പ്രായം കൂടുന്നതിനനുസരിച്ച് നമ്മുടെ ആരോഗ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വരുന്നു. അതുപോലെ തന്നെയാണ് കണ്ണിന്റെ കാര്യവും. ഒരു പ്രായം കഴിഞ്ഞാല്‍ കണ്ണുകളുടെ പ്രവര്‍ത്തനത്തിലും കുറവുണ്ടാകുന്നു. വാര്‍ദ്ധക്യം കാഴ്ചയുള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. 40 വയസ്സ് കഴിഞ്ഞാല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ചില നേത്ര പ്രശ്നങ്ങളുണ്ട്. 40 വയസ്സിനു ശേഷം വന്നേക്കാവുന്ന ചില സാധാരണ നേത്ര പ്രശ്‌നങ്ങള്‍ ഇവയാണ്.
1.തിമിരം-പുസ്തകം വായിക്കുന്നതിനോ ടിവി കാണുന്നതിനോ പ്രശ്നമുണ്ടെങ്കില്‍ അത് തിമിരമായിരിക്കാം. പ്രായമാകുന്നതിനനുസരിച്ച് കണ്ണിലെ ലെന്‍സ് കൂടുതല്‍ അതാര്യമാകുന്നതിനാലാണ് ഒരാള്‍ക്ക് തിമിര പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.
2.വികലമായ കാഴ്ച-പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്റെ പ്രാരംഭ ഘട്ടത്തിലുള്ള പ്രശ്ങ്ങള്‍ പലപ്പോഴും ആളുകള്‍ അവഗണിക്കും. പ്രായമായവരില്‍ ഇത് കാഴ്ച നഷ്ടപ്പെടാന്‍ കാരണമാകുന്ന ഒന്നാണ്. അതിനാല്‍, മാക്യുലര്‍ ഡീജനറേഷന്‍ ശരിയായ സമയത്ത് കണ്ടെത്തി കൃത്യമായി ചികിത്സിക്കേണ്ടതുണ്ട്.
3.ഡയബറ്റിക് റെറ്റിനോപ്പതി-ടൈപ്പ്-1 അല്ലെങ്കില്‍ ടൈപ്പ്-2 പ്രമേഹമുണ്ടെങ്കില്‍ പ്രായമാകുന്നതനുസരിച്ച് ചിലപ്പോള്‍ ഡയബറ്റിക് റെറ്റിനോപ്പതിയും പിടികൂടിയേക്കാം. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയും ഹൈപ്പര്‍ടെന്‍ഷനും, രക്തക്കുഴലുകളെ ബാധിച്ച് റെറ്റിനയ്ക്ക് കേടുവരുന്നതിനും കാരണമാകുന്നു. അതിനാൽ എല്ലാ വര്‍ഷവും കണ്ണുകള്‍ കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കുക.
4.നേത്ര അലര്‍ജികള്‍-കണ്ണിന് ചുവപ്പ്, നീര്, ചൊറിച്ചില്‍ എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ അത് നേത്ര അലര്‍ജി മൂലമായിരിക്കാം. നേത്ര അലര്‍ജികള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുക.
5.പ്രെസ്ബയോപിയ-40 വയസ്സിനു മുകളിലുള്ള ആളുകള്‍ക്ക് വളരെ സാധാരണമായ കാഴ്ച മാറ്റമാണ് ദൂരക്കാഴ്ച എന്നും വിളിക്കുന്ന പ്രെസ്ബയോപിയ. വായിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ കൂടുതല്‍ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമായി നേത്രരോഗവിദഗ്ദ്ധനെ സമീപിക്കുക
6.പെരിഫറല്‍ കാഴ്ച നഷ്ടം-ഒരു വശത്തു നിന്ന് മറ്റൊരു വശത്തേക്ക് കാഴ്ച കൃത്യമായി ലഭിക്കുന്നില്ലെങ്കില്‍, ഇത് ഗ്ലോക്കോമയുടെ ആദ്യകാല ലക്ഷണമായിരിക്കാം. കണ്ണിനുള്ളിലെ ഉയര്‍ന്ന മര്‍ദ്ദം മൂലമാണ് ഗ്ലോക്കോമ സംഭവിക്കുന്നത്. 40 വയസ്സിനു ശേഷമുള്ള ഏറ്റവും സാധാരണമായ നേത്രരോഗങ്ങളില്‍ ഒന്നാണിത്.
അതിനാല്‍ ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുകയും ഉടനടി വൈദ്യസഹായം തേടുകയും ചെയ്യേണ്ടത് പ്രധാനമാണ്. കൃത്യമായ നേത്രപരിശോധനയിലൂടെ പല രോഗങ്ങളും പെട്ടെന്ന് കണ്ടെത്താനാകും.
40 വയസ്സ് കഴിഞ്ഞാല്‍ കണ്ണിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താനായി ഓരോ 6 മാസത്തിലും നേത്ര പരിശോധന നടത്തുക. ഇത് കാഴ്ച്ചയെ പ്രശ്‌നങ്ങളില്ലാതെ നിലനിര്‍ത്താനും കണ്ണുകളെ ശരിയായി പരിപാലിക്കാനും സഹായിക്കും. കണ്ണുകളിലുണ്ടാകുന്ന ചെറിയ മാറ്റം പോലും നിസ്സാരമായി കാണരുത്. നേത്ര പരിശോധനയ്ക്ക് പുറമേ ആരോഗ്യകരവും നേത്രസൗഹൃദവുമായ ഭക്ഷണക്രമവും പാലിക്കുക. കൂടാതെ ദിവസവും വ്യായാമം ചെയ്യുക.