Nammude Arogyam
Lifestyle

മരുന്നില്ലാതെ തന്നെ ബി.പി നിയന്ത്രിച്ചു നിര്‍ത്താനുള്ള വഴികൾ

ബിപി പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പണ്ടൊക്കെ ഒരു പ്രായം കഴിഞ്ഞ് വരുന്ന ഈ അവസ്ഥ, ഇന്ന് ജീവിതശൈലിയും സ്‌ട്രെസ് പോലുള്ള കണ്ടീഷനുകളും കൊണ്ട് ചെറുപ്പക്കാരെ പോലും അലട്ടുന്ന ഒന്നായി മാറിയിരിക്കുന്നു. ബിപി നിയന്ത്രിച്ചു നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. കാരണം ഹൃദയ പ്രശ്‌നങ്ങളിലേക്കും, സ്‌ട്രോക്കിലേക്കുമെല്ലാം നയിക്കുന്ന ഒന്നാണ് ബിപി.

ബിപി കൂടിയാലും ഇത് സാരമാക്കാതെ ഇരിയ്ക്കുന്നവരുണ്ട്. എന്നാൽ. ഡോക്ടറെ കണ്ട് മരുന്നു കഴിയ്‌ക്കേണ്ട സാഹചര്യമെങ്കില്‍ കഴിയ്ക്കുക തന്നെ വേണം. കാരണം നമ്മുടെ ചെറിയൊരു അശ്രദ്ധ മതിയാകും, കാര്യങ്ങള്‍ വഷളാകാന്‍. സ്‌ട്രോക്ക് പോലുള്ള അവസ്ഥകള്‍ പെട്ടെന്നുളള മരണത്തിനും ശരീരം തളര്‍ന്നു പോകുന്നതിനും വരെ കാരണവുമാകാറുണ്ട്. ബിപിയ്ക്ക് മരുന്നു കഴിയ്ക്കാന്‍ താല്‍പര്യമില്ലെങ്കില്‍ ഇത് ചില ജീവിത ചിട്ടകളിലൂടെ നിയന്ത്രിച്ചു നിര്‍ത്തുകയെന്നത് പ്രധാനമാണ്. ഇതിനു സഹായിക്കുന്ന ചില അടിസ്ഥാന വഴികളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

1.അമിത വണ്ണം നിയന്ത്രിയ്ക്കുക

അമിത വണ്ണം പല അസുഖങ്ങള്‍ക്കുമെന്ന പോലെ, ബിപിക്കും നല്ലൊരു വില്ലനാണ്. തടി കൂടുന്നത് ഉറങ്ങുമ്പോള്‍ ശ്വാസ തടസം വരുത്തുന്നു. ഇത് സ്ലീപ് ആപ്നിയ എന്ന അവസ്ഥ വരുത്തും. ഇത് ബിപി കൂട്ടുന്ന ഒന്നാണ്. ഇതു പോലെ തന്നെ വയറും അരക്കെട്ടുമെല്ലാം അധികമാകുന്നത് ബിപി കൂട്ടും. അരക്കെട്ടിന് 102 സെന്റിമീറ്ററേക്കാള്‍ വിസ്താരം ഉണ്ടെങ്കിൽ ഇവര്‍ക്ക് ബിപി സാധ്യത കൂടുതലാണ്. ഇതിനാല്‍ തന്നെ ആകെയുള്ള തടി നിയന്ത്രിയ്ക്കുന്നതിനൊപ്പം അരക്കെട്ടിന്റെ തടി നിയന്ത്രിയ്ക്കുയെന്നതും ഏറെ പ്രധാനം തന്നെയാണ്.

2.ദിവസവും വ്യായാമം ചെയ്യുക

ദിവസവുമുളള വ്യായാമം ഏറെ പ്രധാനമാണ്. 150 മിനിറ്റ് ഒരു ആഴ്ചയില്‍ നടപ്പ് നല്ലതാണ്. ഇതല്ലെങ്കില്‍ ദിവസവും അര മണിക്കൂര്‍ നടപ്പ് ഗുണം നല്‍കും. നടപ്പ്, ജോഗിംഗ്, സൈക്കിളിംഗ്, നീന്തല്‍, ഡാന്‍സിംഗ് തുടങ്ങിയവയെല്ലാം തന്നെ ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങളില്‍ പെടുന്നു. ഇതു പോലെ പുകവലി കുറയ്ക്കുക. ഇത് ബിപിയ്ക്കുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ്. രക്തധമനികളില്‍ മര്‍ദം കൂടാൻ പുകവലി കാരണമാകും. ഇത് ഉപേക്ഷിയ്ക്കുന്നത് തന്നെ ബിപി കുറയ്ക്കാന്‍ സഹായിക്കുന്നതില്‍ ഒന്നാണ്.

