Nammude Arogyam
Healthy Foods

രക്തം ശുദ്ധീകരിക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ നല്‍കുന്നവര്‍ അറിയേണ്ട ഒന്നാണ് രക്തശുദ്ധിയും പ്ലേറ്റ്ലറ്റിന്റെ കൗണ്ടും. ഇത് രണ്ടും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്ലേറ്റ്ലറ്റിന്റെ കൗണ്ട് കുറഞ്ഞാല്‍ അത് ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് തന്നെ ഭക്ഷണത്തിലൂടെ ഇത്തരം പ്രതിസന്ധികളെ പരിഹരിക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യമുള്ള ശരീരത്തിലെ രക്തത്തില്‍ 150000 മുതല്‍ 450000 വരെ പ്ലേറ്റ്ലറ്റുകള്‍ വരെയാണ്. മുറിവുകളില്‍ രക്തം കട്ടിയാക്കുക എന്നതാണ് പ്ലേറ്റ്ലറ്റകളുടെ പ്രധാന ധര്‍മ്മം. ഇത് കൃത്യമായി നിര്‍വ്വഹിക്കാന്‍ കഴിയാതിരിക്കുമ്പോഴാണ് കൂടുതല്‍ പ്രതിസന്ധികള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്നത്.

എന്നാല്‍ പലപ്പോഴും നമ്മുടെ മാറി വരുന്ന ജീവിത ശൈലിയില്‍ ഇതൊരു വലിയ പ്രശ്‌നമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. ഇതെല്ലാം പലപ്പോഴും പ്ലേറ്റ്ലറ്റിന്റെ എണ്ണത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നു. പലപ്പോഴും പ്ലേറ്റ്ലറ്റുകളുടെ എണ്ണത്തില്‍ ഉണ്ടാവുന്ന കുറവുകള്‍ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇത് രക്തസ്രാവത്തിന് ഇടയാക്കുകയും രക്തം കട്ട പിടിക്കാതിരിക്കുകയും ചെയ്യുന്നു. ഹൃദയാഘാതം വരെ സംഭവിക്കേണ്ട അവസ്ഥയിലേക്ക് ഇതെല്ലാം എത്തുന്നു. രക്തശുദ്ധിയും, പ്ലേറ്റ്ലറ്റുകളുടെ എണ്ണത്തില്‍ കുറവും സംഭവിക്കാതിരിക്കാൻ ഭക്ഷണം തന്നെയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. എന്തൊക്കെ ഭക്ഷണങ്ങളാണ് ഇതിന് വേണ്ടി കഴിക്കേണ്ടത് എന്ന് നോക്കാം.

പപ്പായ

ആരോഗ്യത്തിന്റെ കാര്യത്തില്‍ പപ്പായ ഒരു സൂപ്പര്‍ഫ്രൂട്ട് ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്ലേറ്റ്ലെറ്റിന്റെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ളതാണ് പപ്പായ. അതിന്റെ ഇലകളും നിസ്സാരമല്ല. 2009 ല്‍ മലേഷ്യയിലെ ഏഷ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ഗവേഷണത്തില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ പ്ലേറ്റ്ലെറ്റ് എണ്ണം വര്‍ദ്ധിപ്പിക്കാന്‍ പപ്പായ ഇലയുടെ നീര് ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനായി പഴുത്ത പപ്പായ കഴിക്കുകയോ ഒരു ഗ്ലാസ്സ് പപ്പായ ഇല നീര് അല്പം നാരങ്ങ നീരും ചേര്‍ത്ത് ദിവസം രണ്ടോ മൂന്നോ തവണ കുടിക്കുകയോ ചെയ്യാവുന്നതാണ്. ഇതെല്ലാം പ്ലേറ്റ്‌ലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്നു.

മത്തങ്ങ

മത്തങ്ങയും ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്ത ഒന്നാണ്. പ്ലേറ്റ്ലെറ്റിന്റെ അളവ് ഉയര്‍ത്താന്‍ സഹായകരമായ മത്തങ്ങയില്‍ വിറ്റാമിന്‍ എ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്ലേറ്റ്ലെറ്റ് രൂപീകരണത്തിന് സഹായിക്കും. പ്ലേറ്റ്ലെറ്റിന്റെ അളവ് ഉയര്‍ത്തുന്നതില്‍ പ്രധാനമായ പ്രോട്ടീന്റെ കോശങ്ങളിലെ അളവ് നിയന്ത്രിക്കാന്‍ മത്തങ്ങ ഫലപ്രദമാണ്. അര ഗ്ലാസ്സ് ഫ്രഷ് മത്തങ്ങ ജ്യൂസില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസം രണ്ടോ മൂന്നോ വീതം കഴിക്കാവുന്നതാണ്. ഇത് പ്ലേറ്റ്‌ലറ്റിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു.

ചീര

ആരോഗ്യത്തിന് ചീര ശരിക്കും അമൃതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്ലേറ്റ്ലെറ്റിന്റെ അളവ് കുറവ് പരിഹരിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ കെ ചീരയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ശരിയായ വിധത്തില്‍ രക്തം കട്ട പിടിക്കുന്നതിന് വിറ്റാമിന്‍ കെ ആവശ്യമാണ്. ഇത് അമിതമായ രക്തസ്രാവം തടയുന്നതിനും, ആരോഗ്യത്തിനും സഹായിക്കുന്നു. അതിനായി രണ്ട് കപ്പ് വെള്ളത്തില്‍ നാലോ അഞ്ചോ ചീരയില ഏതാനും മിനുട്ട് തിളപ്പിക്കുക. ഇത് തണുത്തശേഷം അര കപ്പ് തക്കാളി ജ്യൂസ് ചേര്‍ത്ത് ദിവസം മൂന്ന് തവണ കുടിക്കുക. ഇത് കൂടാതെ ചീരവിഭവങ്ങള്‍ തയ്യാറാക്കിയും കഴിക്കാവുന്നതാണ്.

