കുട്ടികളുടെ ചിരി എല്ലാവർക്കും അതിയായ സന്തോഷമാണ്. പക്ഷേ ചിലപ്പോൾ അവരുടെ പല്ലുകൾ ശരിയായ നിരയിൽ വളരാതെ, ഒരുമിച്ചു തിരക്കിനിൽക്കുന്നതോ, മുന്നോട്ട് വന്നിരിക്കുന്നതോ, ചിലപ്പോൾ പിന്നിലേക്ക് പോയതോ കാണാം. ഇതൊക്കെ കുട്ടിയുടെ ചിരിയുടെ സൗന്ദര്യത്തെയും, ആത്മവിശ്വാസത്തെയും മാത്രമല്ല, വായിന്റെ ആരോഗ്യത്തെയും ബാധിക്കും.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ശരിയാക്കാനാണ് ഓർത്തോഡോണ്ടിക് ട്രീറ്റ്മെന്റ്, പൊതുവേ അറിയപ്പെടുന്നത് പോലെ ബ്രേസ്സ് അല്ലെങ്കിൽ പല്ല് കെട്ടുക എന്നൊക്കെയാണ്. എന്നാൽ രക്ഷിതാക്കളുടെ മനസ്സിൽ പതിവായി ഉയരുന്ന ഒരു സംശയം ഉണ്ട് – “ബ്രേസ്സ് ഇടാൻ ഏറ്റവും നല്ല പ്രായം എപ്പോഴാണ് ?” എന്നത്.

കുട്ടികൾക്കുള്ള ഏറ്റവും നല്ല സമയം
വിദഗ്ധർ പറയുന്നത് 9 മുതൽ 14 വയസ്സ് വരെ ആണ് ബ്രേസ്സ് ഇടാൻ ഏറ്റവും അനുയോജ്യമായ പ്രായം.
- ഈ കാലയളവിൽ കുട്ടികളുടെ പാലുപല്ലുകൾ മാറി സ്ഥിരപല്ലുകൾ വരുന്നു.
- താടി ഭാഗത്തിന്റെ വളർച്ച ഘട്ടമാണ് ഈ സമയം, അതിനാൽ ഈ സമയത് ബ്രേസസ് ചെയ്യുന്നത് പല്ലുകൾക്ക് ശരിയായ സ്ഥാനം നൽകുവാൻ സഹായകമാകും.
- ചികിത്സ കാലയളവും കുറവായിരിക്കും, ഫലവും നല്ലതായിരിക്കും.
അതായത്, കുട്ടിയുടെ വളർച്ചാ ഘട്ടത്തിൽ തന്നെ ഇടപെടുമ്പോൾ പ്രശ്നങ്ങൾ വലിയതാകുന്നതിന് മുൻപേ തന്നെ ശരിയാക്കാൻ കഴിയും.
ആദ്യ പരിശോധനയുടെ പ്രാധാന്യം
ചില രക്ഷിതാക്കൾക്ക് തോന്നാം – “14 വയസ്സ് വരെയെങ്കിലും കാത്തിരുന്ന് നോക്കാം”. പക്ഷേ അത് ശരിയായ രീതിയല്ല. 7 വയസ്സിനുള്ളിൽ തന്നെ ഒരു ഡെന്റൽ പരിശോധന നടത്തണം.
- ബ്രേസ്സ് ഉടനെ ഇടേണ്ട അവസ്ഥ ഇല്ലെങ്കിലും,
- ഡോക്ടർ പല്ലുകളുടെ നിര, താടി വളർച്ച, ഇടിവുകൾ, മുന്നോട്ടോ പിന്നോട്ടോ ഉള്ള തെറ്റുകൾ എന്നിവ വളരെ നേരത്തെ തിരിച്ചറിയും.
- നേരത്തെ കണ്ടുപിടിച്ചാൽ ചികിത്സ ചെലവും സമയവും കുറയ്ക്കാൻ കഴിയും.
മുതിർന്നവർക്കും ബ്രേസ്സ് ഇടാമോ?
ഇന്നത്തെ കാലത്ത് വലിയവർക്കും ബ്രേസ്സ് ഇടുന്നത് സാധാരണമാണ്. clear aligners പോലുള്ള പുതിയ രീതികൾ വന്നതിനാൽ treatment കൂടുതലായി ശ്രദ്ധേയമാകാറില്ല. എന്നാൽ കുട്ടികളേക്കാൾ കുറച്ച് വൈകിയും, ചിലപ്പോൾ കൂടുതൽ ചെലവോടെയും ഫലം ലഭിക്കാം. എങ്കിലും, മുതിർന്നവർക്കും ഈ ചികിത്സ ചെയ്യാം.
വൈകിയാൽ എന്തൊക്കെ പ്രശ്നങ്ങൾ?
ബ്രേസസ് ഇടാതെ വിട്ടാൽ, പിന്നീട് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും:
- ആത്മവിശ്വാസം കുറയാം.
- ഭക്ഷണം കടിച്ചു തിന്നാൻ ബുദ്ധിമുട്ട് വരാം.
- വായിൽ പല്ലുകൾ ഉരസി പോകൽ, പഴുപ്പ്, മോണ രോഗങ്ങൾ വരാൻ സാധ്യത.
- ചിലപ്പോൾ താടി വേദന, തലവേദന, ചുണ്ടിന്റെ വേദന പോലുള്ള മറ്റു അനുബന്ധ പ്രശ്നങ്ങളും വരാം.
രക്ഷിതാക്കൾ അറിയേണ്ടത്
- കുട്ടിക്ക് 7 വയസ്സ് കഴിഞ്ഞാൽ തന്നെ ഡെന്റൽ പരിശോധന നടത്തുക.
- ഡോക്ടർ നിർദ്ദേശിച്ചാൽ 9–14 വയസ്സിൽ ബ്രേസ്സ് തുടങ്ങാൻ തയ്യാറാവുക.
- കുട്ടികൾക്ക് ബ്രേസ്സ് ഇടുമ്പോൾ ബ്രഷിംഗ്, ഭക്ഷണശീലങ്ങൾ വളരെ ശ്രദ്ധിക്കണം.
- ഡോക്ടറുടെ ക്രമമായ പരിശോധനകൾ നഷ്ടപ്പെടുത്താതിരിക്കുക.
7 വയസ്സിൽ തന്നെ പരിശോധന നടത്തുന്നത് കുട്ടിയുടെ ഭാവി ആരോഗ്യത്തിനും ചിരിയുടെ സൗന്ദര്യത്തിനും ഏറെ സഹായിക്കും. കുട്ടികളുടെ ആത്മവിശ്വാസം ഉയർത്താനും, ആരോഗ്യകരമായ ജീവിതം നൽകാനും, ഒരു ചെറിയ മുൻകരുതൽ വലിയൊരു മാറ്റം സൃഷ്ടിക്കും.