വ്യായാമം ചെയ്യുന്നത് ദിവസത്തിലെ ഏത് സമയത്താണെങ്കിലും ശരീരത്തിന് പ്രയോജനകരമാണെന്ന് എല്ലാവർക്കും വ്യക്തമായി അറിയാവുന്ന കാര്യമാണ്. നടത്തവും അക്കൂട്ടത്തിൽ ഏത് സമയത്തും ചെയ്യാൻ കഴിയുന്ന പ്രധാന വ്യായാമങ്ങളിൽ ഒന്നുതന്നെ. കൂടുതൽ ആളുകളും നടക്കാനായി അതിരാവിലെയുള്ള സമയമാണ് തിരഞ്ഞെടുക്കുന്നത്. എന്ത് കൊണ്ടായിരിക്കും കൂടുതൽ ആളുകളും നടക്കുന്നതിന് രാവിലത്തെ സമയം തിരഞ്ഞെടുക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും?
ദിനചര്യയിൽ വ്യായാമം ചെയ്യാൻ ഏറ്റവും എളുപ്പമുള്ള സമയം കൂടിയാണ് പ്രഭാത സമയം. തടസ്സങ്ങൾ കുറവായതിനാൽ തന്നെ പ്രഭാത നടത്തം ഏറ്റവും എളുപ്പകരമായിരിക്കും. പ്രഭാതത്തിൽ വാഹനഗതാഗതങ്ങളും വായു മലിനീകരണവും പൊതുവേ കുറവായിരിക്കും. അത്കൊണ്ട് ഈ സമയത്ത് ശുദ്ധവായു വേണ്ടുവോളം ലഭിക്കുകയും ചെയ്യും. അന്തരീക്ഷ താപനിലയും ഈ സമയങ്ങളിൽ മികച്ചതായിരിക്കും. അതിനാൽ തന്നെ രാവിലെ വ്യായാമം ചെയ്യാൻ ഏറ്റവും സുഖപ്രദമായ സമയമാണ്. രാവിലെയുള്ള വ്യായാമ സമയം വൈകുന്നേരങ്ങളെ അപേക്ഷിച്ച് ഒരാളിലെ സഹിഷ്ണുതാ അളവിനെ മെച്ചപ്പെടുത്തുമെന്നും പഠനങ്ങൾ പറയുന്നു. ഇത് കൂടാതെ മറ്റു ചില ഗുണങ്ങൾ കൂടിയുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
1.കൂടുതൽ ഉന്മേഷവും ഊർജസ്വലതയും ലഭിക്കുന്നു
ദിവസത്തിലെ ഏത് സമയത്തു നടന്നാലും അത് ശരീരത്തിൽ നല്ല ഗുണങ്ങൾ മാത്രമേ നൽകുകയുള്ളൂ. എന്നിരുന്നാൽ തന്നെയും ഈ വ്യായാമത്തിൽ നിന്നും ലഭിക്കുന്ന ഗുണങ്ങൾ ഇരട്ടിയാക്കണം എന്ന് ആഗ്രഹിക്കുന്നതെങ്കിൽ നടത്ത സമയം രാവിലത്തേക്ക് മാറ്റുന്നതാണ് നല്ലത്. അതിരാവിലെ ചെയ്യുന്ന ഈ വ്യായാമത്തിൽ നിന്ന് ലഭിക്കുന്ന ഊർജ്ജവും ഉന്മേഷവും ദിവസം മുഴുവൻ നമ്മുടെ കൂടെ ഉണ്ടാവും. മനസ്സിനും ശരീരത്തിനും ഉന്മേഷം ലഭിക്കുന്നത് വഴി ഏകാഗ്രത വർദ്ധിപ്പിക്കാൻ കഴിയുകയും ചെയ്യും. എത്ര കഠിനമായ പ്രശ്നങ്ങളേയും നേരിടാനും ഏറ്റെടുക്കാനുമുള്ള മനശക്തി നമുക്ക് ലഭിക്കുകയും ചെയ്യും.
