ഒരു പ്രായം കഴിഞ്ഞാല്‍ പലരെയും അലട്ടുന്ന പ്രശ്‌നമാണ് പ്രമേഹം (diabetes). രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന ഈ അവസ്ഥ വളരെ അപകടകരമാണ്. ക്യത്യമായി നിയന്ത്രിച്ചില്ലെങ്കിൽ ഹൃദ്രോഗം പോലുള്ള വലിയ പ്രശ്‌നങ്ങളിലേക്ക് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ടൈപ്പ് 1, ടൈപ്പ് 2 എന്ന് രണ്ടായി പ്രമേഹത്തെ തരംതിരിക്കാം. ചിലര്‍ക്ക് പാരമ്പര്യമായി പ്രമേഹം ഉണ്ടാകുമ്പോള്‍ മറ്റ് ചിലര്‍ക്ക് ഭക്ഷണക്രമത്തില്‍ നിയന്ത്രണമില്ലായ്മയും, ജീവിതശൈലിയും കൊണ്ട് പ്രമേഹമുണ്ടാകുന്നു.
പ്രമേഹം കണ്ടെത്തി കഴിഞ്ഞാല്‍ അത് നിയന്ത്രിക്കാന്‍ കൃത്യമായ ഭക്ഷണ ശൈലി പിന്തുടരേണ്ടത് വളരെ അത്യാവശ്യമാണ്. മൂന്നും നാലും നേരം ചോര്‍ മാത്രം കഴിക്കുന്നവര്‍ക്ക് ആ ശീലം പെട്ടെന്ന് ഒഴിവാക്കാന്‍ സാധിക്കില്ല. പക്ഷെ കൃത്യമായ ഭക്ഷണക്രമം പിന്തുടര്‍ന്നാല്‍ മാത്രമേ പ്രമേഹം നിയന്ത്രിക്കാനാകൂ. ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റ്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. പ്രമേഹ രോഗികള്‍ ഭക്ഷണക്രമത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
ഉയര്‍ന്ന അളവിലുള്ള കാര്‍ബോഹൈഡ്രേറ്റ്‌സ് അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കി ആരോഗ്യകരമായ കാര്‍ബ്‌സ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അതിന് ഉത്തമ ഉദ്ദാഹരണമാണ് ധാന്യങ്ങള്‍. ഗോതമ്പ് ചപ്പാത്തിയില്‍ പോലും ഉയര്‍ന്ന അളവില്‍ കാര്‍ബ്‌സ് അടങ്ങിയിട്ടുണ്ട് അതുകൊണ്ട് മണിച്ചോളം പോലുള്ളവ കഴിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൂടാതെ നാരുകളും മഗ്നനീഷ്യവും ക്രോമിയവും കോപ്പറും ധാരാളം അടങ്ങിയിരിക്കുന്ന ബാര്‍ലി പ്രമേഹം നിയന്ത്രിക്കാനും തടുക്കാനും ഒരു മികച്ച ഓപ്ഷനാണ്.
ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന നട്‌സും ഡ്രൈ ഫ്രൂട്ട്‌സും പ്രമേഹ രോഗികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഉണക്ക മുന്തിരി ഒഴിവാക്കി വാള്‍നട്‌സും ബദാമും പ്രധാനമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കുറഞ്ഞ അളവില്‍ ഈന്തപ്പഴവും കഴിക്കാം.
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പ്രമേഹ രോഗികള്‍ തീര്‍ച്ചയായും കഴിക്കണം. മുട്ട അത്തരത്തിലൊരു ഭക്ഷണമാണ്. ഇതില്‍ പ്രോട്ടീനുകളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്, അവ വളരെ ഗുണം ചെയ്യും. ഇത്തരം സാഹചര്യത്തില്‍ ദിവസവും മുട്ട കഴിക്കുന്നതിലൂടെ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത ഒഴിവാക്കാം. പ്രോട്ടീന്‍, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയ പല അവശ്യ പോഷകങ്ങളും പയര്‍ വര്‍ഗങ്ങളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതും പ്രമേഹ രോഗികള്‍ക്ക് വളരെയധികം ഗുണം ചെയ്യും.
അത്പോലെ ദൈനംദിന ഭക്ഷണക്രമത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ടതാണ് ഇലക്കറികള്‍. ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ് ഇലക്കറികള്‍. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ വളരെയധികം സഹായിക്കും.
പ്രമേഹം കണ്ടെത്തി കഴിഞ്ഞാല്‍ അത് നിയന്ത്രിക്കാന്‍ കൃത്യമായ ഭക്ഷണ ശൈലി പിന്തുടരേണ്ടത് വളരെ അത്യാവശ്യമാണ്. അതിനാൽ മൂന്നും നാലും നേരം ചോര്‍ മാത്രം കഴിക്കുന്നവര്‍ക്ക് ആ ശീലം ഒഴിവാക്കാന്‍ മുകളിൽ പറഞ്ഞ ഭക്ഷണക്രമം പിന്തുടരുന്നത് എന്ത്കൊണ്ടും നല്ലതാണ്. മരുന്നിനോടൊപ്പം കൃത്യമായ ഭക്ഷണക്രമം കൂടി പിന്തുടര്‍ന്നാല്‍ മാത്രമേ പ്രമേഹം നിയന്ത്രണ വിദേയമാകൂ.