കേരളത്തില്‍ നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കുകയാണ്. കൊവിഡ് കാലത്താണ് ഇതെന്നതു കൊണ്ടു തന്നെ മാതാപിതാക്കളില്‍ ഏറെ ആശങ്കയുമുണ്ടാക്കുന്നുണ്ട്. കാരണം കുട്ടികള്‍ക്ക് വാസ്‌കിന്‍ ഇപ്പോഴും ലഭ്യമായിത്തുടങ്ങിയിട്ടില്ല. സ്‌കൂളുകള്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിയ്ക്കാന്‍ എളുപ്പത്തില്‍ സാധിയ്ക്കുന്ന ഇടവുമല്ല. എന്നിരുന്നാലും വിദ്യാഭ്യാസം കുട്ടികള്‍ക്ക് പ്രധാനമായതിനാല്‍ സ്‌കൂളുകളില്‍ വിടുകയെന്നതും അത്യാവശ്യമാണ്. അതിനാൽ സ്‌കൂള്‍ യാത്രകളില്‍ കുട്ടികളുടെ ആരോഗ്യം കാത്തു സൂക്ഷിക്കേണ്ടതും രോഗപ്രതിരോധശേഷി ഉറപ്പിക്കേണ്ടതും അത്യാവശ്യമാണ്. അതിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
കുട്ടികളുടെ ആരോഗ്യം കാത്തു സൂക്ഷിയ്ക്കാന്‍ സാധിയ്ക്കുന്നത് അവരുടെ ഭക്ഷണത്തിലൂടെയും അവര്‍ക്ക് ലഭിയ്ക്കുന്ന വ്യായാമത്തിലൂടെയുമാണ്. ഇവര്‍ക്ക് പ്രതിരോധം നല്‍കാന്‍ ഭക്ഷണം പ്രധാനമാണ്. പ്രാതല്‍ എത്ര തിരക്കുണ്ടെങ്കിലും കുട്ടികള്‍ക്ക് ഒഴിവാക്കാതിരിയ്ക്കുക. ഇതു പോലെ ടിഫിനില്‍ ആരോഗ്യകരമായവ കൊടുത്തയക്കുക. ബിസ്‌കറ്റ് പോലുള്ള ബേക്കറി പലഹാരങ്ങള്‍ കൊടുത്തു വിടരുത്. ആരോഗ്യകരമായവ കൊടുത്തു വിടുക. കുട്ടികള്‍ക്ക് ആരോഗ്യത്തിനും പ്രതിരോധത്തിനും ബ്രേക്ഫാസ്റ്റ് പ്രധാനമാണ്. ഫ്രൂട്‌സ്, പാല്‍, ഓട്‌സ്, മുട്ട പോലുള്ളവ പ്രാതലില്‍ ഉള്‍പ്പെടുത്താം. ഇതു പോലെ കുട്ടികള്‍ക്ക് സ്‌കൂളില്‍ കൊണ്ടു പോകാന്‍ നട്‌സ്, ചെറുപയര്‍ ശര്‍ക്കര ചേര്‍ത്ത് പുഴുങ്ങിയത്, ചപ്പാത്തി റോള്‍ പോലുള്ള ആരോഗ്യകരമായവ കൊടുത്തയക്കാം. കുട്ടികള്‍ക്ക് ഫ്രഷ് ജ്യൂസ് പഞ്ചസാര ഒഴിവാക്കിയത്, നാരങ്ങാവെള്ളം, ഇതു പോലെ ജീരകം, മല്ലി പോലുള്ളവ ഇട്ട് തിളപ്പിച്ച വെള്ളം തുടങ്ങിയവ കൊടുത്തയക്കാം.
കുട്ടികള്‍ക്ക് പ്രോട്ടീനുകള്‍, വൈറ്റമിന്‍ ബി കോംപ്ലക്‌സ്, വൈറ്റമിന്‍ സി, സിങ്ക് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ നല്‍കുക. കുറച്ചു ഭക്ഷണത്തിലൂടെ കുട്ടികള്‍ക്ക് കൂടുതല്‍ വൈറ്റമിനുകള്‍ ലഭ്യമാകുന്ന ഭക്ഷണം നല്‍കുക. കാരണം വലിയ അളവില്‍ അല്ല, ചെറിയ അളവിലാണ് കുട്ടികള്‍ ഭക്ഷണം കഴിയ്ക്കുക. അതിനാല്‍ ഇതില്‍ തന്നെ ആവശ്യമായ പോഷകങ്ങള്‍ ഉള്‍പ്പെടുത്തുക എന്നതാണ് പ്രധാനം. നട്‌സ്, ഡ്രൈ ഫ്രൂട്‌സ്, പഴങ്ങള്‍ എന്നിവയെല്ലാം തന്നെ ഏറെ നല്ലതാണ്. ഇതുപോലെ ചീസ്, പനീര്‍ എന്നിവയെല്ലാം നല്ലതാണ്. ചീസില്‍ ഏറെ പ്രോട്ടീന്‍, കാല്‍സ്യം,സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഇതു പോലെ കൂണ്‍ ആരോഗ്യകരമാണ്. ഇതില്‍ സെലീനിയം, സിങ്ക് എന്നിവ അടങ്ങിയതിനാല്‍ ഏറെ പ്രതിരോധം നല്‍കുന്നു. ചിക്കന്‍ ഇതു പോലെ നല്ലതാണ്. ഇത് ആരോഗ്യകരമായ രീതിയില്‍ പാകം ചെയ്ത് നല്‍കാം.
