പലയിടങ്ങളിലായി ആളുകളില്‍ എടുക്കുന്ന വാക്‌സിന്‍ ഡോസുകള്‍ തമ്മില്‍ മാറിപ്പോകുന്ന വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ടാകും. നിരവധി പ്രശ്‌നങ്ങളും ഇതുവരെ ഇതിന്റെ പേരില്‍ വാക്‌സിനേഷന്‍ സെന്ററുകളില്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഇനി പ്രശ്‌നമാക്കേണ്ട കാര്യമില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ ഒരു പഠനം സാക്ഷ്യപ്പെടുത്തുന്നത്. കാരണം കോവിഷീല്‍ഡും കോവാക്‌സിനും ചേര്‍ന്ന മിശ്രിതം യഥാര്‍ത്ഥത്തില്‍ മികച്ച ഫലങ്ങള്‍ നല്‍കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പറയുന്നു.
ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗറില്‍ അബദ്ധത്തില്‍ രണ്ട് ഡോസുകളായി രണ്ട് വ്യത്യസ്ത വാക്‌സിനുകള്‍ സ്വീകരിച്ച 18 പേരിലാണ് പഠനം നടത്തിയത്. പഠനത്തിന്റെ കണ്ടെത്തല്‍ അനുസരിച്ച്, അഡിനോവൈറസ് വെക്ടര്‍ വാക്‌സിന്റെയും, ഹോള്‍ വിറിയണ്‍ ഇനാക്ടിവേറ്റഡ് കൊറോണ വൈറസ് വാക്‌സിന്റെയും സംയുക്തം നല്‍കുന്നത് സുരക്ഷിതമാണെന്ന് മാത്രമല്ല രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നും പഠനത്തില്‍ പറയുന്നു.
കോവിഷീല്‍ഡും കോവാക്‌സിനും രണ്ട് വ്യത്യസ്ത തരങ്ങളില്‍ പെടുന്നവയാണ്. പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിച്ച കോവിഷീല്‍ഡ്, അഡ്‌നോവൈറസ് വെക്റ്റര്‍ പ്ലാറ്റ്‌ഫോം അധിഷ്ഠിത വാക്‌സിന്‍ ആണ്. ഭാരത് ബയോടെക്കും ഐസിഎംആറും വികസിപ്പിച്ച കോവാക്‌സിന്‍ മുഴുവന്‍ വൈറസ് വാക്‌സിന്‍ ആണ്.
വാക്‌സിനുകള്‍ മിശ്രണമായി നല്‍കാന്‍ ഇപ്പോള്‍ ആഗോളതലത്തില്‍ പദ്ധതികള്‍ തയാറാക്കുന്നുണ്ട്. ഭാവിയിലെ അണുബാധയ്ക്കെതിരായ സംരക്ഷണം വര്‍ദ്ധിപ്പിക്കുന്നതിന്, രണ്ട് വാക്‌സിനുകള്‍ കലര്‍ത്തുന്നതിനെ എല്ലാ പഠനങ്ങളും ഇപ്പോള്‍ അനുകൂലിക്കുന്നു. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വിദഗ്ധ സമിതി കഴിഞ്ഞമാസം 300 സന്നദ്ധപ്രവര്‍ത്തകര്‍ക്കായി വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ കോവിഷീല്‍ഡും കോവാക്‌സിനും മിശ്രിതമാക്കി നല്‍കിയിരുന്നു.
കോവിഷീല്‍ഡ്-കോവാക്‌സിന്‍ കോക്ടെയില്‍ മിശ്രിതത്തിന്റെ ഫലപ്രാപ്തി അന്വേഷിക്കുന്നതിനുള്ള ഐസിഎംആറിന്റെ പഠനം മെയ് മാസത്തില്‍ നടന്ന ഗൂഫ്-അപ്പ് അടിസ്ഥാനമാക്കിയായിരുന്നു. ഇതില്‍ വാക്‌സിനെടുത്തവര്‍ക്ക് പ്രതികൂല പ്രത്യാഘാതങ്ങളൊന്നുമില്ലായിരുന്നു. ഒരേ ഡോസ് സ്വീകരിച്ചവരെക്കാള്‍ രണ്ട് വ്യത്യസ്ത ഡോസ് കുത്തിവയ്പ്പുകള്‍ സ്വീകരിച്ചവര്‍ക്ക് കൂടുതല്‍ സംരക്ഷണം ഉള്ളതിനാല്‍, ഈ മിശ്രിതം യഥാര്‍ത്ഥത്തില്‍ അനുകൂലമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പഠനം വെളിപ്പെടുത്തി.
ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതിനാല്‍ വാക്സിനുകള്‍ കലര്‍ത്തുന്ന രീതി വളരെ സെന്‍സിറ്റീവ് ആണ്. നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ.വി.കെ. പോള്‍ പറഞ്ഞിരുന്നത് രണ്ട് വാക്‌സിനുകള്‍ കലര്‍ത്തുന്നതില്‍ ഒരു പ്രശ്‌നവുമില്ല, കാരണം അത്തരമൊരു സാഹചര്യത്തില്‍ രണ്ടാമത്തെ ഡോസ് ഒരു ബൂസ്റ്റര്‍ ഷോട്ടായി പ്രവര്‍ത്തിക്കുമെന്നാണ്. എന്നാല്‍ ജനുവരി 16 ന് സര്‍ക്കാര്‍ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചപ്പോള്‍, ഗുണഭോക്താക്കള്‍ക്ക് അവരുടെ ആദ്യ ഡോസായി ലഭിച്ച അതേ വാക്‌സിന്‍ തന്നെ രണ്ടാമത്തെ ഡോസായും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരോട് നിര്‍ദേശിച്ചിരുന്നു.
കോവാക്‌സിന്‍-കോവിഷീല്‍ഡ് മിശ്രിതമാക്കി നല്‍കുന്ന നയം പരിഗണിക്കുന്നത് ആദ്യമായല്ല. വൈറസിന്റെ വകഭേദങ്ങള്‍ വ്യാപിച്ചു തുടങ്ങിയതോടെ, ചില വാക്‌സിനുകളുടെ ശക്തി കുറയുമെന്ന ആശങ്കയുള്ളതിനാല്‍, മിക്‌സ് ഡോസുകള്‍ ഇപ്പോള്‍ നിരവധി ക്ലിനിക്കല്‍ പഠനങ്ങള്‍ക്ക് വിധേയമാണ്. എന്നിരുന്നാലും, സുരക്ഷയെ പിന്തുണയ്ക്കുന്നതിന് പ്രസക്തമായ ഡാറ്റകളൊന്നുമില്ല. കൂടുതല്‍ പഠനങ്ങള്‍ ഇതിനായി ആവശ്യമാണ്.
ഇന്ത്യയില്‍ ഉത്ഭവിച്ചതായി കണക്കാക്കപ്പെടുന്ന കോവിഡിന്റെ ഡെല്‍റ്റ വകഭേദം രണ്ടാം തരംഗത്തിന് പ്രധാന കാരണമായി. കുത്തിവയ്പ് എടുത്തിട്ടുള്ളവരിലും (ഭാഗികമായോ പൂര്‍ണ്ണമായോ) ഇത് അണുബാധയ്ക്ക് വഴിവച്ചു. ലോകമെമ്പാടും വകഭേദങ്ങള്‍ വ്യാപകമായി പടരുകയും ഹാനികരമായ പുതിയ വകഭേദങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലും വാക്‌സിന്‍ മിശ്രണം ചെയ്യുന്നത് വേരിയന്റിന് എതിരായി കൂടുതല്‍ പ്രതിരോധശേഷി നല്‍കുകയും ശരീരത്തില്‍ ദീര്‍ഘകാല ആന്റിബോഡികളെ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.
മാറി മാറി വരുന്ന കോവിഡ് വകഭേദങ്ങളിൽ നിന്ന് രക്ഷ നേടാൻ ഒരേ ഒരു മാർഗം വാക്‌സിൻ മാത്രമാണ്. അതിനാൽ വാക്‌സിൻ എടുക്കാൻ നാം ഓരോരുത്തരും നിർബന്ധിതരാണ്.