Nammude Arogyam
Covid-19

ഈ ചർമ്മ പ്രശ്നങ്ങൾ ഒരുപക്ഷെ കൊവിഡ് ലക്ഷണങ്ങളാകാം

കൊവിഡ് 19 എന്ന മഹാമാരി ഓരോ ദിവസവും എന്ന പോലെ ജനിതക വ്യതിയാനം സംഭവിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നാം സ്വയം പ്രതിരോധം സ്വീകരിക്കുക എന്നുള്ളതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ഡെല്‍റ്റ, ഒമിക്രോണ്‍, ഡെല്‍റ്റ ക്രോണ്‍ തുടങ്ങി നിരവധി ജനിതക മാറ്റം വന്ന വൈറസുകള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ ഒരു കാരണവശാലും ഇതിനെ നിസ്സാരമാക്കി വിടരുത്. ഇതിനിടയിൽ വൈറസ് ചര്‍മ്മത്തിലും ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്നുള്ള ചില പഠനങ്ങൾ ഇപ്പോള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ലക്ഷണങ്ങള്‍ പലപ്പോഴും ഓരോരുത്തര്‍ക്കും ഓരോ തരത്തിലായിരിക്കും. ചില ലക്ഷണങ്ങള്‍ പനിയുടേയും തൊണ്ട വേദനയുടേയും ജലദോഷത്തിന്റേയും രൂപത്തില്‍ വരുമ്പോള്‍ ചില ലക്ഷണങ്ങള്‍ വരുന്നത് പലപ്പോഴും ചര്‍മ്മത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ആയാണ്. ശരീരത്തിന്റെ ചില ഭാഗങ്ങളിലെ തിണര്‍പ്പും, മറ്റ് ചര്‍മ്മത്തിലെ പ്രകടമായ വ്യത്യാസവും അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ജലദോഷം, ചുമ അല്ലെങ്കില്‍ മണവും രുചിയും നഷ്ടപ്പെടുന്നത് പോലെയുള്ള COVID-19 ന്റെ പ്രാഥമിക ലക്ഷണങ്ങളല്ലാതെ തന്നെ ചിലരില്‍ ചര്‍മ്മത്തില്‍ തിണര്‍പ്പ് പോലുള്ളവ കാണപ്പെടുന്നു. ഇത് ഒരു പൊതുലക്ഷണമായി കണക്കാക്കാനിവില്ലങ്കിലും അവ അവഗണിക്കാനാവില്ല. ബ്രിട്ടീഷ് ജേണല്‍ ഓഫ് ഡെര്‍മറ്റോളജിയില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, 11,544 ആളുകളില്‍ നടത്തിയ പഠനത്തില്‍ സ്വാബ് പരിശോധനയിലൂടെ പോസിറ്റീവ് ആയവരില്‍ 8.8 ശതമാനം പേര്‍ക്കും ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നതാണ്. എന്നാല്‍ ഓരോരുത്തരിലും ചര്‍മ്മ പ്രശ്‌നങ്ങള്‍ ഓരോ തരത്തിലായിരിക്കും. എന്തൊക്കെയാണ് കൊവിഡുമായി ബന്ധപ്പെട്ട് പൊതുവേ ഉണ്ടാവാനിടയുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്ന് നമുക്ക് നോക്കാം.

1.കൊവിഡ് ഡിജിറ്റ്‌സ്-കാല്‍വിരലുകളില്‍ കാണപ്പെടുന്ന ചുവപ്പും പര്‍പ്പിള്‍ നിറത്തിലുള്ള മുഴകളാണ് ഇവ. ഇവയെ കോവിഡ് ടോസ് എന്നും വിളിക്കുന്നുണ്ട്. എന്നാല്‍ ശാസ്ത്രീയമായി ഇതിനെ ചില്‍ബ്ലെയിന്‍സ് എന്ന് പറയപ്പെടുന്നു. സാധാരണ തണുത്ത മാസങ്ങളില്‍ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവാറുണ്ട്. എന്നാല്‍ COVID ബാധിച്ച ഒരു വ്യക്തിയുടെ കാര്യത്തില്‍, ഏത് സീസണിലും ഇത് പ്രത്യക്ഷപ്പെടാം. മുഴകള്‍ കാരണം, വിരലുകളും കാല്‍വിരലുകളും വീര്‍ത്തതായും നീര് വെച്ചതു പോലെയും കാണപ്പെടുന്നതാണ്. എന്നാല്‍ പിന്നീട് കാലക്രമേണ, മുകളിലെ ചര്‍മ്മം അടര്‍ന്നു പോകുകയും താഴെയുള്ള ചര്‍മ്മഭാഗം ചെതുമ്പല്‍ പോലെ കാണപ്പെടുകയും ചെയ്യും. എന്നാല്‍ ഈ അവസ്ഥയില്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലോ മറ്റോ ഉണ്ടാവില്ല.

2.എക്‌സിമ-ഇത് ചര്‍മ്മത്തില്‍ വീക്കം, ചൊറിച്ചില്‍, വിള്ളല്‍, ചര്‍മ്മം കട്ടിയാക്കുക എന്നീ അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. തിണര്‍പ്പ് കൂടുതലും ചൊറിച്ചിലുമായിരിക്കും പ്രധാന ലക്ഷണം. പാരമ്പര്യമായി ഈ രോഗാവസ്ഥ ഇല്ലാത്തവരില്‍ പോലും കൊവിഡ് കാലത്ത് ഇത്തരം ചര്‍മ്മ പ്രശ്‌നം ഉണ്ടാവുന്നതിനുള്ള സാധ്യത കൂടുതലാണ്. അണുബാധയ്ക്കിടയിലോ അതിനുശേഷമോ എക്സിമ പ്രത്യക്ഷപ്പെടുന്നതാണ്. ഇത് സാധാരണയായി ദിവസങ്ങളോളം നീണ്ടു നില്‍ക്കുകയും കൊവിഡ് ശേഷം മാറുകയും ചെയ്യുന്നു. കഴുത്ത്, നെഞ്ച് അല്ലെങ്കില്‍ കൈകള്‍ പോലുള്ള സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗങ്ങളെയാണ് സാധാരണ ഈ രോഗാവസ്ഥ കൂടുതലും ബാധിക്കുന്നത്. എന്നാല്‍ കൊറോണയുടെ കാര്യത്തില്‍ കാരണം അറിവായിട്ടില്ല. എങ്കിലും ഇതിനെക്കുറിച്ച് പഠനങ്ങള്‍ നടക്കുകയാണ്.

3.ഹൈവ്‌സ്-ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ഒരു തരം ചുണങ്ങാണ് ഹൈവ്‌സ്. ഇതിന്റെ ഫലമായി ചുവപ്പ്, തടിപ്പ് തുടങ്ങിയവ ചര്‍മ്മത്തില്‍ ഉണ്ടാവുന്നു. ചര്‍മ്മത്തില്‍ കാണുന്ന ഇത്തരം തിണര്‍പ്പുകള്‍ പലപ്പോഴും വലുപ്പത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു, ഏതെങ്കിലും തരത്തിലുള്ള അണുബാധകള്‍ ഉണ്ടാകുമ്പോള്‍ ഇടയ്ക്കിടെ ഇവ വന്ന് പോകും. പനി പോലുള്ള അവസ്ഥയില്‍ ചിലരുടെ ചര്‍മ്മത്തില്‍ ഇത് സാധാരണമാണ്. ഇത് അതീവ ചൊറിച്ചില്‍ ഉണ്ടാക്കുന്നതാണ്. തുടകള്‍, പുറം, മുഖം എന്നിവയുള്‍പ്പെടെ ശരീരത്തിന്റെ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടാം. ഗവേഷകര്‍ പറയുന്നതനുസരിച്ച്, ഈ ചര്‍മ്മ അവസ്ഥ അണുബാധയുടെ തുടക്കത്തില്‍ തന്നെ കാണുകയും ഇത് ദീര്‍ഘകാലം മാറാതെ നില്‍ക്കുന്ന അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. ചിലരില്‍ ഇത് ദിവസങ്ങളോളം വിട്ടുമാറാതെ നില്‍ക്കാറുണ്ട്.

4.വായിലെ ചുണങ്ങ്-എനാന്തം എന്നും അറിയപ്പെടുന്ന വായിലെ ചുണങ്ങ് കൊവിഡിന്റെ മറ്റൊരു ലക്ഷണമായി കണക്കാക്കാം. ചുണ്ടുകളില്‍ ഇത്തരത്തിലുള്ള ചുണങ്ങു പ്രത്യക്ഷപ്പെടുന്നത് അല്‍പം ശ്രദ്ധിക്കണം. വായ വരണ്ടതായും പിന്നീട് ചര്‍മ്മം അടര്‍ന്ന് പോരുന്ന തരത്തിലും അനുഭവപ്പെടുന്നു. ചില സന്ദര്‍ഭങ്ങളില്‍, ചുണ്ടുകളില്‍ അതി കഠിനമായ വേദന അനുഭവപ്പെടാം. ഭക്ഷണം കഴിക്കുന്നതിലും സംസാരിക്കുന്നതിലും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ ഉള്ളില്‍ നിന്ന് നീര് വരുന്നതുപോലെയാവുന്നതിനുള്ള സാധ്യതയുണ്ട്. മൗത്ത് അള്‍സര്‍ അതിന്റെ ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നതു പോലെയാണ് ഇത് ഉണ്ടാവുന്നത്. ഒരു സ്പാനിഷ് പഠനമനുസരിച്ച്, മറ്റ് കൊവിഡ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് മുതല്‍ 24 ദിവസം വരെ ഓറല്‍ റാഷിന്റെ അടയാളം കാണപ്പെടുന്നു എന്നാണ്. എന്നിരുന്നാലും, ഓരോ രോഗിക്കും വ്യത്യസ്ത ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതിനാല്‍ പൂര്‍ണ്ണമായും ഇത്തരത്തില്‍ സംഭവിക്കും എന്ന് ഒരു പഠനങ്ങള്‍ക്കും പറയാനാവില്ല.

5.പിട്രിയസിസ് റോസിയ-സാധാരണയായി നെഞ്ചിലോ വയറിലോ പുറകിലോ വലിയ വൃത്താകൃതിയിലോ ഓവല്‍ ആകൃതിയിലോ കാണപ്പെടുന്ന ചുണങ്ങ് രൂപത്തിലുള്ള ചര്‍മ്മ പ്രശ്‌നമാണ് ഇത്. ഹെറാള്‍ഡ് പാച്ച് എന്നറിയപ്പെടുന്ന വൃത്താകൃതിയിലുള്ള പാച്ചിന് 4 ഇഞ്ച് വരെ വീതിയുണ്ടാകും. കുട്ടികളിലും യുവാക്കളിലും ആണ് ഇത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. എന്നാല്‍ ഇതിന്റെ ലക്ഷണങ്ങള്‍ എന്ന് പറയുന്നത് കുറഞ്ഞ ചൊറിച്ചില്‍, അടിവയറ്റിലും, പുറകിലും, മുകള്‍ ഭാഗത്തും, കാലുകളിലും ചര്‍മ്മ തിണര്‍പ്പ് എന്നിവയാണ്. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് 4-5 ദിവസത്തിന് ശേഷം ഇത് പ്രത്യക്ഷപ്പെടുകയും പിന്നീട് ഇല്ലാതാവുകയും ചെയ്യുന്നുണ്ട്.

ആരോഗ്യ പ്രതിസന്ധികളില്‍ ഇന്ന് വളരെ ഗൗരവത്തോടെ കാണേണ്ട പ്രശ്‌നങ്ങളില്‍ ഒന്ന് തന്നെയാണ് കൊവിഡ്. എപ്പോള്‍ എങ്ങനെ ആര്‍ക്ക് പിടിപെടും എന്നുള്ളത് നമുക്ക് ആര്‍ക്കും പറയാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കൊറോണ വൈറസ് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം പ്രതിരോധമാണ്. എന്നാല്‍ വൈറസുമായി സമ്പര്‍ക്കം പുലര്‍ത്തുകയും അണുബാധ ഉണ്ടാകുകയും ചെയ്താല്‍ എത്രയും പെട്ടെന്ന് ചികിത്സിക്കുക എന്നുള്ളതാണ് പോംവഴി.

Related posts