Nammude Arogyam
General

സീറോസ്റ്റോമിയ അഥവാ വരണ്ട വായ നിസ്സാരമായി കാണേണ്ട

പലരും അവരുടെ വായ വരളുന്നതിനെക്കുറിച്ച് പരാതി പറയുന്നത് ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാകും. വായിലെ ഉമിനീര്‍ ഗ്രന്ഥികള്‍ക്ക് വായ നനയ്ക്കാന്‍ ആവശ്യമായ ഉമിനീര്‍ ഉത്പാദിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ് വരണ്ട വായ. ഇത് സീറോസ്റ്റോമിയ എന്നും അറിയപ്പെടുന്നു. ഇത് അങ്ങനെ നിസ്സാരമായി കാണേണ്ട ഒന്നല്ല.

വരണ്ട വായയ്ക്ക് കാരണമാകുന്ന നിരവധി കാരണങ്ങളുണ്ട്. ചില സന്ദര്‍ഭങ്ങളില്‍, ഉമിനീര്‍ ഗ്രന്ഥികളെ നേരിട്ട് ബാധിക്കുന്ന അവസ്ഥ മൂലം വരണ്ട വായ ഉണ്ടാകാം. ചില ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വരണ്ട വായ ഒരു രോഗാവസ്ഥയായി ചികിത്സിക്കാന്‍ തുടങ്ങാം. വരണ്ട വായയുടെ ലക്ഷണങ്ങളും ചികിത്സയും എന്തൊക്കെയാണെന്ന് നോക്കാം.

ലക്ഷണങ്ങള്‍

ആവശ്യത്തിന് ഉമിനീര്‍ ഉത്പാദിപ്പിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ വായ വരണ്ടതായി മാറിയേക്കാം. വരണ്ട വായയുടെ ചില പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്:

1.വായില്‍ വരള്‍ച്ച അല്ലെങ്കില്‍ ഒട്ടിപ്പിടിക്കല്‍

2.ചവയ്ക്കാനും സംസാരിക്കാനും വിഴുങ്ങാനും ബുദ്ധിമുട്ട്

3.വായനാറ്റം

4.വരണ്ട തൊണ്ട അല്ലെങ്കില്‍ തൊണ്ടവേദന

5.പരുക്കന്‍ ശബ്ദം

6.വരണ്ട അല്ലെങ്കില്‍ വൃത്തിയില്ലാത്ത നാവ്

7.രുചിയില്‍ വ്യത്യാസം

8.കട്ടിയുള്ളതും നാരുള്ളതുമായ ഉമിനീര്‍

കാരണങ്ങള്‍

വായിലെ ഉമിനീര്‍ ഗ്രന്ഥികള്‍ വായ നനയ്ക്കാന്‍ ആവശ്യമായ ഉമിനീര്‍ ഉത്പാദിപ്പിക്കാത്തതാണ് വായ വരളാന്‍ കാരണമാകുന്നത്. ഇനിപ്പറയുന്ന കാരണങ്ങളാല്‍ ഈ ഗ്രന്ഥികള്‍ ചിലപ്പോള്‍ ശരിയായി പ്രവര്‍ത്തിച്ചേക്കില്ല.

1.പ്രായാധിക്യം

2.ചില മരുന്നുകള്‍

3.നാഡീ ക്ഷതം

4.കാന്‍സര്‍ ചികിത്സ

5.പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗം

6.മറ്റ് ആരോഗ്യ രോഗങ്ങള്‍ (സ്‌ട്രോക്ക്, പ്രമേഹം മുതലായവ)

ചികിത്സ

വരണ്ട വായ ചികിത്സിക്കാനായി ഒരു ഡോക്ടറുടെ സഹായം തേടുക. അവര്‍ മെഡിക്കല്‍ ചരിത്രത്തെക്കുറിച്ചും ഉപയോഗിക്കുന്ന മരുന്നുകളെക്കുറിച്ചും ചോദിക്കും. വായ ശരിയായി പരിശോധിക്കും. ചിലപ്പോള്‍ രക്തപരിശോധന, ഉമിനീര്‍ ഗ്രന്ഥികളുടെ ഇമേജിംഗ് സ്‌കാന്‍ എന്നിവ ആവശ്യമായി വന്നേക്കാം. വായില്‍ എത്രത്തോളം ഉമിനീര്‍ ഉത്പാദിപ്പിക്കപ്പെടുന്നുവെന്ന് അളക്കുന്ന പരിശോധനകള്‍ ഉണ്ട്. വരണ്ട വായയുടെ കൃത്യമായ കാരണം തിരിച്ചറിയാന്‍ ഇത് സഹായിക്കും.