3.കാപ്പി കുടി ഒഴിവാക്കുക

കാപ്പി കുടി ബിപി കൂട്ടാന്‍ കാരണമാകുമെന്നു തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ സ്ഥിരം കാപ്പി കുടിയ്ക്കുന്നത് അത്ര ദോഷമല്ലെന്നും തെളിഞ്ഞിട്ടുണ്ട്. കാപ്പി മാത്രമല്ല, കഫീന്‍ അടങ്ങിയ ഉല്‍പന്നങ്ങള്‍ ഏതായാലും കുടിയ്ക്കുമ്പോള്‍ ബിപി ചെക്ക് ചെയ്യുന്നത് ഗുണകരമാണ്.

4.ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടരുക

ആരോഗ്യകരമായ ഭക്ഷണ ശീലം പ്രധാനമാണ്. പച്ചക്കറി, പഴ വര്‍ഗങ്ങള്‍, തവിട് കളയാത്ത ധാന്യം, കൊഴുപ്പ് കുറഞ്ഞ പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവ നല്ലതാണ്. പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ കഴിവതും കുറയ്ക്കുക. ഇതു പോലെ പൊട്ടാസ്യം അടങ്ങിയ ഉല്‍പന്നങ്ങള്‍ കഴിയ്ക്കാം. കരിക്കിന്‍ വെള്ളം പോലുള്ളവ നല്ലതാണ്. സോഡിയം അഥവാ ഉപ്പ് ഭക്ഷണത്തില്‍ കുറയ്ക്കുക. ഭക്ഷണങ്ങള്‍ വാങ്ങിയ്ക്കുമ്പോള്‍ ഇവയുടെ ലേബലില്‍ സോഡിയം കുറവെന്ന് ഉറപ്പു വരുത്തി വാങ്ങുക. വറുത്ത ഭക്ഷണങ്ങള്‍, ബേക്കറി എന്നിവയില്‍ ഉപ്പ് സാധ്യത കൂടുതലാണ്. അത്കൊണ്ട് ഇതെല്ലാം കഴിവതും ഒഴിവാക്കണം.

5.സ്‌ട്രെസ് നിയന്ത്രിയ്ക്കുക

സ്‌ട്രെസ് ബിപിയ്ക്കുളള പ്രധാന കാരണമാണ്. അതിനാൽ സ്‌ട്രെസ് നിയന്ത്രിയ്ക്കുക. ഇതിന് യോഗ, മെഡിറ്റേഷന്‍ എന്നിവ ഗുണം നല്‍കും. ഇതു പോലെ അനാരോഗ്യകരമായ ഭക്ഷണങ്ങളും സ്‌ട്രെസ് കൂട്ടാന്‍ ഇടയാക്കുമെന്നോര്‍ക്കുക. ജീവിത ശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ സ്‌ട്രെസ് കുറയ്ക്കാം. ഉദാഹരണത്തിന് ഓഫീസില്‍ വൈകി എത്തുമ്പോഴുണ്ടാകുന്ന സ്‌ട്രെസ് കുറയ്ക്കാന്‍ നേരത്തെ വീട്ടില്‍ നിന്നും പുറപ്പെടുകയെന്നതു പോലുളള കാര്യങ്ങള്‍. ചിരിയ്ക്കുന്നതും മറ്റുള്ളവരുമായി പൊസറ്റീവിറ്റി നല്‍കുന്ന രീതിയില്‍ ആശയ വിനിമയം നടത്തുന്നതും ശീലമാക്കുക. നമ്മളാല്‍ ഒഴിവാക്കാന്‍ കഴിയുന്ന സ്‌ട്രെസ് നമ്മള്‍ തന്നെ ഒഴിച്ചു നിര്‍ത്തുക.

ജീവിത ശൈലി രീതികളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ മരുന്നില്ലാതെ ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും.

Related posts