Nammude Arogyam
Heart Disease

ഹൃദത്തിന്റെ ആരോഗ്യത്തിനായി ഒഴിവാക്കണം ഈ ശീലങ്ങൾ

ശരീരത്തിലെ വിശ്രമമില്ലാത്ത പേശികളാണ് ഹൃദയപേശികള്‍. സദാസമയവും അത് ജോലി ചെയ്തുകൊണ്ടിരിക്കുന്നു. രക്തചംക്രമണ സംവിധാനത്തിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തവും ഓക്സിജനും പമ്പ് ചെയ്യുന്ന ഒരു അതിലോലമായ അവയവമാണ് ഹൃദയം. അതിനാൽ ആരോഗ്യമുള്ള ശരീരത്തിനായി ഹൃദയത്തിന്റെ ആരോഗ്യം വേണ്ടവിധം ശ്രദ്ധിക്കേണ്ടതുണ്ട്.

നമ്മുടെ ഹൃദയാരോഗ്യത്തില്‍ ആശ്ചര്യകരമായ രീതിയില്‍ സ്വാധീനം ചെലുത്തുന്ന ചില ദോഷ പ്രവൃത്തികളുണ്ട്. അവ നിരുപദ്രവകരമായ പ്രവര്‍ത്തനങ്ങളായി തോന്നുമെങ്കിലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ തുടരുകയാണെങ്കില്‍ അവ ഹൃദയത്തിന്റെ കാര്യക്ഷമതയും ആരോഗ്യവും കുറയുന്നതിന് കാരണമാകും. ഇത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും ഇടയാക്കും. ഹൃദയാരോഗ്യത്തിന് ഹാനികരമാകുന്ന ചില മോശം പ്രവൃത്തികളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ദിവസം മുഴുവന്‍ ഒരേ സ്ഥലത്ത് ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ അത് അപകടമാണ്. ദിവസം മുഴുവന്‍ ഇരിക്കുന്നത് ഹൃദയസ്തംഭനത്തിനുള്ള സാധ്യത ഇരട്ടിയാക്കും. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, വേണ്ടത്ര ശാരീരിക ചലനമില്ലാത്തവരോ ദിവസവും അഞ്ച് മണിക്കൂറോ അതില്‍ കൂടുതലോ ഇരിക്കുന്നവരോ ആണെങ്കില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍, ഓരോ മണിക്കൂറിലും അഞ്ച് മിനിറ്റ് നേരം എഴുന്നേറ്റ് നടക്കുക.

അനാരോഗ്യകരമായ വായ ശുചിത്വം, മോണയിലെ വീക്കം, പല്ല് നശിക്കല്‍ തുടങ്ങിയവ ദന്ത പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല, ഹൃദയം, വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കും വഴിയൊരുക്കും. പതിവായി ഫ്‌ളോസ് ചെയ്യുന്ന ആളുകള്‍ക്ക് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ജേണല്‍ ഓഫ് പെരിയോഡോന്റല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്. മോണ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന ബാക്ടീരിയകള്‍ ശരീരത്തിലെ വീക്കം പ്രോത്സാഹിപ്പിക്കുകയും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും എന്നതിനാലാണിത്. വായില്‍ മറഞ്ഞിരിക്കുന്ന ബാക്ടീരിയകളെ നീക്കം ചെയ്യാന്‍ ഫ്‌ളോസിംഗ് സഹായിക്കുന്നു.

ഏകാന്തത മാനസികവും, ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കും. ഏകാന്തരായ ആളുകള്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണ്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുന്നത് സമ്മര്‍ദ്ദത്തിന്റെ തോത് കുറയ്ക്കാനും ദീര്‍ഘകാലം സന്തോഷത്തോടെ ജീവിക്കാനും സഹായിക്കുന്നു. വളര്‍ത്തുമൃഗങ്ങളെ പോറ്റുന്നത് പോലും ജീവിതത്തില്‍ സന്തോഷം കൊണ്ടുവരും.

അസന്തുഷ്ടകരമായ ബന്ധത്തില്‍ തുടരുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് സ്‌ട്രെസ് ലെവല്‍ വര്‍ദ്ധിപ്പിക്കുകയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇത് ആത്യന്തികമായി ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. സന്തോഷകരവും സംതൃപ്തവുമായ ബന്ധം ഒരു വ്യക്തിയെ മാനസികമായും ശാരീരികമായും ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ദീര്‍ഘായുസ്സ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഹൃദയാരോഗ്യം ഉള്‍പ്പെടെ മൊത്തത്തിലുള്ള ആരോഗ്യം വളര്‍ത്താന്‍ വ്യായാമം സഹായിക്കുന്നു. എന്നാല്‍ ഒരു സമയം അമിതമായി വ്യായാമം ചെയ്യുന്നത് ഹൃദയത്തില്‍ അധിക സമ്മര്‍ദ്ദം ചെലുത്തും. ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. വളരെ വേഗത്തിലും കഠിനാധ്വാനത്തിലും ജോലി ചെയ്യുന്നത് പോലും ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കും. അതിനാല്‍, വ്യായാമം ചെയ്യുമ്പോള്‍ പതുക്കെ ആരംഭിക്കുകയും ശരീരം ശ്രദ്ധിക്കുകയും ചെയ്യുക.

ഭക്ഷണത്തില്‍ അധിക ഉപ്പ് ചേര്‍ക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും, ഹൃദ്രോഗത്തിനും സാധ്യത വര്‍ദ്ധിപ്പിക്കും. ഭക്ഷണത്തില്‍ 5 ഗ്രാമില്‍ കൂടുതല്‍ ഉപ്പ് കഴിക്കുന്നത് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള അപകടസാധ്യത ഉണ്ടാക്കും. കൂടാതെ പ്രോസസ് ചെയ്ത ഭക്ഷണങ്ങളും, ജങ്ക് ഫുഡുകളും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ആരോഗ്യകരമായ ഹൃദയത്തിനായി ആരോഗ്യകരമായ ജീവിതം നയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനായി, ആരോഗ്യകരമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും ദിനചര്യയാക്കി മാറ്റണം. എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ കണ്ടാൽ മടിച്ച് നിൽക്കാതെ വൈദ്യസഹായം തേടേണ്ടതാണ്.

Related posts