രാവിലെ കിടക്കയിൽ നിന്നെഴുന്നേൽക്കുമ്പോൾ കഠിനമായ മുട്ടുവേദനയാണ്. പിന്നീട് അൽപം ആശ്വാസമുണ്ടാകും. അൽപം വേഗത്തിൽ നടന്നാലോ പടികയറിയാലോ വേദന വീണ്ടും കൂടും. മനസമാധാനത്തോടെ ഒരു ജോലിയും ചെയ്യാൻ കഴിയുന്നില്ല. സ്ത്രീകൾ എപ്പോഴും പറയുന്ന പരാതിയാണിത്. മധ്യവയസ്സായ സ്ത്രീകൾക്കിടയിൽ മുട്ടുവേദന വല്ലാതെ കൂടുന്നുണ്ട്. മുൻപെല്ലാം വാർധക്യമാകുമ്പോഴായിരുന്നു മുട്ടുവേദന വരാറുണ്ടായിരുന്നത്. ഇപ്പോൾ ചെറുപ്രായക്കാരിൽ പോലും ഇത് കാണുന്നു. തെറ്റായ ആഹാര ജീവിതശീലങ്ങളും വ്യായാമക്കുറവും എല്ലാമാണ് മുട്ടുവേദന കൂടാൻ ഇടയാക്കിയത്.
പൊതുവേ അമിതവണ്ണമുള്ളവരിലാണ് മുട്ടുവേദന കഠിനമാകാറുള്ളത്. 20നും 40നും ഇടയിൽ പ്രായമുള്ളവരിൽ മുട്ടിന് മുൻഭാഗത്ത് വേദന(Chondromalacia patella) കാണാറുണ്ട്. ചിരട്ടയുടെ അടിയിലെ തരുണാസ്ഥികളിലെ തേയ്മാനമാണ് കാരണം. ഗർഭകാലത്തിന്റെ അവസാനഘട്ടത്തിൽ സ്ത്രീകളിലെ സന്ധികളെല്ലാം തന്നെ അയഞ്ഞിരിക്കാറുണ്ട്. അതിന്റെ ഭാഗമായും മുട്ടുവേദന വന്നേക്കാം. ചിലരിൽ പ്രസവശേഷമായിരിക്കും വേദന. ആർത്തവവിരാമം, അസ്ഥിക്ഷയം, പേശികൾ, ലിഗമെന്റുകൾ എന്നിവയിലെ തകരാറുകൾ എന്നിവയെല്ലാം സ്ത്രീകളിൽ മുട്ടുവേദനയ്ക്ക് കാരണമാണ്.
മുട്ടുവേദനയ്ക്ക് ഇടയാക്കുന്ന കാരണങ്ങൾ കണ്ടെത്തി പരിഹരിച്ചാൽ വേദനയുടെ കാഠിന്യം കുറയ്ക്കാൻ കഴിയും. വേദന അനുഭവപ്പെട്ടു തുടങ്ങിയാൽ ജനറൽ മെഡിസിൻ ഡോക്ടറെയോ ഫിസിക്കൽ മെഡിസിൻ സ്പെഷലിസ്റ്റിനെയോ(ഫിസിയാട്രിസ്റ്റ്) സമീപിക്കാം. എക്സറേ പരിശോധനയിലൂടെ പ്രധാന പ്രശ്നങ്ങൾ തിരിച്ചറിയാൻ കഴിയും. ലിഗമെന്റ്, പേശികൾ എന്നിവയിലെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ചിലപ്പോൾ എം.ആർ.ഐ സ്കാൻ ആവശ്യമായേക്കാം.
മുട്ടുവേദന കുറയ്ക്കാൻ ജീവിതശൈലീ ക്രമീകരണമാണ് പ്രധാനം. ശരീരഭാരം കൂടുമ്പോൾ കാൽമുട്ടിന് സമ്മർദം വർധിക്കും. അതുകൊണ്ട് അമിതവണ്ണം നിയന്ത്രിക്കണം. എത്ര ഭക്ഷണം കഴിക്കാം, എന്തെല്ലാം വ്യായാമങ്ങൾ ചെയ്യാം എന്നുള്ള കാര്യം ഡോക്ടറുമായി സംസാരിച്ച് തീരുമാനിക്കണം.
മുട്ടുവേദനയുള്ളവരിൽ ദൈനംദിനപ്രവർത്തനങ്ങൾ സുഗമമായി നടത്താൻ ബ്രേസുകൾ സഹായിക്കും. മുട്ടിന് സംരക്ഷണം നൽകുന്ന പ്രത്യേകമായി നിർമിച്ച ഉറകളാണ് ബ്രേസുകൾ. ഇവ മുട്ടിനെ പൂർണമായി പൊതിഞ്ഞു സംരക്ഷിക്കുന്നു. ചിരട്ടയുടെ ഭാഗം പുറത്തേക്ക് കാണും വിധമുള്ളത്, ഒട്ടിക്കുന്ന തരത്തിലുള്ളത് തുടങ്ങി പലതരത്തിലുള്ള ബ്രേസുകൾ ലഭ്യമാണ്. ഡോക്ടറുടെ നിർദേശപ്രകാരം വേണം ഇവ ഉപയോഗിക്കാൻ.
