ഏറ്റവും കൂടുതല്‍ രോഗങ്ങള്‍ ഉണ്ടാകുന്ന സമയമാണ് മഴക്കാലം എന്നത്. ഈ സമയത്ത്, ആഹാരത്തിലൂടെ പലവിധത്തില്‍ അസുഖങ്ങള്‍ പകരുവാനുള്ള സാധ്യതയും കൂടുതലാണ്. മഴക്കാലത്ത് പൊതുവേ നമ്മള്‍ എല്ലാ ഭക്ഷണവും കഴിച്ചാല്‍ അത് ദഹിക്കണമെന്നില്ല. ഇത്തരത്തില്‍ ദഹിക്കാതെ ഇരിക്കുന്നത്, വയര്‍ ചീര്‍ക്കുന്നത്, അതുപോലെ അസിഡിറ്റി എന്നിവയിലേയ്‌ക്കെല്ലാം നയിക്കാം. അതുകൊണ്ട്, ഏതെല്ലാം ഭക്ഷണങ്ങള്‍ മഴക്കാലത്ത് ഒഴിവാക്കാം എന്ന് നോക്കാം.

1. ഇലക്കറികള്‍
മഴക്കാലത്ത് പൊതുവില്‍ അന്തരീക്ഷം മൊത്തത്തില്‍ തണുത്തായിരിക്കും ഇരിക്കുന്നുണ്ടാവുക. ഇത്തരം കാലാവസ്ഥയിലാണ് പ്രധാനമായും അണുബാധകള്‍ ഉണ്ടാകുന്നത്. പ്രത്യേകിച്ച് ഇലക്കറികള്‍ കഴിക്കുന്നതിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ കൂടാനും അതുപോലെ വയറുവേദന, ലൂസ്‌മോഷന്‍ എന്നീ രോഗങ്ങള്‍ കൂടുതലായി കാണുവാനുമുള്ള സാധ്യത കൂടുതലാണ്. ചീര, കാബേജ്, കോളിഫ്ലവർ എന്നിവയെല്ലാം മഴക്കാലത്ത് അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്.
2. എരിവുള്ള ഭക്ഷണങ്ങള്‍
മഴയൊക്കെ പെയ്യുമ്പോള്‍ നല്ല എരിവുള്ള പരിപ്പുവടയും ബജിയുമെല്ലാം കഴിക്കുവാന്‍ തോന്നിയെന്ന് വരാം. ഇവയെല്ലാം കിട്ടി കഴിഞ്ഞാല്‍ കഴിച്ചു തീരണത് പോലും ചിലര്‍ അറിഞ്ഞെന്നു വരികയില്ല. അതുപോലെ നല്ല ചക്ക വറുത്തത്, കായ വറുത്തതെല്ലാം കിട്ടിയാല്‍ ഒപ്പം ഒരു കട്ടനും എടുത്ത് കറുമുറാ തീറ്റയാണ്. പാത്രം കാലിയാവണത് അറിയുക കൂടിയില്ല. ഇത്തരത്തില്‍, കുറേ വറുത്തതും അതുപോലെ എരിവുള്ളതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
3. സോഫ്റ്റ് ഡ്രിംഗ്‌സ്
മഴക്കാലത്ത് പലര്‍ക്കും ദാഹം കുറവായിരിക്കും. ദാഹം തോന്നാത്തതു കൊണ്ടു തന്നെ വെള്ളം കുടിക്കാതെ ഇരിക്കുന്നവരും കുറവല്ല. ചിലര്‍, പുറത്ത് പോയാല്‍ സോഫ്റ്റ് ഡ്രിംഗ്‌സ് വാങ്ങി കുടിക്കും. എന്നാല്‍, ഇത് നല്ലതല്ല. മഴക്കാലത്ത് നിര്‍ജലീകരം സംഭവിക്കാം. ഇത്തരം പ്രശ്‌നം ഇല്ലാതിരിക്കുവാന്‍ നന്നായി വെള്ളം കുടിക്കുക എന്നതാണ് ഒരേ ഒരു പോംവഴി. ഇതിനായി സോഫ്റ്റ് ഡ്രിംഗ്‌സ് ഒഴിവാക്കി സാധാരണ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കാവുന്നതാണ്.
