സ്കാനിംഗ് ഇന്ന് രോഗ നിര്‍ണയത്തില്‍ ഏറെ പ്രധാനമാണ്. പല രോഗങ്ങളും കണ്ടെത്താന്‍ സഹായിക്കുന്ന വഴിയാണിത്. പ്രത്യേകിച്ചും ആന്തരാവയവങ്ങളെ ബാധിയ്ക്കുന്ന രോഗങ്ങള്‍ കണ്ടെത്തുവാന്‍. കൂടാതെ ഗര്‍ഭ സമയത്ത് കുഞ്ഞിനുണ്ടാകുന്ന പ്രശ്‌നങ്ങളും മറ്റും നേരത്തെ കണ്ടെത്താന്‍ സഹായിക്കുന്ന വഴിയാണിത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഏറ്റവും മികച്ച കണ്ടെത്തലുകളിലൊന്നാണ് സ്‌കാനിംഗ്. എന്നാല്‍ പൊതുവേ ആളുകള്‍ക്ക് ഇതെക്കുറിച്ച് പല തെറ്റിദ്ധാരണകളുമുണ്ട്. ഇത് ദോഷമാണെന്നും ഇതിലെ വികിരണങ്ങള്‍ രോഗം വരുത്തുമെന്നും മറ്റുമുള്ള ധാരണകളാണ് പല ആളുകൾക്കും ഉള്ളത്. വിവിധ തരാം സ്കാനിംഗുകളെക്കുറിച്ചും, അവ ഏതൊക്കെ രോഗനിര്ണയത്തിനുള്ളതാണെന്നും നമുക്ക് നോക്കാം.
പൊതുവേ ചെയ്യുന്ന ഒന്നാണ് അള്‍ട്രസൗണ്ട് സ്‌കാന്‍. ഇത് ചെയ്യാത്തവര്‍ കുറവാകും. വയറിന്റെ ഭാഗത്ത് ഒരു ചെറിയ ഉപകരണം വച്ച് പരിശോധിയ്ക്കുന്നതാണിത്. ഇതിന്റെ ചിത്രം അടുത്തുള്ള കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്നു. നമുക്ക് കേള്‍ക്കാന്‍ കഴിയുന്ന ശബ്ദത്തിന്റെ അളവ് 20-20000 കിലോഹെഡ്‌സ് വരെയാണ്. എന്നാൽ ഇതിനേക്കാള്‍ ഉയര്‍ന്ന ആവൃത്തിയിലുള്ള സൗണ്ടാണ് ഇതിനുള്ളത്. വവ്വാല്‍ പറക്കുമ്പോള്‍ ഇത്തരം അള്‍ട്രാസൗണ്ടാണ് പുറപ്പെടുവിക്കാറുള്ളത്. ഇത്തരം സൗണ്ട് മടങ്ങി വന്ന് വവ്വാലിന്റെ ചെവിയില്‍ എത്തുന്നു. അതായത് അത്ര സ്പീഡ് ഉള്ളവയാണ് അള്‍ട്രാസൗണ്ട് എന്നര്‍ത്ഥം. സ്വയമേ പുറപ്പെടുവിയ്ക്കുന്ന ഇത്തരം സൗണ്ടിന്റെ സഹായത്തോടെയാണ് വവ്വാലുകള്‍ എവിടെയും ഇടിയ്ക്കാതെ പറക്കുന്നത്. ഇതു പോലെ നീലത്തിമിംഗവും ഇതേ രീതിയാണ് പിന്‍തുടരുന്നത്. ഇത്തരം വേവുകളാണ് അള്‍ട്രാസൗണ്ട് സ്‌കാനില്‍ ഉപയോഗിയ്ക്കുന്നത്. ഇവ ശരീരത്തിന് അകത്തു ചെന്ന് തട്ടി വന്ന് ഇത് ഇമേജായി രേഖപ്പെടുത്തുന്നു. വളരെ കട്ടിയുള്ള അവയവങ്ങളില്‍ കൂടി ഇത് കടന്നു പോകില്ല. രക്തത്തിലൂടെ ഇത് കടന്നു പോകുന്നു. എല്ലുകള്‍ ഇല്ലാത്ത ഭാഗത്തെ ഇമേജ് ഇതിലൂടെ നമുക്ക് ലഭിയ്ക്കും.
