Nammude Arogyam
WomanGeneral

ജീവിതശൈലി രോഗമായ തൈറോയ്ഡ് പിടിമുറുക്കിയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? What to watch out for if thyroid is a lifestyle disease?

കഴുത്തിന്‍റെ താഴ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു എൻഡോക്രൈൻ ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. തലച്ചോര്‍, ഹൃദയം, പേശികള്‍, മറ്റ് അവയവങ്ങള്‍ എന്നിവയുടെ സാധാരണ പ്രവർത്തനത്തിനും ഊർജ്ജ നിയന്ത്രണത്തിനും അത്യന്താപേക്ഷിതമായ തൈറോയ്ഡ് ഹോർമോണുകളുടെ അസന്തുലിതാവസ്ഥയാണ് ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നത്.

പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് അഞ്ച് മുതൽ എട്ട് മടങ്ങ് വരെ തൈറോയ്ഡ് തകരാറുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതിന് പിന്നിലെ കാരണങ്ങൾ ഇപ്പോഴും പൂർണ്ണമായി വ്യകതമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത് എക്സ് ക്രോമസോമുമായി ബന്ധപ്പെട്ട ഘടകങ്ങൾ, ഹോർമോൺ ഘടകങ്ങൾ, അയോഡിൻ കഴിക്കുന്നത്, സമ്മർദ്ദം, അണുബാധ തുടങ്ങിയ ചില കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് സ്ത്രീകളില്‍ തൈറോയ്ഡ് പ്രശ്നങ്ങള്‍ വര്‍ധിയ്ക്കുന്നത് എന്നാണ്. 60 വയസ്സിനു മുകളിൽ പ്രായമുള്ളവരിലും തൈറോയ്ഡ് രോഗം കൂടുതലായി കണ്ടുവരുന്നു. ടൈപ്പ് 1 പ്രമേഹം, സീലിയാക് രോഗം, പാരമ്പര്യമായി തൈറോയ്ഡ് രോഗമുള്ളവരില്‍ എന്നിങ്ങനെയെല്ലാം രോഗ സാധ്യത കൂടുതലാണ്.

ലോകത്തെ മുഴുവന്‍ കണക്കെടുത്താല്‍ 2-3 ശതമാനം വരെ ഗര്‍ഭിണികളില്‍ തൈറോയ്ഡ് രോഗാവസ്ഥ ബാധിക്കുന്നു. ഈ സമയത്ത് നല്‍കുന്ന ചികിത്സ അപര്യാപ്തമാണെങ്കില്‍ ഗർഭം അലസൽ, ഹൈപെര്‍ടെന്‍ഷന്‍, മറുപിള്ള തടസ്സപ്പെടുത്തൽ, ഭ്രൂണത്തിന്റെ വളർച്ച മുരടിയ്ക്കല്‍ തുടങ്ങി വിവിധ പ്രശ്നങ്ങള്‍ അനുഭവപ്പെടാം.

കുഞ്ഞുങ്ങളെ ഈ അവസ്ഥ ബാധിച്ചാല്‍ ഉടന്‍ ചികിത്സ നല്‍കിയില്ലെങ്കില്‍ അതിഗൗരവകരമായ രീതിയിലുള്ള ന്യൂറോളജിക്കൽ, ഡവലപ്മെൻറ് തകരാറുകൾ ഉണ്ടാകാം. ഹൈപ്പോതൈറോയിഡിസം ബാധിച്ചവരില്‍ കൂടുതല്‍ പേര്‍ക്കും ഈ അവസ്ഥ വളരെ പെട്ടെന്ന് ഭേദമാക്കാൻ കഴിയില്ല, എന്നാല്‍ തൈറോക്സിൻ മാറ്റി സ്ഥാപിക്കുന്നതിലൂടെ ഇത് പൂർണ്ണമായും നിയന്ത്രിക്കാൻ കഴിയും.

ഹൈപ്പർതൈറോയിഡിസം ആണ് തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളില്‍ പ്രധാനം. തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്ന് അമിതമായ അളവില്‍ തൈറോയ്ഡ് ഹോർമോണുകള്‍ ഉദ്പാദിപ്പിയ്ക്കപ്പെടുന്നതാണ് ഹൈപ്പർതൈറോയിഡിസം എന്ന അവസ്ഥ. നിലവില്‍ തൈറോയ്ഡ് സംബന്ധമായ പ്രയാസങ്ങള്‍ അനുഭവിയ്ക്കുന്നവരുടെ എണ്ണം വര്‍ദ്ധിയ്ക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. നേരത്തെ പ്രശ്നങ്ങള്‍ തിരിച്ചറിയുകയും ചികിത്സ തേടുകയും ചെയ്‌താല്‍ രോഗാവസ്ഥ സങ്കീര്‍ണമാകുന്നത് ഒരു പരിധി വരെ മറികടക്കാം. ഹൈപ്പർതൈറോയിഡിസത്തിന്റെ ഏറ്റവും പ്രധാന കാരണം ഗ്രേവ്സ് രോഗമാണ്. രോഗപ്രതിരോധ ശേഷി തൈറോയ്ഡ് ഗ്രന്ഥിയെ ആക്രമിക്കുകയും വളരെയധികം ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക രോഗാവസ്ഥയാണിത്. ഇതിനായി പ്രത്യേക ചികിത്സ നടത്തേണ്ടതാണ്. രോഗം ഭേദമായാലും ഇടയ്ക്കിടെ പരിശോധിയ്ക്കേണ്ടതും അത്യാവശ്യമാണ്.

