Nammude Arogyam
Healthy Foods

എല്ലാ സമയത്തും ഈന്തപ്പഴം കഴിയ്ക്കാന്‍ പറ്റുമോ?

ആരോഗ്യത്തിന് സഹായിക്കുന്നതില്‍ ഡ്രൈ ഫ്രൂട്‌സിന് പ്രധാന സ്ഥാനമുണ്ട്. പല തരത്തിലെ ആരോഗ്യ ഗുണങ്ങളും ഇതില്‍ അടങ്ങിയിട്ടുമുണ്ട്. ഇത്തരത്തിലെ ഒന്നാണ് ഈന്തപ്പഴം അഥവാ ഡേറ്റ്‌സ് (dates). ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും അടങ്ങിയ ഒന്നാണിത്. ഊർജ്ജ നില നിലനിർത്തുന്നു എന്നതാണ് ഇത് കഴിക്കുന്നതിന്റെ ഏറ്റവും നല്ല ഭാഗം. ഇത് അണുബാധകളോട് പോരാടുകയും അലർജിയെ (allergy)ചികിത്സിക്കാൻ സഹായിക്കുകയും ചെയ്യും. മലബന്ധം, അസിഡിറ്റി എന്നിവ പരിഹരിക്കുവാൻ ഇത് സഹായിക്കും.

ഈന്തപ്പഴം ഒരു നേരത്തെ വിശപ്പു മാറ്റാന്‍ കഴിയുന്ന കാര്‍ബോഹൈഡ്രേറ്റ്‌സ്, വൈറ്റമിന്‍സ്, മിനറല്‍സ് എന്നിവയുടെ നല്ല കലവയാണ്. ഇത് ഒരു നേരത്തെ ഭക്ഷണം എന്ന രീതിയില്‍ ഉപയോഗിയ്ക്കാവുന്ന ഒന്നാണ്. ഈന്തപ്പഴം ചിലര്‍ ആരോഗ്യകരമായ മധുരമെന്ന രീതിയില്‍ ഭക്ഷണത്തിന് മുന്‍പ് കഴിയ്ക്കുന്നത് കാണാം. ഇതല്ലെങ്കില്‍ ചിലര്‍ ഇടനേരത്തോ മറ്റോ കഴിക്കാറുണ്ട്. എന്നാല്‍ ഇതൊന്നുമല്ല, ഇത് കഴിയ്ക്കാന്‍ നല്ല സമയം എന്നാണ് പുതിയ പഠനങ്ങളിൽ പറയുന്നത്.

പൊതുവേ രാവിലെ ഉണര്‍ന്നാല്‍ ഒന്നു രണ്ട് മണിക്കൂര്‍ നേരം കഴിഞ്ഞാണ് മിക്കവാറും പേര്‍ പ്രാതല്‍ കഴിയ്ക്കാറുളളത്. ഇതിനാല്‍ തന്നെ രാവിലെ എഴുന്നേറ്റാല്‍ നാലോ അഞ്ചോ ഈന്തപ്പഴം കഴിയ്ക്കുന്നത് നല്ലതാണ്. ഇത് വിശപ്പ് കുറയ്ക്കുമെന്ന് മാത്രമല്ല, ശരീരത്തിന് ഊര്‍ജം നല്‍കാനും ഏറെ നല്ലതാണ്. ഇതിലെ സ്വാഭാവിക മധുരമാണ് ഇതിന് സഹായിക്കുന്നത്. ശരീരത്തിന് നീണ്ട നേരത്തെ ഇടവേളയ്ക്ക് ശേഷം നല്‍കാന്‍ സാധിയ്ക്കുന്ന ആരോഗ്യകരമായ ഭക്ഷണമാണ് ഇത്. രാവിലെ ഇത് കഴിയ്ക്കുന്നത് നല്ല ശോധനയ്ക്കും തടി കുറയ്ക്കാനുമെല്ലാം നല്ലതാണ്. അമിത ഭക്ഷണം ഒഴിവാക്കാനും ഇത് നല്ലതാണ്.

ഈന്തപ്പഴം കഴിയ്ക്കാനുളള നല്ലൊരു സമയമാണ് രാവിലെ 11 മണി അല്ലെങ്കില്‍ വൈകീട്ട് 4 മണി എന്നത്. രാവിലെ 11 മണി സാധാരണ രീതിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ഒരാള്‍ക്ക് പ്രാതലിനും ഉച്ചഭക്ഷണത്തിനും ഇടയിലുള്ള ഇടനേരമാണ്. മറ്റൊന്നും കഴിച്ചില്ലെങ്കില്‍ ഉച്ചയ്ക്ക് നല്ല വിശപ്പു തോന്നും. ഇത് കൂടുതല്‍ കഴിയ്ക്കാനും ഇടയാക്കും. മാത്രമല്ല, പ്രമേഹ രോഗികള്‍ക്കും മറ്റും ഇത്ര നേരത്തെ ഇടവേള നല്ലതുമല്ല. ഇതിനാല്‍ രാവിലെ 11ന് മൂന്നോ നാലോ ഈന്തപ്പഴം കഴിയ്ക്കുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ക്കും നല്ലതാണ്, ഉച്ചഭക്ഷണം വലിച്ചു വാരി കഴിയ്ക്കാതെ തടി കുറയ്ക്കാനും നല്ലതാണ്. ഇടനേരത്തെ ക്ഷീണം ഒഴിവാക്കാം. ഇത് ഊര്‍ജം നല്‍കും, മാത്രമല്ല, വിശപ്പു വരുമ്പോള്‍ അനാരോഗ്യകരമായ സ്‌നാക്‌സ് ഒഴിവാക്കാന്‍ സഹായിക്കുന്ന ഒരു വഴി കൂടിയാണിത്.

ഇതു പോലെയാണ് വൈകീട്ട് നാല് മണിയ്ക്കും ഇത് നല്ലതാണെന്ന് പറയാന്‍ കാരണം. ഈ സമയം ചായ സമയമാണ്. ഉച്ച, അത്താഴത്തിന് ഇടയിലെ ഈ സമയം പൊതുവേ പലതും വറുത്തത് കഴിച്ചാണ് പലരും വിശപ്പു കുറയ്ക്കുന്നത്. ഇത് അനാരോഗ്യകരമാണ്. മാത്രമല്ല, ജോലികള്‍ ചെയ്ത് ശരീരം ക്ഷീണിയ്ക്കുന്ന സമയം കൂടിയാണിത്. ഇതിനെല്ലാമുള്ള നല്ലൊരു പരിഹാരമാണ് നാലു മണി സമയത്ത് ഈന്തപ്പഴം കഴിയ്ക്കുന്നത്.

സ്‌നാക്‌സായും ഊര്‍ജദായകമായ ഭക്ഷണമായുമെല്ലാം ഒരുപോലെ കഴിയ്ക്കാന്‍ സാധിയ്ക്കുന്ന ഒന്നാണ് ഈന്തപ്പഴമെന്നതാണ് വാസ്തവം.

Related posts