ആരോഗ്യത്തിനും അനാരോഗ്യത്തിനുമെല്ലാം ഒരു പോലെ സഹായിക്കുന്നവയാണ് ഭക്ഷണങ്ങള്‍. ചില ഭക്ഷണങ്ങള്‍ അനാരോഗ്യവും ചിലത് ആരോഗ്യവും നല്‍കും. ചില പ്രത്യേക ഭക്ഷണങ്ങള്‍ക്ക് പകരം മറ്റു ചിലത് ഉള്‍പ്പെടുത്തുന്നത് ആരോഗ്യം നല്‍കുന്നതിലൂടെ ഒരു പരിധി വരെ അനാരോഗ്യം ഒഴിവാക്കാൻ സഹായിക്കും.
അമിതവണ്ണം, പ്രമേഹം തുടങ്ങിയവ വരുത്തുന്നതാണ് അരി ഭക്ഷണം എന്ന് പൊതുവേ പറയാറുണ്ട്. അതിന് പകരമെന്നോണം പലരും ഉപയോഗിക്കുന്ന ഒന്നാണ് ഗോതമ്പ്, പ്രത്യേകിച്ചും പ്രമേഹമുള്ളവർ. ഒരു നേരം, പ്രത്യേകിച്ചും രാത്രിയില്‍ ചോറിന് പകരം ചപ്പാത്തി കഴിയ്ക്കുന്നവർ ധാരാളമാണ്. ചപ്പാത്തിക്ക് പകരം ഗോതമ്പു കഞ്ഞി കുടിയ്ക്കുന്നവരുമുണ്ട്. എന്നാല്‍ ചപ്പാത്തി ചോറിനു പകരം കഴിച്ചാല്‍ പ്രമേഹം കുറയുമോ എന്നതാണ് പലരുടെയും സംശയം.
പ്രമേഹത്തിനും, തടിയ്ക്കുമെല്ലാം പ്രധാന കാരണമാകുന്നതില്‍ ഒന്നാണ് കാര്‍ബോഹൈഡ്രേറ്റുകള്‍. അരിയില്‍ കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് ഉണ്ടെന്ന കാരണത്താലാണ് ഇതില്‍ നിന്നും മാറി പലരും ചപ്പാത്തി കഴിക്കുന്നത്. എന്നാല്‍ ഗോതമ്പും അരിയും തമ്മില്‍ കാര്‍ബോ കാര്യത്തില്‍ കാര്യമായ വ്യത്യാസമില്ലെന്നതാണ് വാസ്തവം. അരിയില്‍ കാര്‍ബോഹൈഡ്രേറ്റ് അളവ് 75 ആണെങ്കില്‍ ഗോതമ്പില്‍ ഇത് 72 ഉണ്ട്. ഇതു കൊണ്ടു തന്നെ ചോറിന് പകരം ചപ്പാത്തിയെന്നത് പ്രമേഹത്തിനു തടയിടുമോ എന്നു ചോദിച്ചാല്‍ കാര്യമായ ഗുണമില്ലെന്നു തന്നെ പറയാം.
ഇതു പോലെ തന്നെ പറയുന്ന കാര്യം ഗോതമ്പിന്റെ ഗ്ലൈസമിക് ഇന്‍ഡെക്‌സ് അരിയേക്കാള്‍ കുറവെന്നതാണ്. ഗ്ലൈസമിക് ഇന്‍ഡെക്‌സ് എന്നു വച്ചാല്‍ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്നുയര്‍ത്തുന്ന തോത്. അരി കഴിച്ചാല്‍ ഇത് പെട്ടെന്ന് ഉയരും, ഗോതമ്പ് കഴിച്ചാല്‍ പതുക്കെ എന്നതാണ് ഒരു കാരണമായി പറയുന്നത്. എന്നാല്‍ അര പ്ലേറ്റ് ചോറിന് പകരം ആറേഴ് ചപ്പാത്തി കഴിച്ചാല്‍ ഇവ രണ്ടും തുല്യമായി തന്നെ വരും എന്നതാണ് വാസ്തവം. ഇവിടെ കാര്‍ബോഹൈഡ്രേറ്റ് അളവും ജിഐ അളവും കാര്യമായ ഗുണം നല്‍കുന്നില്ല. മിതമായി ചപ്പാത്തി കഴിച്ചാല്‍, അതായത് ഒന്നോ രണ്ടോ കഴിച്ചാല്‍ ഗുണം ലഭിയ്ക്കും. പകരം നാലഞ്ചെണ്ണം കഴിച്ചാല്‍ ഗുണമില്ലെന്നു തന്നെ പറയാം.
ഗോതമ്പിന്റെ പറയാവുന്ന ഒരു ഗുണമെന്നത് ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹത്തിന് ഒരു പരിധി വരെ തടയിടാന്‍ സഹായിക്കും. മാത്രമല്ല, വിശപ്പു കുറയ്ക്കും. ചപ്പാത്തി പതുക്കെയേ ദഹിയ്ക്കൂ. ഇതെല്ലാം തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണെന്ന് പറയാം. അമിത ഭക്ഷണം ഒഴിവാക്കാന്‍ സഹായിക്കും. എന്നാല്‍ കൂടുതല്‍ കഴിച്ചാല്‍ ഇതും ചോറും തമ്മില്‍ യാതൊരു വ്യത്യാസവും വരുന്നില്ലെന്നതാണ് വാസ്തവം.
പ്രമേഹത്തിന് ഗോതമ്പിനേക്കാള്‍ നല്ലതാണ് റാഗി അഥവാ മില്ലെറ്റ്. നമ്മുടെ പുല്ല് തന്നെ. കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണമെന്ന രീതിയില്‍ അറിയപ്പെടുന്ന പുല്ല് അഥവ് റാഗി പ്രമേഹ രോഗികള്‍ക്ക് കഴിയ്ക്കാന്‍ പറ്റിയ ഒന്നാണ്. ഇതിലെ നാരുകളും മറ്റ് പോഷകങ്ങളുമെല്ലാം തന്നെ നല്ലതാണ്. ഇത് കാച്ചിക്കഴിയ്ക്കാം. ഇതല്ലെങ്കില്‍ ദോശ, ഇഡ്ഡലി, പുട്ട് തുടങ്ങിയ രൂപത്തിലും കഴിയ്ക്കാം. ഓട്‌സും നല്ലതാണ്. ഇതും കാച്ചിക്കഴിച്ചാല്‍ കാര്യമില്ല. ഇതും മറ്റു രൂപത്തില്‍ കഴിച്ചാലേ ഗുണം ലഭിയ്ക്കൂ.