ഗര്‍ഭനിരോധന വഴികള്‍ സ്വീകരിയ്ക്കുന്നത് സാധാരണയാണ്. ഇതിനായി പല വഴികളുമുണ്ട്. ഐയുഡി, പില്‍സ്, ഹോര്‍മോണ്‍ ഇഞ്ചക്ഷനുകള്‍, കോണ്ടംസ് എന്നിങ്ങനെ പോകുന്നു ഇത്. എന്നാല്‍ ഇവ ഉപയോഗിയ്ക്കുന്നതിനെ കുറിച്ച് ഇപ്പോഴും പല തെറ്റിദ്ധാരണകളുണ്ട്. ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിയ്ക്കുന്നത് ഭാവിയില്‍ കുഞ്ഞുങ്ങളുണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നെന്ന് കരുതുന്നവരാണ് പലരും. അതായത് വന്ധ്യതയ്ക്ക് കാരണമാകുന്നു എന്നു കരുതുന്നവര്‍.
ഗുളികകളാണ് ഗര്‍ഭനിരോധനത്തിന് പൊതുവായി ഉപയോഗിയ്ക്കുന്ന ഒരു വഴി. ചെറിയ കാലയളവില്‍ ഉപയോഗിയ്ക്കാവുന്നതും വലിയ കാലയളവില്‍ ഉപയോഗിയ്ക്കാവുന്നതുമായ ഗുളികകളുണ്ട്. ഡയഫ്രം, കോണ്ടംസ് തുടങ്ങിയ മറ്റ് വഴികളേക്കാള്‍ ഇത്തരം ഗുളികകള്‍ കുഞ്ഞുങ്ങളുണ്ടാകുന്നതിന് അല്‍പം ദൈര്‍ഘ്യം ചിലരുടെ കാര്യത്തില്‍ വരുത്തിയേക്കാമെന്ന് പഠനങ്ങള്‍ പറയുന്നു. ഇത്തരം ഗുളികകള്‍ ഉപയോഗിയ്ക്കുന്നവരില്‍ 20 ശതമാനം ഉടന്‍ തന്നെ ഗര്‍ഭം ധരിയ്ക്കാനും 80 ശതമാനം പേര്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഗര്‍ഭം ധരിയ്ക്കാനും സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. ഇത്തരം ഗുളികകള്‍ ഒരിക്കലും വന്ധ്യത വരുത്തുന്നില്ലെന്നതാണ് വാസ്തവം. ഹോര്‍മോണ്‍ ഗുളികകള്‍ 10 വര്‍ഷത്തിലേറെ ഉപയോഗിയ്ക്കുന്നത് ചിലപ്പോള്‍ വന്ധ്യതാ പ്രശ്‌നങ്ങള്‍ക്ക് വഴി വച്ചേക്കാം. ഇത് എന്‍ഡോമെട്രിയം ലൈനിംഗ് ചുരുക്കാന്‍ സാധ്യതയുണ്ടാക്കുന്നു. ഇത് ഗര്‍ഭപാത്ര ഭിത്തിയില്‍ കുഞ്ഞുറയ്ക്കുന്ന ഇംപ്ലാന്റേഷന്‍ പ്രക്രിയയ്ക്ക് തടസം നില്‍ക്കുന്നു.
