Nammude Arogyam
Heart DiseaseGeneral

നെഞ്ചിന്റെ പല ഭാഗത്തായി ഇടയ്ക്കിടെ വരുന്ന വേദനയുടെ യഥാര്‍ത്ഥ കാരണം ഹൃദയസ്തംഭനമാണോ?

സ്ത്രീ പുരുഷ ഭേദമന്യേ പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് നെഞ്ചിന്റെ പല ഭാഗത്തും ഇടക്കിടെ വേദന വരികയെന്നത്. പലര്‍ക്കും ഇത് ഹാര്‍ട്ട് അറ്റാക്കാണോ, ഹൃദയ പ്രശ്‌നമാണോ എന്ന രീതിയില്‍ ആശങ്കയുണ്ടാക്കുന്ന ഒന്നാണ്. പുരുഷന്മാരേക്കാള്‍ സ്ത്രീകളെയാണ് ഈ പ്രശ്‌നം ബാധിയ്ക്കുന്നത്. കോസ്‌റ്റോകോണ്‍ട്രൈറ്റിസ് എന്നറിയപ്പെടുന്ന അസുഖമാണ് ഇത്. ചെറുപ്പാക്കാരേക്കാള്‍ 35നു മുകളില്‍ പ്രായമുളളവര്‍ക്കാണ് അനുഭവപ്പെടുന്നത്. വാരിയെല്ലുകള്‍ നെഞ്ചെല്ലുമായി യോജിയ്ക്കുന്നു. ആ ഭാഗത്ത് കാര്‍ട്ടിലേജുകളുണ്ട്. ഇതുള്ളതു കൊണ്ടാണ് നെഞ്ചിന് വികസിയ്ക്കാനുള്ള കഴിവ് ലഭിയ്ക്കുന്നത്. ഇത് ഇലാസ്‌ററിക് പോലെ പ്രവര്‍ത്തിയ്ക്കുന്നു. ഈ ഭാഗത്തുണ്ടാകുന്ന നീര്‍ക്കെട്ടാണ് കോസ്‌റ്റോകോണ്‍ട്രൈറ്റിസ് എന്ന പേരില്‍ അറിയപ്പെടുന്നത്.

കോസ്‌റ്റോകോണ്‍ട്രൈറ്റിസ് എന്നതിന് കാരണങ്ങള്‍ പലതുണ്ട്. നാം പതിവില്ലാതെ ഭാരം എടുത്തു പൊക്കുകയോ മറ്റോ ചെയ്യുമ്പോള്‍ ഇത്തരം നീര്‍ക്കെട്ടുണ്ടാകാറുണ്ട്. ഇതു പോലെ നെഞ്ചെല്ലിന്റെ ഭാഗത്ത് ക്ഷതമുണ്ടായാലും ഇതുണ്ടാകും. ഇത് സാധാരണ ഒന്നു രണ്ടു ദിവസത്തേയ്ക്കുണ്ടാകും. ചുമയ്ക്കുമ്പോഴും മറ്റും കൊളുത്തിപ്പിടിയ്ക്കുന്ന പോലുളള വേദനയുണ്ടാകും. ചിലര്‍ക്ക് ശ്വാസമെടുക്കുന്ന സമയത്ത് നെഞ്ചില്‍ വിലങ്ങുന്നതു പോലുള്ള തോന്നലുണ്ടാകും. ഇത്തരം നീര്‍ക്കെട്ട് ചിലപ്പോള്‍ ഒരാഴ്ച നീണ്ടു നില്‍ക്കും. എന്നാല്‍ ചിലരില്‍ ഇത്തരം നീര്‍ക്കെട്ട് മാറാതെ നില്‍ക്കും. സ്‌ട്രെസ്, പുകവലിയുളളവര്‍, ഫൈബ്രോമയാള്‍ജിയ പോലുളള പ്രശ്‌നങ്ങള്‍ എന്നിവയെങ്കില്‍ ഇതിനു സാധ്യതയേറെയാണ്. ഇത്തരക്കാരില്‍ ഈ വീക്കം ബുദ്ധിമുട്ടുണ്ടാക്കും. വേദനയും നീര്‍ക്കെട്ടുമെല്ലാം മാറാന്‍ സമയം പിടിയ്ക്കും. ഇത് അവിടിവിടെ വേദനയുണ്ടാക്കും.

