Nammude Arogyam
General

ഈ പുഴു കടിച്ചാല്‍ ഉടന്‍ മരണമോ?

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വരുന്ന പ്രചരണമാണ് ഈ പ്രത്യേക രീതിയിലെ പുഴു (worm)കടിച്ചാല്‍ വിഷമാണ്, മരണം സംഭവിയ്ക്കുമെന്നെല്ലാമുള്ളത്. ഇതിനാല്‍ തന്നെ ഇതിനെ കാണുന്നിടത്ത് വച്ച് നശിപ്പിയ്ക്കമെന്നതുമാണ് ആവശ്യം. അടുത്തിടെയാണ് കര്‍ണാടകയില്‍ ഇത്തരം പുഴുക്കള്‍ കണ്ടു വരുന്നുവെന്നും അത് വ്യാപകമായി കൃഷി നാശം വരുത്തുന്നുമെന്നുള്ള വാര്‍ത്തകള്‍ വന്നു തുടങ്ങിയത്. റബ്ബര്‍ തോട്ടത്തിലും പച്ചക്കറിത്തോട്ടത്തിലുമെല്ലാം ഈ പുഴു കണ്ടു വരുന്നുവെന്നും ഇത് ദേഹത്ത് തൊട്ടാല്‍ തന്നെ അഞ്ച് മിനിറ്റിനകം തന്നെ മരണം സംഭവിയ്ക്കുമെന്നുമുള്ള ഓഡിയോ ക്ലിപ്പാണ് പ്രചരിയ്ക്കുന്നത്. ഇതിനെ കണ്ടാല്‍ ഉടന്‍ തന്നെ ഇതിനെ തീ വച്ചു കൊല്ലണം എന്ന രീതിയിലെ സംഭാഷണമാണിത്.

ഇത് ശരീരത്തില്‍ തട്ടിയാല്‍ വേദനയുണ്ടാകുമെന്നത് വാസ്തവമാണ്. അലര്‍ജി പ്രശ്‌നങ്ങളുള്ളവരില്‍ അലര്‍ജിയുമുണ്ടാകാം. എന്നാല്‍ ഇത് ഈ ജീവികള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് പ്രകൃതി തന്നെ നല്‍കിയിരിയ്ക്കുന്ന കവചമാണ്. ഇവയുടെ മുന പോലുള്ള ഭാഗത്തിന്റെ കീഴ്ഭാഗം ചില വിഷഗ്രന്ഥികളുമായി ബന്ധിച്ചിരിയ്ക്കുന്നുവെന്നത് വാസ്തവമാണ്. ഇതിനാല്‍ ഇവയുടെ ദേഹത്തെ ഈ അഗ്രഭാഗം കൊണ്ടാല്‍ പെട്ടെന്ന് തന്നെ ഷോക്കടിച്ച ഒരു തോന്നലുണ്ടാകും. ഇത് അല്‍പനേരത്തേയ്ക്ക് മാത്രം നീണ്ടു നില്‍ക്കുകയും ചെയ്യുന്നു.

ഇത് സാധാരണ ഒരു പുഴുവാണ്. പ്യൂപ്പ സ്റ്റേജില്‍ ശലഭത്തിലേയ്ക്കുള്ള വളര്‍ച്ചയില്‍ പുഴുവായി രൂപാന്തരം പ്രാപിച്ച ഒരു പുഴുവാണിത്. ലീമാ കോഡിയ എന്ന നിശാശലഭത്തിന്റെ ലാര്‍വാ രൂപത്തിലെ പുഴുവാണിത്. സ്റ്റിംഗിംഗ് സ്ലെപ്റ്റ് ക്യാറ്റര്‍പിച്ചര്‍ എന്നാണ് ഇതിന്റെ പേര്. സഹ്യപര്‍വത സാനുക്കളിലാണ് ഇത് കണ്ടു വരുന്നത്. ഉള്‍വനങ്ങളിലും ഇത് കണ്ടു വരുന്നു. വലിയ ചെടികളുടെ പരാഗണത്തിന് ഇവ സഹായിക്കുന്നു. പല പുഴുക്കളേയും പോലെ പച്ചിലകള്‍ ഭക്ഷിച്ചാണ് ഇവയും വളരുന്നത്. ഇവയ്ക്ക് ചുറ്റും ആവരണം പോലെ കൂര്‍ത്ത കൊമ്പുകള്‍ പോലെയുള്ള അഗ്രങ്ങളുണ്ട്.

ഇതിനെ ഇരയാക്കുന്ന മറ്റ് ജീവികളില്‍ നിന്നും സംരക്ഷണം നേടാനുള്ള കവചമാണ് ഈ മുള്ളുകള്‍ പോലുളള ഭാഗം. ഇതല്ലാതെ ഇത് മനുഷ്യന് ജീവാപായം വരുത്തുന്ന ഒന്നല്ല. ചിലര്‍ക്ക് ഇത് അലര്‍ജിയോ (allergy)ശരീരത്തില്‍ തടിപ്പോ ഉണ്ടാകാം. ഇതല്ലാതെ അഞ്ചു മിനിറ്റില്‍ കടി കിട്ടിയാല്‍ മരണം സംഭവിയ്ക്കും, ഇത് സര്‍പ്പത്തേക്കാള്‍ വിഷമുള്ളത് തുടങ്ങിയ വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നത് തന്നെയാണ് വാസ്തവം.

അടിസ്ഥാനമില്ലാത്ത പല കാര്യങ്ങളും വൈറസ് പോലെ പടര്‍ന്നു പിടിയ്ക്കുന്ന ഒരിടം കൂടിയാണ് സോഷ്യല്‍ മീഡിയ. ഉപദ്രവകാരികളായ ജീവികളെ നാം കൊന്നൊടുക്കാറുണ്ട്. അത് സ്വയരക്ഷയ്ക്കായി. എന്നാല്‍ മനുഷ്യന് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന കാരണത്താല്‍ നിരുപദ്രവകാരിയായ ജീവികളെ കൊന്നൊടുക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മാത്രമല്ല, അവ ദ്രോഹം കൂടിയാണ്. ഈ പുഴുവിനെ കുറിച്ചുള്ള വാസ്തവവും ഇതു തന്നെയാണ്.

Related posts