ഐയുഡി പോലുള്ളവ ടി ഷേപ്പിലെ പ്ലാസ്റ്റിക്കാണ്. ഇത് ചെറിയ അളവില്‍ പ്രൊജസ്റ്റിന്‍ പുറപ്പെടുവിയ്ക്കുന്നു. ഇത് സെര്‍വിക്‌സിലെ മ്യൂകസിന്റെ കട്ടി വര്‍ദ്ധിപ്പിച്ച് ബീജം അണ്ഡത്തില്‍ എത്തുന്നത് തടയുന്നു. ഇതു പോലെ അണ്ഡം ഓവറികളില്‍ നിന്നും പുറന്തള്ളപ്പെടുന്നതും തടയുന്നു. ഇതാണ് ഗര്‍ഭധാരണം തടയുന്നത്. ഐയുഡി മാറ്റിക്കളഞ്ഞാല്‍ പിന്നെ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ സാധാരണ ഗര്‍ഭധാരണം നടക്കുന്നു. കൂടി വന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ. ഐയുഡി എടുത്ത് മാറ്റിയാല്‍ തന്നെ ഗര്‍ഭധാരണം സാധ്യമാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
വജൈനല്‍ റിംഗാണ് മറ്റൊന്ന്. ഇത് ട്രാന്‍സ്‌പെരന്റായ, മൃദുവായ റിംഗാണ്. ഇത് പ്രൊജസ്‌ട്രോണ്‍, ഈസ്ട്രജന്‍ ഹോര്‍മോണുകള്‍ പുറപ്പെടുവിയ്ക്കുന്നു. അണ്ഡോല്‍പാദനം തടഞ്ഞും സെര്‍വിക്കല്‍ മ്യൂകസ് കട്ടി കൂട്ടിയുമാണ് ഇത് ഗര്‍ഭധാരണം തടയാന്‍ സഹായിക്കുന്നത്. ഇത് ഗര്‍ഭധാരണ ശേഷിയെ എപ്രകാരം ബാധിയ്ക്കുന്നുവെന്നതിനെ കുറിച്ച് കൂടുതല്‍ പഠന ഫലങ്ങള്‍ ലഭിച്ചിട്ടില്ലെന്നതാണ് വാസ്തവം. ഇപ്പറഞ്ഞവയെല്ലാം തന്നെ ഹോര്‍മോണുകള്‍ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിയ്ക്കുന്നത്.
ട്യൂബല്‍ ലിഗേഷന്‍, ട്യൂബല്‍ ഇംപ്ലാന്റ് എന്നിവയാണ് സ്ഥിരമായ ഗര്‍ഭനിരോധന വഴികള്‍. ട്യൂബല്‍ ലിഗേഷനില്‍ ഒരു സ്ത്രീയുടെ ഫെല്ലോപിയന്‍ ട്യൂബ് മുറിയ്ക്കുകയോ അല്ലെങ്കില്‍ ക്ലിപ്പിടുകയോ ആണ് ചെയ്യുന്നത്. ഇത് ട്യൂബക്ടമി എന്നും അറിയപ്പെടുന്നു. ഇത് അണ്ഡം യൂട്രസിലേക്ക് പോകുന്ന യാത്ര തടസപ്പെടുത്തുന്നു. ട്യൂബല്‍ ഇംപ്ലാന്റില്‍ ഫെല്ലോപിയന്‍ ട്യൂബില്‍ സ്പ്രിംഗ് പോലുള്ള കോയില്‍ ഇടുകയാണ് ചെയ്യുന്നത്. ഇവ രണ്ടും വീണ്ടും പഴയ പടിയാക്കി മാറ്റാവുന്നതാണ്. അതായത് കുഞ്ഞ് വേണമെന്ന് ആഗ്രഹമെങ്കില്‍ ഇത് വീണ്ടും തിരിച്ച് പഴയ പടിയാക്കാം. മറ്റുള്ള ഗര്‍ഭനിരോധന വഴികള്‍ കോണ്ടംസ്, സ്വാഭാവിക വഴികള്‍ എന്നിവയാണ്. ഇവ പൊതുവേ വന്ധ്യതയുമായി യാതൊരു വിധത്തിലും ബന്ധപ്പെടുന്നില്ല.
ഗർഭ നിരോധന മാർഗ്ഗങ്ങൾ എന്ത് തന്നെയായാലും, അവ ഉപയോഗിക്കുന്നതിന് മുൻപ് ഒരു ഗൈനെക്കോളജിസ്റ്റിന്റെ ഉപദേശം തേടേണ്ടതാണ്.