Nammude Arogyam
Lifestyle

ആരോഗ്യം കൈ വെള്ളയിലാക്കാൻ ഇവ ശീലമാക്കൂ

ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം ലോകജനതയ്ക്ക് മനസിലാക്കി നല്‍കുന്ന നാളുകളാണ് കുറച്ചായിട്ട് കടന്നുപോകുന്നത്. കാരണം കൊറോണവൈറസ് എന്ന പകര്‍ച്ചവ്യാധിയില്‍ നിന്ന് രക്ഷ നേടാനുള്ള ഒരു വഴി സ്വന്തം ആരോഗ്യം ശ്രദ്ധയോടെ സംരക്ഷിക്കുക എന്നതാണ്. ഓരോരുത്തരും അവരവരുടെ ആരോഗ്യത്തിന് സംരക്ഷണം നല്‍കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതി ഏപ്രില്‍ 7ന് ലോകാരോഗ്യ ദിനം ആചരിക്കുന്നു. എല്ലാവര്‍ക്കുമായി മികച്ചതും ആരോഗ്യകരവുമായ ഒരു ലോകം കെട്ടിപ്പടുക്കുക എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഭക്ഷണത്തിലും ജീവിതശൈലിയിലുമുള്ള ചില ലളിതമായ മാറ്റങ്ങള്‍ മൊത്തത്തിലുള്ള ആരോഗ്യം വളര്‍ത്താന്‍ സഹായിക്കും. ഈ ലോകാരോഗ്യ ദിനത്തില്‍ മാനസികവും ശാരീരികവുമായ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില വഴികള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1.ആരോഗ്യകരമായ ഭക്ഷണക്രമം

ആരോഗ്യകരമായ ജീവിതത്തിലേക്ക് വഴിതുറക്കുന്ന അത്യാവശ്യ ഘടകങ്ങളിലൊന്നാണ് സമീകൃതാഹാരം. ദിവസം കുറഞ്ഞത് മൂന്ന് നേരമെങ്കിലും ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണം കഴിക്കുക. ഇതില്‍ അത്താഴം അല്‍പം ചെറുതായാലും രാവിലെയും ഉച്ചയ്ക്കുമുള്ള ഭക്ഷണം നല്ല രീതിയില്‍ കഴിക്കുക. ഭക്ഷണക്രമത്തിന്റെ ഭൂരിഭാഗവും പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയും ആരോഗ്യകരമായ മറ്റ് ഘടകങ്ങളും അടങ്ങിയതായിരിക്കണം. നല്ല സമീകൃതമായൊരു ഭക്ഷണക്രമം എല്ലാ അവശ്യ പോഷകങ്ങളും ശരീരത്തിന് നല്‍കാന്‍ സഹായിക്കും.

2.വെള്ളം കുടിക്കുക

എല്ലായ്പ്പോഴും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ധാരാളം വെള്ളവും, ദ്രാവകങ്ങളും കുടിക്കുക. പകല്‍ മുഴുവന്‍ പതിവായി വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്, കാരണം മൂത്രത്തിന്റെയും വിയര്‍പ്പിന്റെയും രൂപത്തില്‍ ശരീരത്തില്‍ നിന്ന് വെള്ളം നഷ്ടപ്പെടുന്നു. മൂത്രസഞ്ചിയില്‍ നിന്ന് ബാക്ടീരിയകള്‍ പുറന്തള്ളുക, ദഹനത്തെ സഹായിക്കുക, പോഷകങ്ങളും ഓക്‌സിജനും കോശങ്ങളിലേക്ക് കൊണ്ടുപോകുക, മലബന്ധം തടയുക, ഇലക്ട്രോലൈറ്റ് (സോഡിയം) ബാലന്‍സ് നിലനിര്‍ത്തുക തുടങ്ങിയ നിരവധി പ്രധാന പ്രവര്‍ത്തനങ്ങള്‍ക്ക് ശരീരത്തിന് വെള്ളം ആവശ്യമാണ്.

