Nammude Arogyam
GeneralWoman

സ്ത്രീകളുടെ ആരോഗ്യം: ഭക്ഷണത്തിലും, ജീവിതശൈലിയിലും വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെ? Women’s health: what changes should be made in diet and lifestyle?

സ്ത്രീ ശരീരം എല്ലാ കാലത്തും മാറ്റങ്ങള്‍ക്ക് വിധേയമാണ്. പ്രത്യേകിച്ച് അവരുടെ നാല്‍പതുകളില്‍. ഈ പ്രായത്തില്‍ സ്ത്രീകളില്‍ വലിയ മാറ്റങ്ങള്‍ കാണാന്‍ കഴിയും. ഹോര്‍മോണുകളിലെ മാറ്റം കാരണം മാനസികാവസ്ഥയും മൊത്തത്തിലുള്ള ആരോഗ്യവും തകരാറിലാകുന്നു. അതിനാല്‍ത്തന്നെ ഈ പ്രായത്തിലുള്ളവര്‍ അവരുടെ ആരോഗ്യത്തെ പരിപാലിക്കുന്നതില്‍ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതാണ്. നാല്‍പതുകളിലെ സ്ത്രീകള്‍ക്ക് മികച്ച ആരോഗ്യം ഉറപ്പാക്കാന്‍ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങള്‍ വരുത്തേണ്ടതാണ്. അതിനാല്‍, 40 വയസ്സ്‌ കഴിഞ്ഞ സ്ത്രീകള്‍ക്ക് ആരോഗ്യത്തോടെ തുടരാനായി ശീലിക്കേണ്ട ചില നുറുങ്ങുകളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

1.സമീകൃതാഹാരം കഴിക്കുക

പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ കഴിക്കുക. മസാലകള്‍, എണ്ണമയമുള്ള ഭക്ഷണം, ജങ്ക് ഫുഡ്, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക. നാല്‍പതുകളില്‍ മാത്രമല്ല, ഏത് പ്രായത്തിലും ഇതേ രീതി പിന്തുടരണം. ഉപ്പ്, എരിവ് തുടങ്ങിയവ കൂടുതലായി കഴിക്കാതിരിക്കുക. ല്യൂട്ടിന്‍, ഫൈബര്‍, ആന്റി ഓക്‌സിഡന്റുകള്‍, പ്രോട്ടീന്‍, കാല്‍സ്യം തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളമായി കഴിക്കുക.

2.പ്രഭാതഭക്ഷണം ഒഴിവാക്കരുത്

ശരീരത്തില്‍ ഉപാപചയം ഓരോ 10 വര്‍ഷത്തിലും 2% മന്ദഗതിയിലാക്കുന്നു. അതിനാല്‍ ഊര്‍ജ്ജത്തിനായി പ്രഭാതഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. കാരണം പ്രഭാതഭക്ഷണത്തിലൂടെ നമ്മുടെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികച്ചതായി നിലനിര്‍ത്താനാവുന്നു. ഇത് ദിവസം മുഴുവനും ഊര്‍ജ്ജവും നല്‍കുന്നു.

3.ദിവസവും വ്യായാമം ചെയ്യുക

ഒരു ദിവസം വെറും 30 മിനിറ്റ് വരെയുള്ള വ്യായാമം എല്ലുകളും പേശികളും ദൃഢതയോടെ നിലനിര്‍ത്താനും പരിക്കിന്റെ സാധ്യത ഒഴിവാക്കാനും സഹായിക്കും. ഇഷ്ടമുള്ള പതിവ് വ്യായാമങ്ങളോടെ ശാരീരികമായി സജീവമായി തുടരുക. സൂംബ, നടത്തം, എയ്‌റോബിക്‌സ്, നീന്തല്‍, ജോഗിംഗ് അല്ലെങ്കില്‍ മറ്റുള്ളവ എന്നിവ പരീക്ഷിക്കാവുന്നതാണ്. ഇത് ജീവിതനിലവാരം ഉയര്‍ത്താനും രോഗരഹിതമായി തുടരാനും സഹായിക്കും.

4.പരിശോധനകള്‍ ഒഴിവാക്കരുത്

വ്യായാമം ചെയ്യുകയും ഭക്ഷണക്രമീകരണം പരിപാലിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, എല്ലാ അവയവങ്ങളും ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും പ്രധാനമാണ്. 40 കഴിഞ്ഞ സ്ത്രീകളില്‍ പതിവായി ശാരീരിക അസ്വസ്ഥതകള്‍ സംഭവിക്കാവുന്നതാണ്. അതിനാല്‍ രക്തസമ്മര്‍ദ്ദം, തൈറോയ്ഡ്, രക്തത്തിലെ ഗ്ലൂക്കോസ്, കൊളസ്‌ട്രോള്‍ എന്നിവയുടെ അളവ് പരിശോധിക്കുക. നേത്ര പരിശോധന, ചര്‍മ്മ പരിശോധന, ദന്ത പരിശോധന, മാമോഗ്രാം, പെല്‍വിക് ടെസ്റ്റ് എന്നിവയും ചെയ്യുക.

