Nammude Arogyam
Covid-19

കൊറോണവൈറസ് വീടിനുള്ളിൽ വ്യാപിക്കാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് നമ്മൾ പലവിധ മാർഗ്ഗങ്ങൾ സ്വീകരിച്ച് നോക്കിയെങ്കിലും ദിനംപ്രതി രോഗികളുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ ദൈന്യംദിന ആവശ്യങ്ങൾക്ക് പോലും പുറത്തിറങ്ങാൻ ആളുകൾ ഭയപ്പെടുന്നു. പുറത്തിറങ്ങിയാൽ തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ അവിടെയുള്ള ബാക്കിയുള്ളവർക്ക് കൂടി നമ്മൾ കാരണം കൊറോണ വൈറസ് ബാധിക്കോ എന്ന ഉൾഭയമാണ് ഇതിൻ്റെ പിന്നിലെ കാരണം. എങ്കിലും പലരും ഭയമെല്ലാം മാറ്റി വെച്ച് പുറത്ത് പോയി വരുന്നു. ഇവരാകട്ടെ വൃത്തിയായി കൈകഴുകുക, ഹോം ഡെലിവറി ചെയ്യുന്ന സാധനങ്ങൾ സാനിറ്റൈസ് ചെയ്യുക എന്നിങ്ങനെയുള്ള കാര്യങ്ങൾ മുതൽ പുറത്തു നിന്ന് വന്നതിനുശേഷം നേരെ പോയി കുളിക്കുന്നത് വരെ കോവിഡ് അണുക്കളെ അകറ്റിനിർത്താൻ വേണ്ടി ചെയ്യുന്നുണ്ട്. എന്നാൽ പോലും സമീപകാല പഠനങ്ങൾ‌ പറയുന്നത്, നമ്മുടെ വീടുകളിലും കോവിഡ് അണുബാധ പകരാനുള്ള സാധ്യത ഉണ്ടെന്നാണ്.

സെന്റർസ് ഓഫ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, SARS-COV-2 എന്ന കൊറോണ വൈറസിന് വീടിനകത്ത്, വായുവിലൂടെ, ആറടി ദൂരത്തിനപ്പുറത്തേക്ക് വ്യാപിക്കാൻ കഴിയുമെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള ശക്തമായ സാധ്യതയുണ്ട്. സിഡിസി, അവരുടെ മാർഗ്ഗനിർദ്ദേശങ്ങളിൽ, കൊവിഡ്-19 ഉള്ളവർക്ക് എയറോസോളുകളിലൂടെയും ചെറിയ ശ്വസനതുള്ളികളിലൂടെയും വീടിനകത്ത് മറ്റുള്ളവർക്ക് അണുബാധ പടർത്താമെന്ന തരത്തിലുള്ള തെളിവുകൾ ഉണ്ടെന്ന് വ്യക്തമാക്കുന്നു. പ്രത്യേകിച്ച് വായുസഞ്ചാരമില്ലാത്ത വീടുകളിൽ ഇതിനുള്ള സാധ്യത കൂടുതലുമാണ്.

ആരാണ് വൈറസ് വഹിക്കുന്നത്, അല്ലെങ്കിൽ രോഗബാധ എവിടെ നിന്ന് ലഭിച്ചു എന്നത് ഇപ്പോൾ കൃത്യമായി നിർണ്ണയിക്കാൻ വളരെ പ്രയാസമുള്ളതിനാൽ, ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം വീടും പരിസരവും അണുവിമുക്തമാക്കുകയും നന്നായി വൃത്തിയാക്കുകയും ചെയ്യുക എന്നതത് മാത്രമാണ്. അത്കൊണ്ട് കൊറോണവൈറസ് വീടിനുള്ളിൽ വ്യാപിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ സ്വീകരിക്കുക.

