ഇത് വേനല്‍ക്കാലമാണ്, കത്തുന്ന ചൂട് ശരീരത്തെ നിര്‍ജ്ജലീകരണം ചെയ്യും. നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ ശരീരം വിവിധ വിപരീത ഫലങ്ങള്‍ക്ക് കാരണമാവുകയും പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിന് തടസമാവുകയും ചെയ്യുന്നു. നിര്‍ജ്ജലീകരണം കൈകാര്യം ചെയ്യുന്നതിനുള്ള പ്രാഥമിക മാര്‍ഗ്ഗം ധാരാളം ശുദ്ധജലം കുടിക്കുക എന്നതാണ്.
ശരീരത്തിലെ ഏറ്റവും അടിസ്ഥാനപരമായ ശാരീരിക പ്രവര്‍ത്തനങ്ങളായ ബിപി, ശരീര താപനില എന്നിവ നിയന്ത്രിക്കല്‍, രക്തചംക്രമണം, ദഹനം എന്നിവ ക്രമപ്പെടുത്താനും ശരീരത്തില്‍ ജലാംശം പ്രധാനമാണ്. ഇത് വെള്ളം കുടിക്കുന്നതില്‍ നിന്ന് മാത്രമല്ല, വെള്ളം ധാരാളമായി അടങ്ങിയ ഭക്ഷണത്തില്‍ നിന്നുമാണ് വരുന്നത്. അതിനാല്‍, ചൂടും ഈര്‍പ്പവും ഉയരുമ്പോള്‍, ജലാംശം കൂടുതലുള്ള ചില പഴങ്ങള്‍ കഴിക്കുക. വേനല്‍ക്കാലത്ത് ശരീരത്തിന് നല്ല അളവില്‍ ജലാംശം പകരുന്ന മികച്ച പഴങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
1.തണ്ണിമത്തന്
വേനല്‍ക്കാലത്ത് ആരുടെ മനസ്സിലും ആദ്യം എത്തുന്ന ഫലവര്‍ഗമാണ് തണ്ണിമത്തന്. ഏകദേശം 92% വെള്ളത്താലാണ് തണ്ണിമത്തന് നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ കലോറി വളരെ കുറവാണ്. ഇത് ജലാംശത്തോടെ നിലനിര്‍ത്തുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല, കാന്‍സര്‍ കോശങ്ങളോട് പോരാടാന്‍ സഹായിക്കുന്ന ലൈക്കോപീനിന്റെ സമ്പന്നമായ ഉറവിടവുമാണിത്. ഉയര്‍ന്ന ഫൈബര്‍ അടങ്ങിയിട്ടുള്ള തണ്ണിമത്തന് ദഹനത്തിന് ഉത്തമമാണ്. ഒപ്പം തിളക്കമുള്ള ചര്‍മ്മവും ആരോഗ്യമുള്ള മുടിയും നല്കുന്നു.
2.സ്ട്രോബെറി
സ്ട്രോബെറിയില്‍ 91 ശതമാനവും വെള്ളമാണ്. ഹൃദയ സംരക്ഷണവും, കണ്ണുകള്‍ക്കും ചര്‍മ്മത്തിനും നഖങ്ങള്‍ക്കും ആരോഗ്യം നല്കുന്നതുമാണ് ഈ പഴം. വീക്കം, വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവ തടയുന്നതിനും സഹായിക്കുന്ന ആന്റിഓക്സിഡന്റുകളുടെ പവര്‍ഹൗസുകൾ കൂടിയാണ് സ്ട്രോബെറി. വ്യായാമത്തിന് ശേഷം ഊര്‍ജ്ജം വീണ്ടെടുക്കുന്നതിനുള്ള ഏറ്റവും മികച്ച പാനീയമാണ് സ്ട്രോബെറി ജ്യൂസ്.
3.പീച്ച്
പീച്ച് പഴം രുചികരവും ആരോഗ്യകരവുമാണ്. ഇതില്‍ 88% വെള്ളം അടങ്ങിയിരിക്കുന്നു. തൊലിയോടെയോ, അല്ലാതെയോ പീച്ച് കഴിക്കാം. എന്നാല്‍ പീച്ചിന്റെ തൊലി തൊലി കളയുന്നത് പോഷകാഹാരം കുറയ്ക്കുന്നു. കാരണം അതില്‍ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം, ദഹനം എന്നിവ മെച്ചപ്പെടുത്തുകയും ഹൃദയ രോഗങ്ങള്‍ക്കെതിരെ പോരാടുകയും ചെയ്യുന്നു.
4.തക്കാളി
തക്കാളി ഒരു പഴമാണെന്ന് അറിഞ്ഞാല്‍ ആശ്ചര്യപ്പെടും. ഈ ഫലവര്‍ഗം പോഷകങ്ങളാല്‍ സമ്പന്നമാണ്, മാത്രമല്ല ആവശ്യത്തിന് ജലാംശവും നിറഞ്ഞതുമാണ്. തക്കാളി കാഴ്ചയെ പ്രോത്സാഹിപ്പിക്കുന്നു. രക്താതിമര്‍ദ്ദവും കാന്‍സറിനുള്ള സാധ്യതയും കുറയ്ക്കുന്നു. ഒപ്പം ഹൈ ബിപിയെയും മറ്റും നിയന്ത്രിക്കുകയും ചെയ്യുന്നു. 94% വെള്ളം അടങ്ങിയിരിക്കുന്ന ഇത് വേനല്‍ക്കാല ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുക.