മറ്റൊന്നാണ് ഡോപ്ലള്‍ സ്‌കാന്‍. ഇത് അള്‍ട്രാ സൗണ്ട് ഫ്രീക്വന്‍സി അല്‍പം മാറ്റി ഉപയോഗിയ്ക്കുന്നതാണ്. ഇത് ഹൃദയം, രക്തക്കുഴലുകള്‍ പോലുള്ളവയുടെ സ്‌കാനിംഗിന് വേണ്ടി ഉപയോഗിക്കുന്നു. പൊതുവേ അള്‍ട്രാസൗണ്ട് സ്കാനിംഗ് ദോഷമില്ല. എന്നാല്‍ ചിലപ്പോള്‍ ആന്തരികാവയവങ്ങളില്‍ ചെറിയ ചൂടുണ്ടാകും. കളര്‍ ഡോപ്ലര്‍ സ്‌കാനില്‍ ചിലപ്പോള്‍ മാത്രം അല്‍പം ചൂട് ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇതു ദോഷകരമല്ല. ഡോപ്‌ളര്‍ സ്‌കാന്‍, അള്‍ട്രൗസൗണ്ട് എന്നിവ ദോഷകരമാകാത്തവയാണ്.
കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രാഫിക് സ്‌കാനാണ് സിടി സ്‌കാന്‍ എന്ന് അറിയപ്പെടുന്നത്. എക്‌സറേ എടുക്കുന്ന പോലോത്ത ഏകദേശ രീതിയാണ് ഇത്. ഒരേ സമയം തന്നെ പല ആംഗിളുകളില്‍ നിന്നും തുടര്‍ച്ചയായ എക്‌സറേ ചിത്രങ്ങള്‍ എടുത്ത് കമ്പ്യൂട്ടറില്‍ സംയോജിപ്പിച്ച് വരുന്ന രീതിയാണിത്. എല്ലുകളിലും ശരീരത്തിലെ ആന്തരികാവയവങ്ങളിലും വരുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിലൂടെ ഏറ്റവും എളുപ്പത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടു പിടിയ്ക്കാന്‍ സാധിയ്ക്കും. എല്ലുകളിലും ആന്തരികാവയവങ്ങളിലും ഉള്ള ചെറിയ പ്രശ്‌നങ്ങള്‍ പോലും ഇതിലൂടെ കണ്ടെത്താം. സിടി സ്‌കാനില്‍ രണ്ടു തരമുണ്ട്. പ്ലെയിന്‍, കോണ്‍ട്രാസ്റ്റ് എന്നിവയാണ് അവ.
പ്ലെയിന്‍ സാധാരണ രീതിയില്‍ ചെയ്യുന്നു. ശരീരത്തിലെ അവയവങ്ങളുടെ പടം അതേ രീതിയില്‍ തരുന്നു. കോണ്‍ട്രാസ്റ്റില്‍ നിറമുള്ള ഒരു ഡൈ കടത്തി വിട്ട് പ്രശ്‌നമുള്ളത് പ്രത്യേക രീതിയിലും തെളിമയിലും ലഭിയ്ക്കുന്നു. ക്യാന്‍സര്‍ പോലുള്ളവ കണ്ടെത്താന്‍ ഈ സ്കാനിംഗിലൂടെ സാധിയ്ക്കും. ഇതിനായി ഫ്‌ളൂയിഡ് ഉള്ളിലേയ്ക്ക് കടത്തി വിട്ട ശേഷം സ്‌കാന്‍ ചെയ്യുന്നു. അപ്പോള്‍ പ്രശ്‌നമുള്ളത്, അതായത് മുഴയോ മറ്റോ ഉണ്ടെങ്കില്‍ ഇത് ആ കളറില്‍ വ്യക്തതയോടെ കാണിച്ചു തരുന്നു. ഈ ഡൈ ശരീരത്തില്‍ നിന്നു വൃക്കകളുടെ പ്രവര്‍ത്തനം ശരിയാണെങ്കില്‍ അതിലൂടെ അരിച്ച് പുറത്തേക്ക് പോകുകയും ചെയ്യും. സി.ടി മെഷീനുകള്‍ക്ക് അല്‍പം റേഡിയേഷനുണ്ട്. എന്നാല്‍ ഇന്ന് ലഭ്യമായിട്ടുള്ള സിടി മെഷീനുകള്‍ ഏറെ സുരക്ഷിതമാണ്. എങ്കില്‍ പോലും ഗര്‍ഭകാലത്ത് ഇത്തരം സ്‌കാന്‍ എടുക്കാറില്ല. റേഡിയേഷന്‍ പൂര്‍ണമായും ഒഴിവാക്കാനാണ് ഇത്.