1.എയർകണ്ടീഷണർ വെന്റുകൾ വൃത്തിയാക്കുക

കൊറോണ വൈറസ് ഉൾപ്പെടെയുള്ള ധാരാളം അണുക്കളുടെ പ്രജനനത്തിനുള്ള ഒരു പറ്റിയ സ്ഥലമാണ് എയർ കണ്ടീഷനിംഗ് വെന്റുകൾ. എസി യൂണിറ്റുകൾ വൃത്തിയാക്കലും അണുവിമുക്തമാക്കലും ഒരു സുപ്രധാന കാര്യമാണ്, പ്രത്യേകിച്ചും സ്പ്ലിറ്റ് എയർകണ്ടീഷണർ യൂണിറ്റുകൾ. കാരണം ഒരു നിശ്ചിത മുറിക്കുള്ളിലെ വായു പുനരുപയോഗം ചെയ്യുന്നതിലൂടെയാണ് ഇത് പ്രവർത്തിക്കുന്നത്. ഒരു പ്രത്യേക സ്ഥലത്ത് കൊവിഡ്-19 വ്യാപിപ്പിക്കുന്നതിന് എയർകണ്ടീഷണർ യൂണിറ്റുകൾ ഒരു കാരണമായേക്കാം എന്നും, ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നും ചൈനയിൽ നടത്തിയ ഒരു പഠനം തെളിയിക്കുകയുണ്ടായി.

2.വീട് നല്ല വായുസഞ്ചാരമുള്ളതാക്കുക

ആവശ്യത്തിന് വായുസഞ്ചാരമില്ലാത്തതോ, പഴകിയ വായു ഉള്ളതോ ആയ ഏതെങ്കിലും മുറി അല്ലെങ്കിൽ പ്രദേശം കൊറോണ വൈറസ് പോലുള്ള വൈറസുകളുടെ പ്രജനനത്തിനും, അവ വായുവിലൂടെ എളുപ്പം പടരുവാനും കാരണമാകുന്നതിന് കൂടുതൽ സാധ്യതയുമുണ്ടെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. മുറിയിൽ ശുദ്ധമായ വായുസഞ്ചാരം ഉറപ്പാക്കേണ്ടത് പ്രധാനമാണ്, കാരണം ഇത് അണുബാധ പടരാനുള്ള സാധ്യത കുറയ്ക്കും. അതുപോലെ തന്നെ, വീടിന് പുറത്തുള്ള ഏതെങ്കിലും സ്ഥലം സന്ദർശിക്കുന്നതിന് മുമ്പ്, ആ സ്ഥലത്തിന് നല്ല വായുസഞ്ചാരമുണ്ടെന്ന് ഉറപ്പാക്കുക.

3.എന്തെങ്കിലും വൃത്തിയാക്കുമ്പോൾ കയ്യുറകൾ ധരിക്കുക

വീട്ടിലെ എല്ലാ മുക്കും മൂലയും വൃത്തിയാക്കുകയെന്നത് പ്രധാനമാണ്. എന്നാൽ അത് ചെയ്യുമ്പോൾ കയ്യുറകൾ ധരിക്കേണ്ടതും പ്രധാനമാണ്. ഷോപ്പിംഗിന് പോകുമ്പോഴും ഈ ശീലം പരിശീലിക്കാം. ലളിതമായി പറഞ്ഞാൽ, അഴുക്കുള്ള സ്ഥലം വൃത്തിയാക്കുമ്പോൾ അതിൽ അണുക്കൾ(കൊറോണ വൈറസ് തന്നെയാകണമെന്നില്ല) ഉണ്ടാകുമെന്നത് ഉറപ്പാണ്. കയ്യുറകൾ ഉപയോഗിക്കുമ്പോൾ അണുക്കൾ കൈകളിലേക്കും അതുവഴി മറ്റ് ഉപരിതലങ്ങളിലേക്കും പകരുന്നത് ഒഴിവാക്കാം.

