Nammude Arogyam
Covid-19

കൊവിഡ് ബാധിച്ച് വീട്ടില്‍ കഴിയുന്നവര്‍ക്ക് പെട്ടെന്ന് ശ്വാസം മുട്ടലുണ്ടായാല്‍ ചെയ്യേണ്ടതെന്ത്?

ഇന്ത്യയില്‍ കൊവിഡ് പടര്‍ന്നതിനാല്‍ തന്നെ എല്ലാവര്‍ക്കും ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സ ലഭ്യമായെന്നു വരില്ല. കൊവിഡ് വൈറസ് ശ്വാസകോശത്തേയാണ് കൂടുതല്‍ ആക്രമിയ്ക്കുന്നത്. ഇത് ന്യൂമോണിയ പോലുളള അവസ്ഥകളിലേയ്ക്ക് നീങ്ങുകയും, രക്തത്തിലേയ്ക്ക് ഓക്‌സിജന്‍ ലഭിയ്ക്കാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്യും. ഓക്‌സിജന്‍ കുറഞ്ഞാല്‍ ശരീരത്തിന്റെ എല്ലാ അവയവങ്ങളേയും ദോഷമായി ബാധിക്കും. രോഗി അപകടത്തിലേയ്ക്ക് വീഴുകയും ചെയ്യും.

കാര്യമായ പ്രശ്‌നങ്ങളില്ലാത്ത പലരും വീട്ടില്‍ തന്നെയാണ് തുടരുന്നത്. അത്തരക്കാർക്ക് കൃത്യമായ ശ്രദ്ധ ആവശ്യമാണ്. പ്രത്യേകിച്ചും രക്തത്തിലെ ഓക്‌സിജന്‍ കുറയുന്നുവോയെന്ന് തിരിച്ചറിയണം. ഇതിനായി ഒരു ഓക്‌സിമീറ്റര്‍ വാങ്ങി സൂക്ഷിയ്ക്കുന്നതും ഇടയ്ക്കിടെ ഓക്‌സിജന്‍ പരിശോധിയ്ക്കുന്നതും നല്ലതാണ്.

കൊവിഡിലെ അപകടാവസ്ഥ എന്നു പറയുന്നത്, നേരിടാന്‍ നമുക്കു എന്തു ചെയ്യണം എന്നറിയാതെ വരുന്നതാണ്. ചിലപ്പോള്‍ യാതൊരു പ്രശ്‌നവുമില്ലാത്തവര്‍ക്ക് പെട്ടെന്നായിരിയ്ക്കും പ്രശ്‌നമുണ്ടാകുന്നത്. 95-100 വരെയാണ് ഓക്‌സിജന്‍ വേണ്ടത്. ഓക്‌സിജന്‍ കുറഞ്ഞാൽ തല കറക്കം, ശ്വാസംമുട്ട്, വിയര്‍പ്പ്, സംസാരിയ്ക്കാന്‍ കഴിയാത്ത അവസ്ഥ എന്നിങ്ങനെ പല അവസ്ഥകളുമുണ്ടാകും. ഇത്തരം അവസ്ഥ വന്നാല്‍ ഓക്‌സിജന്റെ അളവ് കാര്യമായി പരിശോധിയ്ക്കുക തന്നെ വേണം.

ആരോഗ്യമുള്ള ഒരാള്‍ക്ക് ശ്വാസമെടുക്കുമ്പോള്‍ ശ്വാസകോശത്തിന്റെ ചെറിയ അറകളിലേയ്ക്ക് ഓക്‌സിജന്‍ എത്തിപ്പെടുന്നു. എന്നാല്‍ കോവിഡ് വരുമ്പോള്‍ കഫവും പഴുപ്പും കാരണം വേണ്ട രീതിയില്‍ ഓക്‌സിജന്‍ ഇത്തരം അറകളിലേയ്ക്ക് അഥവാ അല്‍വിയോളയിലേയ്ക്ക് എത്തിക്കാന്‍ സാധിയ്ക്കുന്നില്ല. ഓക്‌സിജന്‍ കുറഞ്ഞ അവസ്ഥ വന്നാല്‍ ഒരാളെ നിവര്‍ത്തി കമഴ്ത്തിക്കിടത്തുക. തല അല്‍പം മുകളിലേയ്ക്കാക്കുക. അതായത് തലയിണ വച്ചോ അല്ലെങ്കില്‍ കൈകള്‍ കൂട്ടിപ്പിണച്ച് ഇതില്‍ മുഖം, തല വച്ചു കിടക്കുക. പിന്നീട് ശക്തിയായി ശ്വാസമെടുക്കാന്‍ പറയുക. ഇതിന് പ്രോണ്‍ വെന്റിലേഷന്‍ എന്നാണ് പറയുക. ശ്വാസകോശത്തിന്റെ ശക്തി, കഴിവ് വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒന്നാണിത്. ഓക്‌സിജന്‍ കൂടുതല്‍ രക്തത്തിലേയ്ക്ക് എത്തിക്കാനുള്ള ഒരു വ്യായാമം കൂടിയാണിത്.

കൊവിഡ് രോഗികള്‍ മലര്‍ന്നോ നിവര്‍ന്നോ കിടക്കുമ്പോള്‍, നില്‍ക്കുമ്പോള്‍ ശ്വാസകോശത്തിന്റെ അടിഭാഗത്തേയ്ക്കാണ് പഴുപ്പും മററും വന്നടിയുന്നത്. അതേ സമയം കമഴ്ത്തിക്കിടത്തിയാല്‍ അല്‍വിയോളെ കൂടുതല്‍ വികസിയ്ക്കാന്‍ കാരണമാകുന്നു. ഇതിലൂടെ ഓക്‌സിജന്‍ കൂടുതല്‍ ലഭ്യമാകും.

കൊവിഡ് പൊസറ്റീവായ പലര്‍ക്കും യാതൊരു ലക്ഷണവുമുണ്ടാകില്ല. ഇത്തരക്കാർക്കും ശ്വാസകോശത്തിന്റെ ശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ ഈ വ്യായാമം നല്ലതാണ്. ഇതിനായി ശ്വാസം കഴിവതും ഉള്ളിലേയ്‌ക്കെടുക്കുക. ഇത് കഴിവതും സമയം ഉള്ളിലേയ്ക്കാക്കി പിടിയ്ക്കുക. പിന്നീട് പതുക്കെ പുറത്തേക്ക് വിടുക, അതായത് നിശ്വസിയ്ക്കുക. ഇത് സാധാരണക്കാര്‍ക്കും ശ്വാസകോശത്തിന്റെ ശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ നല്ലതാണ്. ഇത് പ്രത്യേകിച്ചും പൊസറ്റീവായ രോഗികള്‍ ചെയ്യണം. സാധാരണ കൊവിഡ് രോഗികള്‍ക്കും കമഴ്ത്തിക്കിടത്തിയുള്ള പ്രോണ്‍ വ്യായാമം ചെയ്യാം.

ഒരാള്‍ക്ക് രക്തത്തില്‍ ഓക്‌സിജന്‍ കുറവെങ്കില്‍, മുകളിൽ പറഞ്ഞ വ്യായാമം ചെയ്യുക. ഇതിനോടൊപ്പം രക്തത്തിലെ ഓക്‌സിജന്‍ തോത് ഇടയ്ക്കിടെ പരിശോധിച്ചു കൊണ്ടിരിയ്ക്കുക. കൂടാതെ ആശുപത്രിയില്‍ എത്തിയ്ക്കാനുള്ള നടപടികള്‍ ഉടന്‍ ചെയ്യുക.

Related posts