Nammude Arogyam
General

പ്രസവ സമയത്ത് നടക്കുന്ന സിസേറിയൻ യഥാർത്ഥത്തിൽ നടുവേദനക്ക് കാരണമാകുമോ?

പ്രസവം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ആളുകള്‍ ചോദിക്കുന്ന ചോദ്യമാണ് സിസേറിയന്‍ ആണോ നോര്‍മല്‍ ആണോ എന്ന ചോദ്യം. എന്നാല്‍ സിസേറിയന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും നെറ്റി ചുളിയും. പലപ്പോഴും സിസേറിയനെക്കുറിച്ച് നിലനില്‍ക്കുന്ന ചില തെറ്റിദ്ധാരണകളാണ് ഇത്തരത്തില്‍ ഒരു നിഗമനത്തിലേക്ക് പലരേയും എത്തിക്കുന്നത്. സിസേറിയന്‍ ചെയാല്‍ മരിക്കുവോളം നടുവേദന അനുഭവിക്കണം, അടുത്ത പ്രസവവും സിസേറിയനായിരിക്കും തുടങ്ങി നിരവധി കാര്യങ്ങള്‍ നമുക്ക് ചുറ്റും പലരും പറഞ്ഞു കൊണ്ടേ ഇരിക്കും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഗതികള്‍ ഇപ്രകാരമല്ല.

സിസേറിയന്‍ ചെയ്യുന്നത് അമ്മക്കും കുഞ്ഞിനും അപകടകരമായ അവസ്ഥയുള്ളപ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ്. എന്നാല്‍ മറ്റ് ചില അവസരങ്ങളിലും സിസേറിയന്‍ ആവശ്യമായി വരാറുണ്ട്. എന്ത് തന്നെയായാലും സിസേറിയനെക്കുറിച്ച് ഇന്നത്തെ കാലത്തും ധാരാളം തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട് എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യവും. അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യസ്ഥിതിയെ ബാധിക്കുന്ന അവസ്ഥയിലേക്ക് പ്രസവ സമയം കാര്യങ്ങള്‍ എത്തുമ്പോള്‍ സിസേറിയന്‍ അല്ലാതെ മറ്റൊരു ഓപ്ഷന്‍ ഇല്ല എന്ന തീരുമാനം ഡോക്ടര്‍ എടുക്കുന്നു. എന്നാല്‍ ഇന്നും ഈ ശസ്ത്രക്രിയയെ പറ്റി പല തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നു.

നോര്‍മല്‍ ഡെലിവറിയാണ് വേദനാജനകം എന്നും എന്നാല്‍ അതിന്റെ ഏഴയലത്ത് പോലും സിസേറിയന്‍ വരില്ല എന്നും ഇന്നും വിശ്വസിക്കുന്ന ഒരു വിഭാഗം ആളുകള്‍ ഉണ്ട്. എന്നാല്‍ തീര്‍ച്ചയായും ഇത് ഒരു ചെറിയ ശസ്ത്രക്രിയയല്ല എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. അതികഠിനമായ വേദന ഉണ്ടാക്കുന്ന ഒരു ശസസ്ത്രക്രിയ തന്നെയാണ് ഇത്. എത്രയൊക്കെ സിസേറിയന്‍ കഴിഞ്ഞെങ്കിലും അമ്മക്കും കുഞ്ഞിനും അപകടസാധ്യതകള്‍ ഉള്ള ഒരു ശസ്ത്രക്രിയ തന്നെയാണ് ഇത്. എന്നാല്‍ സാധാരണ പ്രസവം എപ്പോഴും സുരക്ഷിതമായ ഒന്നായിരിക്കും.

സിസേറിയന്‍ കഴിഞ്ഞാല്‍ പിന്നീട് അതില്‍ നിന്നും വേദനകളില്‍ നിന്നും സുഖം പ്രാപിക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നു എന്ന ഒരു ധാരണയുണ്ട്. മുന്‍കാലങ്ങളില്‍ പലപ്പോഴും സിസേറിയന് ശേഷം 4-6 വരെ ആഴ്ചകള്‍ ഇതിനെടുത്തിരുന്നെങ്കിലും ഇന്ന് വളരെ എളുപ്പത്തില്‍ തന്നെ സിസേറിയന്‍ റിക്കവറി നടക്കുന്നു. 6-12 മണിക്കൂറിനുള്ളില്‍ തന്നെ സ്ത്രീകളുടെ ആരോഗ്യ നിലയില്‍ മാറ്റം വന്ന് തുടങ്ങുന്നു. കൃത്യസമയത്ത് വേദന സംഹാരികള്‍ മറ്റ് മെഡിക്കല്‍ സഹായങ്ങള്‍ എന്നിവ വഴി ഈ പ്രതിസന്ധിയെ മറികടക്കാന്‍ നല്ലൊരു ശതമാനം സ്ത്രീകള്‍ക്കും സാധിക്കുന്നു.

