നമ്മുടെ ചര്‍മത്തെ ബാധിയ്ക്കുന്ന പല രോഗാവസ്ഥകളുമുണ്ട്. ഇത്തരം ഒന്നിനെ കുറിച്ച് തുറന്ന് പറഞ്ഞിരിയ്ക്കുകയാണ് സിനിമാ താരമായ മംമ്താ മോഹന്‍ദാസ്. വിറ്റിലിഗോ അഥവാ വെളളപ്പാണ്ട് എന്ന അവസ്ഥ താന്‍ നേരിട്ടു കൊണ്ടിരിയ്ക്കുകയാണെന്ന് ഇവര്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പങ്കു വെച്ചത്. അര്‍ബുദരോഗത്തെ അതിജീവിച്ച മംമ്ത തന്റെ നിറം നഷ്ടപ്പെട്ടു കൊണ്ടിരിയ്ക്കുകയാണെന്നാണ് ഈ ഓട്ടോ ഇമ്യൂണ്‍ രോഗത്തെ കുറിച്ച് വിശദീകരിയ്ക്കുന്നത്. ഇതിനാല്‍ തന്നെയും താന്‍ സൂര്യനെ ഇപ്പോള്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നുമാണ് താരത്തിന്റെ പോസ്റ്റ്.
വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ടിന് കാരണം ചര്‍മത്തിലെ മെലാനിന്‍ എന്ന ഘടകം കുറയുന്നതാണ്. സൂര്യനാണ് മെലാനിന്‍ ഉല്പാദത്തിന് സഹായിക്കുന്ന പ്രധാന ഘടകം. ഇതിനാല്‍ തന്നെയാണ് സൂര്യനെ താരം എടുത്ത് പറഞ്ഞിരിയ്ക്കുന്നതും. ചര്‍മത്തിലെ പലയിടത്തായി നിറവ്യത്യാസമുണ്ടാകുന്നു. നമ്മുടെ ശരീരത്തിലെ പ്രതിരോധ കോശങ്ങള്‍ ശരീരത്തിലെ തന്നെ ചര്‍മകോശങ്ങളെ ആക്രമിയ്ക്കുമ്പോഴുണ്ടാകുന്ന അവസ്ഥയാണിത്. ഇതിനാല്‍ തന്നെയാണ് ഓട്ടോ ഇമ്യൂണ്‍ രോഗം എന്നു പറയുന്നതും. മെലാനിന്‍ ഉല്പാദിപ്പിയ്ക്കുന്ന മെലാനോസൈററ് എന്ന കോശങ്ങളെയാണ് പ്രതിരോധ കോശങ്ങള്‍ ആക്രമിയ്ക്കുന്നത്.
ശരീരത്തിന്റെ ഏത് ഭാഗങ്ങളില്‍ വേണമെങ്കിലും ഈ രോഗമുണ്ടാകാം. എങ്കിലും മുഖം, ചുണ്ട്, കൈകാലുകള്‍ എന്നിവിടങ്ങളിലാണ് കൂടുതലായി ഉണ്ടാകുന്നത്. ഇത് പിന്നീട് പടരാം. എന്നാല്‍ ഇത് മറ്റുള്ളവരിലേയ്ക്ക് പടരുന്ന രോഗമല്ല. പല കാരണങ്ങളും ഈ അവസ്ഥ വരുന്നതിന് പുറകിലുണ്ട്. ഇതിലൊന്ന് പാരമ്പര്യമാണ്. ഈ രോഗം കണ്ടു വരുന്നവരില്‍ 30 ശതമാനത്തിലും പാരമ്പര്യവും പങ്കു വഹിയ്ക്കുന്നതായി കണ്ടു വരുന്നു. ഇത് ഏത് പ്രായക്കാരിലും കണ്ടു വരുമെങ്കിലും ചെറുപ്പക്കാരിലാണ് കൂടുതലായി കണ്ടു വരുന്നത്. പാരമ്പര്യത്തിന് പുറമേ ഓട്ടോ ഇമ്യൂണ്‍ അവസ്ഥകള്‍, സ്ട്രെസ്, കഠിനമായ വെയില് കാരണമുണ്ടാകുന്ന