2.ജീവിതശൈലി രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു
പ്രമേഹം, തൈറോയ്ഡ്, രക്താതിമർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുടെ ലക്ഷണങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് പ്രഭാത നടത്തം വളരെയധികം ഗുണം ചെയ്യുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഉയർന്ന അളവിലുള്ള ട്രൈഗ്ലിസറൈഡുകളും കുറഞ്ഞ അളവിലുള്ള എച്ച്ഡിഎൽ കൊളസ്ട്രോളും ഉള്ള ഇത്തരം രോഗങ്ങളുടെ സംയോജനം മെറ്റബോളിക് സിൻഡ്രോമിലേക്ക് നയിക്കുന്നു, ഇതെല്ലാം ഹൃദ്രോഗത്തിന് വരേ കാരണമാകുന്നവയാണ് എന്ന് പറയപ്പെടുന്നു. ഒരു ആഴ്ചയിൽ രാവിലെ മൂന്ന് മണിക്കൂറെങ്കിലും നടത്തം പോലുള്ള എയ്‌റോബിക് വ്യായാമത്തിൽ ഏർപ്പെടുന്നത് മെറ്റബോളിക് സിൻഡ്രോം അടക്കമുള്ള രോഗങ്ങളുടെ സാധ്യത 50 ശതമാനം കുറയ്ക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.
3.രക്തത്തിലെ ഷുഗർ ലെവൽ നിയന്ത്രിക്കുന്നു
പ്രമേഹ രോഗിയാണെങ്കിൽ, എല്ലാ ദിവസവും രാവിലെ 30 മിനിറ്റെങ്കിലും നടത്തം ശീലമാക്കേണ്ടതുണ്ട്. പ്രഭാത സമയത്തെ ഉന്മേഷ പൂർണമായ നടത്തത്തിലൂടെ നമ്മുടെ രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനാവും. രക്തത്തിലെ ഗ്ലൂക്കോസിനെ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാൻ നടത്തം എന്ന വ്യായാമം നമ്മളെ സഹായിക്കുന്നു. ഒരാളുടെ ശരീരഭാരം കുറഞ്ഞത് 10 ശതമാനമെങ്കിലും കുറയ്ക്കുന്നതിലൂടെ പ്രമേഹത്തെ ഒരു പരിധിവരെ നിയന്ത്രിക്കാനാവും. നമ്മുടെ ശരീരത്തിലെ കലോറി വലിയ രീതിയിൽ കത്തിച്ചു കളയാൻ സഹായിക്കുന്ന പ്രഭാത നടത്ത വ്യായാമം ഇവിടെയും വളരെയധികം സഹായമാണ്.
ശരീരത്തിലെ മെറ്റബോളിസം നില മെച്ചപ്പെടുത്താൻ ഈയൊരു പ്രഭാത വ്യായാമം സഹായിക്കുമെന്ന് എന്ന് പല ഗവേഷണങ്ങളും ശുപാർശ ചെയ്യുന്നു. മികച്ച ഒരു കാർഡിയോ വ്യായാമമാണ് നടത്തം. ഇത് രാവിലെ ചെയ്യുന്നതു വഴി ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കഴിയും. രാവിലത്തെ പ്രഭാതഭക്ഷണത്തിനു ശേഷമുള്ള ദഹനപ്രക്രിയയെ കൂടുതൽ മികച്ചതാക്കാനും ഇതുവഴി സാധിക്കും.
4.വിഷാദം കുറയുന്നു
ദിവസവും അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വേഗത്തിൽ നടക്കുന്ന ശീലം വിഷാദരോഗം ബാധിച്ചവരെ നല്ല രീതിയിൽ സ്വാധീനിക്കുന്നു എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നമ്മുടെ ഓർമ്മശക്തിയെ പരിരക്ഷിക്കുന്നതിനും, വൈജ്ഞാനിക കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും നടത്തം സഹായിക്കും. നടക്കുമ്പോൾ നമ്മുടെ തലച്ചോറിലേക്കുള്ള ഓക്സിജന്റെയും രക്തത്തിന്റെയും തിരക്ക് തലച്ചോറിനെ ജാഗ്രതപ്പെടുത്തുകയും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 60 വയസ്സിനു മുകളിലുള്ളവരെല്ലാം പ്രഭാത നടത്തം ശീലമാക്കുന്നത് വഴി പ്രായമാകുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ബന്ധപ്പെട്ട ഓർമ്മശക്തി കുറവിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് പറയപ്പെടുന്നു.