പലപ്പോഴും മററ് ടെസ്റ്റുകളില്‍ ഇത് ഹാര്‍ട്ട് പ്രശ്‌നമല്ലെന്നു കണ്ടെത്തിയാല്‍ മസില്‍ വേദനയ്ക്ക് മരുന്നു നല്‍കും. മരുന്നു കഴിച്ചാല്‍ ഇത് മാറും, പിന്നീട് വീണ്ടും തുടങ്ങും. വാത പ്രശ്‌നങ്ങള്‍, ഓട്ടോ ഇമ്യൂണ്‍ രോഗം പോലുള്ളവയും ഇത്തരം നീര്‍ക്കെട്ടിന് കാരണമാകും. പലര്‍ക്കും ഈ രോഗം ഷോള്‍ഡറുകളിലേയ്ക്കും മറ്റും പടരും. ചിലര്‍ക്ക് നെഞ്ചില്‍ ഭാരമെടുത്തു വച്ച പോലെ തോന്നലുണ്ടാകും. ചിലര്‍ക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടും ആ സമയത്ത് ഈ വേദനയുണ്ടാകും

നെഞ്ചില്‍ വേദന വരുമ്പോള്‍ ഈ ഭാഗത്ത് കൈ വച്ച് ചുമയ്ക്കുമ്പോള്‍ കൂടുതല്‍ വേദനയെങ്കില്‍, ഇത് വീക്കം കാരണമുണ്ടാകുന്ന വേദനയാണ്. കോസ്റ്റാകോണ്‍ട്രൈറ്റിസ് പലര്‍ക്കും സ്‌ട്രെസുണ്ടാക്കും. കാരണം ഹൃദയ സംബന്ധമായ പ്രശ്‌നമാണോയെന്ന ഭയം. ഇത് ഉറക്കത്തെ ബാധിയ്ക്കും. പിറ്റേന്ന് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഇത് മറ്റ് അസ്വസ്ഥതകളുണ്ടാക്കാം. ക്ഷീണവും വേദനയുമെല്ലാം ഉണ്ടാകാം.

ഈ അവസ്ഥയുള്ളവര്‍ നീരിറക്കം ഒഴിവാക്കാന്‍ ശ്രമിയ്ക്കുക. ഉദാഹരണത്തിന് നല്ല ചൂടില്‍ നിന്നും വന്ന് ഉടന്‍ കുളിയ്ക്കാതിരിക്കുക, ജോലി ചെയ്ത ശേഷം ഉടന്‍ ശരീരത്തില്‍ തണുത്ത വെള്ളം ഒഴിക്കാതിരിക്കുക, ഇതെല്ലാം മസിലിന് സ്‌ട്രെസുണ്ടാക്കുന്നു. ഇത് വേദനയും നീര്‍ക്കെട്ടും ഉണ്ടാക്കുന്നു. ഇത്തരക്കാര്‍ മധുരവും എരിവും പ്രിസര്‍വേറ്റീവുകളും അടങ്ങിയ ഭക്ഷണം ഒഴിവാക്കുക, ചുവന്ന ഇറച്ചിയും ഒഴിവാക്കുക. യോഗ, സ്വിമ്മിംഗ്, വാക്കിംഗ്, ഡീപ് ബ്രീത്തിംഗ് തുടങ്ങിയവയെല്ലാം ഇതിന് പരിഹാരമായി ഉപയോഗിയ്ക്കാം. ശ്വാസം മാക്‌സിമം ഉള്ളിലേയ്‌ക്കെടുക്കുക, പിന്നീട് പതുക്കെ പുറന്തള്ളുക. ഇത് കാര്‍ട്ടിലേജുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. രാവിലെ ഈ വ്യായാമത്തോടെ ദിവസം തുടങ്ങുന്നത് ഈ രോഗാവസ്ഥയ്ക്കു പരിഹാരമാകും. ഇരു കൈകളും തലയ്ക്കു പുറകില്‍ പിടിച്ച് ശ്വാസം ഉള്ളിലേയ്‌ക്കെടുക്കുകയും പതുക്കെ തന്നെ പുറന്തള്ളുകയുമാകാം. ഇതു പോലെ ഇരു കൈകളും ഉയര്‍ത്തിപ്പിടിച്ച് ശ്വാസം ഉള്ളിലേയ്‌ക്കെടുത്ത് കഴിയുന്നത്ര സമയം ഉള്ളില്‍ പിടിച്ച് പതുക്കെ പുറന്തള്ളാം.

ഏതു സാഹചര്യത്തിലാണ് ഇത്തരം വേദന കൂടുന്നതെന്ന് തിരിച്ചറിയുക. ഉദാഹരണത്തിന് ചൂടേല്‍ക്കുമ്പോഴാണോ, തണുപ്പേല്‍ക്കുമ്പോഴാണോ, സ്‌ട്രെസുണ്ടാകുമ്പോഴാണോ ഈ വേദന കൂടുന്നതെന്ന് തിരിച്ചറിയുക. എന്നിട്ടു വേണം ചികിത്സ തേടാന്‍. സാധാരണ ഗതിയില്‍ ഡോക്ടറെ കണ്ട് ചില വീര്യം കുറഞ്ഞ പെയിന്‍ കില്ലറുകള്‍ കഴിച്ചാല്‍ ഇതു മാറും. ഹോമിയോപ്പതിയിലും ഇതിന് ഇപ്പോള്‍ ഏറെ ഗുണകരമായ മരുന്നുകളുണ്ട്.

Related posts