Nammude Arogyam
General

സെർവിക്കൽ ക്യാൻസർ പ്രതിരോധിക്കാൻ കഴിയുമോ ?

സ്ത്രീകളിൽ വരുന്ന ഗർഭാശയ മുഖത്തിന്റെ കാൻസർ അഥവാ സെർവിക്കൽ കാൻസർ 100 ശതമാനവും പ്രതിരോധിക്കാൻ സാധിക്കുന്ന ഒരു കാൻസറാണ്.
ഗർഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗത്തിനെയാണ് സെർവിക്സ് അഥവാ ഗർഭാശയ മുഖം എന്നു പറയുന്നത്.ലോകത്തിലെ സെർവിക്കൽ കാൻസർ രോഗികൾ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണ്. ഓരോ എട്ട് മിനിറ്റും രാജ്യത്ത് സെർവിക്കൽ കാൻസർ മൂലം ഒരു സ്ത്രീ മരിക്കുന്നു എന്നാണ് കണക്ക്.

മറ്റ് കാൻസറുകളിൽ നിന്നും വ്യത്യസ്തമായി സെർവിക്കൽ കാൻസർ ഉണ്ടാകുന്നത് ഒരു അണുബാധ മൂലമാണ്. ഹ്യൂമൻ പാപ്പിലോമ (എച്ച്.പി.വി.) എന്ന വൈറസ് ബാധ സർവ്വസാധാരണയായി കണ്ടുവരുന്ന ഒന്നാണ്. തൊലിപ്പുറത്തും ഗുഹ്യഭാഗത്തും കാലിലും ഒക്കെ അരിമ്പാറകൾ ഉണ്ടാകുന്നത് ഈ വൈറസാണ്. സ്പർശനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന ഈ വൈറസ് വിവിധ തരത്തിലുണ്ട് (120 ലേറെ). അതിൽ 14 തരം വൈറസുകൾക്ക് അപകട സാധ്യത ഏറെയാണ്. അവ ഗർഭാശയ മുഖത്തു മാത്രമല്ല, മലദ്വാരം, യോനീഭാഗം, പുരുഷലിംഗം, വായ, തൊണ്ട, എന്നീ അവയവങ്ങളിലും കാൻസർ ഉണ്ടാക്കുന്നു. എച്ച്.പി.വി. 16, 18 എന്നിവയാണ് സെർവിക്കൽ കാൻസർ ഉണ്ടാകുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത്.
എന്താണ് സെർവിക്കൽ കാൻസറിന്റെ രോഗലക്ഷണങ്ങൾ?
1-തുടക്കത്തിൽ രോഗലക്ഷണങ്ങൾ ഒന്നും കാണണമെന്നില്ല.
2-അമിതമായ വെള്ളപോക്ക്.
3-ലൈംഗികബന്ധത്തിലേർപ്പെട്ടതിന് ശേഷമുള്ള രക്തക്കറ.
4-സാധാരണ മാസമുറ അല്ലാതെ ഇടയ്ക്കിടെ വരുന്ന രക്തസ്രാവം.
5-ആർത്തവ വിരാമം വന്നതിനുശേഷമുള്ള രക്തസ്രാവം.
സെർവിക്കൽ കാൻസർ എങ്ങനെ കണ്ടുപിടിക്കാം?
1- വളരെ ലളിതവും വേദന രഹിതവും താരതമ്യേന ചെലവു കുറഞ്ഞതുമായ പരിശോധനയാണ് പാപ് സ്മിയർ പരിശോധന.
2- സാധാരണയുള്ള പരിശോധനയോടൊപ്പം തന്നെ പ്രത്യേക തയ്യാറെടുപ്പ് ഒന്നും ഇല്ലാതെ തന്നെ നടത്താവുന്ന ടെസ്റ്റാണിത്. 3- ടെസ്റ്റ് വഴി എടുക്കുന്ന കോശങ്ങളെ മൈക്രോസ്കോപ്പിനടിയിൽ വെച്ചു നോക്കി കോശ വ്യതിയാനങ്ങൾ കണ്ടുപിടിക്കുന്നു. 4- 30 വയസ്സിൽ പാപ്സ്മിയർ ടെസ്റ്റ് തുടങ്ങാവുന്നതാണ്. 5- എല്ലാ മൂന്നു വർഷവും ഈ ടെസ്റ്റ് ചെയ്യണം. 6- ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്നത് 35 വയസ്സിലും 10 വർഷത്തിനു ശേഷം 45 വയസ്സിലും ഓരോതവണ എച്ച്.പി.വി. ടെസ്റ്റ് എടുത്താൽ മതിയാകും എന്നാണ്. 7- പാപ്സ്മിയർ ടെസ്റ്റിൽ കോശ വ്യത്യാസങ്ങൾ കണ്ടാൽ കോൾപോസ്കോപ്പി (Colposcopy) എന്ന പരിശോധന ചെയ്യാം.
നാം ചെയ്യേണ്ടത്:
1- പരമാവധി സ്ത്രീകൾ സ്ക്രീനിങ് ടെസ്റ്റുകൾക്കു വിധേയരാവുക.
2- നമ്മുടെ പെൺകുട്ടികൾക്ക് എച്ച്.പി.വി. വാക്സിനേഷൻ നിർബന്ധമായും നൽകുക.

Related posts