Nammude Arogyam
General

കളിയല്ല, തൈറോയ്ഡ്

പത്തു സ്ത്രീകളോടു ചോദിച്ചാൽ അതി‍ൽ ഒരാൾക്കെങ്കിലും ഉണ്ടാകും, തൈറോയ്ഡ് പ്രശ്നം. അയഡിന്റെ അപര്യാപ്തതയാണു തൈറോയ്ഡ് പ്രശ്നങ്ങൾക്കു വഴിവയ്ക്കുന്നത്. പുരുഷൻമാരെ അപേക്ഷിച്ച് ഒൻപത് ഇരട്ടി വരെയാണു സ്ത്രീകൾക്കു തൈറോയ്ഡ് രോഗബാധയ്ക്കുള്ള സാധ്യത.

ഗർഭം അലസുന്നതിനും നവജാത ശിശുവിനു ശാരീരിക, മാനസിക വൈകല്യങ്ങളുണ്ടാകുന്നതിനുമടക്കം തൈറോയ്ഡ് പ്രശ്നങ്ങൾ കാരണമാകും. തൈറോയ്‌ഡ് സ്‌റ്റിമുലേറ്റിങ് ഹോർമോൺ (ടിഎസ്‌എച്ച്) നിശ്‌ചിത അളവിൽ കൂടുതലായാൽ ഗർഭിണികൾക്കു രക്‌തസമ്മർദം കൂടാൻ സാധ്യത നാലിരട്ടിയാണ്. നവജാത ശിശുവിന്റെ ഭാരം കാൽ കിലോ വരെ കുറയുകയും ചെയ്‌തേക്കാമെന്നു വിദഗ്ധർ പറയുന്നു. മരുന്നു കഴിച്ച് ഹോർമോണിന്റെ അളവ് സാധാരണ നിലയിൽ എത്തുകയാണെങ്കിൽ സ്ത്രീകൾക്കു ഗർഭധാരണത്തിനു പ്രശ്നമില്ല. പക്ഷേ, ഗർഭകാലത്ത് തൈറോയ്ഡ് മരുന്ന് കൃത്യമായി കഴിച്ചിരിക്കണം. കൃത്യമായ ചികിൽസയില്ലാതെ ഗർഭം ധരിച്ചാൽ അത് ഗർഭസ്ഥ ശിശുവിന്റെ ശാരീരിക മാനസിക വികാസത്തെ ബാധിക്കും.

ഒരു വർഷത്തോളം കൃത്യമായി മരുന്നുകൾ കഴിച്ചാൽ 50 ശതമാനം പേരിലും ഈ പ്രശ്നം ഭേദമാക്കാവുന്നതാണ്. ചിലർക്കു മരുന്നു മാത്രം മതിയെങ്കിൽ, തീവ്രതയനുസരിച്ചു മറ്റു ചിലർക്ക് ശസ്ത്രക്രിയയടക്കം വേണ്ടിവരും.

Related posts