കുട്ടികൾക്ക് പനി വരുമ്പോൾ ഏതൊരു അച്ഛനമ്മമാരും ആകെ പരിഭ്രാന്തരാകാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ പനി എന്നത് ഒരു രോഗമല്ല, മറിച്ച് ശരീരത്തിൽ അണുബാധയുണ്ടാകുമ്പോൾ അതിനെ പ്രതിരോധിക്കാൻ നമ്മുടെ ശരീരം കാണിക്കുന്ന സ്വാഭാവികമായ ഒരു പ്രതികരണമാണ്. ബാക്ടീരിയകളോ വൈറസുകളോ ശരീരത്തിൽ പ്രവേശിക്കുമ്പോൾ അവയെ നശിപ്പിക്കാൻ ശരീരം താപനില ഉയർത്തുന്നു. കുട്ടികളിൽ പനി വരാൻ പ്രധാനമായും വൈറൽ ഇൻഫെക്ഷനുകൾ, ജലദോഷം, തൊണ്ടവേദന, അല്ലെങ്കിൽ പ്രതിരോധ കുത്തിവെപ്പുകൾ എടുത്തതിന്റെ പാർശ്വഫലം എന്നിവ കാരണമാകാറുണ്ട്. പല്ല് മുളയ്ക്കുന്ന സമയത്തും ചില കുട്ടികളിൽ നേരിയ തോതിൽ ശരീരതാപനില വർദ്ധിക്കുന്നത് സാധാരണമാണ്.

ഒരു കുട്ടിയെ എപ്പോൾ ഡോക്ടറെ കാണിക്കണം എന്നത് ഓരോ പ്രായത്തിനനുസരിച്ചും മാറിക്കൊണ്ടിരിക്കും. മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞിന് 100.4(38°C) -ൽ കൂടുതൽ പനിയുണ്ടെങ്കിൽ അത് ഗൗരവമായി കാണണം. മറ്റ് കുട്ടികളാണെങ്കിൽ മൂന്ന് ദിവസത്തിൽ കൂടുതൽ പനി നീണ്ടുനിൽക്കുകയോ, കുട്ടി ഭക്ഷണം കഴിക്കാൻ മടിക്കുകയോ, അമിതമായ ക്ഷീണം പ്രകടിപ്പിക്കുകയോ ചെയ്താൽ ഉടൻ വിദഗ്ധ ചികിത്സ തേടണം. പലപ്പോഴും പനിക്കുമ്പോൾ മാതാപിതാക്കൾ കുട്ടികളെ കട്ടിയുള്ള പുതപ്പുകൾ കൊണ്ട് മൂടിയിടാറുണ്ട്, എന്നാൽ ഇത് ശരീരത്തിലെ ചൂട് പുറത്തുപോകുന്നത് തടയുകയും പനി കൂടാൻ കാരണമാവുകയും ചെയ്യും. ഇതിനു പകരം കനം കുറഞ്ഞ വസ്ത്രങ്ങൾ ധരിപ്പിക്കുകയും സാധാരണ പച്ചവെള്ളത്തിൽ നനച്ച തുണി ഉപയോഗിച്ച് ശരീരം തുടയ്ക്കുകയും ചെയ്യുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും.
പനി എപ്പോൾ അപകടകരമാകുന്നു എന്ന് തിരിച്ചറിയുന്നത് വളരെ പ്രധാനമാണ്. പനിക്കൊപ്പം കുട്ടിക്ക് ജന്നി (Fits) വരികയോ, ശ്വസിക്കാൻ പ്രയാസം നേരിടുകയോ, ശരീരത്തിൽ ചുവന്ന പാടുകൾ കാണപ്പെടുകയോ ചെയ്താൽ ഒട്ടും വൈകാതെ ആശുപത്രിയിൽ എത്തിക്കണം. കുട്ടി നിർത്താതെ കരയുന്നതും കഴുത്തിന് കടുപ്പം അനുഭവപ്പെടുന്നതും (Stiff neck) അപകട ലക്ഷണങ്ങളാണ്. ഇത്തരം സന്ദർഭങ്ങളിൽ വീട്ടിലെ സ്വയം ചികിത്സ ഒഴിവാക്കി ഒരു പീഡിയാട്രീഷ്യന്റെ സേവനം ഉറപ്പാക്കണം. കുട്ടിക്ക് ധാരാളം വെള്ളവും പോഷകാഹാരങ്ങളും നൽകി ശരീരത്തിലെ ജലാംശം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കുക. ശരിയായ അറിവും സമയബന്ധിതമായ ഇടപെടലും ഉണ്ടെങ്കിൽ കുട്ടികളിലെ പനിയെ സുരക്ഷിതമായി മറികടക്കാം.
