Nammude Arogyam
Woman

പിസിഒഎസ് ഉള്ള സ്ത്രീകള്‍ക്കും ഗര്‍ഭധാരണം എങ്ങനെ സാധ്യമാക്കാം?

പിസിഒഎസ് (pcos) അഥവാ പോളിസിസ്റ്റിക് ഓവറി എന്നത് ചെറുപ്പത്തില്‍ തന്നെ പല സ്ത്രീകളേയും ബാധിയ്ക്കുന്ന പ്രശ്‌നമായി മാറിയിരിയ്ക്കുന്നു. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തന്നെയാണ് ഇതിന്റെ അടിസ്ഥാന കാരണം. ചികിത്സിച്ചാല്‍ പരിഹാരമുള്ള ഇത് വേണ്ട ശ്രദ്ധ നല്‍കിയില്ലെങ്കില്‍ വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകും. പിസിഒഎസ് ഉള്ള സ്ത്രീകള്‍ക്കും ഗര്‍ഭധാരണം സാധ്യമാക്കാന്‍ ചില അടിസ്ഥാന കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുന്നത് സഹായിക്കും.

ശരീരഭാരം കൃത്യമായി നില നിര്‍ത്തുകയെന്നത് അടിസ്ഥാനപരമായ കാര്യമാണ്. പിസിഒഎസ് ഉള്ള സ്ത്രീകള്‍ക്ക് തടി കൂടുന്നത് സാധാരണമാണ്. തടി കൂടുന്നത് ഗര്‍ഭധാരണം ബുദ്ധിമുട്ടാക്കുന്ന ഒന്നാണ്. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവുമെല്ലാം തടി നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. പിസിഒഎസ് ഉള്ളവര്‍ക്ക് ഇന്‍സുലിന്‍ പ്രവര്‍ത്തനം തകരാറിലാകും. ഇതാണ് ശരീരത്തില്‍ കൊഴുപ്പു കൂടാന്‍ കാരണമാകുന്നത്. ശരീരഭാരം കൂടുന്നത് ആര്‍ത്തവ, ഓവുലേഷന്‍ പ്രക്രിയകള്‍ തകരാറിലാക്കാന്‍ ഇടയാക്കും.

സ്‌ട്രെസ് ഒഴിവാക്കുകയെന്നതാണ് മറ്റൊന്ന്. പിസിഒഎസ് ഉള്ളവര്‍ക്ക് സ്‌ട്രെസ് പ്രശ്‌നങ്ങള്‍ക്ക് കാരണങ്ങളും പലതാണ്. തടി, ചര്‍മ പ്രശ്‌നങ്ങള്‍, വന്ധ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം തന്നെ സ്‌ട്രെസ് കാരണങ്ങളാകാം. സ്‌ട്രെസ് പല ആരോഗ്യ പ്രശ്‌നങ്ങളും ഹോര്‍മോണ്‍ പ്രശ്‌നങ്ങളും വര്‍ദ്ധിയ്ക്കാനുമെല്ലാം ഇടയാക്കും. ഇതെല്ലാം തന്നെ വീണ്ടും വന്ധ്യതാ പ്രശ്‌നങ്ങളിലേയ്ക്ക് വഴി തെളിയ്ക്കും. ഇതിനാല്‍ സ്‌ട്രെസ് ഒഴിവാക്കുക. ക്രോണിക് സ്‌ട്രെസ് അനോവുലേഷന്‍ അഥവാ ഓവുലേഷന്‍ നടക്കാതിരിയ്ക്കുക എന്ന അവസ്ഥയിലേയ്ക്ക് എത്തിയ്ക്കും. സ്‌ട്രെസ് കൂടുമ്പോള്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ വര്‍ദ്ധിയ്ക്കും. ഇത് മറ്റു പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും.

ചില പ്രത്യേക ഭക്ഷണങ്ങള്‍ ഈ പ്രശ്‌നമുള്ളവര്‍ കഴിയ്ക്കുന്നത് നല്ലതാണ്. സാല്‍മണ്‍, ട്യൂണ, മത്തി പോലുള്ള മത്സ്യങ്ങള്‍, ചീര, കാലേ പോലുള്ള ഇലക്കറികള്‍, ബ്രൊക്കോളി, കോളിഫ്‌ളവര്‍ പോലുള്ളവ, അവോക്കാഡോ, ഒലീവ് ഓയില്‍, ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍, നട്‌സ്, ഡാര്‍ക് ചോക്ലേറ്റ് എന്നിവയെല്ലാം നല്ല ഭക്ഷണ വസ്തുക്കളാണ്. ആരോഗ്യകരമായ ഭക്ഷണമെന്നത് വ്യായാമത്തിനൊപ്പം പ്രധാനമാണ്.

ഇത്തരം കാര്യങ്ങളില്‍ മാത്രം ഒതുക്കാതെ ഡോക്ടറെ കണ്ട് ആവശ്യമായ മരുന്നുകള്‍ ചെയ്യുകയെന്നതും ഏറെ പ്രധാനമാണ്. ഫെര്‍ട്ടിലിറ്റി സ്‌പെഷ്യലിസ്റ്റിനെ കാണുന്നത് നന്നായിരിക്കും. ആര്‍ത്തവ, ഓവുലേഷന്‍ ക്രമക്കേടുകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മരുന്നുകളുണ്ട്. ഇവ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിയ്ക്കാം. സ്വയം ഗര്‍ഭധാരണത്തിന് സാധ്യത കുറവെന്ന് കണ്ടാല്‍ ഐവിഎഫ് പോലുള്ള വഴികള്‍ പരീക്ഷിയ്ക്കാം.

Related posts