ഇതു പോലെ ഇഞ്ചി, മഞ്ഞള്‍ എന്നിവ കുട്ടികള്‍ക്ക് നല്‍കാം. ഇഞ്ചിയിട്ട വെള്ളം, മഞ്ഞള്‍ ചേര്‍ത്ത് പാല്‍ എന്നിവ നല്‍കാം. പപ്പായ ഏറെ നല്ലതാണ്. വൈറ്റമിനുകളും മിനറലുകളും ഇതില്‍ ഏറെയുണ്ട്. രാവിലെ അല്ലെങ്കില്‍ വൈകീട്ട് ഒരു ഗ്ലാസ് പാലെങ്കിലും കുട്ടികള്‍ക്ക് നല്‍കുക. ഇത് വളര്‍ച്ചയ്ക്കും പ്രതിരോധശേഷിയ്ക്കും നല്ലതാണ്. പാല്‍ കുടിയ്ക്കാന്‍ മടിയെങ്കില്‍ തൈര്, മോര്, പനീര്‍, ചീസ് എന്നിവ നല്‍കാം. ധാരാളം വെള്ളം കുട്ടി കുടിക്കുന്നുണ്ട് എന്നത് ഉറപ്പാക്കുക. ഇത് പ്രതിരോധശേഷിയ്ക്കും ആരോഗ്യത്തിനും നല്ലതാണ്. കുട്ടികള്‍ക്ക് വ്യായാമം ഉറപ്പാക്കുക. ഇത് കളികളിലൂടെയോ സൈക്കിള്‍ ചവിട്ട് പോലെയുള്ള വഴികളിലൂടെയും ചെയ്യാവുന്നതാണ്.
കുട്ടികളുടെ ശരീരത്തില്‍ കൊവിഡ് വൈറസ് പെരുകിയാലേ കാര്യമായ പ്രശ്‌നമുണ്ടാകൂ. ലോകത്ത് നടത്തിയ പഠനങ്ങളില്‍ കുട്ടികളില്‍ കൊവിഡ് കാര്യമായ പ്രശ്‌നമുണ്ടാകുന്നില്ലെന്നതാണ് തെളിഞ്ഞിട്ടുള്ളത്. കുട്ടികളുടെ പ്രതിരോധം ശക്തമാക്കി ഇവരെ രോഗത്തില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്താന്‍ ചില വഴികളുണ്ട്. ഇതിനൊപ്പം മാസ്‌ക് കൃത്യമായി ധരിയ്ക്കുന്നുവെന്ന് ഉറപ്പു വരുത്തണം. ബുദ്ധിമുട്ടാണെങ്കില്‍ പോലും അനാവശ്യമായ അടുത്തിടപഴകൽ മറ്റു കുട്ടികളുമായി ഒഴിവാക്കാന്‍ ആവശ്യപ്പെടാം. സാനിറ്റൈസര്‍ സ്‌കൂളിലേയ്ക്ക് കൊടുത്തു വിടുക. കൈകള്‍ സോപ്പിട്ട് കഴുകാന്‍ ആവശ്യപ്പെടുക. സ്‌കൂളില്‍ നിന്നും കുട്ടികള്‍ തിരികെ വന്നാല്‍ ഇട്ടിരുന്ന വസ്ത്രങ്ങള്‍ മാറ്റി കുളിച്ച് ശുചിത്വം ഉറപ്പു വരുത്തുക.
നവംബറിലാണ് കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ ആരംഭിയ്ക്കുന്നത്. ഈ സമയത്ത് കേരളത്തിലെങ്കില്‍ ചെറുതായി മഞ്ഞു കാലം ആരംഭിയ്ക്കുന്ന സമയമാണ്. ഈ സമയത്ത് കുട്ടികള്‍ക്ക് പൊതുവേ ജലദോഷപ്പനി വരുന്നത് സാധാരണമാണ്. മാത്രമല്ല, അലര്‍ജി പ്രശ്‌നങ്ങളുണ്ടെങ്കില്‍ മഞ്ഞുകാലത്ത് ഇത്തരം പ്രശ്‌നം കൂടുതലാകും. മുന്‍പൊക്കെ ഇത്തരം അവസ്ഥ വന്നാല്‍ ഒന്നോ രണ്ടോ ദിവസം അവധിയെടുത്ത് പിന്നീട് ജലദോഷം പൂര്‍ണമായി മാറുന്നതിന് മുന്‍പു തന്നെ സ്‌കൂളില്‍ തിരിച്ചെത്തുന്ന രീതിയാണ് പല കുട്ടികളും അവലംബിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ ഈ കൊവിഡ് കാലത്ത് ഇത്തരം അവസ്ഥ വന്നാല്‍ അത് പൂര്‍ണമായും ഭേദമാകാതെ, കൊവിഡ് അല്ലെന്ന് ഉറപ്പു വരുത്താതെ കുട്ടികളെ സ്‌കൂളില്‍ വിടരുത്. മാത്രമല്ല, സ്‌കൂളില്‍ പോകുന്ന കുട്ടികളുളള കുടുംബങ്ങളില്‍ ആര്‍ക്കെങ്കിലും കോവിഡ് സമാന ലക്ഷണങ്ങളുണ്ടെങ്കിലും അത് കൊവിഡ് അല്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം കുട്ടികളെ സ്‌കൂളില്‍ വിടുക. നമ്മുടെ ഒരു ചെറിയ ജാഗ്രതക്കുറവിനാല്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ അപകടത്തിലേയ്ക്ക് തള്ളി വിടരുത്.