3.നല്ല ഉറക്കം

മൊത്തത്തിലുള്ള ആരോഗ്യത്തിന് ഉറക്കവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉറക്കക്കുറവ്, ഉറക്കമില്ലായ്മ എന്നിവ അമിതവണ്ണം ഹൃദ്രോഗം തുടങ്ങിയവ ഉള്‍പ്പെടെ പല രോഗങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങള്‍ കാണിക്കുന്നു. എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കും നല്ല ആരോഗ്യത്തിനായി കൃത്യമായ ഒരു ഉറക്കം വളരെ ആവശ്യമാണ്. നല്ല ഉറക്കത്തിലൂടെ ഊഹിക്കാവുന്നതിലുമധികമായി ആരോഗ്യം മെച്ചപ്പെടുന്നു. നല്ല ഉറക്കത്തിലൂടെ ശാരീരികമായും മാനസികമായും മെച്ചപ്പെട്ടതായി അനുഭവപ്പെടുന്നു. ഇത് വിവിധ ആരോഗ്യപ്രശ്‌നങ്ങളുടെ അപകടസാധ്യതയും കുറയ്ക്കുന്നു.

4.സമ്മര്‍ദ്ദം കുറയ്ക്കുക

സമ്മര്‍ദ്ദം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും വിവിധ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും. വ്യായാമം, നടത്തം, ആഴത്തിലുള്ള ശ്വസനരീതികള്‍, ധ്യാനം എന്നിവ പോലുള്ള വഴികള്‍ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. അമിത സമ്മര്‍ദ്ദത്താല്‍ ദൈനംദിന ജീവിതം കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, ഒരു മനശാസ്ത്രജ്ഞനെ സമീപിക്കുന്നത് ഉചിതമായിരിക്കും.

5.മാനസികാരോഗ്യം ശ്രദ്ധിക്കുക

ആരോഗ്യകരമായ ജീവിതത്തിന്റെ ശാരീരിക വശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുമ്പോള്‍, പലരും മറക്കുന്ന ഒന്നാണ് മാനസിക സമാധാനം. മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ല മാനസികാരോഗ്യവും പ്രധാനമാണ്. മാനസികാരോഗ്യം മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ അടിസ്ഥാന ഘടകമാണെന്ന് മറക്കരുത്. ആരോഗ്യമുള്ള മനസ്സുണ്ടെങ്കിലേ ആരോഗ്യമുള്ള ശരീരമുള്ളൂ എന്ന് മനസ്സിലാക്കുക.

6.വ്യായാമം

ആരോഗ്യത്തോടെയും സജീവമായും നിലനിര്‍ത്തുന്നതിനുള്ള മികച്ച മാര്‍ഗമാണ് വ്യായാമം. പതിവ് വ്യായാമത്തിന്റെ ഗുണം വളരെയധികമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആഴ്ചയില്‍ മൂന്ന് ദിവസം വ്യായാമം ചെയ്യുന്നതു ദീര്‍ഘായുസ്സും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഓരോ ആഴ്ചയും 150 മിനിറ്റ് വ്യായാമം അല്ലെങ്കില്‍ ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും വ്യായാമം ചെയ്യാന്‍ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ശുപാര്‍ശ ചെയ്യുന്നു. വ്യായാമങ്ങളെ ഒരു ജോലിയായി കാണുന്നതിനു പകരം അത് ആരോഗ്യം വളര്‍ത്താനുള്ള ഒരു ഹോബിയായി കരുതുക. നൃത്തം, യോഗ, എയ്‌റോബിക്‌സ്, നടത്തം എന്നിവ പരിശീലിക്കാവുന്നതാണ്.

ശാരീരികവും മാനസികവുമായ ആരോഗ്യം സന്തുലിതമായി നിലനിര്‍ത്തുന്നതിനെ ചുറ്റിപ്പറ്റിയാണ് ഒരു വ്യക്തിക്ക് ആരോഗ്യകരമായ ജീവിതം ലഭിക്കുന്നത്. ജീവിതശൈലിയില്‍ മെച്ചപ്പെടുത്തലുകള്‍ വരുത്തി ആരോഗ്യകരമായ ജീവിതം ഓരോരുത്തര്‍ക്കും നേടാവുന്നതാണ്.

Related posts