വെള്ളപ്പാണ്ട് എന്നത് പലരേയും അലട്ടുന്ന ഒന്നാണ്. ഇത് നമ്മുടെ ചര്‍മത്തിന്റെ പുറമേയുള്ള, അതായത് തൊലിപ്പുറത്തുള്ള കോശങ്ങള്‍ നിറം കുറഞ്ഞ് നശിച്ചു പോകുന്ന അവസ്ഥയാണ്. മെലാനിന്‍ ആണ് ചര്‍മത്തിന് നിറം നല്‍കുന്നത്. ഇവ നശിക്കുമ്പോഴാണ് ഇത്തരത്തില്‍ പാടുണ്ടാകുന്നത്. മെലാനിന്‍ തന്നെയാണ് അള്‍ട്രാവയലറ്റ് റേഡിയേഷനെ തടുത്തു നിര്‍ത്തുന്നതും. ഇത് സ്ത്രീകളിലും പുരുഷന്മാരിലും ഒരു പോലെ വരുന്നു. ഇത് എല്ലാവര്‍ക്കും വരാറില്ല. ഇത് വരാന്‍ സാധ്യതയുണ്ടെങ്കില്‍ ചെറുപ്പത്തില്‍ തന്നെ, ഏകദേശം 10-30 വയസില്‍ തന്നെ ശരീരം ഇതിന്റെ ലക്ഷണം കാണിച്ചു തരുന്നു. മുഖത്തിന്റെയോ ശരീരത്തിന്റേയോ ഭാഗത്ത് വെളുത്ത കുത്തുകളും പാടുകളും വരും. കുറേക്കാലം കഴിയുമ്പോള്‍ കൂടി വരും.
ഇതിന് പ്രധാന കാരണം ഓട്ടോ ഇമ്യൂണ്‍ രോഗങ്ങളാണ്. നമ്മുടെ പ്രതിരോധ കോശങ്ങള്‍ പുറമേ നിന്നും വരുന്ന രോഗകാരികളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇതേ കോശങ്ങള്‍ നമ്മുടെ ശരീരത്തിലെ തന്നെ ഏതെങ്കിലും അവയവങ്ങളെ ആക്രമിയ്ക്കുന്നതിനാണ് ഓട്ടോ ഇമ്യൂണ്‍ രോഗം എന്നു പറയുന്നത്. ഈ കോശങ്ങള്‍ നമ്മുടെ ചര്‍മത്തെ ബാധിയ്ക്കുന്നത് പോലെ തന്നെ തൈറോയ്ഡ് ഗ്രന്ഥികളെ, ശ്വാസകോശത്തെ, കരളിനെ എല്ലാം ബാധിയ്ക്കാന്‍ സാധ്യതയുണ്ട്. ഇവ ചര്‍മത്തെ ബാധിയ്ക്കുമ്പോളാണ് വെളളപ്പാണ്ട് അഥവാ വിറ്റിലഗോ വരുന്നത്.
ഈ രോഗത്തിന് പാരമ്പര്യം ഒരു പ്രധാന ഘടകമാണ്. എന്നു കരുതി ഈ രോഗം വരണം എന്നു നിര്‍ബന്ധവുമില്ല. നമ്മുടെ ശരീരത്തിലെ ചില പ്രത്യേക അവസ്ഥകള്‍ ഇതിന് കാരണമാകും. ശരീരത്തിലെ ചില മുറിവുകള്‍ ഉണങ്ങി അതിനു ചുറ്റും ഇതുണ്ടാകാം, ചിലപ്പോള്‍ പൊള്ളലിന് ചുറ്റും ഇതുണ്ടാകാം, ചിലപ്പോള്‍ ടെന്‍ഷന്‍ കൂടുതലായി ഉണ്ടെങ്കില്‍ ഇത്തരം അവസ്ഥയുണ്ടാകും. ഇത് പ്രധാനമായി വരുന്നത് കൈകള്‍, കാലുകള്‍, ശരീരത്തിന്റെ ഓപ്പണിംഗ്, അതായത് വായ, മൂക്കിന്റെ വശം, മലദ്വാരത്തിന് ചുറ്റും, സ്ത്രീ പുരുഷ ലൈംഗിക അവയവങ്ങള്‍ക്ക് ചുറ്റും എല്ലാം ഇതു വരാന്‍ സാധ്യതയുണ്ട്. ചിലര്‍ക്ക് ഇത് കുത്തുകളായോ ചിലര്‍ക്ക് ഇത് വടുക്കളായോ എല്ലാം വരാം.
