Nammude Arogyam
General

ചെവിയുടെ ഈ മാറ്റങ്ങൾ പറയും നമ്മുടെ ആരോഗ്യത്തെക്കുറിച്ച്

ഒരു രോഗം നമ്മളെ ആക്രമിക്കുമ്പോള്‍ അത് അറിയിക്കാനായി ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും. ഇത്തരം ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് ഏതൊരു രോഗത്തെയും നേരത്തെ കണ്ടെത്തി ചികിത്സിക്കാന്‍ നമ്മളെ സഹായിക്കുന്നു. വിരലിലെ നഖത്തിന്റെ മാറ്റങ്ങള്‍ പോലും ഒരു രോഗമുണ്ടെന്നു വെളിപ്പെടുത്തുന്ന ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു. അതുപോലെ, നമ്മുടെ ചെവികളും രോഗത്തെപ്പറ്റി പറയുന്നു. ചെവി വേദന, ആകൃതിയില്‍ മാറ്റം എന്നിവ ചില സൂചനകളാണ്. ചെവിയിലെ മാറ്റങ്ങള്‍ ചെറുതായി കാണാതെ ഉടനെ ഡോക്ടറെ സമീപിക്കുന്നത് നിങ്ങളില്‍ മറഞ്ഞിരിക്കുന്ന രോഗത്തെ വെളിപ്പെടുത്താന്‍ ഉപകരിക്കും. ആരോഗ്യത്തെക്കുറിച്ച് ചെവി പറയുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

1.ചെവിയിലെ(Earlobe) മടക്ക് ഹൃദ്രോഗത്തെ സൂചിപ്പിക്കുന്നു

ചെവിയുടെ താഴ്ഭാഗം അതായത് കമ്മല്‍ ഇടുന്ന ഭാഗത്തെ അസാധാരണമായ മടക്ക് അനാരോഗ്യത്തിന്റെ ലക്ഷണമാണ്. അമേരിക്കന്‍ ജേണല്‍ ഓഫ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, കാതുകുത്തുന്ന ഭാഗത്ത് മടക്ക് കാണപ്പെടുന്നത് ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളാണെന്നാണ്. എന്നാല്‍, എല്ലാവരിലും ഇങ്ങനെയാവണമെന്നില്ല. എങ്കിലും, ഇത്തരം മടക്ക് ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ഡോക്ടറെ കണ്ട് വേണ്ട ഉപദേശം തേടുക.

2.കേള്‍വിക്കുറവ് പ്രമേഹത്തെ സൂചിപ്പിക്കുന്നു

കേള്‍വിക്കുറവ് സംഭവിക്കുന്ന നിരവധി പേരുണ്ട്. എന്നാല്‍, ചിലരില്‍ ശ്രവണ നഷ്ടം പ്രമേഹത്തെ സൂചിപ്പിക്കുന്നു. സാധാരണ ആളുകളെ അപേക്ഷിച്ച് പ്രമേഹ രോഗികളില്‍ ശ്രവണ നഷ്ടം കൂടുതലായി കാണപ്പെടുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. കൂടാതെ, പ്രമേഹ രോഗികള്‍ക്ക് ചെവിയില്‍ അണുബാധയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

3.ചെവി വേദന താടിയെല്ലിൻ്റെ തകരാറിനെ സൂചിപ്പിക്കുന്നു

സംസാരിക്കുമ്പോഴോ, എന്തെങ്കിലും ഭക്ഷണം ചവയ്ക്കുമ്പോഴോ ചെവിക്ക് വേദന അനുഭവപ്പെടുന്നുവെങ്കില്‍, അത് നമ്മുടെ താടിയെല്ലിന് തകരാറുണ്ടെന്ന് സൂചിപ്പിക്കുന്ന ലക്ഷണമാകാം. ഓരോ ചെവിക്ക് മുന്നിലും താടിയെ ബന്ധിപ്പിക്കുന്ന ‘ടെമ്പറോമാന്റിബുലാര്‍ ജോയിന്റ്’ ഉണ്ട്. ചെവിയില്‍ തുടര്‍ച്ചയായ വേദന അനുഭവപ്പെടുന്നവര്‍ ഒരു ഇഎന്‍ടി സ്‌പെഷ്യലിസ്റ്റിനെ സമീപിക്കുന്നത് നന്നായിരിക്കും.

4.ചെവിയിലെ മുഴക്കം ഹൈ ബി.പി/ബ്രെയിന്‍ ട്യൂമറിനെ സൂചിപ്പിക്കുന്നു

ഉത്കണ്ഠ, വിഷാദം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ബ്രെയിന്‍ ട്യൂമര്‍ എന്നിവയുള്‍പ്പെടെയുള്ള രോഗങ്ങളുടെ സൂചനകളാണ് ചെവികളില്‍ അനുഭവപ്പെടുന്ന മുഴക്കം അല്ലെങ്കിൽ മൂളൽ. ഇത് ഒരു ചെറിയ സമയത്തേക്ക് മാത്രമാണെങ്കില്‍ പ്രശ്‌നമില്ല. എന്നാല്‍, ആശങ്കാജനകമായ രീതിയില്‍ ഇത് നിലനില്‍ക്കുന്നുവെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കണം.