വിറ്റാമിന്‍ സി

പ്ലേറ്റ്ലെറ്റ് എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കഴിക്കുന്ന വിറ്റാമിന്‍ സി യുടെ അളവ് കൂട്ടുന്നതിന് ശ്രദ്ധിക്കണം. 1990 ല്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് വിറ്റാമിന്‍ സി പ്ലേറ്റ്ലെറ്റ് എണ്ണം കൂട്ടുമെന്ന് ഉറപ്പ് പറയുന്നുണ്ട്. ശക്തമായ ഒരു ആന്റി ഓക്സിഡന്റായ വിറ്റാമിന്‍ സി ഉയര്‍ന്ന അളവില്‍ ചെന്നാല്‍ പ്ലേറ്റ്ലെറ്റുകളില്‍ സ്വതന്ത്രമൂലകങ്ങള്‍ വരുത്തുന്ന തകരാറുകള്‍ ഇല്ലാതാക്കുന്നു. ഇത് കൂടാതെ പ്രായവും, ആരോഗ്യസ്ഥിതിയും അനുസരിച്ച് ദിവസം 400 മുതല്‍ 2000 മില്ലിഗ്രാം വരെ വിറ്റാമിന്‍ സി ആവശ്യമുള്ളതാണ്. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ നാരങ്ങ, ഓറഞ്ച്, തക്കാളി, കിവി, ചീര, ബ്രൊക്കോളി, ക്യാപ്സിക്കം തുടങ്ങിയവ കഴിക്കുക. ഡോക്ടറുടെ ഉപദേശാനുസരണം മാത്രം വിറ്റാമിന്‍ സി സപ്ലിമെന്റുകളും കഴിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്.

നെല്ലിക്ക

നെല്ലിക്ക രക്തത്തിലെ പ്ലേറ്റ്ലെറ്റ് എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ വിറ്റാമിന്‍ സി പ്ലേറ്റ്ലെറ്റ് എണ്ണം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ദിവസവും രാവിലെ വെറും വയറ്റില്‍ മൂന്നോ നാലോ നെല്ലിക്ക കഴിക്കാവുന്നതാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ നെല്ലിക്ക നീരും തേനും കലര്‍ത്തി ദിവസം രണ്ടോ മൂന്നോ തവണ സ്ഥിരമായി കുടിക്കുക. നെല്ലിക്ക ഉപയോഗിച്ച് വീട്ടില്‍ തയ്യാറാക്കിയ ജാം, അച്ചാറുകള്‍ എന്നിവയും കഴിക്കാം. ഇതെല്ലാം പ്ലേറ്റ്‌ലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്നു.

ബീറ്റ്റൂട്ട്

പ്ലേറ്റ്ലെറ്റ് എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു വസ്തുവാണ് ബീറ്റ്റൂട്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലെ സ്വഭാവിക ആന്റി ഓക്സിഡന്റുകളും, ഹീമോസ്റ്റാറ്റിക് ഘടകങ്ങളും ചുരുങ്ങിയ ദിവസങ്ങള്‍ക്കകം പ്ലേറ്റ്ലെറ്റ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ ആരോഗ്യവും വര്‍ദ്ധിപ്പിക്കും.

ധാരാളം വെള്ളം കുടിക്കുക

വെള്ളം, പ്രോട്ടീന്‍ എന്നിവയാലാണ് രക്തകോശങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ദിവസം പല തവണയായി ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പ്ലേറ്റ്ലെറ്റ് കുറഞ്ഞിരിക്കുന്ന അവസ്ഥയില്‍ തണുത്ത വെള്ളം കുടിക്കുന്നത് പരമാവധി ഒഴിവാക്കുക. ഇത് ദഹനേന്ദ്രിയത്തെ ദോഷകരമായി ബാധിക്കുകയും പോഷകങ്ങള്‍ ശരിയായി ആഗിരണം ചെയ്യപ്പെടാതെ വരികയും ചെയ്യും.

പ്ലേറ്റ്‌ലെറ്റ് എണ്ണം കുറഞ്ഞിരിക്കുമ്പോള്‍ പച്ചക്കറികള്‍ വേവിക്കാതെ കഴിക്കുന്നത് ഒഴിവാക്കുക. ഇത്തരത്തില്‍ കഴിക്കുന്നത് കുടലിലെ ആന്തരിക പാളിക്ക് തകരാറുണ്ടാക്കും. പകരം പുഴുങ്ങി മൃദുവാക്കിയ പച്ചക്കറികള്‍ കഴിക്കുക.

ആരോഗ്യത്തിന് വളരെയധികം പ്രധാനപ്പെട്ടതാണ് രക്തം. അത്കൊണ്ടാണ് ഓരോ തുള്ളി രക്തത്തിലും ജീവന്റെ തുടിപ്പ് ഉണ്ട് എന്ന് പറയുന്നത്. ആയതിനാൽ രക്ത ശുദ്ധീകരണത്തിന് മുകളിൽ പറഞ്ഞ ഭക്ഷണങ്ങൾ ശീലമാക്കേണ്ടതാണ്.

Related posts