ഇതുണ്ടെങ്കില്‍ ആ ഭാഗത്തെ മുടിയിഴകളിലെ മെലാനില്‍ പിഗ്മെന്റ് നശിച്ചു പോകും. ഉദാഹരണത്തിന് പുരികത്തില്‍ ഇതുണ്ടായാല്‍ ആ ഭാഗത്തെ മുടി നരച്ചു പോകും. ഇത് വളരെ ഗുരുതരമായ അവസ്ഥയല്ല. ഇത് പകരുന്ന രോഗവുമല്ല. എന്നാല്‍ ഈ രോഗമുള്ളവർക്ക് ഇതിനോട് അനുബന്ധമായി പല രോഗങ്ങള്‍ വരാം. ഉദാഹരണം തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുന്നു, തുമ്മലോ ജലദോഷമോ വരുന്നു, പെട്ടെന്ന് സണ്‍ബേണ്‍ ഏല്‍ക്കുന്നു. അതായത് വെയില്‍ ഏറ്റാല്‍ പെട്ടെന്ന് പൊള്ളലേല്‍ക്കും തുടങ്ങിയവ.
ഈ സാധ്യത ഒഴിവാക്കാന്‍ ശ്രദ്ധിയ്‌ക്കേണ്ട ചിലതുണ്ട്. ഇതിനായി ചില ഭക്ഷണങ്ങള്‍ നല്ലതാണ്. ആല്‍ഫ ലിനോയിക് ആസിഡ്, ഫോളിക് ആസിഡ്, വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി12 എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് നല്ലതാണ്. ആല്‍ഫ ലിനോയിക് ആസിഡ് മത്തങ്ങാക്കുരു, ഫ്‌ളാക്‌സ് സീഡ്, ബദാം, വാള്‍നട്‌സ്, സോയാബീന്‍ എന്നിവയില്‍ അടങ്ങിയിട്ടുണ്ട്. ഫോളിക് ആസിഡ് ഇലക്കറികളില്‍ അടങ്ങിയിട്ടുണ്ട്. പാലിലും ഇതുണ്ട്. സിട്രസ് ഫലവര്‍ഗങ്ങള്‍ വൈറ്റമിന്‍ സി സമ്പുഷ്ടമാണ്. എന്നാല്‍ സിട്രസ് ഫ്രൂട്‌സ് ഈ രോഗത്തിന് നല്ലതല്ല. ഇതിനാല്‍ വൈറ്റമിന്‍ സി അടങ്ങിയ സിട്രസ് അല്ലാത്ത പേരയ്ക്ക പോലുളളവ കഴിയ്ക്കാം. വൈറ്റമിന്‍ ബി12 പാലുല്‍പന്നങ്ങളിലും മീന്‍, മുട്ട, ഇറച്ചി എന്നിവയിലും അടങ്ങിയിട്ടുണ്ട്.
ഇതുപോലെ ബീന്‍സ്, ക്യാബേജ്, ബ്രൊക്കോളി, ബീറ്റ്‌റൂട്ട്, ക്യാരറ്റ്, ഏത്തപ്പഴം എന്നിവ നല്ലതാണ്. മൂന്നു ലിറ്റര്‍ വെള്ളം കുടിയ്ക്കുന്നത് ഓട്ടോ ഇമ്യൂണ്‍ അലര്‍ജി ഒഴിവാക്കാന്‍ നല്ലതാണ്. ആല്‍ക്കഹോള്‍ അടങ്ങിയവ ഉപേക്ഷിയ്ക്കുക, പുകവലി കുറയ്ക്കുക, റെഡ്മീറ്റ്, സിട്രസ് ഫ്രൂട്‌സ് എന്നിവ ഒഴിവാക്കുക. ഗ്ലൂട്ടെന്‍ അടങ്ങിയവ ഒഴിവാക്കാം. ഗോതമ്പ്, ബാര്‍ലി എന്നിവയെല്ലാം ഒഴിവാക്കുന്നത് നല്ലതാണ്. ഇതിന് തുടര്‍ചികിത്സകളും ലഭ്യമാണ്. ഇതിന് മരുന്നുകളുണ്ട്. ചിലര്‍ക്ക് ഈ പാടുകള്‍ മാറി വരാറും ഉണ്ട്.