Nammude Arogyam
Maternity

ഒമ്പത് മാസമായിട്ടും ഇത്ര വയറേ ഉള്ളൂ?

ഗര്‍ഭധാരണമാണ് സ്ത്രീ ശരീരത്തില്‍ ഏറ്റവും കൂടുതല്‍ മാറ്റം ദൃശ്യമാകുന്ന സമയമെന്ന് പറഞ്ഞാല്‍ തെറ്റില്ല. ഒരു സ്ത്രീ ഗര്‍ഭിണിയെങ്കില്‍ ഇത് പുറമേയുള്ള ഒരാള്‍ക്ക് തിരിച്ചറിയാന്‍ സാധിയ്ക്കുന്നത് വയര്‍ നോക്കി തന്നെയാണ്. ഗര്‍ഭത്തിന്റെ തുടക്കത്തില്‍ വയര്‍ കാണില്ലെങ്കിലും മാസങ്ങള്‍ കഴിയുന്തോറും വയര്‍ വലിപ്പം കൂടുതലാകുന്നു. പലര്‍ക്കും പല തരത്തിലാകും വയര്‍. ചിലര്‍ക്ക് വയര്‍ കൂടുതലാകും, ചിലര്‍ക്കാകട്ടെ വയര്‍ കുറവും. കൂടാനും കുറയാനും പല കാരണങ്ങളുമുണ്ട്. പലരും ആശങ്കപ്പെടുന്ന ഒന്നാണ് ഗര്‍ഭിണിയെങ്കിലും വയര്‍ കുറവാണെന്നത്. ഇതിന് പിന്നിലെ വാസ്തവങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

മൂന്ന് മാസമാകുമ്പോള്‍ ഇടുപ്പെല്ലിന്റെ തൊട്ട് പുറത്തേക്ക് വയര്‍ വരുന്നു. ആ എല്ലിന്റെ പുറത്തേയ്ക്ക് ഗര്‍ഭപാത്രം വരുന്നു. നാല് മാസമാകുമ്പോള്‍ എല്ലിനേക്കാള്‍ മൂന്നു വിരല്‍ മുകളിലേക്ക് നീക്കുമ്പോളുള്ള അത്ര വയര്‍ വരുന്നു. 5 മാസമാകുമ്പോള്‍ പൊക്കിളിന് തൊട്ട് താഴെ വരെ, അതായത് പൊക്കിന് 2 cm താഴെ വരെ വരുന്ന രീതിയില്‍ വയര്‍ വരുന്നു. 6 മാസമാകുമ്പോള്‍ പൊക്കിളിന് ഒന്നോ രണ്ടോ സെന്റീമീറ്റര്‍ മുകളിലായാണ് വയര്‍ വലുപ്പമായി വരിക. 7 മാസത്തില്‍ പൊക്കിളില്‍ നിന്നും 3 വിരല്‍ മുകളിലേക്ക് വലിപ്പം വരുന്നു. 8 മാസമാകുമ്പോള്‍ നടുഭാഗത്തെ എല്ലില്‍ നിന്നും 3 സെന്റീമീറ്റര്‍ താഴെയായി വയര്‍ വരുന്നു. 9 മാസത്തില്‍ 2 സെന്റീമീറ്റര്‍ താഴെ വരെ വരുന്നു. ഇതിനേക്കാള്‍ കൂടുമ്പോള്‍ അതായത് പൂര്‍ണഗര്‍ഭമാകുമ്പോള്‍ വയര്‍ താഴാന്‍ തുടങ്ങും. കുഞ്ഞിന്റെ തല പ്രസവത്തിനൊരുങ്ങി താഴേയ്ക്ക് ഇറങ്ങുന്നു. ഇത് അമ്മയ്ക്ക് തന്നെ അനുഭവപ്പെടും. വയറ്റിനു താഴേയ്ക്ക് കനം തോന്നും. അതായത് മുകളിലെ എല്ലിന് മൂന്നു വിരല്‍ താഴേയ്ക്കായി വയര്‍ ഇറങ്ങുന്നു. ഒന്‍പതാം മാസം വരെയാണ് വയര്‍ മുകളിലേക്ക് ഉയര്‍ന്ന് നില്‍ക്കുക.