5.മാനസിക ക്ഷേമം മെച്ചപ്പെടുത്തുന്നു
പ്രഭാത നടത്തം സന്തോഷം നൽകുകയും ദിവസത്തിൽ ഉടനീളം ഒരു പോസിറ്റീവ് ടോൺ സജ്ജമാക്കുകയും ചെയ്യുന്നു. പ്രഭാത നടത്തം മാനസിക ക്ഷേമത്തെ മെച്ചപ്പെടുത്തുന്നു എന്നതിനെ സാധൂകരിക്കുന്ന നിരവധി തെളിവുകളുണ്ട്. ഈ വ്യായാമം എൻഡോർഫിനുകളെ പുറപ്പെടുവിക്കുന്നു. നമ്മുടെ മാനസികാവസ്ഥ വർദ്ധിപ്പിക്കുന്ന സന്തോഷകരമായ ഹോർമോണുകളാണിവ. ഇതിൽ നിന്നു ലഭിക്കുന്ന ഊർജ്ജം ദിവസം മുഴുവനും നമ്മളെ പുനരുജ്ജീവിപ്പിക്കുന്നു.
6.ഹൃദയത്തെ ശക്തമാക്കുന്നു
പ്രഭാത നടത്തത്തിനായി പതിവായി പോകുന്നതിലൂടെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാനാകും എന്ന് പറയപ്പെടുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ അഭിപ്രായത്തിൽ, എല്ലാ ദിവസവും 30 മിനിറ്റ് നേരം വേഗത്തിൽ നടക്കുന്നതിലൂടെ ഹൃദ്രോഗവും ഹൃദയാഘാതവും ഉണ്ടാകാനുള്ള സാധ്യതകളെ ഒരു പരിധിവരെ കുറയ്ക്കാനാവും. രക്തസമ്മർദ്ദവും ട്രൈഗ്ലിസറൈഡിന്റെ അളവും കുറയ്ക്കുന്നതിനും ദോഷകരമായ എൽഡിഎൽ കൊളസ്ട്രോളുകളെ ഇല്ലാതാക്കുന്നതിനുമെല്ലാം അര മണിക്കൂർ നീണ്ട ഈ സുവർണ്ണ പ്രഭാതവ്യായാമം സഹായിക്കും. വീടിന് പുറത്താണ് നടക്കുന്നതെങ്കിൽ നടക്കാൻ സുഖപ്രദമായ ഒരു റൂട്ട് ഇതിനായി തിരഞ്ഞെടുക്കുക. തകർന്ന ഫുട്പാത്തുകളും കുഴികളുള്ള റോഡുകളുമെല്ലാം കഴിവതും ഒഴിവാക്കുക.
എത്ര നേരം നടക്കണമെന്നത് ഓരോ വ്യക്തികളുടെയും ആരോഗ്യ സ്ഥിതിയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും എല്ലായ്പ്പോഴും ആരോഗ്യത്തോടെയിരിക്കാൻ ദിവസവും കുറഞ്ഞത് 30 മിനിറ്റ് വേഗതയുള്ള നടത്തം ശീലമാക്കണമെന്ന് ഡോക്ടർമാർ ശുപാർശ ചെയ്യുന്നു. ഒരു പക്ഷെ ആദ്യം നടന്ന തുടങ്ങുമ്പോൾ ശാരീരിക വല്ലായ്മ ഒക്കെ അനുഭവപ്പെട്ടേക്കാം. ദീർഘനേരം നടത്തം തുടരാൻ കഴിയുന്നില്ലെന്ന് തോന്നുകയാണെങ്കിൽ, തുടക്കത്തിൽ, ചെറിയ ലക്ഷ്യങ്ങൾ നൽകാൻ ശ്രമിക്കുക. അതായത് 10 മുതൽ 15 മിനിറ്റ് വരെ ആദ്യം നടക്കാൻ ശ്രമിക്കുക. സമയം ക്രമേണ വർദ്ധിപ്പിച്ചു കൊണ്ടുവരികയും ചെയ്യാം.
ആരോഗ്യകരമായ ദിനാരംഭത്തിന് മോണിങ്ങ് വാക്ക് വളരെയധികം നല്ലതാണ്. ദിനചര്യയിൽ പ്രഭാത നടത്തം ചെയ്യാനായി വിലയേറിയ മെഷീനുകളോ ഫിറ്റ്നസ് സെൻ്ററിലെ അംഗത്വമോ ഒന്നും തന്നെ ആവശ്യമില്ല. ഇത് ആരംഭിക്കാൻ ആകെ വേണ്ടത് കുറച്ച് പ്രചോദനവും ഒരു ജോഡി റണ്ണിങ്ങ് ഷൂസുകളും മാത്രമാണ്. അത് കൊണ്ട് തന്നെ നല്ല ആരോഗ്യത്തിനായി വ്യായാമത്തിൻ്റെ കൂടെ പ്രഭാത നടത്തവും കൂടി ഉൾപ്പെടുത്താൻ കഴിവതും ശ്രമിക്കുക.