പരിഹാരങ്ങള്‍

1.വായ മോയ്‌സ്ചറൈസ് ചെയ്യുക-വരണ്ട വായയ്ക്കുള്ള ആദ്യത്തെ ചികിത്സയാണ് വായ മോയ്‌സ്ചറൈസ് ചെയ്യുന്നത്. വായ കഴുകല്‍, കൃത്രിമ ഉമിനീര്‍ അല്ലെങ്കില്‍ മോയ്‌സ്ചറൈസറുകള്‍ എന്നിവ ഇതിനുള്ള പരിഹാരമാണ്. വരണ്ട വായയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത മൗത്ത് വാഷുകളും വളരെ ഫലപ്രദമാണ്. പല്ല് നശിക്കുന്നത് തടയാനും ഇതിന് കഴിയും.

2.പല്ലുകള്‍ സംരക്ഷിക്കുക-വരണ്ട വായയുടെ അടിസ്ഥാന കാരണം ചിലപ്പോള്‍ പല്ലുകളുമാകാം. അതിനാല്‍ പല്ലുകള്‍ സംരക്ഷിക്കേണ്ടത് പ്രധാനമാണ്. പല്ലിന്റെ പോടുകള്‍ അടക്കുകയും കേടുപാടുകള്‍ തടയുകയും ചെയ്യുക.

3.മരുന്ന് ഉപയോഗം-ഉമിനീര്‍ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുന്ന മരുന്നുകളുണ്ട്. കഠിനമായ വരണ്ട വായ ഉണ്ടെങ്കില്‍ ഇത് കൂടുതലായി ഉപയോഗിക്കുന്നു. നേരിയ ലക്ഷണങ്ങളുള്ള രോഗികളില്‍, ലളിതമായ ജീവിതശൈലി മാറ്റങ്ങളും വീട്ടുവൈദ്യങ്ങളും പോലുള്ളവ പരീക്ഷിക്കുന്നത് ഫലപ്രദമാണ്.

4.അനാവശ്യ മരുന്നുകള്‍ ഒഴിവാക്കുക-ആവശ്യമില്ലാത്തപ്പോള്‍ പോലും മരുന്നുകള്‍ കഴിക്കുന്ന ഒരു ശീലം മിക്കവരിലുമുണ്ട്. മരുന്ന് ഒഴിവാക്കുന്നത് വരണ്ട വായ എന്ന പ്രശ്നത്തില്‍ നിന്ന് മുക്തി നേടാന്‍ വളരെയധികം സഹായിക്കും.

5.കഫീന്‍-ഉയര്‍ന്ന അളവില്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ശരീരത്തെ നിര്‍ജ്ജലീകരണം ചെയ്യും. വായ വരളാന്‍ സാധ്യതയുള്ളവര്‍ കഫീന്‍ ഉപഭോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലത്.

6.ജലാംശം നിലനിര്‍ത്തുക-ദിവസവും കുറഞ്ഞത് 14 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കുക. ശരീരത്തിലും വായിലും ജലാംശം നിലനിര്‍ത്താന്‍ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. അതുപോലെ ച്യൂയിംഗ് ഗം ചവയ്ക്കുന്നതും വായ വരളുന്നതില്‍ നിന്ന് മുക്തി നല്‍കാന്‍ സഹായിക്കും. കാരണം അതില്‍ സൈലിറ്റോള്‍ ഉണ്ട്, ഇത് ഉമിനീര്‍ സ്രവത്തെ ഉത്തേജിപ്പിക്കുന്നു.

Related posts