സൂര്യാഘാതം, കെമിക്കലുകളുമായുള്ള സംസര്‍ഗം കാരണം ചര്‍മത്തിനുണ്ടാകുന്ന പ്രശ്നം എന്നിവയെല്ലാം കാരണമായി വരുന്നു. വിറ്റിലിഗോ ഉളളവര്‍ക്ക് കണ്ണിന് പ്രശ്നം, കേള്‍വിശക്തി കുറയുക, തൈറോയ്ഡ്, ഡയബെറ്റിസ് തുടങ്ങിയ പ്രശ്നങ്ങളുമുണ്ടാകാം. ഇവരില്‍ മുടിയുടെയും പുരികത്തിന്റെയും കണ്‍പീലികളുടേയും നിറം പോകുക തുടങ്ങിയ അവസ്ഥകളുമുണ്ടാകാം. കൂടാതെ കണ്ണിന്റെ റെറ്റിനയുടെ നിറം മാറുന്നതായി ഇന്ത്യന്‍ ഡെര്‍മറ്റോളജി ഓണ്‍ലൈന്‍ മാഗസിനില്‍ പറയുന്നു
ഇതിന്റെ പ്രധാന ലക്ഷണം എന്നത് തൊലിപ്പുറത്തുണ്ടാകുന്ന മാറ്റം തന്നെയാണ്. തൊലി കട്ടി കുറഞ്ഞ് വെളുത്ത് വരുക, ചുളിവുകൾ, ഇവിടെയുളള രോമങ്ങൾ വെളുത്തു വരുക, പുതിയ പാടുകള്‍ വരുക, പ്രത്യേകിച്ചും പരിക്കുകളുടെ രൂപത്തില്‍ വരുന്നത് രോഗം ആക്ടീവാണെന്നതിന്റെ ലക്ഷണമാണ്.
വിറ്റിലിഗോയില്‍ തന്നെ പല വിഭാഗങ്ങളുമുണ്ട്. കുറച്ച് ഭാഗങ്ങളില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന ഫോക്കല്‍ വിറ്റിലിഗോ, ശരീരഭാഗങ്ങളെ പൂര്‍ണമായും ബാധിയ്ക്കുന്ന യൂണിവേഴ്സല്‍ വിറ്റിലിഗോ എന്നിവയാണിവ. കൂടാതെ ശരീരത്തിന്റെ ഒരു വശത്ത് മാത്രം വരുന്ന സെഗ്മെന്റല്‍ വിറ്റിലിഗോ, മ്യൂകോസല്‍ വിറ്റിലിഗോ, വിരലുകളുടെ അഗ്രത്തില്‍ വരുന്ന, അല്ലെങ്കിൽ ചുണ്ടില്‍ വരുന്ന ലിപ്-ടിപ്, ഏക്രോഫേഷ്യല്‍ വിറ്റിലിഗോ എന്നിവയുമുണ്ട്.
ഇതിന് ഇന്നത്തെ കാലത്ത് ചികിത്സ ലഭ്യമാണെങ്കിലും കൂടുതല്‍ പടരുന്ന തരമെങ്കില്‍ പൂര്‍ണ പരിഹാരം സാധ്യമല്ലെന്ന് തന്നെ പറയാം. തുടക്കത്തില്‍ ചികിത്സ തേടുന്നത് തന്നെയാണ് അഭികാമ്യം. സര്‍ജറിയുള്‍പ്പെടെ പല വഴികളും ഇതിന് പരിഹാരമായി ഉണ്ട്. ചില ലേപനങ്ങളും ഇതിനായി ഉപയോഗിയ്ക്കാം. ഫോട്ടോ തെറാപ്പി പോലുള്ള ചികിത്സാ രീതികളും വെള്ളപ്പാണ്ടിന്റെ ചികിത്സയ്ക്കായി ഉപയോഗിയ്ക്കാറുണ്ട്. ചര്‍മത്തില്‍ ഇത്തരം വ്യത്യാസങ്ങള്‍ കണ്ടാല്‍, പ്രത്യേകിച്ചും പാരമ്പര്യമായി ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ പെട്ടെന്ന് തന്നെ ചികിത്സ തേടുകയെന്നത് ഏറെ പ്രധാനമാണ്.