ശാസ്ത്രീയമായി പറഞ്ഞാല്‍ മൂന്നു മാസം വരെ ഇടുപ്പെല്ലിന് സമമായാണ് വയര്‍ നില്‍ക്കുക. അതായത് വയര്‍ പുറത്തേക്ക് കാണാനാകില്ല. ഇതിന് ശേഷമാണ് വയര്‍ പുറത്തേയ്ക്ക് കാണുക. അതായത് നാലു മാസത്തില്‍ പൊക്കിളിനും നാഭിയെല്ലിന്റെയും ഇടയിലായി. അഞ്ചു മാസം വരെ പൊക്കിളിന് തൊട്ടു താഴെ വരെ. ആറു മാസം പൊക്കിളിന് മുകളില്‍. യൂട്രസ് പുറത്തേയ്ക്ക് തള്ളി വരുമ്പോഴാണ് വയര്‍ കാണുന്നതും. അതായത് കൊഴുപ്പല്ലാത്ത വയര്‍. മൂന്ന് മാസത്തിന് മുന്‍പേ വയര്‍ കാണപ്പെടുന്നുവെങ്കില്‍ അത് ഗര്‍ഭം കാരണമുണ്ടാകുന്ന വയറാകില്ല, മറിച്ച് കൊഴുപ്പ് കാരണമുളള സ്വാഭാവിക വയര്‍ തന്നെയാകും.

ചിലര്‍ക്ക് വയര്‍ കൂടുതലാകും, ചിലര്‍ക്ക് കുറവും. പൊതുവേ വയര്‍ ഉള്ളവര്‍, അതായത് സ്വാഭാവികമായി തടിയും വയറുമുള്ളവരെങ്കില്‍ കൂടുതല്‍ വയര്‍ കാണും. ഇത് യൂട്രസ് അല്ല, കൊഴുപ്പാണ്. യൂട്രസ് വികസിച്ചു വരുന്നതാണ് ഗര്‍ഭകാല വയര്‍. ചിലപ്പോള്‍ ഇതല്ലാതെ വയര്‍ കൂടുതല്‍ വരും. ഇതിന് കാരണം കുട്ടിയ്ക്ക് കൂടുതല്‍ വളര്‍ച്ചയുണ്ടാകുമ്പോഴാണ്. പ്രമേഹം, വെള്ളം കൂടുതലാണെങ്കില്‍, ഇരട്ടകളെങ്കില്‍, ഫൈേേബ്രായ്ഡ് ഉണ്ടെങ്കില്‍ എല്ലാം വയര്‍ കൂടുതലുണ്ടാകാം. ഇതു പോലെ കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കഴിച്ച് കുട്ടിയ്ക്ക് വളര്‍ച്ച കൂടുമ്പോഴുമുണ്ടാകാം. ഷുഗര്‍ പോലുള്ള അവസ്ഥകള്‍ ഗര്‍ഭ കാലത്തെങ്കില്‍ കുട്ടിയ്ക്ക് വലിപ്പക്കൂടുതല്‍ കാണാം.

ഇതു പോലെ വയര്‍ കുറവ് തോന്നുന്ന അവസ്ഥയുണ്ട്. ഇതിന് ഒരു കാരണം കുഞ്ഞിന്റെ വളര്‍ച്ചക്കുറവാകാം. പല കാരണങ്ങളാലും കുട്ടിയ്ക്ക് വളര്‍ച്ചക്കുറവുണ്ടാകാം. ബിപി, കുട്ടിയ്ക്ക് എന്തെങ്കിലും പ്രശ്‌നമെങ്കില്‍ എല്ലാം കുട്ടിയ്ക്ക് വളര്‍ച്ചക്കുറവുണ്ടാകാം. ഇത്തരം കാരണമല്ലെങ്കില്‍ പ്ലാസന്റയുടെ പ്രവര്‍ത്തനം ശരിയല്ലെങ്കില്‍ വളര്‍ച്ചക്കുറവുണ്ടാകാം. ചിലപ്പോള്‍ കുഞ്ഞ് ചരിഞ്ഞു കിടക്കും. അപ്പോള്‍ വയര്‍ കുറവു തോന്നും. ഇത് കുഞ്ഞിന്റെ പൊസിഷന്‍ പ്രശ്‌നം കാരണമാകാം.

ചിലര്‍ക്കാകട്ടെ, ഗര്‍ഭം നാം കണക്കു കൂട്ടുന്ന ആഴ്ചകളുടെ കണക്ക് തെറ്റിയാല്‍ വയര്‍ കുറവ് ആണെന്ന തോന്നലുണ്ടാകാം. അഞ്ചു മാസമെങ്കില്‍ നമ്മുടെ കണക്ക് ആറു മാസം എന്നതാണെങ്കില്‍ അഞ്ചാം മാസത്തെ വയറേ കാണൂ. ഇതിനാല്‍ തന്നെ വയര്‍ മാത്രം നോക്കി ആശങ്കപ്പെടേണ്ട കാര്യമില്ലെന്നര്‍ത്ഥം. പരിചയസമ്പന്നനായ ഒരു ഡോക്ടര്‍ക്ക് ഇതല്ലാതെ തന്നെ കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ സാധിയ്ക്കുന്ന മെഡിക്കല്‍ വഴികള്‍ ധാരാളമുണ്ട്.

Related posts