Nammude Arogyam
Heart Disease

ലോക ഹൃദയ ദിനത്തിൽ ഹൃദയാഘാതത്തെക്കുറിച്ചും, ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അറിയാം

സെപ്റ്റംബർ 29 ലോക ഹൃദയ ദിനം. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് എന്ത് അസുഖം ബാധിച്ചാണ് എന്ന് ചോദിച്ചാൽ ഏതൊരാൾക്കും ഒരുത്തരമേ കാണൂ. ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക്. കാരണം, പൂർണ ആരോഗ്യവാനായി കണ്ട ഒരാൾ പെട്ടെന്നുണ്ടായ ഹൃദയാഘാതത്താൽ മരണപ്പെട്ടു എന്ന വാർത്ത കേൾക്കുമ്പോൾ പലപ്പോഴും നമ്മൾ ആശ്ചര്യപ്പെട്ടു പോകാറുണ്ട്. ഹൃദയമെന്നാൽ വെറുമൊരു അവയവം മാത്രമല്ല, ജീവൻ്റ തുടിപ്പുകൾ ഒരു മനുഷ്യന് വരമായി ലഭിച്ചതു മുതൽ അവൻ്റെ ജീവിതകാലമത്രയും നിലയ്ക്കാതെ മിടിച്ചു കൊണ്ടിരിക്കുന്ന ഒരു അത്ഭുത ഘടികാരമാണ്. അത് നിലയ്ക്കുന്നതെപ്പോഴോ അപ്പോഴത് മരണത്തിന്റെ വാതിലായി മാറുന്നു.

പണ്ട് പ്രായമായവരില്‍ മാത്രം കാണപ്പെടാറുളള ഹൃദയാഘാതം ഇപ്പോള്‍ ചെറുപ്പക്കാരിലേക്കും വ്യാപിച്ചിരിക്കുന്നു. മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുളളവരിലാണ് കൂടുതലായും ഹൃദയ രോഗങ്ങള്‍ കാണപ്പെടുന്നത്. ജീവിത ശൈലിയിലുള്ള മാറ്റം, പിരിമുറുക്കങ്ങള്‍, ഉത്കണ്ഠ എന്നിവയൊക്കെയാണ് ഇതിനു കാരണം. ഫാസ്റ്റ് ഫുഡ്, ഫാസ്റ്റ് ലൈഫ് ശൈലികള്‍ എന്നിവയൊക്കെയാണ് ഹൃദയത്തിന്‍റെ താളം തെറ്റിക്കുന്നത്. ഉറക്കം ജീവിതശൈലിയില്‍ പ്രധാന ഘടകമാണ്. ഏഴു മണിക്കൂര്‍ ശരിയായ ഉറക്കം ആരോഗ്യത്തിന് അത്യാവശ്യമാണ്.

ഹൃദയാഘാതത്തിന്‍റെകാരണങ്ങള്‍

ഹൃദയപേശികള്‍ക്ക് രക്തം എത്തിച്ചു കൊടുക്കുന്ന കൊറോണറി ധമനികളില്‍ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാവുന്നത്. 90 ശതമാനം പേരിലും ഹൃദ്രോഗത്തിന് കാരണമാകുന്നത് പ്രധാനമായും അഞ്ച് കാരണങ്ങളാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, കൂടിയ കൊളസ്‌ട്രോള്‍,പുകവലി, പാരമ്പര്യം എന്നിവയാണിത്. 25 ശതമാനത്തോളം പേര്‍ക്ക് പുകവലിക്കുന്നത് ഹൃദ്രോഗത്തിന് കാരണമാകുന്നു. ഉയര്‍ന്ന പ്രായം, അമിതവണ്ണം, വ്യായാമമില്ലായ്മ, മെറ്റബോളിക് സിന്‍ഡ്രം, ഉത്കണ്ഠ, പിരിമുറുക്കം തുടങ്ങിയവയും ഹൃദയാഘാതത്തിന് കാരണമാകും.

പരിശോധനകള്‍

പ്രാഥമിക പരിശോധന മുതല്‍ ആന്‍ജിയോഗ്രാഫി വരെ നിലവിലുണ്ട്. പെട്ടെന്ന് രോഗം നിര്‍ണയിക്കാന്‍  ഇ.സി.ജി. (ഇലക്ട്രോ കാര്‍ഡിയോഗ്രാം) എന്ന പരിശോധന സഹായിക്കും. രോഗിയെ ക്രമമായ വ്യായാമരീതിക്ക് വിധേയമാക്കിയ ശേഷം ഇ.സി.ജി. പരിശോധിക്കുന്ന ടെസ്റ്റാണ് ടി.എം.ടി. അഥവാ ‘ട്രെഡ്മില്‍്’ ടെസ്റ്റ്. ശരീരത്തിലെ ഏതെങ്കിലുമൊരു പ്രധാന സിരയില്‍ കൂടി ട്യൂബ് കടത്തിവിടുന്ന ഹൃദയ പരിശോധനയാണ് കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍. റേഡിയോ ആക്ടീവ് തരംഗങ്ങള്‍ ഉപയോഗിച്ച് ഹൃദയ ചിത്രങ്ങളെടുക്കുന്ന റേഡിയോ ന്യൂക്ലൈഡ് ഇമേജിങ്, സി.ടി. സ്‌കാനിങ്, അതിസൂക്ഷ്മ ഭാഗങ്ങളുടെ പോലും ചിത്രമെടുക്കാനുള്ള എം.ആര്‍.ഐ. സ്‌കാനിങ് തുടങ്ങിയ ടെസ്റ്റുകളുമുണ്ട്.