പെട്ടെന്നുള്ള മുട്ടുവേദന മാറ്റാനായി ഐസ്പാക്ക്, ചൂടുപിടിക്കൽ എന്നീ മാർഗങ്ങൾ ഫലപ്രദമാണ്. ഐസ്ക്യൂബുകൾ ഒരു തുണിയിൽ കെട്ടി വേദനയുള്ള ഭാഗത്ത് അമർത്തിവെക്കുന്നതാണ് ഐസ്പാക്ക്. നീരുണ്ടെങ്കിൽ ഏറ്റവും ഫലപ്രദമായ മാർഗമാണ് ഇത്. മുട്ടിന്റെ മുൻഭാഗത്തും പിൻഭാഗത്തും ഐസ്പാക്ക് വയ്ക്കണം. വേദനയ്ക്ക് ആശ്വാസം ലഭിക്കുന്നതുവരെ ഇതു തുടരാം. കാൽമുട്ടിന് നീരില്ലെങ്കിൽ തുണി ചൂടുവെള്ളത്തിൽ മുക്കിയോ ഹോട്ട്ബാഗ് ഉപയോഗിച്ചോ ചൂടുപിടിക്കാം.
മുട്ടുവേദനയുള്ള ചിലരെങ്കിലും വേദന കുറയ്ക്കാനായി തീരെ അനങ്ങാതിരിക്കുകയോ പൂർണ വിശ്രമമെടുക്കുകയോ ചെയ്യാറുണ്ട്. ഇത് ശരിയല്ല. ഒട്ടും നടക്കാതിരുന്നാൽ കാൽമുട്ടിനെ സഹായിക്കുന്ന പേശികളുടെ ബലം കുറഞ്ഞേക്കാം. അതുകൊണ്ടു തന്നെ പേശികൾക്ക് ബലം നൽകുന്ന ലഘു വ്യായാമങ്ങൾ ഡോക്ടറുടെ നിർദേശപ്രകാരം ചെയ്യാം. ഒരു കസേരയിൽ ഇരുന്ന ശേഷം കാലുകൾ കഴിയുന്നത്ര പിന്നോട്ടും മുന്നോട്ടും ചലിപ്പിക്കുക ചരിഞ്ഞു കിടന്ന് കാൽ മുകളിലേക്കും താഴേക്കും ചലിപ്പിക്കുക. അതുപോലെ മുന്നിലേക്കും ചലിപ്പിക്കാം. കാൽ നീട്ടിയിരിക്കുക. മുട്ടിന് അടിയിൽ ചെറിയൊരു ടവൽ ചുരുട്ടി വെക്കാം. ഇതിൽ കാൽമുട്ടിന്റെ ഭാഗം കൊണ്ട് അമർത്താം.
മുട്ടുവേദന കുറയ്ക്കാൻ സഹായിക്കുന്ന ലേപനങ്ങളും ഗുളികകളുമുണ്ട്. അവ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ കഴിക്കാവൂ. വേദന സംഹാരികൾ മുട്ടുവേദന കുറച്ചു സമയത്തേക്ക് കുറച്ചേക്കാം. എന്നാൽ അവയുടെ ദീർഘകാല ഉപയോഗം നല്ലതല്ല. തരുണാസ്ഥിയുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി വിറ്റാമിൻ സപ്ലിമെന്റുകൾ നല്ലതാണ്. മരുന്നുകളിലൂടെ വേദനയ്ക്ക് ആശ്വാസം ലഭിക്കുന്നില്ലെങ്കിൽ മുട്ടിൽ കോർട്ടിക്കോസ്റ്റിറോയ്ഡ് കുത്തിവെപ്പ് ചെയ്യാറുണ്ട്. നീർക്കെട്ട് കുറയ്ക്കാനാണിത്. മുട്ടു തേയ്മാനം തടയുന്ന പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ (പി.ആർ.പി) റീജനറേറ്റീവ് തെറാപ്പിയും ഫലപ്രദമാണ്.
മരുന്നുകളും വ്യായാമങ്ങളും മറ്റു ചികിത്സകളും ഫലിക്കാതെ വരുമ്പോൾ കാൽമുട്ട് മാറ്റിവെക്കുകയാണ് വഴി. വേദനയുള്ള കാൽമുട്ടിന് പകരം പ്രത്യേകതരം ലോഹസങ്കരങ്ങൾ ചേർത്തുണ്ടാക്കിയ കൃത്രിമമുട്ട് ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. എക്സറേ, എം.ആർ.ഐ പരിശോധനകളിലൂടെ മുട്ടിന്റെ സ്ഥിതി ആദ്യം പരിശോധിക്കും, തുടർന്നാണ് കൃത്രിമമുട്ട് ഘടിപ്പിക്കുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം മൂന്നു മുതൽ അഞ്ചു മാസത്തിനകം തന്നെ രോഗിക്ക് പഴയ ജീവിതത്തിലേക്ക് തിരിച്ചെത്താൻ കഴിയും. രണ്ട് മുതൽ രണ്ടര ലക്ഷം രൂപ വരെ ചെലവുള്ളതാണ് മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ. ഉപയോഗിക്കുന്ന ഇംപ്ലാന്റിന്റെ ഗുണനിലവാരമനുസരിച്ച് ഇതിൽ മാറ്റം വരാം. മുട്ട് മാറ്റിവെച്ച ശേഷവും ഡോക്ടർ നിർദേശിക്കുന്ന വ്യായാമങ്ങൾ ചെയ്യേണ്ടി വരും.