നല്ലൊരു ശതമാനം സ്ത്രീകളും ഡോക്ടര്‍മാരും സാധാരണ പ്രസവത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ സിസേറിയന്‍ മാത്രമേ നടക്കൂ എന്ന് ഗര്‍ഭിണിയായ ഉടനേ തന്നെ കണ്ടെത്താന്‍ സാധിക്കുന്നു എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗവും ഇന്നുണ്ട്. എന്നാല്‍ ഡെലിവറിയോട് അടുത്ത സാഹചര്യങ്ങളില്‍ അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണ് സിസേറിയന്‍ തീരുമാനിക്കപ്പെടുന്നത്. ബ്രീച്ച് പൊസിഷന്‍, പ്ലാസന്റ പ്രീവിയ തുടങ്ങിയ അവസ്ഥകളിലാണ് പലപ്പോഴും സിസേറിയന്‍ നിശ്ചയിക്കുന്നത്. അല്ലാതെ ഇത് നേരത്തെ പ്ലാന്‍ ചെയ്ത് ചെയ്യുന്നതല്ല.

ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ഒന്നാണ് സിസേറിയന്‍ കഴിഞ്ഞാല്‍ പിന്നെ മരിക്കും വരെ നടുവേദനയുണ്ടാവും എന്നത്. എന്നാല്‍ ഇത് ഒരു മിഥ്യാധാരണയാണ്. ഇതിന് കാരണമായി പറയുന്നതാകട്ടെ എപ്പിഡ്യൂറല്‍ അനസ്‌തേഷ്യ സിസേറിയന്‍ സമയത്ത് നടുവിന് കൊടുക്കുന്നു എന്നതും. എന്നാല്‍ ഇവിടെ ജനറല്‍ അനസ്‌തേഷ്യയുടെ കാര്യത്തിലെന്നപോലെ ഗര്‍ഭിണിയുടെ ശരീരഭാഗങ്ങളും കൈകാലുകളും മാത്രമാണ് അനസ്‌തേഷ്യയിലൂടെ പ്രതികരിക്കുന്നത്. ഇതിന്റെ ഫലം 4 മണിക്കൂറുകള്‍ വരെ നീണ്ടുനില്‍ക്കും. എന്നാല്‍ അമ്മമാരില്‍ നടുവേദനയ്ക്കുള്ള ഏറ്റവും സാധാരണമായ കാരണങ്ങള്‍ നടുവിലെ പേശികളുടെ ശക്തിക്കുറവാണ്. ഇത് കൂടാതെ വയറിലെ പേശികള്‍ അയവുള്ളതാകുക, ഗര്‍ഭാവസ്ഥയിലെ ഹോര്‍മോണുകള്‍ മൂലമുണ്ടാകുന്ന ലിഗമെന്റല്‍ അയവുള്ളതാവുക, മുലയൂട്ടുന്ന സമയത്തും കുഞ്ഞിനെ പരിചരിക്കുന്ന സമയത്തും ഇരിക്കുന്ന രീതി ശരിയല്ലാതാവുക എന്നീ അവസ്ഥകളാണ് പലപ്പോഴും നടുവേദനയിലേക്ക് ഒരു സ്ത്രീയെ എത്തിക്കുന്നത്.

പല സ്ത്രീകളിലും ആശങ്കയുണ്ടാക്കുന്ന ഒന്നാണ് ഒരിക്കല്‍ സിസേറിയന്‍ കഴിഞ്ഞാല്‍ അടുത്ത പ്രസവവും സിസേറിയന്‍ ആയിരിക്കുമോ എന്ന കാര്യം. എന്നാല്‍ ഇതില്‍ ഒരു തരത്തിലുള്ള വാസ്തവവും ഇല്ല. അടുത്ത പ്രസവം ചിലപ്പോള്‍ നോര്‍മല്‍ ഡെലിവറി ആവുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല. ഇത്തരം കാര്യങ്ങള്‍ക്ക് ഒരിക്കലും അനാവശ്യ പ്രാധാന്യവും ചെവിയും നല്‍കരുത്.

വൈകാരികമായാണ് പലരും സിസേറിയനേയും നോര്‍മല്‍ ഡെലിവറിയേയും സമീപിക്കുന്നത്. പലപ്പോഴും അമ്മയും കുഞ്ഞുമായുള്ള സ്‌കിന്‍ – സ്‌കിന്‍ സമ്പര്‍ക്കം സാധ്യമല്ല എന്നതാണ് പറയുന്ന ഒരു കാര്യം. എന്നാല്‍ പ്രസവ ശേഷം കുഞ്ഞ് ആക്ടീവ് ആണ് വേറെ പ്രശ്‌നങ്ങള്‍ ഒന്നുമില്ല എന്നുണ്ടെങ്കില്‍ കുഞ്ഞിനെ ഉടന്‍ തന്നെ അമ്മക്ക് കൈമാറുന്നു. പലപ്പോഴും പല സാഹചര്യങ്ങളിലും സിസേറിയന്‍ എന്നത് രണ്ട് ജീവന്‍ രക്ഷിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം തന്നെയാണ് എന്ന് ഉറപ്പിച്ച് പറയാം. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഗര്‍ഭാവസ്ഥ മനസ്സിലാക്കിയാണ് സിസേറിയന്‍ വേണോ നോര്‍മല്‍ ഡെലിവറി വേണോ എന്ന് തീരുമാനിക്കുന്നത്.

Related posts