5.എല്ലുകളും പേശികളും സംരക്ഷിക്കുക

സ്ത്രീകളില്‍ ഓസ്റ്റിയോപീനിയ (അസ്ഥി ദുര്‍ബലമാകല്‍), ഓസ്റ്റിയോപൊറോസിസ് എന്നിവ കൂടുതലായി കണ്ടുവരുന്നു. ഇത്തരം സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍, കാല്‍സ്യം പതിവായി കഴിക്കുന്നത് ശീലമാക്കുക. ആര്‍ത്തവ വിരാമത്തിനു ശേഷം, സ്ത്രീകള്‍ക്ക് ഇത്തരം അസ്ഥി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ അപകടസാധ്യതയുണ്ട്. അതിനാല്‍, ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക. ഉയര്‍ന്ന അളവില്‍ കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവ കഴിക്കുക. ഓസ്റ്റിയോപൊറോസിസ് ഒഴിവാക്കാന്‍ പതിവായി വ്യായാമം ചെയ്യുക.

6.സമ്മര്‍ദ്ദ രഹിതമായി തുടരുക

ജോലി, കുടുംബം, മറ്റ് പ്രതിബദ്ധതകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനാല്‍ സ്ത്രീകളില്‍ സമ്മര്‍ദ്ദം സാധാരണമാണ്. എന്നാല്‍ വിട്ടുമാറാത്ത സമ്മര്‍ദ്ദം ഒന്നിലധികം ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ അവസ്ഥയില്‍ നിന്ന് രക്ഷ നേടാന്‍ യോഗ, ധ്യാനം എന്നിവ പോലുള്ള വിദ്യകള്‍ പരീക്ഷിക്കാം. ഇവ ശാന്തമാക്കുകയും സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തമാക്കുകയും ചെയ്യുന്നു.

7.രോഗങ്ങളെ അറിഞ്ഞിരിക്കുക

കുടുംബത്തില്‍ ആര്‍ക്കെങ്കിലുമുള്ള രോഗങ്ങളെയും അവസ്ഥകളെയും കുറിച്ച് അറിഞ്ഞിരിക്കണം. ഇത് ഒരു മുന്‍കരുതല്‍ നടപടിയാണ്. ഇതിലൂടെ നിരവധി മാരകമായ അവസ്ഥകള്‍ ഒഴിവാക്കാന്‍ സാധിക്കും. ഏതെങ്കിലും ഗുരുതര രോഗത്തിന്റെ കുടുംബ ചരിത്രമുള്ളവര്‍ സ്വയം പരിശോധനകള്‍ക്ക് വിധേയമാവുക.

8.ഹോബികള്‍ വളര്‍ത്തുക

വാസ്തവത്തില്‍, ഹോബികള്‍ വളര്‍ത്താന്‍ 40 വയസ്സ് വരെ കാത്തിരിക്കരുത്. ചെറുപ്പത്തില്‍ തന്നെ ജീവിതത്തില്‍ എന്തെങ്കിലും തരത്തിലുള്ള ഹോബികള്‍ വികസിപ്പിച്ചെടുക്കുക. ജോലി മാത്രമല്ല ജീവിതമെന്ന് തിരിച്ചറിയുക. അര്‍ത്ഥവത്തായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഒരു ഹോബി പരിശീലിക്കുന്നത് കൂടുതല്‍ കാലം ആരോഗ്യത്തോടെ ജീവിക്കാന്‍ സഹായിക്കും.

9.കണ്ണുകളെ പരിപാലിക്കുക

ശരീരത്തിന്റെ ബാക്കി ഭാഗങ്ങള്‍ ശ്രദ്ധിക്കുന്നതുപോലെ, കണ്ണുകളും കാഴ്ചയും ശ്രദ്ധിക്കുന്നത് ഉറപ്പാക്കുക. ഇടയ്ക്കിടെ നേത്ര പരിശോധനകള്‍ നടത്തുക. 40 കഴിഞ്ഞ സ്ത്രീകളില്‍ കണ്ണിന്റെ ആരോഗ്യത്തിലും കുറവുകള്‍ കണ്ടു തുടങ്ങുന്നു. ഹോര്‍മോണുകള്‍ മാറുന്നതിനാലോ മറ്റോ ഇത് സംഭവിക്കാം. അതിനാല്‍ കണ്ണിനെ സംരക്ഷിക്കേണ്ട കാര്യങ്ങള്‍ ശീലമാക്കുക.

10.നല്ല ഉറക്കം

നല്ല ആരോഗ്യത്തിന് നല്ല ഉറക്കം പ്രധാനമാണ്. അതിനാല്‍ ഉറക്കം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ശീലിക്കുക. എല്ലാ ദിവസവും ഒരേ സമയം ഉറങ്ങുകയും എഴുന്നേല്‍ക്കുകയും ചെയ്യുക. മികച്ച ഉറക്കത്തിനായി കിടപ്പുമുറിയില്‍ അതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുക.

ആരോഗ്യത്തോടെയുള്ള ജീവിതം ലക്‌ഷ്യം വെക്കുന്നവർ നല്ല ജീവിതശൈലിയും, ഭക്ഷണങ്ങളും പിന്തുടരുക, അതുവഴി ആരോഗ്യം സസൂക്ഷ്മം കാത്തുസൂക്ഷിക്കാം.

Related posts