ഭക്ഷണ നിയന്ത്രണങ്ങൾ

ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്തുന്നതിലൂടെ

ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കാം. കാര്‍ബോ ഹൈഡ്രേറ്റ്‌സ് അടങ്ങിയ ഭക്ഷണങ്ങള്‍  കുറയ്ക്കുന്നതാവും നല്ലത്. അത്താഴത്തിന് അരിയാഹാരത്തിന് പകരം ചപ്പാത്തിയും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്താം. മീനും കോഴിയിറച്ചിയും ആരോഗ്യത്തിന് നല്ലതാണെങ്കിലും എണ്ണ അധികമാകാതെ സൂക്ഷിക്കുകയും വേണം. റെഡ് മീറ്റ് പൂര്‍ണമായും ഒഴിവാക്കിയേ തീരു. ദിവസവും മുട്ട കഴിക്കുന്നവരാണെങ്കില്‍ മഞ്ഞ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. രക്തസമ്മര്‍ദം നിയന്ത്രിക്കാനായി ഉപ്പിലിട്ടത്, പപ്പടം തുടങ്ങിയവ ഭക്ഷണ ശീലത്തില്‍ നിന്ന് മാറ്റി നിര്‍ത്തണം.

ആരോഗ്യമുള്ള ഹൃദയത്തിന് ഏറ്റവും നല്ലത് ചിട്ടയായ വ്യായാമമാണ്. അതിനാല്‍ ഹൃദയത്തെ സംരക്ഷിക്കാന്‍ വ്യായാമം ജീവിതചര്യയുടെ ഭാഗമാക്കിയേ തീരൂ. വ്യായാമം ചെയ്യാത്തവരില്‍ ഹൃദ്രോഗസാധ്യത ഇരട്ടിയായിരിക്കും. ഒരു പ്രാവശ്യം അറ്റാക്ക് ഉണ്ടായ വ്യക്തിക്ക് വ്യായാമത്തിലൂടെ  രണ്ടാമതൊന്ന് വരാനുള്ള സാധ്യത 25 ശതമാനം വരെ കുറയ്ക്കാനാവും. ഹൃദയമിടിപ്പിന്‍റെ വേഗം പരിഗണിച്ചാണ് വ്യായാമം ചെയ്യേണ്ടത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍, രക്തസമ്മര്‍ദ്ദം, പ്രമേഹം, ശ്വാസംമുട്ടല്‍, സന്ധിവേദന, തലകറക്കം തുടങ്ങിയ രോഗമുള്ളവര്‍ ഡോക്ടറുടെ വിദഗ്‌ധോപദേശം തേടിയ ശേഷം മാത്രമേ വ്യായാമ രീതികള്‍ തിരഞ്ഞെടുക്കാവൂ. 

ഒരിക്കല്‍ ആഘാതമുണ്ടായവര്‍ എടുക്കേണ്ട മുന്‍കരുതലുകള്‍

ഹൃദയാഘാതമുണ്ടായാല്‍ തുടര്‍ന്നുള്ള ജീവിതത്തില്‍ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. ഭക്ഷണവും വ്യായാമവും ക്രമീകരിക്കാതെ തരമില്ല. രക്തത്തിലെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. പ്രമേഹമുള്ളവര്‍ പഞ്ചസാരയുടെ ഉപയോഗം കുറച്ചേ മതിയാവൂ. ഡോക്ടറുടെ നിര്‍ദേശപ്രകാരം ക്രമമായി വ്യായാമത്തിലേര്‍പ്പെടണം. പുകവലി, മദ്യപാനം തുടങ്ങിയവ പൂര്‍ണമായി ഒഴിവാക്കേണ്ടി വരും. മാനസിക പിരിമുറുക്കം കുറയ്ക്കാനായി യോഗ, ധ്യാനം തുടങ്ങിയവ പരിശീലിക്കുന്നത് നല്ലതാണ്. തുടര്‍ പരിശോധനകളും മുടങ്ങാതെ നടത്തണം.

നിത്യ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഹൃദ്രോഗത്തെ ഒരു പരിധി

തടയാനാകും. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് അത്വരാതെ നോക്കുന്നതാണ്. ഹൃദ്രോഗത്തിന്റെ കാര്യത്തിലും അത് സത്യമാണ്.

Related posts