പ്രതിരോധ ശേഷിയും, ആരോഗ്യവും മെച്ചപ്പെടുത്താന്‍ ഒരുപോലെ സഹായിക്കുന്നതാണ് നാരങ്ങ. വര്‍ഷം മുഴുവന്‍ ലഭ്യമാകുന്നതിനാല്‍ പതിവായി ഉപയോഗിക്കാനും കഴിയും. ശരീരത്തിന്റെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഉയർന്ന നിലയില്‍ നിലനിര്‍ത്തുന്ന നാരങ്ങയില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയത് വിറ്റാമിൻ സിയാണ്. കൂടാതെ ശരീരത്തിന് അത്യാവശ്യമായ ധാതുക്കളായ കാൽസ്യം, മഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ദിവസത്തില്‍ ഒരു തവണ നാരങ്ങാ നീര് ചേര്‍ത്ത ചായ കുടിയ്ക്കുന്നത് ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഏറെ സഹായകരമാണ്. രോഗപ്രതിരോധ ശേഷി മാത്രമല്ല, പ്രത്യുത്പാദന ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഫോളേറ്റ്, ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് നിയന്ത്രിക്കുന്ന പൊട്ടാസ്യം എന്നിവയും ഇതിലടങ്ങിയിട്ടുണ്ട്.
ഊര്‍ജ്ജവും ആരോഗ്യവും നല്കുന്ന ഈ സ്പെഷ്യല്‍ ലെമൺ ടീയുടെ മറ്റ് ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
1.വിഷാംശം നീക്കംചെയ്യുന്നു
നാരങ്ങയിലെ സിട്രിക് ആസിഡിന്റെ അളവ് ഉയർന്നതാണ്, ഇത് കരളിനെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു. രാവിലെ വെറും വയറ്റിൽ നാരങ്ങ ചായ കഴിക്കുന്നത് കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കം ചെയ്യാൻ സഹായിക്കുകയും അതുവഴി ശരീരത്തെ പൂർണ്ണമായും വിഷാംശം ഇല്ലാതാക്കുകയും ചെയ്യും.
2.ദഹനം മെച്ചപ്പെടുത്തുന്നു
നാരങ്ങ ചായയിലെ ചെറിയ അളവ് പഞ്ചാരയും നാരുകളും കുടലിന്റെ ആരോഗ്യത്തെയും ഉപാപചയ പ്രവര്‍ത്തനങ്ങളെയും നല്ല രീതിയിലാക്കും. അതിനാല്‍ ദിവസത്തില്‍ ഒരിക്കല്‍ ആഹാരത്തിന് ശേഷം ഒരു കപ്പ് നാരങ്ങ ചായ കുടിക്കുന്നത് ദഹനത്തെ വലിയ തോതില്‍ മെച്ചപ്പെടുത്തുന്നു.
3.പകർച്ചവ്യാധികളെ തടയുന്നു
ചുമയും, ജലദോഷവും ഉണ്ടെങ്കില്‍ ശരീര വേദന, കഫം തുടങ്ങിയ അസ്വസ്ഥതകളുടെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ അൽപം തേൻ നാരങ്ങ ചായയിൽ ചേർത്ത് ഭക്ഷണത്തിനു ശേഷം കഴിയ്ക്കാം. നാരങ്ങ സത്തിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും തേനിന്റെ ഗുണങ്ങളും കെട്ടിനില്‍ക്കുന്ന കഫം ഫലപ്രദമായി ഒഴിവാക്കും. പല പകർച്ചവ്യാധികളിൽ നിന്നും, പ്രത്യേകിച്ച് മൺസൂണിൽ നിന്ന് വേഗത്തിൽ രക്ഷ നേടാന്‍ ഇത് പതിവായി കഴിയ്ക്കുന്നത് സഹായിക്കും.
4.ചർമം മെച്ചപ്പെടുത്തുന്നു
ചർമ്മത്തിലെ കോശങ്ങൾ നീക്കം ചെയ്യാനും മുഖത്തെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്ന ഘടകങ്ങളാൽ സമ്പുഷ്ടമാണ് നാരങ്ങ ചായ. മാത്രമല്ല, മുഖക്കുരു, മുഖക്കുരുവിന്റെ തുടര്‍ച്ചയായുണ്ടാകുന്ന കലകള്‍ എന്നിവയെ ഫലപ്രദമായി പ്രതിരോധിക്കാനും ചർമ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്ന ആൻറി-ഇൻഫ്ലമേറ്ററി ഘടകങ്ങളും ഇതിലുണ്ട്.
5.ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നു
നാരങ്ങയിലടങ്ങിയ ഹെസ്പെരിഡിൻ, ഡയോസ്മിൻ എന്നിവയിൽ അടങ്ങിയിരിക്കുന്ന പ്ലാന്റ് ഫ്ലവനോയ്ഡുകൾക്ക് കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള കഴിവുണ്ട്. മാത്രമല്ല, ഹൃദയ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവും ഉണ്ടാകുന്നത് തടയുകയും ഹൃദയാരോഗ്യത്തെ വളരെയധികം വർദ്ധിപ്പിക്കുകയും ചെയ്യും.
