കൊറോണ നമ്മുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ ചില്ലറയൊന്നുമല്ല, ഇതിന്റെ ഭാഗമായി മാസ്ക് നമ്മുടെയൊക്കെ ജീവിതത്തിന്റെ ഭാഗമായിട്ട് മാസങ്ങളായി. കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന് മാസ്ക് എത്രമാത്രം പ്രാധാന്യമർഹിക്കുന്നതാണ് എന്ന വസ്തുത നമുക്കെല്ലാവർക്കുമറിയാം. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നത് പോലും ഇന്ന് പിഴ ഈടാക്കുന്ന ഒരു കുറ്റമായി മാറിക്കഴിഞ്ഞിരിക്കുന്നു.
നമ്മൾ ഒരു കുടുംബത്തിൽ താമസിക്കുമ്പോൾ സ്വന്തം വസ്തുവകകൾ തമ്മിൽ പരസ്പരം പങ്കുവയ്ക്കുന്നത് സാധാരണമാണ്. മൂന്ന് നേരം കഴിക്കുന്ന ഭക്ഷണങ്ങൾ മുതൽ വസ്ത്രങ്ങളും സൗന്ദര്യവർദ്ധക വസ്തുക്കളും വരെ നമ്മോടൊപ്പം ഉള്ള ആളുടെ ആവശ്യകതകൾക്കനുസരിച്ച് നൽകാനും, വാങ്ങി ഉപയോഗിക്കാനുമെല്ലാം ആരും മടി കാട്ടാറില്ല. ഇവയൊക്കെ പങ്കുവെയ്ക്കുന്നത് പോലെ മാസ്ക്കും പങ്കുവയ്ക്കുന്നവരുമുണ്ട്. എന്നാൽ ഈ പ്രവർത്തി നല്ലതല്ല എന്നാണ് വിവിധ പoനങ്ങളിൽ പറയുന്നത്.
മാസ്ക് പങ്കിടുമ്പോൾ
വായയും മൂക്കും മറച്ചു പിടിച്ചുകൊണ്ട് വൈറസ് വ്യാപനത്തെ പ്രതിരോധിക്കുക എന്നതാണ് മാസ്കുകളുടെ പ്രാധമിക ധർമ്മം. ഒരു തവണ ഉപയോഗിച്ച മാസ്കുകൾ നന്നായി കഴുകുകയാണെങ്കിൽപ്പോലും അതിൽ നിന്ന് ബാക്ടീരിയകളും അണുക്കളുമെല്ലാം പൂർണ്ണമായും അകന്ന് പോകണമെന്നില്ല. മറ്റ് ആളുകളുമായി ഇത് പങ്കുവയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതുമെല്ലാം ഒരുപക്ഷേ രോഗവ്യാപനത്തിൻ്റെ തോത് ഉയർത്താനുള്ള സാധ്യതയുണ്ട്.
അതുമാത്രമല്ല, അണുബാധയുടെ സാധ്യത തടയുന്നതിനായി ഉപയോഗിക്കുന്ന മാസ്ക് നമ്മുടെ മൂക്കും വായയും നന്നായി മൂടി വെക്കുന്നതാകണം. ഒരു തവണ നമ്മൾ ഉപയോഗിച്ച മാസ്ക് മറ്റൊരാളുമായി പങ്കിടുമ്പോൾ, അത് അവരുടെ മുഖത്തെ വിസ്തൃതിക്കനുസരിച്ച് വലിച്ചുനീട്ടപ്പെടുകയും വീണ്ടും അടുത്ത തവണ കഴുകി ഉപയോഗിക്കേണ്ട സാഹചര്യം വരുമ്പോൾ അത് നമ്മുടെ മുഖത്തിന് ശരിയായ രീതിയിൽ പൊരുത്തപ്പെടാതിരിക്കുകയും ചെയ്തേക്കാം. തെറ്റായ രീതിയിൽ മുഖത്ത് ഘടിപ്പിച്ച മാസ്ക് നമ്മുക്ക് അണുബാധയേൽക്കാനുള്ള സാധ്യത വർദ്ധിപ്പക്കുന്നതിന് വഴിയൊരുക്കും. രോഗപ്രതിരോധത്തിനായി നാം ഉപയോഗിക്കുന്ന മാസ്കുകൾ സുരക്ഷിതമായ രീതിയിലല്ല ഉപയോഗിക്കുന്നതെങ്കിൽ ഇത് നമുക്ക് തന്നെ വില്ലനായി മാറുന്ന അവസ്ഥകളിലേക്ക് വഴിവെച്ചേക്കാം.
ശ്രദ്ധിക്കേണ്ടതെന്തൊക്കെ
1.എല്ലായിപ്പോഴും നമുക്ക് മാത്രമായി 2-3 മാസ്കുകൾ കയ്യിൽ സൂക്ഷിക്കുന്നത് നല്ലതാണ്. അങ്ങനെയെങ്കിൽ മറ്റ് ആളുകളിൽ നിന്ന് കടം വാങ്ങേണ്ടതിന്റെ ആവശ്യകത ഇല്ലാതാവുന്നു.
2. ഒരു തവണ ഉപയോഗിച്ച മാസ്ക് കഴുകാതെ ഒരിക്കലും വീണ്ടും ഉപയോഗിക്കരുത്.
3.വിണ്ടും ഉപയോഗിക്കുന്നതിന് മുമ്പ് മാസ്ക് ചെറുചൂടുള്ള വെള്ളത്തിൽ കഴുകി വെയിലത്ത് വച്ച് നന്നായി ഉണക്കിയെടുക്കണം.
4. മാസ്ക് ധരിക്കുന്നതിന് മുമ്പും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം
5.മാസ്കിൽ ഇടയ്ക്കിടെ തൊടരുത്.
6.തെറ്റായ രീതിയിൽ മാസ്ക് ധരിക്കുന്നത് ഒഴിവാക്കുക
7.സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്തുകയും താടിയില്‍ വെയ്ക്കുകയും ചെയ്യരുത്.
പരസ്പരം സാധനങ്ങൾ കൈമാറാം, പക്ഷെ മാസ്ക് പോലോത്ത സാധനങ്ങൾ കൈമാറുമ്പോൾ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം.