ഇന്ന് ഏറ്റവും കൂടുതൽ ലൈംഗിക ചൂഷണം നേരിടുന്നത് കുട്ടികളാണ്. കുട്ടികളിലെ അറിവില്ലായ്മയെ മുതലെടുക്കുന്ന ഒരു വിഭാഗം നമ്മുടെ സമൂഹത്തിൽ വർധിച്ച് വരികയാണ്. സ്വന്തം വീടുകളിൽ പോലും രക്ഷയില്ല എന്നിടത്തേക്ക് കുട്ടികളുടെ സുരക്ഷ മാറിയിരിക്കുന്നു.
എന്ത് കൊണ്ടാണ് ഇത്തരത്തിൽ നമ്മുടെ സമൂഹത്തിൽ കുട്ടികൾ ഇത്രയധികം ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതെന്ന് ആലോചിച്ചുണ്ടോ?
അറിവില്ലായ്മയും പേടിയുമാണ് ഇതിന് പിന്നിൽ. പലപ്പോഴും ഇത്തരത്തിൽ ഇരയാകുന്ന കുട്ടികൾക്ക് അതിനെക്കുറിച്ചുള്ള അറിവോ അല്ലെങ്കിൽ പേടിയോ കൊണ്ടായിരിക്കും.
പലപ്പോഴും കൂട്ടിയുടെ ബന്ധുവോ അല്ലെങ്കിൽ പരിചയക്കാരോ ആയിരിക്കും ചൂഷണത്തിന് മുതിരുന്നത്. കുട്ടി കാര്യങ്ങൾ മാതാപിതാക്കളോടോ മറ്റോ പറയാൻ സാധ്യത ഇല്ലെന്ന് തോന്നിയാൽ നിരന്തരം ചൂഷണത്തിനിരയാക്കാൻ സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ ചൂഷണം ചെയ്യാൻ മുതിരുന്നതായി തോന്നിയാൽ അവിടെ നിന്ന് ഓടിപ്പോകാൻ പറഞ്ഞ് പഠിപ്പിക്കുക. കുട്ടികൾക്ക് അത്തരത്തിൽ എന്തെങ്കിലും മോശം സ്വഭാവം അനുഭവപ്പെടുന്നുണ്ടെന്ന് തോന്നിത്തുടങ്ങുമ്പോൾ തന്നെ ഓടിപ്പോകാൻ പറയുക. മാത്രമല്ല ഇങ്ങനെയുള്ള കാര്യങ്ങൾ മാതാപിതാക്കളുമായി പങ്കുവെക്കാനും പറയുക. കുട്ടിക്ക് ഏറ്റവും സുരക്ഷിതമായ ഇടമാണ് മാതാപിതാക്കളുടെ അടുക്കൽ എന്ന് കുട്ടികൾക്ക് വിശ്വാസം ഉണ്ടായിരിക്കണം. ഇത്തരം സംഭവങ്ങൾ നടന്നത് അവരുടെ കുറ്റമല്ലെന്നും മാതാപിതാക്കൾ കുട്ടികളെ പറഞ്ഞ് ബോധ്യപ്പെടുത്തുക.
കുട്ടിയുടെ ശരീരഭാഗങ്ങൾ, നല്ലതും ചീത്തയുമായ സ്പർശനം, സ്വകാര്യ ഭാഗങ്ങൾ (കുളിപ്പിക്കുമ്പോൾ മാതാപിതാക്കൾക്കും പരിശോധിക്കുമ്പോൾ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ഡോക്ടർമാർക്കും) തുടങ്ങിയ കാര്യങ്ങൾ കുട്ടിക്ക് മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു കൊടുക്കുക. പ്രായബന്ധിതമായി വേണം എല്ലാം പറയാൻ.
വായ മൂടാനല്ല പകരം ശബ്ദമുയര്‍ത്താനാണ് പഠിപ്പിക്കേണ്ടത്
‘ചൈല്‍ഡ് അബ്യൂസ്’ ചെറുക്കുന്നതിനുള്ള ഒട്ടേറെ മാര്‍ഗങ്ങള്‍ നിലവിലുള്ള ഒരു സമൂഹമാണ് നമ്മുടേത്. എന്നിട്ടും എന്തേ കുട്ടികളോടുള്ള ഇത്തരത്തിലെ നീചപ്രവൃത്തികള്‍ ഏറി വരുന്നു. ആരോടും പറയരുത് എന്നാവശ്യപ്പെട്ട് കുഞ്ഞുനാളിലേ അവരെ മൗനം പാലിക്കാന്‍ പ്രേരിപ്പിക്കുന്നതിലൂടെ കുറ്റകരമായ അനാസ്ഥയാണ് രക്ഷിതാക്കളുടെ പോലും ഭാഗത്ത് നിന്നുണ്ടാകുന്നത്. പിന്നെങ്ങനെ ഇവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് കാര്യങ്ങള്‍ തുറന്നു പറയും. മറ്റുള്ളവരുടെ മാനസികവും ശാരീരികവുമായുള്ള തൃപ്തിപ്പെടലിന് ഇരയാക്കപ്പെടുന്നതിന്റെ വേദന പുറത്ത് പറയാനാകാതിരിക്കുന്നതോടെ കുട്ടികളിലും മാനസികവും ശാരീരികവുമായ ദോഷവശങ്ങള്‍ തെളിഞ്ഞു വരും. ചുരുക്കത്തില്‍ മറ്റുള്ളവരുടെ മാനസികവും ശാരീരികവുമായ രോഗത്തിന്റെ യഥാര്‍ത്ഥ പീഡനം പേറേണ്ടി വരുന്നത് നമ്മുടെ കുഞ്ഞുങ്ങളാണ്.
കുട്ടികളിലുണ്ടാകുന്ന ചെറിയ മാറ്റം പോലും ആദ്യം മനസിലാക്കേണ്ടത് രക്ഷിതാക്കളാണ്. അതിനു ശേഷമേ സമൂഹത്തിലെ മറ്റുള്ളവര്‍ക്ക് അതിനു കഴിയൂ. കുഞ്ഞുങ്ങളുടെ എതിര്‍പ്പുകള്‍ക്കു പിന്നിലെ ശരിയായ കാരണം തേടണം. അപ്പൂപ്പനോടൊത്തുപോലും നില്‍ക്കാന്‍ കുഞ്ഞ് മടിക്കുന്നെങ്കില്‍ കുഞ്ഞിനെയല്ല ആദ്യം സംശയിക്കേണ്ടത്. ഇങ്ങനെ പലതുമുണ്ട്.
സാമൂഹ്യമായ ഒട്ടേറെ കാരണങ്ങള്‍ കൊണ്ടാണെങ്കില്‍ കൂടി കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ രമ്യമായി ഒതുക്കി തീര്‍ക്കുന്ന രീതി മാറിയേ തീരൂ. പിന്നീടാകട്ടെ എന്ന ചിന്തയും മാറണം. കൂഞ്ഞുങ്ങളാണ് എന്ന പരിഗണന നല്‍കാത്തവരോട് എന്തു വിട്ടുവീഴ്ചയാണ് കാട്ടേണ്ടത്. അങ്ങനെ സംഭവിക്കുമ്പോള്‍ ലഭിക്കുന്ന പഴുതിലൂടെ കുറ്റവാളി രക്ഷപ്പെടുമെന്നതിലുമുപരിയായി കുഞ്ഞുങ്ങളുടെ ഭാവി ജീവിതമാണ് ഇരുളടയുന്നത്. ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് ഈ രീതിയിലുള്ള സമീപനം ഉണ്ടായിക്കൂടാ.