6.പോസ്റ്റ്- ഓപ്പറേറ്റീവ് എഡിമ സുഖപ്പെടുത്തും
ഏതെങ്കിലും ശസ്ത്രക്രിയയ്ക്കു ശേഷം, ടിഷ്യൂകൾക്കിടയിൽ രക്തവും ദ്രാവകങ്ങളും ഉണ്ടാകുന്നത് ശരീരത്തിലുട നീളം വളരെയധികം വേദനക്കും പ്രശ്നങ്ങള്‍ക്കും കാരണമാകും. ഇത് പോസ്റ്റ്-ഓപ്പറേറ്റീവ് എഡിമ എന്നറിയപ്പെടുന്നു. നാരങ്ങ ചായയിൽ, ആന്റിഓക്സിഡന്റുകൾ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് ഏതെങ്കിലും മരുന്നുകള്‍ തുടര്‍ച്ചയായി കഴിച്ചതിന്റെ ഭാഗമായി ശരീരത്തിലടിഞ്ഞു കൂടിയ അനാവശ്യ ഘടകങ്ങളുടെ ശേഖരണം നീക്കംചെയ്യാനും ശരീരത്തിൽ തടസ്സമില്ലാത്ത രക്തയോട്ടം ഉറപ്പാക്കാനും സഹായിക്കുന്നു.
7.മോണയിൽ വീക്കം പരിഹരിയ്ക്കും
ചെറുനാരങ്ങ ചായയിലെ വിറ്റാമിൻ സി, സിട്രിക് ആസിഡ് എന്നിവയുടെ അളവ് സ്വാഭാവികമായും ഉയർന്നതാണ്. ഒരു ഗ്ലാസ് ചൂട് നാരങ്ങ ചായ വേദന ഒഴിവാക്കാനും സഹായിക്കും. വീർത്ത മോണകളിലെ നീര് കുറയ്ക്കുന്നതിനും സാധാരണ നിലയിലാക്കുന്നതിനും ഇത് ഫലപ്രദമായ ഒരു വീട്ടുവൈദ്യമാണ്.
8.മൈഗ്രെയിന് ശമിപ്പിക്കുന്നു
നാരങ്ങ ചായയിലെ ആന്റിഓക്സിഡന്റുകൾ തലവേദന തൽക്ഷണം ശമിപ്പിക്കും. മാത്രമല്ല നിരന്തരമായ മൈഗ്രെയിന് പ്രശനങ്ങള്‍ക്ക് അത്ഭുതകരമായ പ്രകൃതിദത്ത പരിഹാരം കൂടിയാണിത്. ഇതിലെ പോളിഫെനോൾ സംയുക്തങ്ങൾ ദോഷകരമായ ഫ്രീ റാഡിക്കലുകളെയും തല, മുഖം എന്നിവയിലെ വീക്കങ്ങളെയും ഇല്ലാതാക്കുകയും ചെയ്യുന്നു. അതുവഴി ക്ഷീണം, അലസത, വേദന, നല്ലതല്ലാത്ത മാനസികാവസ്ഥ എന്നിവയില്‍ നിന്ന് രക്ഷ നല്‍കുകയും ചെയ്യുന്നു.
9.രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു
നാരങ്ങ ചായയിലെ പ്രധാന ചേരുവകളാണ് നാരങ്ങ നീര്, തേയില, എന്നിവ. ഇവയില്‍ അടങ്ങിയ ഘടകങ്ങള്‍ പാൻക്രിയാസ് ഇൻസുലിൻ സിന്തസിസ് മെച്ചപ്പെടുത്തുന്നതിനും, ശരീരത്തിലെ ഹോർമോൺ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും, സന്തുലിതമാക്കുന്നതിനും സഹായിക്കുന്നു. ഇത് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിക്കുന്നത് നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ വിശപ്പ് നിയന്ത്രിക്കുകയും ഒപ്റ്റിമൽ മെറ്റബോളിസം സംരക്ഷിക്കുകയും ചെയ്യുന്നു.
10.വിഷാദവും ഉത്കണ്ഠയും ഇല്ലാതാക്കുന്നു
തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് ശ്രദ്ധേയമായ ഗുണങ്ങൾ നാരങ്ങ ചായയിലുണ്ട്. മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഓര്മ ശക്തി ഉയർത്തുന്നതിനും അതുവഴി വിഷാദം, ഉത്കണ്ഠ തുടങ്ങിയവയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ആമാശയം, കരൾ, ഹൃദയം എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഏറെ ഉപകാരപ്രദമാണ്. കൂടാതെ ധാരാളം ഫ്ലേവനോയ്ഡുകൾ, ചെമ്പ്, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് നാരങ്ങാ ചായ.
ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നതിൻ്റെ ഭാഗമായി ഈ പാനീയം കൂടി ഭക്ഷണത്തിൽ ഉൾപ്പെടുത്തി ജീവിതം കൂടുതൽ ആരോഗ്യകരമാക്കാം.