5.ചെവിക്കായം ഹെപ്പറ്റൈറ്റിസിനെ സൂചിപ്പിക്കുന്നു

ചെവിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഘടകങ്ങളെ ചെവിക്കുള്ളില്‍ കയറാതെ തടയാനായി നിലകൊള്ളുന്നതാണ് ചെവിക്കായം അല്ലെങ്കില്‍ ഇയര്‍വാക്‌സ്. ഇത് ഒരു ലൂബ്രിക്കന്റ്, ആന്റി ബാക്ടീരിയല്‍ കവചമായി പ്രവര്‍ത്തിക്കുന്നു. ചെവിക്കായവും പല രോഗങ്ങള്‍ കണ്ടെത്താന്‍ സഹായിക്കും. ഹെപ്പറ്റൈറ്റിസ് പോലുള്ള ചില രോഗങ്ങളുടെ ഡി.എന്‍.എ ഇയര്‍വാക്‌സില്‍ കാണപ്പെടാമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. അമിതമായി ചെവിക്കായം ഉണ്ടെങ്കിലോ അസ്വസ്ഥത തോന്നുകയോ ചെയ്യുന്നുവെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കുക.

6.കുഴികളും മടക്കുകളും വീഡെമാന്‍ സിന്‍ഡ്രോമിനെ സൂചിപ്പിക്കുന്നു

ചെവിയില്‍ ചില പ്രത്യേക അവസ്ഥകളുമായി കുട്ടികള്‍ ജനിക്കാം. ഇവയിലൊന്നാണ് ബെക്ക്‌വിത്ത് വീഡെമാന്‍ സിന്‍ഡ്രോം. ഇത്തരം അവസ്ഥയില്‍ ചെവിക്ക് ചുറ്റും ചെറിയ ദ്വാരങ്ങളോ മടക്കുകളോ കണ്ടുവരുന്നു. ബെക്ക്‌വിത്ത് വീഡെമാന്‍ സിന്‍ഡ്രോം ബാധിച്ച കുഞ്ഞുങ്ങളുടെ നാവ് പതിവിലും വലുതായിരിക്കും, കൂടാതെ രക്തത്തിലെ പഞ്ചസാരയും കുറവായിരിക്കാം. ഈ അവസ്ഥ മിക്കവര്‍ക്കും വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല. എന്നാല്‍ കുട്ടി വളരുമ്പോള്‍ അവരുടെ ശരീരത്തിന്റെ ഒരു വശം മറ്റേതിനേക്കാള്‍ വലുതായിരിക്കാം, മാത്രമല്ല അവര്‍ക്ക് ട്യൂമര്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

7.ചൊറിച്ചില്‍ സോറിയാസിസിനെ സൂചിപ്പിക്കുന്നു

ഫംഗസ് അണുബാധയോ മറ്റ് ചെവി പ്രശ്‌നമോ കാരണം പലപ്പോഴും ചെവിക്ക് ചൊറിച്ചില്‍ അനുഭവപ്പെടാം. ഇതിന് മറ്റൊരു കാരണം സോറിയാസിസ് ആണ്. ചെവിയില്‍ ചര്‍മ്മം ചൊറിഞ്ഞ് പൊട്ടി വേദനാജനകമായ അവസ്ഥയിലേക്ക് ഇത് എത്തിക്കുന്നു. ചെവിക്ക് അകത്തും പുറത്തും ഇത് സംഭവിക്കാം. മാത്രമല്ല ചര്‍മ്മം പൊളിയുന്നതിനും ഇത് നയിച്ചേക്കാം.

8.അസാധാരണമായ രൂപം വൃക്കകളിലെ പ്രശ്‌നത്തെ സൂചിപ്പിക്കുന്നു

ചെവികളുടെ അസാധാരണമായ ആകൃതിയും വലുപ്പവും വൃക്കകളിലെ പ്രശ്‌നത്തെ സൂചിപ്പിക്കുന്നു. ചെവിയുടെ ആന്തരിക ഭാഗത്ത് ഒരു ചെറിയ കുഴിവ് കണ്ടെത്തിയാല്‍, ഉടനെ ഡോക്ടറെ സമീപിച്ച് വൃക്കകള്‍ പരിശോധിക്കുക.

ചെവി എന്നല്ല, ശരീരത്തിൻ്റെ ഏതു ഭാഗത്ത് വരുന്ന അസാധാരണ മാറ്റങ്ങളും ചെറുതായി കാണാതെ ഉടനെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

Related posts