4. വേവിക്കാത്ത ഭക്ഷണം
മഴക്കാലത്ത് എല്ലാ ഭക്ഷ്യവസ്തുക്കളും ചെറു ചൂടോടെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പച്ചയ്ക്ക് അതായത്, സാലഡ് പോലുള്ളവ കഴിക്കുമ്പോള്‍ അതിലൂടെ ശരീരത്തിലേയ്ക്ക് പാതോജന്‍ എത്തുകയും ഇത് പല തരത്തിലുള്ള വൈറല്‍ ആന്റി ബാക്ടീരിയല്‍ ഇന്‍ഫക്ഷനിലേയ്ക്കും നയിച്ചെന്നു വരാം. അതുകൊണ്ടുതന്നെ പാചകം ചെയ്ത് കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
5. തൈര്
അലര്‍ജിയുടെ പ്രശ്‌നം ഉള്ളവര്‍ ഉണ്ടാകാം. ഇവര്‍ തൈര് കഴിച്ചാല്‍ അലര്‍ജി കൂടുന്നതിലേയ്ക്ക് ഇത് നയിക്കും. കാരണം, തൈര് നല്ല തണുപ്പുള്ള ഭക്ഷണമാണ്. അതുകൊണ്ട് അന്തരീക്ഷത്തിലും ശരീരത്തിലും തണുപ്പ് എത്തിയാല്‍ ചിലര്‍ക്ക് തൊണ്ടവേദന, അതുപോലെ പനി എന്നിവയെല്ലാം ഉണ്ടായെന്നും വരാം.
6. കടല്‍മത്സ്യങ്ങള്‍
മഴക്കാലത്ത് കടല്‍ മീന്‍, ചെമ്മീന്‍ എന്നിവയെല്ലാം ഒഴിവാക്കുന്നത് നല്ലതാണെന്നാണ് പറയപ്പെടുന്നത്. കാരണം, ഇതില്‍ പതോജീന്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് ഒന്നാമത്തെ കാരണം. രണ്ടാമത്തെ കാരണമായി ചൂണ്ടികാണിക്കുന്നത്, മഴ പെയ്യുമ്പോള്‍ കടലിലേക്ക് മാലിന്യങ്ങള്‍ എത്തുന്നുണ്ട്. ഇത് അതിലെ മത്സ്യസമ്പത്തിനേയും ബാധിക്കുന്നു. ഇത്തരം മത്സ്യങ്ങള്‍ നമ്മള്‍ കഴിക്കുന്നതിലൂടെ നമ്മളുടെ ശരീരത്തിലേയ്ക്കും അണുക്കള്‍ എത്തിച്ചേരുന്നു.
7. കൂണ്‍
ഈര്‍പ്പമുള്ള മണ്ണിലാണ് കൂണ്‍ വളരുന്നത്. ഇത് ബാക്ടീരിയയുടെ സാന്നിധ്യം കൂണില്‍ ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് നമ്മള്‍ മഴക്കാലത്ത് ഇത്തരം ഭക്ഷണം അമിതമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് അണുബാധ ഉണ്ടാകുന്നതിലേയ്ക്ക് നയിച്ചെന്നും വരാം. അതുകൊണ്ട് മഴക്കാലത്ത് ഇവ കഴിക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലത്.
മഴക്കാലം രോഗങ്ങളുടെ കൂടി കാലമായതിനാൽ, രോഗങ്ങൾ വരാതിരിക്കാനായി നാം കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. അതിന്റെ ഭാഗമെന്നോണം മുകളിൽ പറഞ്ഞ ഭക്ഷണങ്ങൾ മഴക്കാലത്ത് ഒഴിവാക്കുന്നത് എന്ത്കൊണ്ടും നല്ലതാണ്.