ഹൈപ്പോതൈറോയ്ഡിസം ആണ് തൈറോയിഡുമായി ബന്ധപ്പെട്ട മറ്റൊരു അവസ്ഥ. തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണിത്.

തൈറോയ്ഡിന്റെ ലക്ഷണങ്ങള്‍

> വേഗത്തിലുള്ള ഹൃദയമിടിപ്പ്

> കുറഞ്ഞ സമയത്തിനുള്ളില്‍ ശരീരഭാരം കുറയുന്നത്

> അസാധാരണമായ രീതിയിലുള്ള കൈ വിറയൽ

> അകാരണമായതും തുടര്‍ച്ചയുമുള്ള അസ്വസ്ഥത

> ഇടയ്ക്കിടെയുള്ള മലവിസർജ്ജനം

> ഉറങ്ങാൻ ബുദ്ധിമുട്ട്

ഇവയാണ് സാധാരണയായി ഹൈപ്പർതൈറോയിഡിസത്തിന്‍റെ ലക്ഷണങ്ങളായി പരിഗണിയ്ക്കുന്നത്. മറ്റ് കാരണങ്ങളില്ലാതെ ഇത്തരം ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിയ്ക്കുന്നുവെങ്കില്‍ തീര്‍ച്ചയായും തൈറോയിഡ് പരിശോധന നടത്തേണ്ടതാണ്. പ്രവർത്തനരഹിതമായ തൈറോയ്ഡ് ഗ്രന്ഥി മൂലമാണ് പ്രധാനമായും തൈറോയ്ഡ് ഹോർമോണുകളുടെ അളവ് വര്‍ധിച്ച് ഹൈപ്പോതൈറോയിഡിസമായി മാറുന്നത്. മുതിര്‍ന്നവരില്‍ പത്തില്‍ ഒരാളെ ഹൈപ്പോതൈറോയിഡിസം ബാധിയ്ക്കുന്നു എന്നാണ് കണക്ക്.

തൈറോയ്ഡിന്റെ കാരണങ്ങള്‍

1.ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡൈറ്റിസ് അയോഡിൻറെ കുറവ്

2.റേഡിയോഡിൻ ചികിത്സ അല്ലെങ്കിൽ തൈറോയ്ഡ് ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യൽ

3.ഗ്രേവ്സ് രോഗാവസ്ഥ

ഗര്‍ഭിണികളിലെ ഹൈപ്പോതൈറോയിഡിസത്തിന്‍റെ വ്യാപനം 4.8-12% വരെയാണ്. ഗർഭാവസ്ഥയിൽ ചികിത്സ ലഭിച്ചില്ലെങ്കില്‍ കുഞ്ഞിന്‍റെ തലച്ചോര്‍ വികാസത്തെ ഹൈപ്പോതൈറോയിഡിസം കാര്യമായി ബാധിയ്ക്കും. ഇത് മറികടക്കാനായി ഗർഭാവസ്ഥയിൽ തൈറോക്സിൻ ഗുളികകൾ കഴിയ്ക്കുന്നത് സുരക്ഷിതമാണ്.

നേരത്തെ തന്നെ ഹൈപ്പോതൈറോയിഡിസമുള്ള സ്ത്രീകൾ ഗർഭിണിയാകുന്നതിന് മുമ്പ് തൈറോയ്ഡ് ഉത്തേജക ഹോർമോൺ (ടിഎസ്എച്ച്) അളവ് സാധാരണമാണെന്ന് ഉറപ്പ് വരുത്തണം. ഗർഭം സ്ഥിരീകരിച്ചാലുടൻ ടി‌എസ്‌എച്ച് ഉടന്‍ പരിശോധിയ്ക്കുകയും വേണം. ഗർഭാവസ്ഥയിലെ ഹൈപ്പർതൈറോയിഡിസം കഠിനമായ അവസ്ഥയാണെങ്കിൽ, ആൻറി-തൈറോയ്ഡ് മരുന്നുകളുടെ ഉപയോഗം നിര്‍ബന്ധമായും വേണം. മാത്രമല്ല, തൈറോയ്ഡ് ഹോർമോൺ അളവ് പതിവായി നിരീക്ഷിക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ ശുപാർശ ചെയ്യുകയും ചെയ്യുന്നു.

തൈറോയ്ഡ് രോഗമുള്ള സ്ത്രീകൾക്ക് ഗർഭം ധരിക്കാനാവില്ലെന്നത് തികച്ചും തെറ്റായ ധാരണയാണ്. കൃത്യ സമയത്ത് ചികിത്സ ഉറപ്പാക്കുകയാണെങ്കില്‍ സുരക്ഷിതമായ രീതിയില്‍ ഗർഭധാരണം ഉറപ്പാക്കാം. സമയബന്ധിതമായ രോഗനിർണയം, ഉചിതമായ ചികിത്സ, ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിക്കൽ, പതിവായ നിരീക്ഷണം എന്നിവ നിർണ്ണായകമാണ്. ഹൈപ്പോതൈറോയിഡിസത്തെ ഭക്ഷണത്തിലൂടെ മാത്രം ചികിത്സിക്കാൻ കഴിയുമെന്നതും വളരെ തെറ്റായ ധാരണയാണ്. ആരോഗ്യകരമായ ഭക്ഷണത്തിനുപുറമെ, തൈറോയ്ഡ് ഹോർമോൺ അളവ് സാധാരണ നിലയിലാക്കാൻ മരുന്നുകൾ ആവശ്യമാണ്.

Related posts