4.വീട്ടിലേക്ക് കയറുന്നതിനുമുമ്പ് സ്വയം ശുചിത്വം പാലിക്കുക

പുറത്ത് പോയി വന്നാൽ ഉടനെ വീട്ടിൽ കയറരുത്, പകരം ചെയ്യേണ്ട ചില ശുചിത്വ നടപടികൾ ഏതൊക്കെയെന്ന് നോക്കാം.

a.അണുബാധ ഏൽക്കുവാൻ സാധ്യത കൂടുതലുള്ള ഒരു സ്ഥലത്തേക്കാണ് പോകുന്നതെങ്കിൽ, .അണുനാശിനിക്ക് വേണ്ട സാനിറ്റൈസർ കൈയ്യിൽ സൂക്ഷിക്കുക,

b.വീട്ടിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് ആദ്യം ഷൂസ് ഊരിയെടുക്കുക തുടങ്ങിയവ വീട്ടിൽ വൈറസ് ഏൽക്കുവാൻ ഉയർന്ന അപകടസാധ്യതയുള്ള ആളുകളുണ്ടെങ്കിൽ, മുൻകരുതൽ നടപടികളായി പരിശീലിക്കുക.

c.ഏതെങ്കിലും തരത്തിലുള്ള പാക്കേജോ ഡെലിവറി വന്ന സാധാനമോ വാങ്ങി വീട്ടിലേക്ക് കയറ്റുന്നതിന് മുമ്പ്, അണുനാശിനി ഉപയോഗിച്ച് അത് വൃത്തിയാക്കുക.

d.ആരെങ്കിലും വീട് സന്ദർശിക്കുകയാണെങ്കിൽ, അവരുടെ കൈകൾ വൃത്തിയാക്കുക. സാധ്യമെങ്കിൽ സാമൂഹിക അകലം പാലിക്കുക.

5.വിറ്റാമിന് വേണ്ടി വെയിൽ കൊള്ളുക

ഭക്ഷണക്രമത്തിൽ കുറച്ച് വിറ്റാമിൻ ഡി ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ് എന്നത് പോലെ തന്നെ സൂര്യപ്രകാശം വീട്ടിലേക്ക് കടക്കുന്നത് അനുവദിക്കുന്നതിനായി വാതിലുകളും ജനലുകളും തുറക്കുന്നതും നിർണായകമാണ്. സൂര്യപ്രകാശം യഥാർത്ഥത്തിൽ വൈറസിനെ നിഷ്‌ക്രിയമാക്കുകയോ അല്ലെങ്കിൽ ശരീരത്തിന് അകത്ത് വരാൻ കഴിയുന്ന വൈറസുകളുടെ ശക്തി പരിമിതപ്പെടുത്തുകയോ ചെയ്യുന്നുവെന്ന് ചില പഠനങ്ങൾ പറയുന്നു. ഒറിഗൺ കോളേജ് ഓഫ് ഡിസൈൻ നടത്തിയ ഒരു പഠനം ഇത് തെളിയിക്കാൻ ലക്ഷ്യമിടുകയാണ്. ഇത് വൈറസിനെ കൊല്ലാനുള്ള ശാസ്ത്ര-പിന്തുണയുള്ള മാർഗ്ഗമല്ലെങ്കിലും, കുറച്ച് സൂര്യപ്രകാശം ലഭിക്കുന്നത് നമ്മുടെ സന്തോഷവും ശുഭാപ്തി വിശ്വാസവും നിലനിർത്തും. ശരീരത്തിനുള്ള വിറ്റാമിൻ ഡിയുടെ പ്രകൃതിദത്ത ഉറവിടമായ സൂര്യപ്രകാശം കൊള്ളുന്നത് ഒരാളുടെ മാനസിക ക്ഷേമത്തിനും നല്ലതാണ്.

കൊറോണ വൈറസ് മഹാമാരി നമ്മേക്കാൾ ഒരു പടി മുന്നിലാണ്, അത് നിയന്ത്രിക്കാൻ നാം എത്രമാത്രം പ്രവർത്തിക്കണം എന്നതിന്റെ മറ്റൊരു സൂചന മാത്രമാണ് സ്ഥലങ്ങൾക്കുള്ളിൽ വായുവിലൂടെ രോഗം പകരുമെന്ന പഠനം. അത് കൊണ്ട് നമ്മുടെ രക്ഷ നമ്മൾ സ്വയം നോക്കിയേ മതിയാകൂ.

Related posts