറ്റവും പ്രധാനപ്പെട്ട വിറ്റാമിനുകളും മുട്ടകളിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, മുട്ടകളിൽ ഫോളേറ്റ്, ഫോസ്ഫറസ്, കാൽസ്യം, സെലിനിയം എന്നിവ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന് ആരോഗ്യകരമായി തുടരാൻ ആവശ്യമായ എല്ലാ ഘടകങ്ങളും കൊണ്ട് സമ്പന്നമാണ് മുട്ട. മാത്രമല്ല, ഇതിൽ കലോറിയും കുറവാണ്. അതിനാൽ, പതിവായി നമ്മുടെ ഭക്ഷണക്രമത്തിൽ മുട്ടകൾ ഉൾപ്പെടുത്തിക്കൊണ്ട് ധാരാളം നേട്ടങ്ങൾ നേടാൻ സാധിക്കും.

3.മുട്ട ഹൃദയത്തിന് നല്ലതാണ്

എച്ച്ഡിഎല്ലിന്റെ (ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ) സമ്പന്നമായ ഉറവിടമാണ് മുട്ട, ഇത് ഒരുതരം നല്ല കൊളസ്ട്രോൾ ആണ്. ഉയർന്ന അളവിൽ എച്ച്ഡിഎൽ ഉള്ളവർക്ക് ഹൃദ്രോഗ സാധ്യത കുറവായിരിക്കും. എന്നിരുന്നാലും, മുട്ട ധാരാളമായി കഴിക്കണം എന്ന് ഇതിനർത്ഥമില്ല. ആഴ്ചയിൽ മിതമായ എണ്ണം മുട്ടകൾ (രണ്ട് മുതൽ ആറ് വരെ) കഴിക്കുന്നത് ശരീരത്തിൽ അത്ഭുതകരമായ ഫലങ്ങൾ സൃഷ്ടിക്കും.

4.കണ്ണുകൾ ആരോഗ്യകരമായി നിലനിർത്താൻ കഴിയും

പ്രായമാകുമ്പോൾ ഏറ്റവും കൂടുതൽ ബാധിക്കുന്ന അവയവമാണ് നമ്മുടെ കണ്ണുകളെന്ന വസ്തുത ആർക്കും നിഷേധിക്കാനാവില്ല. പ്രായമാകുന്തോറും തിമിരത്തിന്റെയും മാക്യുലർ ഡീജനറേഷന്റെയും സാധ്യത വർദ്ധിക്കുന്നു. ഈ അപകടസാധ്യത കുറയ്ക്കാനും നമ്മുടെ കണ്ണുകളെ സംരക്ഷിക്കാനും കഴിയുന്ന രണ്ട് ആന്റിഓക്‌സിഡന്റുകൾ മുട്ടകളിൽ അടങ്ങിയിട്ടുണ്ട്. മുട്ടയിൽ കാണപ്പെടുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ കണ്ണിന്റെ റെറ്റിനയെ സ്വാധീനിക്കുന്നു, അതിനാൽ കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ ഇത് സഹായിക്കുന്നു. ക്ലിനിക്ക്‌സ് ഇൻ ഡെർമറ്റോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം ഇത് സ്ഥിരീകരിക്കുന്നുമുണ്ട്.

5. ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്

മുട്ടയിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതിനർത്ഥം അവ കഴിക്കുന്നത് നമ്മുടെ വിശപ്പ് വേഗത്തിൽ ശമിപ്പിക്കുമെന്നും, കുറച്ചധികം നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തുവാൻ സഹായിക്കുമെന്നുമാണ്. ഇത് ഭക്ഷണം അമിതമായി കഴിക്കുന്നത് കുറയ്ക്കുകയും കലോറി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ, ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിൽ ഏർപ്പെടുന്നവർക്ക് മുട്ട ഒരു മികച്ച ഭക്ഷണമാണ്.

പുഴുങ്ങിയോ പൊരിച്ചോ, അങ്ങിനെ നമുക്ക് ഇഷ്ടപ്പെടുന്ന രൂപത്തിൽ, ആരോഗ്യകരമായ അളവിൽ പതിവായി മുട്ട കഴിക്കുന്നത് പല അത്ഭുതങ്ങളും നമ്മുടെ ശരീരത്തിൽ സൃഷ്ടിക്കും. അത് കൊണ്ട് ഭക്ഷണമേശയിൽ മുട്ട വിഭവങ്ങൾ കൂടി ഉൾപ്പെടുത്താൻ ശ്രമിക്കുക.

Related posts