5.ഓറഞ്ച്
വെള്ളം കൂടുതലായി അടങ്ങിയ മറ്റൊരു പഴമാണ് ഓറഞ്ച്. 87% വെള്ളം നിറഞ്ഞ ഈ സിട്രസ് പഴം ശരീരത്തിന് വളരെയധികം ജലാംശം നല്‍കും. ഊര്‍ജ്ജം നിറയ്ക്കാന്‍ വ്യായാമത്തിന് ശേഷം ഇത് കഴിക്കുക. കാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ഫൈറ്റോകെമിക്കല്‍ ലിമോനോയ്ഡുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. അവ കൊളസ്ട്രോള്‍ കുറയ്ക്കുകയും ഹൃദയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
6.കക്കിരി
മറ്റേതൊരു പഴങ്ങളേക്കാളും ഉയര്‍ന്ന ജലത്തിന്റെ അളവ് കക്കിരിയില്‍ അടങ്ങിയിരിക്കുന്നു, അതായത് 96 ശതമാനം. ഒരു മികച്ച വേനല്‍ക്കാല ഭക്ഷണമാണ് കക്കിരി. നിരവധി സലാഡുകളിലും സ്മൂത്തികളിലും ഉള്‍പ്പെടുത്തി ഇത് കഴിക്കാം. ആരോഗ്യകരമായ ഡിറ്റോക്സ് പാനീയങ്ങളില്‍ ഒന്നാണ് കക്കിരി ജ്യൂസ്. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ കുറയ്ക്കുകയും ചെയ്യുന്നു.
7.പേരയ്ക്ക
വേനല്‍ക്കാലത്ത് ദഹനവ്യവസ്ഥ മന്ദഗതിയിലാകാന്‍ കാരണമാകുന്ന ദഹനപ്രശ്നങ്ങള്‍ കണ്ടുവരുന്നു. അതിനാല്‍ ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ കഴിക്കാവുന്ന പഴങ്ങളിലൊന്നാണ് പേരയ്ക്ക. ഇതില്‍ ദഹനവ്യവസ്ഥയെ വൃത്തിയായി സൂക്ഷിക്കുന്ന നാരുകള്‍ അടങ്ങിയിരിക്കുന്നു. വേനല്‍ക്കാലത്തെ ചര്‍മ്മ പ്രശ്നമായ ടോണ്‍ മാറ്റം പരിഹരിക്കാന്‍ പേരയ്ക്ക സഹായിക്കുന്നു.
8.പപ്പായ
വിറ്റാമിന്‍ എ, സി, ഫോളിയേറ്റ്സ്, ഫൈറ്റോകെമിക്കല്‍സ് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയതാണ് പപ്പായ. ഇത് ദഹനനാളത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു, ദഹനക്കേടിനെതിരെ പോരാടുന്നു, ശരീരവണ്ണം തടയുന്നു. ഇതില്‍ ബീറ്റാ കരോട്ടിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ വേനല്‍ക്കാലത്ത് കണ്ണുകളുടെ പ്രയാസം കുറയ്ക്കാനും സഹായിക്കുന്നു . ഇതിലെ ആന്റി ഓക്സിഡന്റുകള്‍ ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തും.
9.മാമ്പഴം
വേനല്‍ക്കാലത്തെ ചൂടില്‍ നിന്ന് ശരീരത്തിന് പെട്ടെന്ന് ഊര്‍ജ്ജം നല്കുന്ന പഴമാണ് മാമ്പഴം. വേനല്‍ക്കാലത്ത് സുലഭമായി ലഭിക്കുന്ന മാമ്പഴം കലോറിയുടെ നല്ല ഉറവിടമാണ്. വേനല്‍ക്കാലത്തെ ചൂട് മൂലം ഊര്‍ജ്ജം കുറയുന്നുവെന്ന് കണ്ടാല്‍ പെട്ടെന്നുള്ള ഉത്തേജനത്തിനായി കുറച്ച് മാമ്പഴം കഴിക്കുക. സൂര്യന്റെ ദോഷകരമായ രശ്മികളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്ന ഒരു പിഗ്മെന്റും ഇതില്‍ അടങ്ങിയിട്ടുണ്ട്.
ഇപ്പഴത്തെ വേനൽ ചൂടിൽ പിടിച്ച് നിൽക്കുക എന്നത് അസ്സഹനീയമാണ്. എന്നിരുന്നാലും, അതിജീവനത്തിന് വേണ്ടി മുകളിൽ പറഞ്ഞ പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അതുവഴി ഒരു പരിധി വരെ വേനൽ ചൂടിനോട് നമുക്ക് പോരാടാവുന്നതാണ്.