എം.ആര്‍.ഐ സ്‌കാന്‍ ആണ് മറ്റൊന്ന്. കാന്തിക പ്രഭാവം മെഷീനില്‍ നിന്നും പുറപ്പെടുവിയ്ക്കുന്നു. ഒപ്പം റോഡിയോ വേവ് കൂടി ഇതില്‍ വരുന്നു. ജോയന്റുകളുടെ പ്രശ്‌നങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ ഇത് സഹായിക്കും. ആന്തരികാവയവങ്ങളുടെ ചെറിയ പ്രശ്‌നങ്ങള്‍ പോലും ഇതിലൂടെ തെളിയുന്നു. ഇതില്‍ റേഡിയേഷന്‍ തീരെയില്ല. ഇതിനാല്‍ ഗര്‍ഭിണികളില്‍ പോലും ഉപയോഗിയ്ക്കാം. എന്നാല്‍ ശരീരത്തില്‍ ലോഹഭാഗങ്ങള്‍ ഉണ്ടെങ്കില്‍, ഉദാഹരണമായി പേസ്‌മേക്കര്‍ പോലുള്ളവ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍, ഇല്ലെങ്കില്‍ കൃത്രിമ വാല്‍വ്, ചെവിയില്‍ കോക്ലിയര്‍ ഇംപ്ലാന്റ് എന്നിവയുണ്ടെങ്കിൽ ഈ സ്കാനിംഗ് ചെയ്യാന്‍ സാധിയ്ക്കില്ല. ഇത് സ്ഥാനം മാറാനോ ചൂടുണ്ടാകാനോ സാധ്യതയുണ്ട്.
പെറ്റ് സ്‌കാന്‍ എന്നതാണ് മറ്റൊന്ന്. പൊസിട്രോണ്‍ എമിഷന്‍ ടോമോഗ്രഫിക് സ്‌കാന്‍ എന്നാണ് ഇതിന്റെ മുഴുവന്‍ പേര്. കോശങ്ങളിലെ വ്യത്യാസങ്ങള്‍ കണ്ടെത്താന്‍ ഇത് നല്ലതാണ്. ക്യാന്‍സര്‍ ചികിത്സകള്‍ക്ക് ഇതേറെ സഹായിക്കുന്നു. കോശങ്ങളിലെ വ്യത്യാസമാണ് ക്യാന്‍സറുണ്ടാക്കുന്നത്. രക്തത്തിലേയ്ക്ക് ഒരു രാസവസ്തുവിനെ കടത്തി വിടുന്നു. ഇത് ശരീരത്തിലെ രോഗബാധിതമായ കോശത്തില്‍ എത്തുന്നു. ഹൃദയ പേശികളുടെ പ്രവര്‍ത്തനം, തലച്ചോറിന്റെ പ്രശ്‌നം എന്നിവയ്‌ക്കെല്ലാം ഈ പെറ്റ് സ്‌കാന്‍ ഉപയോഗപ്രദമാണ്. ഇതിന് അല്‍പം ചിലവ് കൂടുതലാണ്. ഇതില്‍ രാസവസ്തുവുളളതിനാല്‍ ചെറിയ റേഡിയേഷന്‍ ഇഫ്കടുണ്ട്. ഇതിനാല്‍ ക്യാന്‍സറിനാണ് ഇത് മിക്കവാറും ഉപയോഗിയ്ക്കുന്നത്.
ക്യാന്‍സര്‍ പോലുള്ള പല ഗുരുതര രോഗങ്ങളുടെയും കാരണങ്ങളും, ഉറവിടങ്ങളും തിരിച്ചറിയണമെങ്കിൽ മുകളിൽ പറഞ്ഞ ഇത്തരം സ്കാനിംഗുകളുടെ സഹായം കൂടിയേ തീരൂ. അതിനാൽ അനാവശ്യ മിഥ്യാധാരണനകൾ ഒഴിവാക്കി അത്യാവശ്യ ഘട്ടങ്ങളിൽ ഡോക്ടറുടെ നിർദേശപ്രകാരം ഇത്തരം സ്കാനിംഗുകൾക്ക് വിധേയരാകേണ്ടതാണ്.